June 04, 2026 |
Share on

ഇനി വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പാടണം; എഴുന്നേറ്റ് നില്‍ക്കണം

പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം

വന്ദേമാതരത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വന്ദേമാതരം ദേശീയ ഗാനത്തിന് മുമ്പ് പാടണം, സ്‌കൂള്‍ അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണം, വന്ദേമാതരം ആലപിക്കുന്ന സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ദേശീയ ഗാനമായ ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവും പ്രോട്ടോക്കോളും ദേശീയ ഗീതമായ വന്ദേമാതരത്തിനും നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിലും സിവില്‍ ചടങ്ങുകളിലും, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒഫീഷ്യല്‍ പരിപാടികളിലും എല്ലാം വന്ദേമാതരം നിര്‍ബന്ധമാണ്. ഒഫീഷ്യല്‍ ചടങ്ങുകളിലെല്ലാം മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും നീണ്ട് നില്‍ക്കുന്ന വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പാടണമെന്നാണ് നിര്‍ദ്ദേശം. 1937ല്‍ കോണ്‍ഗ്രസ് നീക്കം ചെയ്ത നാല് ചരണങ്ങളും കൂട്ടിച്ചേര്‍ത്ത് ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം ന്യൂസ് റീല്‍ലിലോ ഡോക്യുമെന്ററിയിലോ സിനിമയുടെ ഭാഗമായോ വന്ദേമാതരം വന്നാല്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്നേവരെ വന്ദേമാതരം ആലപിക്കുന്നതില്‍ ഇന്ത്യയില്‍ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാല്‍ അതില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ വരവും മടക്കവും, രാഷ്ട്രപതി അഖിലേന്ത്യാ റേഡിയോയിലൂടെയും ടിവിയിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവര്‍ണര്‍ ഔദ്യോഗിക സംസ്ഥാന പരിപാടികളില്‍ പങ്കെടുക്കുമ്പോഴും മടങ്ങുമ്പോഴും, ദേശീയ പതാക പരേഡില്‍ കൊണ്ടുവരുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുപ്പിക്കുമ്പോഴും എല്ലാം വന്ദേമാതരം ആലപിക്കണം എന്നാണ് നിര്‍ദ്ദേശം.

പൊതു ചടങ്ങുകളില്‍ വന്ദേമാതരം വരികള്‍ അച്ചടിച്ച് വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. മന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കാം. വന്ദേമാതരം പാര്‍ലമെന്റില്‍ അടക്കം ചൂടേറിയ വിഷയമായിരുന്നു. ഇപ്പോഴും അത് സംബന്ധിച്ച ചര്‍ച്ചകള്‍ പലയിടങ്ങളിലും നടക്കുന്നുമുണ്ട്. അതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം.

Content Summary: all six stanzas of Vande Mataram must be sung

Leave a Reply

Your email address will not be published. Required fields are marked *

×