തെരഞ്ഞെടുപ്പിലേറ്റ് കനത്ത പരാജയത്തിന്റെയും, പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചിരിക്കുന്ന അതൃപ്തിയുടെയും പശ്ചാത്തലത്തില്‍, മഹാ വികാസ് അഘാഡിയില്‍ (എംവിഎ) കോണ്‍ഗ്രസുമായുള്ള സഖ്യം പുനഃപരിശോധിക്കാന്‍ ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറേയ്ക്കുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. സീറ്റ് പങ്കിടല്‍ പ്രക്രിയകള്‍ നീട്ടിക്കൊണ്ടുപോയതും സേന (യുബിടി) സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ യുബിടി നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇത് സഖ്യത്തിനുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന അതൃപ്തി പ്രകടമാക്കുന്നതാണ്. സോലാപൂര്‍ സൗത്തില്‍ കോണ്‍ഗ്രസ് എംപി പ്രണിതി ഷിന്‍ഡെ വോട്ടെടുപ്പ് ദിവസത്തില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്, പിരിമുറുക്കങ്ങള്‍ കൂട്ടിയിരുന്നു. സഖ്യത്തിനുള്ളിലെ വിള്ളലുകളുടെ സൂചനയാണത് നല്‍കിയത്.
ഉദ്ധവ് വിഭാഗത്തിന്റെ നിരാശ
തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ശിവസേനയുടെ (യുബിടി) നേതാക്കള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന നിരാശയാണ് അടയാളപ്പെടുത്തുന്നത്. എംവിഎയ്ക്കുള്ളിലെ യോജിപ്പിന്റെയും ഐക്യത്തിന്റെയും അഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് സേനയും (യുബിടി) കോണ്‍ഗ്രസും തമ്മിലുള്ള വഷളായ ബന്ധത്തെക്കുറിച്ച് പല പാര്‍ട്ടി നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പൊരുത്തക്കേടിന്റെ ഏറ്റവും പ്രകടമായ അടയാളം സീറ്റ് പങ്കിടല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമായിരുന്നു. സീറ്റ് വിഭാജനമാണ് ഒരു സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭാവി നിശ്ചയിക്കുന്നത്. സഖ്യ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് മഹാരാഷ്ട്ര പോലുള്ള സങ്കീര്‍ണ്ണമായ രാഷ്ട്രീയ പശ്ചാത്തലമുള്ള സംസ്ഥാനങ്ങളില്‍, സുഗമമായ തിരഞ്ഞെടുപ്പ് പ്രചാരണം ഉറപ്പാക്കുന്നതിന് സീറ്റ് വിഭജനം സംബന്ധിച്ച സമയോചിതമായ തീരുമാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഈ പ്രക്രിയയില്‍ വന്ന കാലതാമസം സഖ്യത്തിന്റെ ഐക്യം ഉറപ്പാക്കുന്നതിനെ പരാജയപ്പെടുത്തി. ഇത് സഖ്യത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ക്ക് കാരണമായി. സോലാപ്പൂര്‍ സൗത്ത് വിവാദമാണ് ഭിന്നത രൂക്ഷമാക്കിയ മറ്റൊരു പ്രധാന വിഷയം. മുന്‍ കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡയുടെ മകളും നിലവിലെ കോണ്‍ഗ്രസ് എംപിയുമായ പ്രണിതി ഷിന്‍ഡെ വോട്ടെടുപ്പ് ദിവസം തന്നെ ഔദ്യോഗിക എംവിഎ സ്ഥാനാര്‍ത്ഥിയായ സേന (യുബിടി) നേതാവിന് പകരം വിമത സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. സഖ്യകക്ഷി തന്നെ തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന വിമതനെ പിന്തുണച്ചത് സേനയില്‍ (യുബിടി) കടുത്ത അതൃപ്തി ഉണ്ടാക്കി. കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടിയുടെ സാധ്യതകളെ തുരങ്കം വച്ചുവെന്നും, എംവിഎ സഖ്യത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കുന്നുവെന്നും സേന നേതാക്കള്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലായിരുന്നു. സേനയുടെ (യുബിടി) നിരാശ വര്‍ധിപ്പിച്ചുകൊണ്ട് സഖ്യകക്ഷികളോട് കാണിക്കുന്ന കോണ്‍ഗ്രസിന്റെ നിസ്സംഗതയുടെ മറ്റൊരു ഉദ്ദാഹരണം മാത്രമായിരുന്നനു സോലാപ്പൂര്‍ സൗത്തിലെ പ്രവര്‍ത്തി.
എംവിഎയുടെ രൂപീകരണം
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച എംവിഎ, ബിജെപിയെ നേരിടാന്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ബാനറിന് കീഴില്‍ ശിവസേന (യുബിടി), കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നിവയുടെ കൂടിച്ചേരലായിരുന്നു. 2019 നവംബറില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ബിജെപിയുടെ ആധിപത്യത്തിന് എംവിഎ സഖ്യം ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു എന്ന പ്രതീതീ സൃഷ്ടിക്കപ്പെട്ടു. പക്ഷേ സഖ്യത്തില്‍ തുടക്കം മുതലേ പ്രത്യയശാസ്ത്രപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പുറമെ ഇത് വ്യക്തമായിരുന്നില്ലെങ്കിലും ഉള്ളിലെ അവസ്ഥ അങ്ങനെയായിരുന്നില്ല.
എംവിഎയ്ക്കുള്ളിലെ അസംതൃപ്തിയുടെ മൂലകാരണം അതിന്റെ ഘടകകക്ഷികള്‍ തമ്മിലുള്ള അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളിലാണ്. മറാത്തി വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ പ്രാദേശിക അടിത്തറയുള്ള ശിവസേനയും (യുബിടി) കോണ്‍ഗ്രസും പരമ്പരാഗതമായി വ്യത്യസ്ത രാഷ്ട്രീയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ചരിത്രപരമായി കോണ്‍ഗ്രസ്് അതിന്റെ പാന്‍-ഇന്ത്യഇമേജിലാണ് നില്‍ക്കുന്നത്. ഇതുമൂലം ഈ പാര്‍ട്ടികള്‍ തമ്മില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സോലാപൂര്‍ സൗത്തില്‍ കണ്ടതുപോലെ, സേന (യുബിടി) സ്ഥാനാര്‍ത്ഥികളെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുന്നത് ഇരു പാര്‍ട്ടികളും തമ്മിലുള്ള വിടവ് ഉയര്‍ത്തിക്കാട്ടുന്നു. വിഷയം സീറ്റ് വിഭജനം മാത്രമല്ല, രാഷ്ട്രീയ രസതന്ത്രത്തിന്റെ ആഴത്തിലുള്ള അഭാവമാണ്. ചില സന്ദര്‍ഭങ്ങളില്‍, സഖ്യം ശക്തിപ്പെടുത്തുന്നതിനേക്കാള്‍ തങ്ങളുടെ അജണ്ട പിന്തുടരുന്നതിലാണ് കോണ്‍ഗ്രസ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.
നില്‍ക്കണോ പോണോ? ഉദ്ധവ് ആശയക്കുഴപ്പത്തിലാണ്
ഉദ്ധവ് താക്കറെയെ സംബന്ധിച്ചിടത്തോളം സ്ഥിതി അതീവ ഗുരുതരമാണ്. ഒരു വശത്ത്, മഹാരാഷ്ട്രയിലെ മത്സര രാഷ്ട്രീയ ഭൂപ്രകൃതിയില്‍ തന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിന് എംവിഎ കൂടെ വേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകതയുണ്ട്. സഖ്യത്തിനുള്ളില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യത്തിന് ഒരുപരിധിവരെയെങ്കിലും തടയിടാന്‍ എംവിഎയ്ക്ക് കഴിയുന്നുണ്ട്. മറുവശത്ത്, അദ്ദേഹത്തിന്റെ പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും നിരാശ അവഗണിക്കാനാവാത്തവിധം ശക്തവുമാണ്.
2022 ല്‍ എക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപിക്ക് പോയപ്പോള്‍ തന്നെ ഉദ്ധവിന് തന്റെ നേതൃത്വ കിരീടം ഭാരമുള്ളതായി മാറിയിരുന്നു. പല സേന (യുബിടി) നേതാക്കള്‍ക്കും, കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ അടിത്തറ തകരുമെന്ന പേടിയാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ ആശങ്കപ്പെടാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്ന നഗര-ഗ്രാമ മണ്ഡലങ്ങളില്‍. എംവിഎ സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് സജീവമായി പ്രവര്‍ത്തിച്ച സോലാപൂര്‍ സൗത്ത് സംഭവം ഇരുപാര്‍ട്ടികളും തമ്മിലുള്ള വിശ്വാസത്തെ കൂടുതല്‍ ഇല്ലാതാക്കിയിരിക്കുന്നു. മറാത്തി ഐഡന്റിറ്റിയും അന്തരിച്ച പിതാവ് ബാല്‍ താക്കറെയുടെ പൈതൃകവുമായും കൂടുതല്‍ അടുത്ത് നിന്ന് ശിവസേനയുടെ (യുബിടി)തനത് വ്യക്തിത്വം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെയ്ക്കു മേലുള്ളത്. എന്നാല്‍ ഈ തന്ത്രം അപകടസാധ്യത നിറഞ്ഞതാണ്. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂപ്രകൃതി ഗണ്യമായി മാറി, ബിജെപി ഒരു പ്രബല ശക്തിയായി ഉയര്‍ന്നു. സേന (യുബിടി) കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെങ്കില്‍, ബിജെപിയുടെയും അതിന്റെ സഖ്യകക്ഷികളുടെയും മുന്നില്‍ ഉദ്ധവും സംഘവും കൂടുതല്‍ ഒതുങ്ങിപ്പോകും. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒന്നുമല്ലാതാകും.
എംവിഎയുടെ ഭാവി
വരും മാസങ്ങളില്‍, എംവിഎയുടെ ഭാവി ഉദ്ധവ് താക്കറെക്ക് തന്റെ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കാനും കോണ്‍ഗ്രസുമായുള്ള വര്‍ദ്ധിച്ചുവരുന്ന അതൃപ്തി മറികടക്കാനും കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും. പാര്‍ട്ടി നേതൃത്വത്തിന് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വരും: ഒന്നുകില്‍ പിരിമുറുക്കങ്ങള്‍ക്കിടയിലും ബന്ധം തുടരുക, അല്ലെങ്കില്‍ പിരിഞ്ഞ് പുതിയ രാഷ്ട്രീയ പാത തിരഞ്ഞെടുക്കുക.
സീറ്റ് വിഭജനത്തിലെ കാലതാമസം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തിരിച്ചടി, പ്രധാന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സേനയും (യുബിടി) തമ്മിലുള്ള ഏകോപനമില്ലായ്മ എന്നിവയെല്ലാം സഖ്യത്തിലെ ആഴത്തിലുള്ള പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, സംസ്ഥാനത്ത് ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ, തകര്‍ന്നതും ഫലപ്രദമല്ലാത്തതുമായ ഒരു രാഷ്ട്രീയ ശക്തിയായി എംവിഎ മാറും. ഇപ്പോള്‍, ഉദ്ധവ് താക്കറെ തന്റെ പാര്‍ട്ടിയുടെ ഭാവി ദിശയെക്കുറിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ടതിന്റെ സമ്മര്‍ദ്ദത്തിലാണ്, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശിവസേന (യുബിടി) എംവിഎയുടെ ഭാഗമായി തുടരണോ അതോ സ്വന്തം വഴി നോക്കാന്‍ വേര്‍പിരിയുമോ എന്ന് തീരുമാനിക്കാന്‍ സാധ്യതയുണ്ട്. Uddhav Thackeray Under Pressure to Break from Congress Alliance Amid Growing Frustrations Within Maha Vikas Aghadi (MVA)