സംസ്ഥാനത്തെ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി കേരള എക്‌സൈസ് വകുപ്പ് പ്രശംസനീയമായ പല നടപടികളും സ്വീകരിച്ചു വരികയാണ്. ഒരുപരിധിവരെ ലഹരിയുടെ ഭീഷണിയില്‍ നിന്നും നാടിനെ മോചിപ്പിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ലഹരിവരുദ്ധ നടപടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ പുതിയൊരു ഉത്തരവ് ആശങ്കളും പ്രതിഷേധങ്ങളും ഉയര്‍ത്തുന്നതാണ്.
വാടക കെട്ടിടങ്ങളില്‍ നിന്നും ലഹരി പിടിച്ചാല്‍ കെട്ടിടത്തിന്റെ ഉടമയേയും പ്രതിയാക്കുമെന്നാണ് എക്‌സൈസിന്റെ പേരില്‍ പുറത്തു വന്ന ഉത്തരവ്. ഇത് പലതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിമര്‍ശനം. വ്യക്തമായ വിശദീകരണം പോലുമില്ലാതെ ഇത്തരമൊരു ഉത്തരവ് ഇറക്കിയത് വകുപ്പിനെതിരേ എതിര്‍പ്പ് ഉയരാനും കാരണമായി. ഇക്കാര്യത്തില്‍ വിശദീകരണം തേടി ബന്ധപ്പെട്ടവരെ വിളിച്ചപ്പോള്‍, പുറത്തു വന്ന ഉത്തരവിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അഴിമുഖത്തിന് ലഭിച്ചത്.
ഈ നിയമം പണ്ടു മുതല്‍ തന്നെ പ്രാബല്യത്തിലുള്ളതാണെന്നും എന്നാല്‍ കെട്ടിടത്തിന്റെ ഉടമയുടെ അറിവോട് കൂടിയാണ് ലഹരി ഉപയോഗം നടക്കുന്നതെങ്കില്‍ മാത്രമാണ് പ്രതിയാക്കാന്‍ കഴിയുകയെന്നുമാണ് എറണാകുളം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അഴിമുഖത്തോട് പ്രതികരിച്ചത്.
‘നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരം ഈ നിയമം പ്രാബല്യത്തിലുള്ളതാണ്. വാടകയ്ക്ക് നല്‍കുന്ന വ്യക്തിയുടെ അറിവോട് കൂടിയാണ് താമസിക്കാന്‍ അനുവദിക്കുന്നതെങ്കില്‍ പ്രതിയാക്കും എന്ന് അതില്‍ എടുത്ത് പറയുന്നുണ്ട്. വാടകയ്ക്ക് വീട് നല്‍കുമ്പോള്‍ വാടകയ്ക്ക് വാങ്ങുന്നയാള്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം എന്ന രീതിയില്‍ കരാര്‍ എഴുതിയിട്ടുണ്ടെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍പോലും ഉടമക്ക് ഉത്തരവാദിത്തം ഉണ്ടാകും. അയാളുടെ ഉടമസ്ഥതയിലുള്ളയിടത്ത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നില്ലായെന്ന് ഉടമ തന്നെയാണ് ഉറപ്പ് വരുത്തേണ്ടത്. ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചാല്‍ കെട്ടിടത്തിന്റെ ഉടമ പോലീസില്‍ വിവരം അറിയിക്കേണ്ടതാണ്. അതിന് കൂടി വേണ്ടിയാണ് ഇങ്ങനെയൊരു നിയമം. ഉടമയുടെ അനുവാദത്തോട് കൂടിയാണ് ലഹരി ഉപയോഗം നടക്കുന്നതെങ്കില്‍ മാത്രമാണ് കേസ് എടുക്കാന്‍ കഴിയുക’, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അഴിമുഖത്തോട് പറഞ്ഞു.
ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമെന്നും ഉടമകളെ പ്രതിയാക്കി കേസെടുക്കുന്ന കാര്യത്തില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നുമാണ് ഉയര്‍ന്ന തലത്തിലുള്ള മറ്റൊരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞത്.
‘എക്‌സൈസ് വകുപ്പില്‍ നിന്നും ഇങ്ങനെയൊരു വിവരം ലഭിച്ചതായി ഞാനും റിപ്പോര്‍ട്ട് കണ്ടിരുന്നു. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. ഒരു കെട്ടിടത്തിന്റെ ഉടമ അയാളുടെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ ഉടമയ്ക്ക് ഉത്തരവാദിത്തം ഉണ്ടെങ്കില്‍ പോലും പിന്നീട് അതിന്റെ അവകാശം അവിടെ താമസിക്കുന്നവര്‍ക്കാണ്. ഉടമയ്ക്ക് എപ്പോഴും വാടകയ്ക്ക് നല്‍കിയ വീട്ടിലെത്തി അവിടെ എന്താണ് നടക്കുന്നതെന്ന് നോക്കാന്‍ കഴിയില്ല. നിയമവിരുദ്ധമായി എന്തെങ്കിലും അവിടെ നടക്കുന്നുണ്ടെന്ന് കണ്ടാല്‍ വാടകക്കാരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ കഴിയും. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയില്ല. വാടകയ്ക്ക് നല്‍കുന്ന വീടുകളില്‍ ലഹരി ഉപയോഗം നടക്കുന്നില്ല എന്ന കാര്യം വീട്ടുകാരും ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ അവരെ പ്രതിയാക്കും എന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാക്കുകയാണെങ്കില്‍ ഉറപ്പായും ഒരു വ്യക്തത വരുത്തുക തന്നെ ചെയ്യും’, എക്‌സൈസ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.
അതേസമയം, ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് യാതൊരു അറിലുമില്ലെന്നാണ് എക്‌സൈസ് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചത്.
‘വാടകയ്ക്ക് താമസിക്കുന്നവര്‍ ലഹരി ഉപയോഗിച്ചാല്‍ കെട്ടിടത്തിന്റെ ഉടമയെയും പിടിക്കാന്‍ കഴിയും എന്ന തരത്തില്‍ നിയമം ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയൊരു നിയമം ഉണ്ടോയെന്നറിയില്ല. ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ എക്‌സൈസ് അങ്ങനെയൊരു ഉത്തരവ് അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്താനമെന്തെന്നും അറിയില്ല’, എക്‌സൈസ് മന്ത്രിയുടെ ഓഫിസില്‍ നിന്നും അഴിമുഖത്തിന് ലഭിച്ച പ്രതികരണം ഇതായിരുന്നു.
കേരളത്തില്‍ ലഹരി കേസുകള്‍ വര്‍ദ്ധിക്കുന്നതും പ്രമുഖരെയടക്കം ലഹരി ഉപയോഗത്തിന് പിടികൂടുന്ന സാഹചര്യത്തിലുമാണ് ഇപ്പോള്‍ ശക്തമായ നിലപാട് എക്‌സൈസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.
Content Summary: kerala excise about drug use in rent house; Excise officials and the minister’s office are unclear about the order
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.