തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി കേരളത്തിനും ആശ്വാസകരമാണ്. കാരണം, കേരള സർക്കാരിനെതിരെ പ്രതിപക്ഷത്തെക്കാളേറെ പോരടിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലപ്പോഴും അവർക്കുള്ളിൽ ഒതുങ്ങിത്തീരുകയാണ് പതിവ്. എന്നാൽ കേരള സർക്കാരിനെതിരെ തെരുവിലിറങ്ങി വെല്ലുവിളിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, എസ്.എഫ്.ഐ പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ തുടങ്ങിയ കാര്യങ്ങളിലൂടെ ഒരുസമയത്ത് കേരള സർക്കാർ – ഗവർണർ പോര് വലിയ ചർച്ചാവിഷയമായിരുന്നു.
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസമാണ് പിടിച്ചുവെച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും അനുകൂലമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും തമിഴ്നാട് ഗവർണറുടെ കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെ കേരളത്തിന്റെ കേസും പരിഗണിക്കണമെന്ന ആവശ്യത്തിലെ ഉത്തരവിനായാണ് കാത്തിരിക്കുന്നതെന്നും നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെ അടുത്ത വൃത്തങ്ങൾ അഴിമുഖത്തോട് പ്രതികരിച്ചു.
23 മാസമാണ് കേരള നിയമസഭ പാസാക്കിയ ബില്ലുകൾ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞുവെച്ചിരുന്നത്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ട വ്യക്തിയാണ് ഗവർണറെന്ന് ആദ്യമേ തന്നെ നിർദേശം നൽകിയിരുന്നതാണ്. ഭരണഘടന അംഗീകരിക്കുന്ന രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന വിമർശനവും ഉന്നയിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവെക്കുക, അത് നിയമസഭക്ക് തിരിച്ചയക്കുക, ഹൈക്കോടതിയെ സംബന്ധിച്ചോ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളോ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നൽകുക തുടങ്ങി ഭരണഘടനയ്ക്കകത്ത് ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരങ്ങളാണ്.
ഭരണഘടനക്ക് വിരുദ്ധമായി ബില്ലുകൾക്ക് മുകളിൽ അടയിരിക്കുക അത് വഴി ജനാധിപത്യത്തെ അട്ടിമറിക്കുക തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അംഗീകാരത്തെ വെല്ലുവിളിക്കുക എന്ന സമീപനമായിരുന്നു കേരളത്തിലെ ഗവർണറും തമിഴ്നാട്ടിലെ ഗവർണറും സ്വീകരിച്ചിരുന്നത്. അതുതന്നെയാണ് ബംഗാളിലെ ഗവർണറും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കേരള സർക്കാർ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ നൽകിയ രണ്ട് കേസുകൾ ഇന്നലെ പരിഗണിച്ചിരുന്നു. തമിഴ്നാട് ഗവർണറുടെ കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെ കേരളത്തിന്റെ കേസും പരിഗണിക്കണമെന്ന് കേരള സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിലെ തീരുമാനത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത്. അതും അനുകൂലമായി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തുകയും ഇത്തരത്തിലുള്ള വിധി പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ കേരളത്തിന് കൂടി ആശ്വാസകരമാകുന്ന വിധിന്യായമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും അനുകൂലമായ ഒരു വിധിയാണ് വന്നിരിക്കുന്നത്, നിയമവകുപ്പ് മന്ത്രിയുടെ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, തമിഴ്നാട് ഗവർണറുടെ കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെ കേരളത്തിന്റെ കേസും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ മാറ്റർ ചീഫ് ജസ്റ്റിസ് ടാഗ് ചെയ്തിട്ടില്ലെന്നും മെയ് മാസത്തിന് ശേഷമായിരിക്കും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനാവുകയെന്നും അഭിഭാഷകൻ എം.കെ ദിനേശൻ അഴിമുഖത്തോട് പ്രതികരിച്ചു.
ഏപ്രിൽ 8നാണ് തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാതെ തടഞ്ഞുവച്ച ഗവർണർ ആർ എൻ രവിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഏറെ പ്രസക്തമായ വിധി പുറപ്പെടുവിച്ചത്.
Content Summary: Kerala Finds Hope in Supreme Court Bench That Ruled in Favor of States in Tamil Nadu Governor Case
Leave a Comment