നവ സാങ്കേതിക സാദ്ധ്യതകള്‍ ഉപയോഗിച്ച് 2 മാസത്തെ റിഹേഴ്‌സല്‍ ക്യാമ്പിലൂടെ കടന്നുപോയ ശേഷമാണ് 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സമഭാവന അരങ്ങിലെത്തുന്നത്
ഇന്ത്യയിലാദ്യമായി ആയിരം യുവകലാപ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി, സമഭാവന എന്ന പേരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം ഫെബ്രുവരി 27 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഗദ്ദിക, മാപ്പിള രാമായണം, കേരള നടനം, കഥകളി, മോഹിനിയാട്ടം, വഞ്ചിപ്പാട്ട്, തുള്ളല്‍ത്രയം, തോല്‍പ്പാവക്കൂത്ത്, കൂടിയാട്ടം, നാടകം, മാര്‍ഗ്ഗംകളി, വനിതാ പൂരക്കളി, തുടങ്ങി മുപ്പതില്‍ പരം കലാരുപങ്ങളുമായി 300 ഓളം കലാപ്രതിഭകള്‍ അരങ്ങിലെത്തും.
എഴുത്തച്ഛന്‍ മുതല്‍ ഓ. എന്‍.വി വരെയുള്ള കവികളുടെ വിഖ്യാത കവിതകളെ വ്യത്യസ്തയാര്‍ന്ന കലാരൂപങ്ങളുടെ താളത്തിനും ഈണത്തിലും ചിട്ടപ്പെടുത്തിയതാണ് ഈ മള്‍ട്ടിമീഡിയ മെഗാഷോ. കലാസൃഷ്ടികളുടെ തനിമ നിലനിര്‍ത്തുന്ന ശൈലിയില്‍ ഓരോ അവതരണവും 8 മിനുട്ട് ദൈര്‍ഘ്യത്തിലാണ് അതത് രംഗത്തെ വൈദഗ്ദ്ധ്യമുള്ളവരുടെ മേല്‍നോട്ടത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നവ സാങ്കേതിക സാദ്ധ്യതകള്‍ ഉപയോഗിച്ച് 2 മാസത്തെ റിഹേഴ്‌സല്‍ ക്യാമ്പിലൂടെ കടന്നുപോയ ശേഷമാണ് 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സമഭാവന അരങ്ങിലെത്തുന്നത്. ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് സര്‍ഗ്ഗോത്സവത്തിന്റെ രൂപകല്‍പ്പനയും സംവിധാനും നിര്‍വ്വഹിക്കുന്നത്. ഓരോ വര്‍ഷവും ആയിരം വജ്രജൂബിലി ഫെല്ലോഷിപ്പുകളാണ് യുവകലാകാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവകേരള നിര്‍മ്മിതിയില്‍ യുവ കലാകാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സമഭാവന വരും മാസങ്ങളില്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകരോടൊപ്പം അവര്‍ പ്രാദേശികാടിസ്ഥാനത്തില്‍ പരിശീലിപ്പിക്കുന്ന സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും ഈ സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമാകും. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലൂടെ കടന്നു പോകുന്ന സമഭാവന വൈലോപ്പിള്ളിയുടെ പന്തങ്ങള്‍ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരത്തിലാണ് പൂര്‍ത്തിയാവുക. അന്നേ ദിവസം രാവിലെ നവകേരം വിഷയത്തിൽ ഫെല്ലോഷിപ് ലഭിച്ച കലാകാരൻമാർ അവതരിപ്പിക്കുന്ന ശിൽപ-ചിത്ര പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.