ജയിച്ചിട്ടും എം.എല്‍.എ ആവാത്ത രാമു കാര്യാട്ട്
പകവീട്ടാന്‍ പി.കെ.ബി യെന്ന സ്ഥാനാര്‍ത്ഥി
സ്നേഹം വോട്ടാകാതെ തോറ്റ മാധവിക്കുട്ടി
ചരിത്ര വിജയം നേടിയ സാനുമാഷ്…
1965 നിയമസഭ തിരഞ്ഞെടുപ്പ് കാലം. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ നാട്ടികയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെറുതുരുത്തിയില്‍ നടക്കുന്ന ഏതോ മലയാള പടത്തിലെ ഷൂട്ടിങ്ങിന് വന്നിരുന്ന താരങ്ങള്‍ എത്തി. പ്രേം നസീറും അടൂര്‍ ഭാസിയുമുള്ള താരനിര. സിനിമക്കാരെ നേരില്‍ കാണുന്നത് ദൈവം നേരില്‍ പ്രത്യക്ഷപ്പെട്ട പോലെയുള്ള കാലമാണ്. കാര്യാട്ടിന്റെ പ്രചാരണ യോഗത്തിന് താര ദൈവങ്ങളെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ഇതുകണ്ട് ഹാലിളകിയ എതിര്‍ കക്ഷിക്കാര്‍ കാര്യാട്ടിനെ വ്യക്തിപരമായി ആക്രമിച്ചു. കാര്യാട്ട് മദ്യപാനിയും വ്യഭിചാരക്കാരനുമാണെന്ന് പ്രസംഗിച്ചു. ഒരു പ്രസിദ്ധ നടിയുടെ പേര് ചേര്‍ത്ത് മുദ്രവാക്യം വിളിച്ചു.
‘ …. ചേച്ചിയെ ഷൂട്ട് ചെയ്യുന്ന രാമുചേട്ടന് വോട്ടില്ല.’
രാമു കാര്യാട്ട് അക്ഷോഭ്യനായി പ്രസംഗത്തിലൂടെ മറുപടി പറഞ്ഞു, ”ശരിയാണ് ഞാന്‍ മദ്യപിക്കാറുണ്ട്, വ്യഭിചരിച്ചിട്ടുണ്ട്. പക്ഷേ, പാവപ്പെട്ടവനെ ചൂഷണം ചെയ്‌തോ പൊതുമുതല്‍ അപഹരിച്ചിട്ടോ, ഇതൊന്നും ഇന്നോളം നടത്തിയിട്ടില്ല.” സദസില്‍ നിന്ന് വന്‍ കയ്യടി! കാര്യാട്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു.

ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ കാര്യാട്ടിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടു. 1967-ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലാണ്. ചെമ്മീന്റെ ചിത്രീകരണം പകുതിയായപ്പോഴാണ് തെരഞ്ഞെടുപ്പ് വന്നത്. 1965 ആയപ്പോഴേക്കും രാമു കാര്യാട്ട് അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് ചെമ്മീന്‍ ചലചിത്രം രാമു കാര്യാട്ട് പൂര്‍ത്തിയാക്കിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചെമ്മീന്‍, രാമു കാര്യാട്ടിന് ദേശീയ പ്രശംസ നേടിക്കൊടുത്തു. തെരഞ്ഞെടുപ്പില്‍ കാര്യാട്ട് ജയിച്ചെങ്കിലും എം.എല്‍.എ ആയില്ല. അതിനാല്‍ മികച്ച ഷോമാനായ രാമു കാര്യാട്ടിന്റെ വാഗ്‌ധോരണി കേള്‍ക്കാന്‍ നിയമസഭാ മന്ദിരത്തിന് ഭാഗ്യമുണ്ടായില്ല.
പി.കെ. ബാലകൃഷ്ണന്‍ ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയിക്കാനോ വോട്ട് പിടിച്ച് ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ അട്ടിമറിക്കാനോ ആയിരുന്നില്ല. ഒരു പ്രതികാരം വീട്ടാന്‍ ! കേരള കൗമുദി ദിനപത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ ഒരു പ്രധാന പങ്കുവഹിച്ചത് ആ പത്ര സ്ഥാപനത്തിന്റെ നിയമോപദേശകന്‍ ഒരു രാഷ്ട്രീയ നേതാവായ വക്കം പുരുഷോത്തമനായിരുന്നു.

പി കെ. ബിയുടെ അഭിമാനത്തിന് മുറിവേല്‍പ്പിച്ച ആ അപമാനത്തിന് പകരം ചോദിക്കാന്‍ പി.കെ.ബി. മൂന്നു പതിറ്റാണ്ടിന് ശേഷം ഒരിക്കല്‍ക്കൂടി രാഷ്ട്രീയത്തിലിറങ്ങി. രാഷ്ട്രീയ പാര്‍ട്ടിയോ പ്രവര്‍ത്തനമോ അല്ല. 1977 ലെ അസംബ്ലി ഇലക്ഷന്‍ നടക്കുന്ന സമയം. വക്കം പുരുഷോത്തമനെതിരെ സ്വതന്ത്രനായി ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാര്‍ത്ഥിയായി. കാല്‍ കാശ് വരുമാനമില്ലാത്ത കാലം. ജീവിതത്തില്‍ ഏറ്റവും സാമ്പത്തിക ദുരിതം അനുഭവിച്ച കാലം. ഒരിക്കലും വിജയിക്കാത്ത സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ പി.കെ.ബി യെ പലരും ഉപദേശിച്ചു. പി.കെ.ബി വഴങ്ങിയില്ല.
പി.കെ.ബി ഒരു സുഹൃത്തിനോട് പറഞ്ഞു ‘താന്‍ കാറ് തരിക പെട്രോള്‍ ഞാനൊഴിച്ചോളാം. വെളുത്ത കൊടിയില്‍ ജ്വലിക്കുന്ന തീപ്പന്തം ഉള്ള (പി.കെ.ബി യുടെ സ്വഭാവം അറിഞ്ഞ് നല്‍കിയ ചിഹ്നം തന്നെ) പതാക കാറില്‍ കെട്ടിപ്പറിപ്പിച്ച് പി.കെ.ബി ആറ്റിങ്ങലില്‍ ഇലക്ഷന്‍ പ്രചാരണത്തിനെത്തി. കൂടെ പ്രസംഗിക്കാന്‍ പഴയ കെ.എസ്.പി ക്കാരനായ ശിഷ്യന്‍ യുവ പത്രപ്രവര്‍ത്തകനും അന്ന് ഹിന്ദു പത്രത്തില്‍ റിപ്പോര്‍ട്ടറായ കെ.എം. റോയിയും പി.കെ.ബി യെ സഹായിക്കാനെത്തി.
പ്രചരണം തുടങ്ങിയപ്പോഴാണ് പി.കെ.ബി യുടെ ലക്ഷ്യം മറ്റുള്ളവര്‍ക്ക് മനസ്സിലായത്. പ്രസംഗത്തില്‍ എനിക്ക് നിങ്ങള്‍ വോട്ട് ചെയ്യേണ്ട എന്ന് ആദ്യമേ പറഞ്ഞു വെച്ചു. ഇലക്ഷനില്‍ നില്‍ക്കുന്നതിന്റെ കാരണവും തനിക്കേറ്റ അഭിമാനക്ഷതവും ചുരുക്കി പറഞ്ഞ് എതിര്‍ സ്ഥാനാര്‍ത്ഥിയായ വക്കത്തെ വ്യക്തിപരമായി കടന്നാക്രമിച്ചു. തന്റെ നാവു കുഴയുന്നവരെ വക്കത്തെ തേജോവധം ചെയ്തു പ്രസംഗിച്ചു തൃപ്തി നേടി. വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത പി.കെ.ബിക്ക് ചാട്ടുളി പോലെ അത് ഉപയോഗിക്കാനുമറിയാം. തനിക്ക് യാതൊരു വേരുമില്ലാത്ത തട്ടകത്തില്‍ പി.കെ.ബി. എന്നിട്ടും 319 വോട്ട് നേടി. അവിടെ പരാജയം തന്റെ ജയമായി തന്നെ പി.കെ.ബി അഭിമാനിച്ചു. അന്ന് വക്കം 32452 വോട്ടിന് ആറ്റിങ്ങലില്‍ നിന്ന് ജയിച്ചു. 23,892 വോട്ട് നേടിയ രണ്ടാമന്‍ സി.പി.എം ലെ വര്‍ക്കല രാധാകൃഷ്ണനായിരുന്നു.
പി.കെ.ബിയുടെ ഇലക്ഷന്‍ യോഗങ്ങള്‍ക്ക് എടുത്തിരുന്ന മൈക്ക് സെറ്റ്, മേശ, കസേര തുടങ്ങിയവയ്ക്ക് ഒറ്റ പൈസ വാടക വേണ്ടെന്ന് അതിന്റെ ഉടമ പറഞ്ഞു. എല്ലാം സൗജന്യം. അതിന് അയാള്‍ പറഞ്ഞ കാരണം, പി.കെ.ബി യുടെ പ്രസംഗം പോലെ ഇങ്ങനൊരു ഗംഭീര പ്രസംഗം താന്‍ ഇതുവരെ കേട്ടിട്ടില്ല എന്നതാണ്.

1984 ല്‍ എഴുത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് എഴുത്തുകാരി മാധവിക്കുട്ടിക്ക് അഥവാ കമലാ ദാസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോന്നിയത്. അവരുടെ എഴുത്തിലെ ജനപ്രീതി വോട്ടാക്കാമെന്ന് ചിലര്‍ വന്നു പറഞ്ഞപ്പോള്‍ എങ്കില്‍ അങ്ങനെയാകാമെന്ന് മാധവിക്കുട്ടിയും തീരുമാനിച്ചു. ‘സ്നേഹമെന്ന മതത്തില്‍ വിശ്വസിക്കുന്ന ഏക സ്ഥാനാര്‍ത്ഥി’ എന്നായിരുന്നു പ്രചരണ വാക്യം. സ്നേഹത്തിന്റെ പേരില്‍ ജനങ്ങളോട് വോട്ടു ചോദിച്ചു. പക്ഷേ, സ്‌നേഹം തോറ്റു, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ജയിച്ചു. ആകെ കിട്ടിയത് 1,786 വോട്ട്. കോണ്‍ഗ്രസിലെ എ. ചാള്‍സ് ആയിരുന്നു അക്കുറി തിരുവനന്തപുരത്ത് നിന്ന് പാലര്‍മെന്റിലേക്കു ജയിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പ് പരാജയം മാധവിക്കുട്ടിയെ നിരാശയാക്കിയില്ല. ജനങ്ങള്‍ക്ക് എന്നെ വേണ്ടാത്തതുകൊണ്ടാണ് തോറ്റതെന്നായിരുന്നു പ്രതികരണം.
അശ്വത്മാവ്, ദ്രഷ്ട് തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ 2001 ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടു. പക്ഷേ, ആ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ നേടിയതും എല്ലാവരും ഉറ്റു നോക്കിയതും ബേപ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ആയിരുന്നു. സാക്ഷാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ !

ഇ.വി കൃഷ്ണപിള്ള മുതല്‍ ഒ.എന്‍. വി, എം. കെ. സാനു തുടങ്ങിയവരെല്ലാം തെരഞ്ഞടുപ്പില്‍ മത്സരിച്ച പ്രശസ്തരായ എഴുത്തുകാരുടെ നിരയിലുണ്ട്.
1987 ല്‍ എം.കെ. സാനു എറണാകുളത്ത് നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി 10,032 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നിര്‍ബന്ധപ്രകാരമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കോണ്‍ഗ്രസിന്റെ നിയമസഭാ സിറ്റിങ്ങ് സീറ്റാണ് സാനുമാഷ്, എ. എല്‍. ജേക്കബിനെ മലര്‍ത്തിയടിച്ച് എല്‍.ഡി.എഫിന് നേടി കൊടുത്തത്.
Content Summary: Kerala election history: success and failure of literary icons in the political arena