February 14, 2025 |

‘ആരുടെ പരമാ (വരുമാ)നന്ദം ?’

അസമത്വത്തിന് ആക്കംകൂട്ടുന്ന നയങ്ങളുടെ രേഖയാണ് നിര്‍മ്മലാ സീതാരാമന്റെ എട്ടാം ബജറ്റ്

മലയാള മനോരമ ദിനപ്പത്രം യൂണിയന്‍ ബജറ്റ് വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട് ‘വരുമാനന്ദം’ എന്നാണ്. പരമാനന്ദം എന്നു ധ്വനിപ്പിക്കുന്ന കൗശലം നിറഞ്ഞ തലക്കെട്ട്. മാതൃഭൂമിയാകട്ടെ ആദായ മധുരം എന്നാണ് കൊടുത്തത്. നിര്‍ലോഭം, നിര്‍ദ്ദയം എന്നതായിരുന്നു മാധ്യമത്തിന്റെ തലക്കെട്ട്. Tax Bonanza for middle class എന്ന് ദി ഹിന്ദു തലക്കെട്ടെഴുതി.Kerala got neglected in the budget, Nirmala Sitharaman’s 8th budget is a record of policies that fuel inequality

കേരളം നേരിട്ട ക്രൂരമായ വിവേചനം പറഞ്ഞ സംസ്ഥാന ധനമന്ത്രിയുടെ പ്രസ്താവനയെ മനോരമ ടി.വി ‘ ഇവിടെയൊന്നും കിട്ടിയില്ല’ എന്ന കാര്‍ഡ് ഇറക്കിയാണ് ആഘോഷിച്ചത്. കേരളം എന്നു പറഞ്ഞില്ലെങ്കിലും ബജറ്റില്‍ പറയുന്ന കാര്യങ്ങളുടെ ആനുകൂല്യം സംസ്ഥാനത്തിനും കിട്ടുമല്ലോ എന്നു പറഞ്ഞാണ് ആര്‍. എസ്. എസ് ഹാന്‍ഡിലുകള്‍ ന്യായം ചമച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേമ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ കാശുകൊണ്ട് സംസ്ഥാനം മേനി നടിക്കുന്നതാണ് എന്നു പറഞ്ഞാണല്ലോ RSS-BJP നേതാക്കളും പ്രവര്‍ത്തകരും പ്രചരണം നടത്തുന്നത്? ലൈഫ് എന്നാല്‍ പ്രധാനമന്ത്രി ആവാസ് യോജനയാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നാല്‍ നാഷണല്‍ സോഷ്യല്‍ അസ്സിസ്റ്റന്‍സ് പ്രോഗ്രാമാണ് (NSAP). സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി PM- POSHAN ആണ്. ഇങ്ങനെയാണല്ലോ പ്രചരണം. തൊഴിലുറപ്പ് പദ്ധതി പിന്നെ പറയുകയും വേണ്ട. മനോരമയുടെ ഭാഷയില്‍ ഈ വരുമാനന്ദം വന്നപ്പോള്‍ നിര്‍ലോഭം കിട്ടിയ ആനുകൂല്യം ധനമന്ത്രി തന്നെ പറയുന്നത് പ്രകാരം ഒരു ലക്ഷം കോടി രൂപയുടേതാണ്. അതേസമയം നിര്‍ദ്ദയം വെട്ടിക്കുറയ്ക്കപ്പെട്ടത് എവിടെയൊക്കെയാണ്? ആര്‍ക്കൊക്കെയാണ്?

തൊഴിലുറപ്പ് പദ്ധതിയുടെ 2023-2024ലെ യഥാര്‍ത്ഥ ചെലവ് 89,154 കോടി രൂപയായിരുന്നു. ഇക്കൊല്ലവും വരും കൊല്ലവും അത് 86,000 കോടി രൂപയായി കുറയുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലം എന്താണ്? സാമ്പത്തിക സര്‍വേ തന്നെ പറയുന്ന കണക്കുണ്ട്. 2021 ല്‍ 389.1 കോടി തൊഴില്‍ ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 2024-2025 സാമ്പത്തിക വര്‍ഷം ജനുവരി പത്താം തീയതി വരെയുള്ള കണക്കുകള്‍ പ്രകാരം 220.11 കോടിയായി തൊഴില്‍ ദിനങ്ങള്‍ ഗണ്യമായി കുറഞ്ഞു. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പരമാവധി 250 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമായിരിക്കും തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടാകുക. 2021 നെ അപേക്ഷിച്ച് 140 കോടി തൊഴില്‍ ദിനങ്ങള്‍ ഈ വര്‍ഷം കുറവായിരിക്കും എന്നു സാരം. ഇന്ത്യയില്‍ തൊഴില്‍ തേടുന്ന സാധുക്കള്‍ ഗണ്യമായി കുറഞ്ഞതുകൊണ്ടാണോ ഈ ഇടിവുണ്ടാകുന്നത്? അല്ല എന്നതിനു പ്രത്യേക തെളിവുകള്‍ ഒന്നും ഹാജരാക്കേണ്ടതില്ലല്ലോ? നിര്‍മ്മലാ സീതാരാമന്‍ മധുബനി സാരിയില്‍ അവതരിപ്പിച്ച തന്റെ എട്ടാം ബജറ്റിന്റെ രാഷ്ട്രീയമാണ് ഇത് കാണിക്കുന്നത്. 2021 ല്‍ യൂണിയന്‍ സര്‍ക്കാരിന്റെ ആകെ ബജറ്റ് ചെലവിന്റെ 3.2 ശതമാനമായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ്. അത് 2025 ല്‍ 1.8 ശതമാനമായും 2026 ല്‍ 1. 7 ശതമാനമായും ഇടിയുന്നു. തൊഴിലുറപ്പു പദ്ധതിയെ സാവധാനം അവസാനിപ്പിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്.

എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി. രണ്ടു തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടംപിടിക്കുന്നത്. സ്‌കൂള്‍ പാചക തൊഴിലാളികളുടെ കുറഞ്ഞ വേതനം സംബന്ധിച്ച വാര്‍ത്തകളാണ് ഒന്ന്. രണ്ടാമത്തേത് ഉച്ചഭക്ഷണ പദ്ധതിയുടെ പണം വൈകുന്നത് സംബന്ധിച്ച വാര്‍ത്തകള്‍. അപ്പോഴൊന്നും വ്യാപകമായി ജനശ്രദ്ധയില്‍ വരാത്ത കാര്യം ഇതിലെ യൂണിയന്‍ സര്‍ക്കാരിന്റെ വീഴ്ചയാണ്. അതേസമയം സ്‌കൂള്‍ ഉച്ചഭക്ഷണം പ്രധാന മന്ത്രിയുടേതാണ് എന്ന ഭാഷ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ 60 ശതമാനമാണ് യൂണിയന്‍ സര്‍ക്കാര്‍ വിഹിതം. നാല്‍പ്പതു ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. അതായത് 60:40 എന്നതാണ് ഈ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഷെയറിങ് രീതി. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഒരുമാസം 1000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ പത്തുമാസം ഹോണറേറിയം എന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ മാനദണ്ഡം. ഇതു കേന്ദ്രവും സംസ്ഥാനങ്ങളും അംഗീകൃത മാനദണ്ഡം അനുസരിച്ച് ഷെയര്‍ ചെയ്യുന്നു. വാസ്തവത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് മാസം 600 രൂപയാണ് കൂലി കൊടുക്കുന്നത്. അംഗീകൃത കൂലിയായ 1000 രൂപയില്‍ 400 രൂപ സംസ്ഥാനങ്ങളാണ് കൊടുക്കേണ്ടത്. കേരളം പാചക തൊഴിലാളികള്‍ക്ക് ശരാശരി 12,000 മുതല്‍ 13,500 രൂപ വരെയാണ് പ്രതിമാസം കൊടുക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള യൂണിയന്‍ സര്‍ക്കാര്‍ വിഹിതം പലവിധ തൊടുന്യായങ്ങള്‍ പറഞ്ഞ് പത്തും പതിനഞ്ചും മാസം കുടിശികയിടുന്നതാണ് രീതി. അപ്പോഴെല്ലാം ആ വിഹിതം കൂട്ടിക്കൊടുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വരുന്ന സ്ഥിതിയാണുള്ളത്. ഇങ്ങനെ വൈകുക മാത്രമല്ല, ഇനി ഗണ്യമായി കുറയുകയും ചെയ്യും എന്നതാണ് 2025 ലെ ബജറ്റ് സൃഷ്ടിക്കുന്ന ഫലം. PM-POSHAN സ്‌കീമിന്റെ 2024-2025 ലെ ബജറ്റ് വകയിരുത്തല്‍ 12,467 കോടി രൂപയായിരുന്നു. പുതുക്കിയ കണക്കുകള്‍ പ്രകാരം ഇക്കൊല്ലത്തെ ചെലവ് 10,000 കോടി രൂപയായി കുറയും. വരും വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 12,500 കോടി രൂപയാണ്. വിലക്കയറ്റ നിരക്കു പോലും ആഗീരണം ചെയ്യാവുന്ന വര്‍ദ്ധന പോലുമില്ല എന്നു സാരം.

വീടില്ലാത്തവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേരളം നടപ്പിലാക്കുന്ന ലൈഫ് പദ്ധതി വഴി 2024 ഡിസംബര്‍ വരെ 4.25 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏതാണ്ട് 1.5 ലക്ഷം വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്. ലൈഫ് പദ്ധതി സംബന്ധിച്ച സംഘപരിവാര്‍ അവകാശ വാദങ്ങള്‍ ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം ഉപയോഗിച്ച് കേരളം മേന്മ നടിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ കേരളം ഒന്നും ചെയ്യുന്നില്ല എന്നതാണല്ലോ ഈ വാദത്തിന്റെ കാതല്‍. ലൈഫ് വീടുകളുടെ മേല്‍ യൂണിയന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയ ഉപാധി ഓര്‍മ്മയുണ്ടാകുമോ? പ്രധാനമന്ത്രിയുടെ പടവും പദ്ധതിയുടെ പേരും ഓരോ വീടിന്റെയും നെറ്റിയില്‍ എഴുതി വെയ്ക്കണം എന്ന ഉപാധി? ഈ പദ്ധതിയ്ക്ക് 2024 ഡിസംബര്‍ മാസം വരെ ആകെ ചെലവിട്ട പണം 18,072.95 കോടി രൂപയാണ്. അതില്‍ യൂണിയന്‍ സര്‍ക്കാര്‍ വിഹിതം 20,81.69 കോടി രൂപയാണ്. അതായത് 11.5 ശതമാനം. ഇതു വെച്ചാണ് പടവും പേരും ഒക്കെ ഇടണം എന്ന കോലാഹലം ഉണ്ടാക്കിയത്. അതു നില്‍ക്കട്ടെ. ഈ നാമമാത്രമായ യൂണിയന്‍ വിഹിതത്തിന് ഈ ബജറ്റ് കഴിയുമ്പോള്‍ എന്താകും സംഭവിക്കുക? പ്രധാനമന്ത്രി ആവാസ് യോജന- നഗരം (PMAY-Urban), പ്രധാന മന്ത്രി ആവാസ് യോജന-ഗ്രാമം (PMAY-Rural) എന്നീ പദ്ധതികള്‍ വഴിയാണ് യൂണിയന്‍ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ സഹായം നല്‍കുന്നത്. PMAY-Urban പദ്ധതിയുടെ 2024-2025 ലെ ബജറ്റ് എസ്റ്റിമേറ്റ് 30,171 കോടി രൂപയായിരുന്നു. ഇത് പുതുക്കിയ കണക്കുകള്‍ പ്രകാരം 13,670 കോടി രൂപ മാത്രമായി ഗണ്യമായി ഇടിയുന്നു. 55 ശതമാനമാണ് ബജറ്റ് വകയിരുത്തലിനേക്കാള്‍ കുറഞ്ഞത്. 2025-2026 ല്‍ 19,794 കോടി രൂപയാണ് ഈ പദ്ധതിയുടെ വകയിരുത്തല്‍. അതായത് കഴിഞ്ഞ ബജറ്റ് വകയിരുത്തലിനേക്കാള്‍ 30 ശതമാനത്തില്‍ അധികം ഇടിവാണ് വരും കൊല്ലം വരുത്തിയിട്ടുള്ളത് എന്നു സാരം. 2023-2024 ലെ യഥാര്‍ത്ഥ ചെലവായ 21,684 കോടി രൂപയേക്കാള്‍ ഗണ്യമായി കുറഞ്ഞ തുകയാണ് നഗര ഭവന പദ്ധതിയുടെ അടങ്കല്‍ എന്നതും കാണണം. പുതിയ സ്‌കീമായ PMAY-U 2.0 ലെ വകയിരുത്തല്‍ കൂട്ടിയാലും 2023-2024 ലെ ചെലവിനെക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തല്‍. PMAY-Rural ല്‍ ഇക്കൊല്ലത്തെ ബജറ്റ് വകയിരുത്തല്‍ 54,500 കോടി രൂപയായിരുന്നത് പുതുക്കിയ കണക്ക് പ്രകാരം 32,426 കോടി രൂപയായി ഗണ്യമായി ഇടിഞ്ഞു. വരും കൊല്ലത്തെ ബജറ്റ് വകയിരുത്തല്‍ ഇക്കൊല്ലത്തെ ബജറ്റ് വകയിരുത്തലിനെക്കാള്‍ കുറഞ്ഞതുമാണ്. എന്തായിരിക്കും ഭവന നിര്‍മ്മാണ സഹായത്തിന്റെ ഗതി എന്നു അനുമാനിക്കാന്‍ പ്രയാസമില്ലല്ലോ?

ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ അടങ്കലില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ (PMGKAY) നടപ്പു വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 2,05,250 കോടി രൂപയായിരുന്നത് പുതുക്കിയപ്പോള്‍ 1,97,000 കോടി രൂപയായി ഇടിഞ്ഞു. വരും കൊല്ലത്തെ വകയിരുത്തല്‍ 2,03,000 കോടി രൂപ മാത്രം. എന്താണ് ഇതിന്റെ ഫലം? പല വിധത്തില്‍ റേഷന് മുട്ടുവരും എന്നാണ് ചുരുക്കം.

കേരളം കൊടുക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളെ സംബന്ധിച്ചും സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ആഖ്യാനം അത് കേന്ദ്ര പദ്ധതിയാണ് എന്നതാണല്ലോ? കേരളം 62 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1,600 രൂപ വീതം സാമൂഹ്യ സുരക്ഷാ- ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്. പ്രതിമാസം ഏകദേശം 1,000 കോടി രൂപയാണ് ചെലവ്. ഇതില്‍ 8.5 ലക്ഷം പേര്‍ക്കാണ് നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ (NSAP) നിന്നും സഹായം കിട്ടുന്നത്. അതുതന്നെ പ്രതിമാസം ശരാശരി 350 രൂപ വീതം. അതും ഇപ്പോള്‍ ഏതാണ്ട് 500 കോടിയില്‍ അധികം രൂപ കുടിശികയുണ്ട്. എന്താണ് NSAP യുടെ വകയിരുത്തലില്‍, സംഭവിക്കുന്നത്? 2021 ല്‍ ആകെ ബജറ്റ് ചെലവുകളുടെ 1.2 ശതമാനമായിരുന്ന NSAP വകയിരുത്തല്‍ ഇപ്പോള്‍ 0.2 ശതമാനമായി കുറഞ്ഞു. ഒരു പൈസ കൂട്ടി കിട്ടുകയോ ഒരാള്‍ക്ക് അധികം കിട്ടുകയോ ഇല്ല എന്നുവേണം കരുതാന്‍.

വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഒരു സ്‌കീമാണ് ജല്‍ ജീവന്‍ മിഷന്‍. ഇതിന്റെ യഥാര്‍ത്ഥ ചെലവ് പുതുക്കിയ കണക്കുകളില്‍ വ്യക്തമായിട്ടുണ്ട്. ജല്‍ ജീവന്‍ മിഷനു നടപ്പുവര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 70,163 കോടി രൂപയായിരുന്നു. ഇത് ഇപ്പോള്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 22,694 കോടി രൂപയായി കുറച്ചു. ബജറ്റില്‍ വകയിരുത്തിയതിന്റെ മൂന്നില്‍ ഒന്നു പോലും യഥാര്‍ത്ഥത്തില്‍ ചെലവു ചെയ്യില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. വരും കൊല്ലം 67,000 കോടി രൂപ ചെലവിടും എന്നാണ് ബജറ്റ് വാഗ്ദാനം. അതു പോലും 2023- 2024 ലെ യഥാര്‍ത്ഥ ചെലവായ 69,992 കോടി രൂപയേക്കാള്‍ എത്ര കുറവാണ് എന്നു കാണണം.

ഇന്‍കം ടാക്‌സ് ഇളവാണ് ആഘോഷിക്കപ്പെടുന്നത്. അതു പ്രതിഫലിക്കുന്നത് മുകളില്‍ പറഞ്ഞ രീതിയിലാണ് എന്നു കാണണം. മാത്രമല്ല സംസ്ഥാനങ്ങളുമായി പങ്കു വെയ്‌ക്കേണ്ട ഡിവിസിബിള്‍ പൂളില്‍ കുറവ് വരികയും ചെയ്യും. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ച 8.2 ശതമാനം വളര്‍ച്ച 2025 ല്‍ 6.4 ശതമാനമായി ചരുങ്ങും എന്നതാണ് സാമ്പത്തിക സര്‍വേ തന്നെ കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ ചെലവുകളില്‍ വര്‍ദ്ധനവ് വരുത്തി ഈ സ്ഥിതി വിശേഷത്തെ നേരിടുക എന്ന സമീപനം മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 2024-2025 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം യൂണിയന്‍ സര്‍ക്കാരിന്റെ ആകെ ചെലവായി കണക്കുകൂട്ടിയത് 48,20,512 കോടി രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 47,16,487 കോടി രൂപയായി ആകെ ചെലവുകള്‍ ചുരുങ്ങി. വരും വര്‍ഷം 50,65,345 കോടി രൂപയാകും എന്നാണ് 2025-2026 ലെ ബജറ്റ് എസ്റ്റിമേറ്റ്. 2024-2025 ലെ ബജറ്റ് എസ്റ്റിമേറ്ററ്റിനെ അപേക്ഷിച്ച് കഷ്ടിച്ച് 5 ശതമാനമാണ് വര്‍ദ്ധന. ഇതുതന്നെ അവസാന കണക്കുകളില്‍ വീണ്ടും ഇടിയും എന്നതാണല്ലോ അനുഭവം. വിലക്കയറ്റ തോതിനെ പോലും അബ്‌സൊര്‍ബ് ചെയ്യുന്ന ചെലവ് ബജറ്റ് വിഭാവനം ചെയ്യുന്നില്ല. സമ്പദ് ഘടനയുടെ വീണ്ടെടുപ്പില്‍ സര്‍ക്കാര്‍ ചെലവുകളുടെ പങ്ക് നിരാകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ചെലവില്‍ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ ഓടിക്കുന്ന ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്.

chart

അസമത്വ പഠനങ്ങളില്‍ അഗ്രഗണ്യനായ പണ്ഡിതനാണല്ലോ തോമസ് പിക്കറ്റി. അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യയുടെ അസമത്വത്തിന്റെ ദീര്‍ഘകാല പ്രവണതകള്‍ പഠിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ Income and Wealth Inequality in India, 1922-2023: The Rise of the Billionaire Raj,’ എന്ന ഈ പഠനം World Inequality Lab ആണ് പ്രസിദ്ധപ്പെടുത്തിയത്. 1922 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പഠിച്ച് വരുമാനത്തിലും (Income) സമ്പത്തിലും (Wealth) ഉണ്ടായ അസമത്വം വിലയിരുത്തുകയാണ് പഠനം ചെയ്തത്. സ്വാതന്ത്ര്യത്തിന് മുന്‍പ് 1930 ലാണ് ഏറ്റവും മുകളിലുള്ള 1 ശതമാനം പേര്‍ ഏറ്റവും അധികം വരുമാനം കൈയ്യടക്കിയിരുന്നത്. ദേശീയ വരുമാനത്തിന്റെ 21 ശതമാനമാണ് മുകളിലുള്ള ഒരു ശതമാനം പേര്‍ അന്നു കൈയ്യടക്കിയിരുന്നത്. 2023 ലെ കണക്കുകള്‍ അതിനെ കടത്തിവെട്ടി. വരുമാനത്തിന്റെ 22.6 ശതമാനം മുകളിലെ ഒരു ശതമാനം പേര്‍ക്കാണ് കിട്ടുന്നത്. 1930 നു ശേഷം കുറഞ്ഞ ഈ കേന്ദ്രീകരണം 1980 കളോടെ വീണ്ടും ഉയരാന്‍ തുടങ്ങി. 1990 കളില്‍ ശക്തിപ്പെടുകയും 2014 മുതല്‍ തീവ്ര സ്വഭാവം കൈവരിക്കുകയും ചെയ്തു. പുതിയ സാമ്പത്തിക നയങ്ങളും അവയുടെ തീവ്രമായ മോദി വേര്‍ഷനും ഈ അസമത്വ വര്‍ദ്ധനവിന് ഹേതുവായി മാറി.

chart
വരുമാന അസമത്വത്തില്‍ ലോകത്തെ ഏറ്റവും വഷളന്‍ നില ഇന്ത്യയുടേതാണ്. താഴെയുള്ള 50 ശതമാനം മനുഷ്യരുടെ വരുമാനത്തിലെ വിഹിതം 15 ശതമാനം മാത്രമാണ്. സമ്പത്തിന്റെ കാര്യം എടുത്താല്‍ ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേരുടെ കൈയ്യിലാണ് 40.1 ശതമാനം സമ്പത്തും. താഴെയുള്ള 50 ശതമാനം മനുഷ്യരുടെ വിഹിതം 6.4 ശതമാനം മാത്രമാണ്. വരുമാനത്തിനും സ്വത്തിനും മേല്‍ വര്‍ദ്ധിച്ച നികുതി ചുമത്തി കൂടുതല്‍ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളില്‍ ചെലവു ചെയ്ത് ഈ അന്തരം കുറച്ചു കൊണ്ടുവരുന്നതിനു മോദിക്കും കൂട്ടര്‍ക്കും തെല്ലും താല്‍പ്പര്യമില്ല. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു എന്ന പറച്ചില്‍ ഒരു ക്ലീഷേ ആയി മാറിയിട്ടുണ്ട്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നില്ലല്ലോ? (‘It has become a cliche to say the rich are getting richer. But the poor are not getting poorer’) ഇതായിരുന്നു പിക്കറ്റിയുടെ പഠനത്തോടുള്ള കേന്ദ്ര ധന സെക്രട്ടറിയുടെ പ്രതികരണം.

കൂടുതല്‍ ഇളവുകള്‍ സമ്പന്നര്‍ക്ക് കൊടുക്കുകയാണ് അവരുടെ നയം. അസമത്വത്തിന് ആക്കംകൂട്ടുന്ന നയങ്ങളുടെ രേഖയാണ് നിര്‍മ്മലാ സീതാരാമന്റെ എട്ടാം ബജറ്റ്.Kerala got neglected in the budget, Nirmala Sitharaman’s 8th budget is a record of policies that fuel inequality

Content Summary: Kerala got neglected in the budget, Nirmala Sitharaman’s 8th budget is a record of policies that fuel inequality

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

×