കുറ്റവാളിയാക്കല്ലേ…! നിരപരാധിത്വം പറഞ്ഞ് ജയില്‍ ചപ്പാത്തി

സംസ്ഥാനത്ത് കൂടിക്കൊണ്ടിരിക്കുന്ന ഭക്ഷണവില പിടിച്ചുനിര്‍ത്താനുള്ള ജയില്‍ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് വില കുറച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിക്കുന്നത്.

കൊച്ചിയുടെ ഐടി ഹബ്ബാണ് കാക്കനാട്. തിക്കും തിരക്കും നിറഞ്ഞ നഗരം. പലനാടുകളില്‍ നിന്നെത്തിയവരാണ് അധികവും. സൂപ്പര്‍മാര്‍ക്കറ്റുകളും ഹോട്ടലുകളും കോഫി ഷോപ്പുകള്‍ എല്ലാം തൊട്ടടുത്തുന്നുണ്ട്. ആഡംബര ഹോട്ടലുകളും ഫാസ്റ്റ് ഫുഡും ഒക്കെ ഉണ്ടെങ്കിലും പോക്കറ്റ് കീറുമെന്നുറപ്പാണ്. എന്നാലും കുറഞ്ഞ വിലയ്ക്ക് വിശ്വസിച്ച് കഴിക്കാവുന്ന ഭക്ഷണം കിട്ടുമ്പോഴാണ് നഗരവാസികള്‍ക്ക് ഉപയോഗപ്പെടുക. ഇത്തരത്തില്‍ കാക്കനാടുള്ള ജയില്‍ വകുപ്പിന്റെ ഫ്രീഡം ഫുഡ് ഫാക്ടറി ഏറെ പ്രയോജനകരമാണ്.

ജീവിതം കൊണ്ടെത്തിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്കിടയില്‍ അക്രമങ്ങളിലും അഴിമതികളിലും തട്ടിപ്പുകളിലും അകപ്പെട്ടുപോകുന്ന കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ കഴിയുന്ന സംരംഭങ്ങളാണ് കേരളത്തിലെ ജയില്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്.
കൃഷി,പാചകം,കരകൗശല വസ്തുക്കള്‍,മറ്റ് അടിസ്ഥാനആവശ്യങ്ങളുടെ നിര്‍മാണങ്ങള്‍ എന്നിവയെല്ലാം കേരളത്തിന്റെ വിവിധ ജയിലുകളിലായി നടക്കുന്നുണ്ട്.

കാക്കനാട് ജില്ല ജയിലിലെ സംരംഭങ്ങളെയും സവിശേഷതകളെയും കുറിച്ചും നിലവിലെ പുതിയ മാറ്റങ്ങളെ കുറിച്ചുമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ജയിലിലെ ഭക്ഷണമെന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ജയില്‍ ചപ്പാത്തി തന്നെയാണ്. ജോലിത്തിരക്കിനിടയില്‍ ഒരു പാക്കറ്റ് ചപ്പാത്തിയും കറിയും വാങ്ങിയാല്‍ തീര്‍ത്തും ലാഭം തന്നെ.ഹാഫ് കുക്ക്ഡ് ചപ്പാത്തി, പൂരി എന്നിവയൊക്കെ സൂപ്പര്‍മാര്‍ക്കറ്റില്‍ സുലഭമാണ്. ഒരു പാക്കറ്റിന് 50 രൂപ മുതല്‍ 65 രൂപ വരെ വില വരും. ജയില്‍ ചപ്പാത്തിക്ക് നിലവില്‍ ഒരു പാക്കറ്റിന് 20 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ 30 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

13 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. ഈ മാസം 21 മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വന്നത്. ജയിലില്‍ ചപ്പാത്തി യൂണിറ്റുകള്‍ സ്ഥാപിതമാകുന്നത് 2011ലാണ്. സംസ്ഥാനത്ത് കൂടിക്കൊണ്ടിരിക്കുന്ന ഭക്ഷണവില പിടിച്ചുനിര്‍ത്താനുള്ള ജയില്‍ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് വില കുറച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് ജനങ്ങള്‍ക്ക് ലാഭകരമായി തുടരുന്നുണ്ട് എന്നുള്ളതാണ് ഈ പദ്ധതിയെ മികച്ചതാക്കുന്നത്. നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്.

കേരളത്തിലെ നിരവധി ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഭക്ഷണയിനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരുന്നു. ചിക്കന്‍ കറി -30, ചിക്കന്‍ ഫ്രൈ- 45, ചില്ലി ചിക്കന്‍- 65, മുട്ടക്കറി- 20, വെജിറ്റബിള്‍ കറി – 20, ചിക്കന്‍ ബിരിയാണി- -70, വെജിറ്റബിള്‍ ഫ്രൈഡ് റൈസ്- 40, മുട്ട ബിരിയാണി-55, ചില്ലി ഗോപി-25, ഊണ്‍-50, ബിരിയാണി റൈസ്- 40, അഞ്ച് ഇഡ്ഡലി- 35, ഇടിയപ്പം അഞ്ചെണ്ണം-30, പൊറോട്ട (നാലെണ്ണം)-28, കിണ്ണത്തപ്പം-25, ബണ്‍- 25, കോക്കനട്ട് ബണ്‍- 30, കപ്പ് കേക്ക് – 25, ബ്രഡ്-30, പ്ലംകേക്ക് 350ഗ്രാം -100, പ്ലം കേക്ക് 750ഗ്രാം- 200, ചില്ലി ഗോപി – 25 എന്നിങ്ങനെയാണ് പുതിയ വില.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലുള്ള വര്‍ദ്ധനവിനെ തുടര്‍ന്ന് ജയില്‍ വകുപ്പിന്റെ ഭക്ഷ്യനിര്‍മാണ യൂണിറ്റുകൡ നിന്നും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ചപ്പാത്തിയുടെ വില കൂട്ടിയ വിവരം ജയില്‍ വകുപ്പിന്റെ ഫുഡ് ഔട്ട്‌ലെറ്റുകളില്‍ നോട്ടീസായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭക്ഷണയിനങ്ങള്‍ കൂടാതെ കരകൗശല വസ്തുക്കളും മറ്റ് വീട്ടാവശ്യത്തിന് വേണ്ട ഉല്‍പ്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഫിനോയില്‍, കാര്‍ വാഷ്, ഡിഷ് വാഷ്, സോപ്പ് പൊടി എന്നിവയുടെ നിര്‍മാണവും വിപണനം വിവിധ ഔട്ട്‌ലെറ്റുകളിലായും നടക്കുന്നുണ്ട്.

കരകൗശല വസ്തുക്കളില്‍ നെറ്റിപ്പട്ട നിര്‍മാണം നിലവില്‍ നടന്നുപോരുന്നുണ്ട്. തയ്യില്‍ ജോലിയില്‍ ഗ്രാഹ്യമുണ്ടായിരുന്നവര്‍ അതും ചെയ്തിരുന്നു. ഇപ്പോള്‍ ഉത്സവ സീസണല്ലാത്തതിനാല്‍ നെറ്റിപ്പട്ടത്തിന് വലിയ ഡിമാന്റ് കുറവാണ്. എഫ്‌സിസിഎഐയുടെ കീഴില്‍ ഈറ്റ് റൈറ്റ് ക്യാംപസ് സര്‍ട്ടിഫിക്കറ്റ് അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ ജയിലാണ് കാക്കനാട് ജില്ലാജയില്‍. ആരോഗ്യപ്രദവും സുരക്ഷിതവുമായി പൊതുജനങ്ങളിലേക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നു എന്നതിലൂടെയാണ് ഈ അംഗീകാരം ലഭ്യമായത്. രണ്ട് വര്‍ഷത്തിന് ശേഷം തുടര്‍ന്നും അംഗീകാരത്തോടെ ഭക്ഷണവിതരണം നടത്താം. നിലവില്‍ ഫുഡ് യൂണിറ്റ് വളരെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ്  ജയില്‍ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് ഫുഡ് യൂണിറ്റിന്റെ ചുമതലയുള്ള ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഏലിയാസ് വര്‍ഗ്ഗീസ് അഴിമുഖത്തോട് പ്രതികരിച്ചു.

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലസ്ഥാപനമായ 2022 ല്‍ കാക്കനാട് ജയിലിന് സംസ്ഥാനതലകര്‍ഷക അവാര്‍ഡില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ജയില്‍ കരസ്ഥമാക്കി. നിലവില്‍ നബാര്‍ഡുമായി കൈകോര്‍ത്ത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സംയോജിത കൃഷി സമ്പ്രദായം എന്ന പദ്ധതിയില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ വിളവെടുപ്പ് കഴിഞ്ഞ്
പുതിയ തൈകള്‍ നട്ടുവളര്‍ത്തി പരിപാലനം തുടരുകയാണ്.

വനിതാ ജയില്‍ അന്തേവാസികളെ ഉള്‍പ്പെടുത്തി സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ഒരുവര്‍ഷം മുന്‍പെ ആരംഭിച്ചിരുന്നു.
ഉല്പന്നത്തിന് മറ്റ് സാനിറ്ററി പാഡുകളുടെ നിര്‍മാണമികവും സാങ്കേതികവിദ്യയും കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ നിലവില്‍ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിലവില്‍ ജയില്‍ വകുപ്പിന്റെ ഫുഡ് ഔട്ട്‌ലെറ്റുകള്‍ കാക്കനാട് ജയിലിന് മുന്‍വശത്തായും തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡിലും കച്ചേരിപ്പടി, ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലുണ്ട്. വെഹിക്കിള്‍ കൗണ്ടറുകള്‍ രാവിലെ സുഭാഷ് പാര്‍ക്കിലും ഉച്ച മുതല്‍ ഹൈക്കോര്‍ട്ടിന് സമീപവും പ്രവര്‍ത്തനം നടത്തും. രാവിലെ 8 മണി മുതലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ജയില്‍ അന്തേവാസികള്‍ക്ക് ഒരു ദിവസം 170 രൂപ വെച്ച് ദിവസവേതനമാണ് നിലവില്‍ നല്‍കുന്നത്. ജയില്‍ വകുപ്പിലെ കാന്റീനില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനോ, വീടുകളിലേക്ക് പണം അയക്കാനോ ഇത് പ്രയോജനപ്പെടും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് വേതനം നല്‍കുന്നത്.

ഗുണമേന്മയുള്ള ആഹാരം കുറഞ്ഞ ചിലവില്‍ മനസറിഞ്ഞ് നമുക്കായി പാകം ചെയ്ത് നല്‍കുന്ന ജയില്‍ അന്തേവാസികളെ ഒരിക്കലും വിസ്മരിച്ചുകൂടാ. ജീവിതം നല്‍കിയ കയ്പ്പാര്‍ന്ന ഓര്‍മകളെ വിവിധ രസങ്ങള്‍ ചേര്‍ത്ത് രുചികരമായ വിഭവങ്ങളായി നമുക്ക് വിളമ്പുകയാണ്. അഴി പാകിയ ജനലുകളിലൂടെയുള്ള കാഴ്ചകളും അതിനപ്പുറം വിരല്‍തുമ്പ് തൊട്ട് ഉറ്റവരും കൂടപ്പിറപ്പുകളും നല്‍കുന്ന ആശ്വാസവാക്കുകളും മാത്രമാണ് അവര്‍ക്ക് സ്വന്തമായുള്ളത്. ഒരു സ്വതന്ത്രനായ മനുഷ്യനായി തീരുകയെന്ന സ്വപ്‌നം നെഞ്ചിലേറ്റി നിറഞ്ഞ മനസോടെ അന്നം ഊട്ടുന്ന ഇവര്‍ കേരളത്തിന്റെ അന്നദാതാക്കളാവുകയാണ്.

content summary; food for freedom

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

This post was last modified on November 29, 2024 7:40 am

മഞ്ജുഷ കൃഷ്ണന്‍: അഴിമുഖം സബ് എഡിറ്റര്‍
Related Post
Leave a Comment