പോലീസ് സേന ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലതും താളം തെറ്റും. റോഡിലിറങ്ങുന്ന ആളുകളുടെ പെരുമാറ്റം മുതല്‍ വാഹനങ്ങളുടെ വേഗത വരെ എല്ലാം അതില്‍ വരും. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വരുന്നതും അല്ലാത്തതുമായ കുറ്റകൃത്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആളില്ലാതെ വരുന്ന നിമിഷമാണത്. അതേ, ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ ഏതൊരു രാജ്യത്തും പോലീസ് സേനയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. ഓരോ പൗരന്റെയും സുരക്ഷ മുതല്‍ ദൈനം ദിനമുള്ള എല്ലാ കാര്യങ്ങളും അവരുടെ ഇടപെടല്‍ കൊണ്ടാണ് ഓരോ പ്രദേശത്തും സുഗമമായി പോവുന്നതും. സ്വജീവന്‍ പണയം വച്ച് ഓരോ നിമിഷവും പൗരന്‍മാരുടെ സുഗമ ജീവിതത്തിന് വഴിയൊരുക്കുന്നവരാണ് പോലീസ് സേന. രാജ്യത്തെ തന്നെ ഏറ്റവും വലിയ സുരക്ഷ സേനകളിലൊന്നായ ആ പോലീസില്‍ നിന്ന് തന്നെ ആണ് ഇപ്പോള്‍ ജോലി സമ്മര്‍ദ്ദം കൊണ്ടുള്ള ആത്മഹത്യ വാര്‍ത്തകള്‍ പെരുകുന്നത്. കുടുംബ പ്രശ്‌നവും സാമ്പത്തിക വിഷയങ്ങളുമൊക്കെയാണ് പൊതുവേ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ആ ആത്മഹത്യകളുടെ പിന്നാമ്പുറം തേടുകയാണ് അഴിമുഖം അന്വേഷണ പരമ്പര. പേരു വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ അനുഭവങ്ങളും പ്രശ്‌നങ്ങളും അഴിമുഖവുമായി പങ്കുവച്ചിരിക്കുന്നത് പോലീസുകാര്‍ തന്നെയാണ്.
വസ്ത്രശാലകളിലെ സെയില്‍സ് ഗേളുകള്‍ക്ക് ഇരിക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് സമരം നടത്തിയത് ഓര്‍മയുണ്ടോ? മനുഷ്യാവകാശ പ്രശ്‌നമായിരുന്നു അത്. ഇവിടെ ഞങ്ങള്‍ക്ക് ആഴ്ചയിലെ അവകാശപ്പെട്ട അവധിദിനം പോലും ലഭിക്കുന്നില്ല. മാസത്തില്‍ നാല് അവധിയുള്ളത് രണ്ട് ദിവസമെങ്കിലും കിട്ടിയാല്‍ മതി. അത്രത്തോളം ദയനീയമാണ് സിവില്‍ പോലീസുകാരുടെ അവസ്ഥ.ഡേ ഓഫ് അലവന്‍സിന് ഒരുദിവസത്തിലേക്ക് ലഭിക്കുന്നത് 400 രൂപയാണ്. മാസത്തില്‍ 1400 രൂപ കിട്ടും. അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും ഭാര്യയ്ക്കുമൊക്കെ വീതിച്ച് നല്‍കേണ്ട സമയത്തിനുള്ള കൂലിയാണിത്. ആ പണം കൊണ്ട് കടമകള്‍ തീരുമോ?
ജോലിക്കൂടുതല്‍ കാരണം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടാറില്ലെന്ന് അഴിമുഖത്തോട് സംസാരിച്ച എല്ലാ ഉദ്യോഗസ്ഥരും പറയുന്നു. സേനയില്‍ വിശ്രമമില്ലാത്ത ഈ ജോലി താങ്ങാന്‍ കഴിയില്ല. ഞങ്ങള്‍ പോലീസുകാരും മനുഷ്യരാണ്. ഞങ്ങള്‍ക്കുമുണ്ട് മറ്റുള്ളവരെ പോലെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള മോഹം- അവര്‍ പറഞ്ഞ് വയ്ക്കുന്നു.
ഇവിടം കൊണ്ടും തീരുന്നില്ലെന്ന് പറഞ്ഞ മറ്റൊരു ഉദ്യോഗസ്ഥര്‍ ഒരു പിടി പ്രശ്‌നങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു-മാനസിക സംഘര്‍ഷം, അമിത ജോലി ഭാരം, സാമ്പത്തിക പ്രശ്നം, ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും അടിമപ്പണി ചെയ്യേണ്ട ഗതികേട്, ജാതിയധിക്ഷേപം നേരിടല്‍, ലഹരി ഉപയോഗം തുടങ്ങിയവ.സാധാരണ ഓവര്‍ ഡ്യൂട്ടിയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ പോലും ഇരട്ടി വേതനവും അധിക അവധിയുമൊക്കെ കിട്ടുന്ന രാജ്യത്താണ് ഈ അവസ്ഥയുമുള്ളത്. മറ്റ് രാജ്യങ്ങളൊക്കെ ആഴ്ചയില്‍ നാല് ദിവസമായി ജോലി സമയം കുറയ്ക്കുകയും അച്ഛന്‍മാര്‍ക്ക് വരെ അവധി അനുവദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ക്ക് ഈ അവസ്ഥയെന്നും അദ്ദേഹം പറയുന്നു.
ജനത്തിന് പോലീസ് ശത്രു ആവുന്നത് ഇങ്ങനെ
പാവപ്പെട്ടവന്റെ ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ പോലീസ് സ്‌റ്റേഷനാണ്- ആക്ഷന്‍ ഹീറോ ബിജുവില്‍ നിവില്‍ പോളി പറയുന്ന ഡയലോഗാണിത്. ആ പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞ് കൊണ്ടാണ് ആ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ച് തുടങ്ങിയത്. ഒരു ഗതിയും ഇല്ലാത്തവനാണ് സ്‌റ്റേഷനില്‍ പ്രശ്‌നപരിഹാരത്തിന് വരുന്നത്. ആ പ്രശ്‌നം പരിഹരിച്ച് നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിപക്ഷവും. പക്ഷെ നിലവിലെ അവസ്ഥ നോക്കു…
രാവിലെ സ്‌റ്റേഷനിലെത്തിയപ്പോള്‍ കിട്ടിയ നിര്‍ദേശം പെട്രോളിങിന് പോവലാണ്. അതിനായി ഇറങ്ങുമ്പോഴാണ് മേലുദ്യോഗസ്ഥന്‍ വിളിച്ച് 5-6 കേസുകളുടെ ഫയല്‍ കൂടി കൈയ്യില്‍ വച്ച് തരുന്നത്. പെട്രോളിങിന് പോയി എപ്പോള്‍ വരുമെന്ന് അറിയേണ്ട. ദിവസവും ഇത്തരത്തില്‍ ഫയലുകള്‍ കിട്ടും. ഈ ഓരോ ഫയലിലും ഉള്ളത് സാധാരണക്കാരന്റെ പരാതിയാണ്. വാദിയെയും പ്രതിയെയും വിളിച്ച് കാര്യങ്ങള്‍ ചോദിക്കുക, അന്വേഷണം നടത്തുക, മഹ്‌സര്‍ തയ്യാറാക്കുക, എഫ്‌ഐആറുമായി കോടതിയിലെത്തുക, അതല്ലെങ്കില്‍ പരാതി ഒത്ത് തീര്‍പ്പിലെത്തിക്കുക. ഇത്രയും ചെയ്താല്‍ മാത്രമേ ഒരു കേസ് ഫയല്‍ ചെയ്‌തെന്ന് പറയാനാവു.
രാവിലെ പെട്രോളിങ് ഡ്യൂട്ടിയോ പിക്കറ്റിങോ കിട്ടിയ ഓഫിസറുടെ കൈകളിലാണ് ഈ കേസ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം. ആ സമയത്ത് തന്നെ സ്‌റ്റേഷന്‍ പരിധിയിലെ ക്രമസമാധാനം ഉറപ്പ് വരുത്തല്‍, ആക്സിഡന്റ് കേസുകള്‍ കൈകാര്യം ചെയ്യല്‍ ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ തയ്യാറാക്കല്‍ മുതല്‍ വാറണ്ട്, സമന്‍സ്, കോടതിയില്‍ ഹാജരാകല്‍ എന്നിങ്ങനെയുള്ള ജോലികളും വരും. ഇങ്ങനെ ദിവസങ്ങള്‍ കഴിയുമ്പോള്‍ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം കൂടും. ഇതിനിടെ ഫയല്‍ ചെയ്ത കേസുകളുടെ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന്‍ ചോദിക്കും. അതോടെ അമിതസമ്മര്‍ദ്ദത്തിന് അടിമപ്പെടും. അത്തരം വൈകാരിക അവസ്ഥയില്‍ ആ ഫയലുകള്‍ വേഗത്തില്‍ ക്ലോസ് ചെയ്യുക എന്നതായിരിക്കും ചിന്ത. ഇതിനിടയില്‍ ആ പാവങ്ങള്‍ക്ക് എത്രത്തോളം നീതി ഉറപ്പ് വരുത്താന്‍ സാധിക്കും.
അത്യാവശ്യം പണമുള്ളവന്‍ ആരെങ്കിലും കൊണ്ട് വിളിച്ച് പറയിപ്പിച്ച് അവന്റെ കേസില്‍ തീരുമാനം ഉണ്ടാക്കിയിട്ടുണ്ടാവും. നേരത്തെ പറഞ്ഞത് പോലെ ഒരു ഗതിയുമില്ലാത്തവന്‍ അപ്പോഴും ഇരയായി അവിടെ കാണും.
അങ്ങനെയുള്ളവരാണ് പോലീസുകാരന്റെ പ്രശ്‌നമോ ആത്മഹത്യയോ വാര്‍ത്തയായി വന്നാല്‍ അതിന് താഴെ സന്തോഷ സ്‌മൈലികള്‍ കാണാം. അതിന് അവരെ കുറ്റം പറയാന്‍ സാധിക്കില്ല.
എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് മാത്രം നോക്കിയാല്‍ മതി. ഫയര്‍ ആന്‍ഡ് സേഫ്ടിയ്ക്ക് അപകടരക്ഷ മാത്രം മതി. പോലീസുകാര്‍ ഇതിലെന്ത് വന്നാലും അവിടെ ഉണ്ടാവണം. പെറ്റി അടിക്കാനും നിക്കണം. ഇവയ്‌ക്കെല്ലാം പ്രത്യേകം വകുപ്പുകളും ജീവനക്കാരും ഉള്ളപ്പോഴാണ് ഈ ഗതിയെന്നും അദ്ദേഹം പറയുന്നു. വിശ്രമത്തിന് അനുവദിച്ച സമയത്ത് ജോലി ചെയ്തും ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയം സ്റ്റേഷനില്‍ തങ്ങിയുമാണ് പലപ്പോഴും ജോലികള്‍ ചെയ്തു തീര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പണ്ടത്തെക്കാള്‍ ആക്രമാസക്തരാണ് ഇപ്പോഴത്തെ ആളുകള്‍, അവരെ നേരിടലും അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കല്‍, അനിയന്ത്രിതമായ ഗതാഗതം, അപകടകരമായ ക്രമസമാധാന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, നക്സല്‍ വിരുദ്ധ, തീവ്രവാദ വിരുദ്ധ, കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം ജോലിയുടെ ഭാഗമാണ്. ജീവന് ഭീഷണിയുള്ളതും മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നതുമാണ് ഈ ജോലികള്‍. ഇതോടൊപ്പം മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മോശം പെരുമാറ്റവും അനുഭവിക്കേണ്ടി വരുമ്പോള്‍ ആത്മ സംഘര്‍ഷം അനിയന്ത്രിതമാകുന്നുവെന്നും പോലീസുകാര്‍ പറയുന്നു.
ഗുണ്ടാ ബന്ധമുണ്ട്, പക്ഷെ അത് അവിഹിതമല്ല
പോലീസ്-ഗുണ്ടാ അവിഹിത ബന്ധത്തെ കുറിച്ച് ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഓരോ സ്‌റ്റേഷനിലും അതത് പരിധിയിലെ ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാവും. ഓരോ ഓഫിസര്‍മാര്‍ക്കും ഇവരില്‍ ഓരോ ആളുകളുടെയും ചുമതല ഉണ്ടാവും. ഇവരെ വിളിക്കുന്നതും അവരുടെ ലൊക്കേഷന്‍ അന്വേഷിക്കുന്നതുമെല്ലാം ഈ ഉദ്യോഗസ്ഥരാണ്. അവരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഗുണ്ടകളുമായുള്ള കോള്‍ ഹിസ്റ്ററി കാണും. ഇത് ചെയ്യാതിരിക്കാന്‍ ആവില്ല. ഇത് വച്ചാണ് ഞങ്ങള്‍ക്ക് അവരുമായി ബന്ധമുണ്ടെന്ന് പറയുന്നത്. എന്നാല്‍ അത്തരത്തില്‍ അല്ലാത്ത സംഭവങ്ങളുമുണ്ടെന്ന് മറ്റ് ചില പോലീസുകാരും പറയുന്നുണ്ട്.
വിരമിക്കലിനും അനുമതിയില്ല
അതേസമയം, ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിതോടെ തല്‍ക്കാലം കൂടുതല്‍ പേര്‍ക്ക് സ്വയം വിരമിക്കലിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. നേരത്തെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേര്‍ പൊലീസ് സേനയുടെ ഭാഗമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമുണ്ട്. സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ പലര്‍ക്കും ജോലി മടുത്തു. പുതുതായി പൊലീസ് സേനയിലേക്കുള്ള പ്രൊഫഷനലുകളുടെ വരവും കുറഞ്ഞു. അതിനിടെ, പരിശീലനകാലത്തും കൊഴിഞ്ഞുപോക്ക് പ്രവണത കാണപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. 6 മാസംമുന്‍പ് തുടങ്ങിയ എസ്.ഐ. പരിശീലന ബാച്ചില്‍നിന്ന് 14 പേര്‍ വിട്ടുപോയി. 11 പേര്‍ പരിശീലനം ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് പോകാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. എസ്.ഐ. തസ്തികയേക്കാള്‍ താഴെയുള്ള ജോലി സ്വീകരിക്കാന്‍പോലും ട്രെയിനികള്‍ തയ്യാറാകുന്നുണ്ട്. പരിശീലനത്തിനുമുന്‍പ് നല്‍കുന്ന ബോണ്ട് പ്രകാരം ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഇവരെല്ലാം സേനയില്‍നിന്ന് പുറത്തുവരുന്നത്.സിവില്‍ പോലീസ് ഓഫീസര്‍ പരിശീലനത്തിലുള്ളവരും ബോണ്ട് പ്രകാരമുള്ള 50,000 രൂപ നല്‍കി പിരിഞ്ഞുപോകുന്ന പ്രവണത കൂടിവരികയാണ്. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് പട്ടികയിലുള്‍പ്പെട്ടവരും എസ്.ഐ. പരിശീലനം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം.
18,929 അധിക തസ്തികകള്‍ വേണമെന്ന് 2017ല്‍ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് ല്‍കിയിരുന്നു. എന്നാല്‍, ഏഴ് വര്‍ഷമായിട്ടും ഈ റിപ്പോര്‍ട്ടില്‍ നടപടിയില്ല. 400 പേര്‍ക്ക് ഒരു പോലീസുകാരന്‍ എന്നാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍, കേരളത്തില്‍ ഇത് 656 പേര്‍ക്ക് ഒന്ന് എന്നാണ് കണക്ക്. സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും കൗണ്‍സലിംഗ് നല്‍കാന്‍ നേരത്തേ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ബെംഗളൂരുവിലെ നിംഹാസുമായി സഹകരിച്ച് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാമ്പത്തിക പ്രയാസം കാരണമാണത്രെ പ്രസ്തുത പദ്ധതി ഇന്നും ഫയലില്‍ ഉറങ്ങുകയാണ്.
English summary: Kerala cops died by suicide: Khaki turns death clock for many