2024 ല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 834 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ആറ് മാസത്തിനിടെ 378 കേസുകളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തെ നരേന്ദ്ര മാദി സര്‍ക്കാരിന്റെ ഭരണത്തിനിടെ 4,694 ആക്രമണങ്ങളാണ് ക്രൈസ്തവ പുരോഹിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത്. ഇവ കൂടുതലും ഛത്തീസ്ഗഡ്, മധ്യപ്രദേശ് മേഖലകളിലാണെന്ന് പേര് വെളിപ്പെടുത്താന്‍ ഭയക്കുന്ന കത്തോലിക്കാ വൈദികന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ ക്രിസ്മസ് കാലയളവില്‍ മാത്രം 14 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരന്തരമായ ഭീഷണികള്‍, പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തല്‍, അറസ്റ്റുകള്‍, നേരിട്ടുള്ള ആക്രമണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭയാനകമായ പ്രവണതയെയാണ് എടുത്തു കാണിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ക്രൈസ്തവരുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതെന്നും വൈദികന്‍ പറഞ്ഞു.
പലപ്പോഴും തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളാണ് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ഉയര്‍ത്തുന്നത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കൂടാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്.
ആവര്‍ത്തിക്കപ്പെടുന്ന അതിക്രമങ്ങളിലൂടെ ഇന്ത്യയുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ്ത്യന്‍ സമൂഹം കൂടുതല്‍ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി മാറുകയാണ്.
2024-2025 ലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ചില ആക്രമണങ്ങള്‍
ഫാ. അനില്‍ സിഎംഐയുടെ അറസ്റ്റ്
2024 ജനുവരി 7-നായിരുന്നു സിഎംഐ പുരോഹിതന്‍ ഫാ. അനില്‍ മാത്യുവിനെ മധ്യപ്രദേശിലെ ഭോപ്പാലില്‍ വെച്ച് കുട്ടികളുടെ സംരക്ഷണ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ചേരികളിലെ കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തിയിരുന്ന ആഞ്ചല്‍ എന്ന എന്‍ജിഒയുടെ ഡയറക്ടറായിരുന്നു ഫാ. അനില്‍ സിഎംഐ.
ഫാ. ഡൊമിനിക് പിന്റോയുടെ അറസ്റ്റ്
ലഖ്നൗ കത്തോലിക്കാ രൂപതയിലെ ഒരു പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരുമുള്‍പ്പെടെ ഏഴ് പേരെ 2024 ഫെബ്രുവരി 6-ന് മതപരിവര്‍ത്തനം ആരോപിച്ചുള്ള വ്യാജ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ലഖ്നൗ രൂപതയുടെ പാസ്റ്ററല്‍ സെന്ററായ നവിന്‍തയുടെ ഡയറക്ടറാണ് ഫാദര്‍ ഡൊമിനിക് പിന്റോ. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഏകദേശം 100 ക്രൈസ്റ്റ് ഭക്തരും (ക്രിസ്തുവിന്റെ അനുയായികള്‍) അവരുടെ പതിവ് പ്രാര്‍ത്ഥനായോഗത്തിനായി ഈ കേന്ദ്രം ഉപയോഗിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ ദേവ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നവിന്‍തയ്ക്ക് മുന്നില്‍ ഹിന്ദുത്വ ഗുണ്ടകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അസമില്‍ ഭീഷണി പോസ്റ്ററുകള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങളും വസ്ത്രങ്ങളും ഒഴിവാക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പായ സന്മിളിത സനാതന്‍ സമാജ് ആഹ്വാനം ചെയ്തതിന് പിന്നാലെ, അസമിലെ നിരവധി പ്രമുഖ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പരിസരത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഈ സ്‌കൂളുകളെ മതസ്ഥാപനങ്ങളായി ഉപയോഗിക്കുന്നതായുള്ള പോസ്റ്ററുകളായിരുന്നു. അസമീസ് ഭാഷയില്‍ അച്ചടിച്ച പോസ്റ്ററുകളില്‍ പറഞ്ഞത്: ‘സ്‌കൂളിനെ മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള അവസാന മുന്നറിയിപ്പാണിത്… ഭാരതവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക, അല്ലെങ്കില്‍…’. കൂടാതെ സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും യേശുവിന്റെയും മാതാവിന്റെയും പ്രതിമകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശില്‍ ക്രിസ്ത്യാനികളുടെ സര്‍വേ
മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ക്രൈസ്തവരുടെ കണക്കുകള്‍ ശേഖരിക്കുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ധനസഹായ സ്രോതസ്സുകളുടെയും വിശദാംശങ്ങള്‍ തേടിക്കൊണ്ട് മധ്യപ്രദേശ് പോലീസ് ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ചോദ്യാവലി വിതരണം ചെയ്തു. പോലീസ് വ്യക്തിഗത മിഷനറിയുടെയോ സ്ഥാപനത്തിന്റെയോ പേരും വിലാസവും, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍, ബാങ്ക് അക്കൗണ്ട്, വിദേശ ഫണ്ടിംഗ് സ്രോതസ്സുകള്‍ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാനുള്ള സംസ്ഥാന പോലീസിന്റെ രണ്ടാമത്തെ ശ്രമമാണിത്. 2023 ജൂലൈയില്‍ സമാനമായ വിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ചോദ്യാവലി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. അന്ന് 15 പ്രധാന ചോദ്യങ്ങളുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് 30 ആയി വര്‍ധിച്ചു.
ക്രിസ്ത്യാനികള്‍ക്കെതിരായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിക്കുകയും തന്റെ സര്‍ക്കാര്‍ ഇത് തടയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഛത്തീസ്ഗഡില്‍ ‘വളരെ സജീവമാണെന്നും’ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുന്നതിലൂടെ മതപരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സരസ്വതി പൂജ
ഛത്തീസ്ഗഡിലെ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളുകളില്‍ ബസന്ത് പഞ്ചമി ദിനത്തില്‍ സരസ്വതി പൂജ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. മതപരമായ ചടങ്ങ് നടത്താന്‍ നിര്‍ബന്ധിക്കുന്നത് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. എന്നിട്ടും, ഛത്തീസ്ഗഡിലെ ഏതാനും സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സരസ്വതി പൂജ നടത്താത്തതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്. പ്രാര്‍ത്ഥിക്കാനും പ്രാര്‍ത്ഥിക്കാതിരിക്കാനുമുള്ള വ്യക്തിപരമായ സ്വാതന്ത്ര്യമാണിത്.
നിര്‍ബന്ധിത സരസ്വതി പൂജ
ത്രിപുരയിലെ ഗോകുല്‍പൂര്‍, ഗോമതിയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്ന മിഷനറി സ്‌കൂളില്‍ സരസ്വതി പൂജ നടത്താന്‍ ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ജാഗ്രണ്‍ മഞ്ച്, സനാതനി ധര്‍മ്മം എന്നിവയിലെ അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച സംഘത്തിലെ ആളുകളാണ് സരസ്വതി പൂജ എന്ന ആവശ്യവുമായി വന്നത്. 2024 ഫെബ്രുവരി 14-ന് ക്രൈസ്തവ സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്താനായിരുന്നു ശ്രമം. സ്ഥാപനത്തില്‍ സരസ്വതി പൂജ ‘എങ്ങനെയെങ്കിലും’ നടത്താനാണ് അവര്‍ ശ്രമിച്ചത്. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസ്സി ജോസഫ്, ഗോമതി ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു.
സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണവും
ഒഡീഷയിലെ കിയോന്‍ജര്‍ ജില്ലയിലെ രംഗമാതിയ ഗ്രാമത്തിലെ 23 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒരു മാസത്തിലേറെയായി സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണമാണ് നേരിടുന്നത്. 23 കുടുംബങ്ങളിലെ 105 ആളുകളോട് ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കണമെന്നായിരുന്നു ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം.
ഒഡീഷയില്‍ ട്രെയിനിലും കന്യാസ്ത്രീകള്‍ക്കെതിരെ അതിക്രമം
2025 ജൂണില്‍, ഒരു കന്യാസ്ത്രീയെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയും, അനധികൃത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 18 മണിക്കൂര്‍ ഒഡീഷയിലെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. കന്യാസ്ത്രീയായ സിസ്റ്റര്‍ രചന നായക്, തന്റെ കൂടെയുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ക്രിസ്ത്യാനികളാണെന്നും പരിശീലന കോഴ്‌സുകളില്‍ ചേരുന്നതിനായി യാത്ര ചെയ്യുകയായിരുന്നുവെന്നും തെളിയിച്ചതിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെടുകയായിരുന്നു.
ബിജെപി എംഎല്‍എയുടെ അക്രമത്തിനുള്ള ആഹ്വാനം
മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപിയുടെ നിയമസഭാംഗമായ ഗോപിചന്ദ് പടാല്‍ക്കര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുരോഹിതരെ കൊലപ്പെടുത്താന്‍ പണം വാഗ്ദാനം ചെയ്തത്. ക്രിസ്ത്യാനികളുടെ കൊലപാതകങ്ങള്‍ക്ക്, പ്രത്യേകിച്ച് പുരോഹിതരുടെ മരണത്തിന് ഏറ്റവും ഉയര്‍ന്ന തുക നല്‍കുമെന്നായിരുന്നു ഗോപിചന്ദ് പടാല്‍ക്കറുടെ പ്രഖ്യാപനം.
പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിന് അറസ്റ്റിലായത് കന്യാസ്ത്രീകള്‍
മഹാരാഷ്ട്രയിലെ ഒരു പള്ളിക്ക് കീഴിലെ അനാഥാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് ഓഫ് ചവനോഡ് സഭയിലെ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ അറസ്റ്റിലായി. 2025 ജൂണ്‍ 29 ന് ഛത്രപതി സംഭാജിനഗറിലെ (മുമ്പ് ഔറംഗാബാദ്) ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. ഇന്ത്യയുടെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായിരുന്നു ഇത്. നിലവില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജാമ്യത്തിലാണ്.
ജബല്‍പൂരിലും ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം
2025 ഏപ്രിലില്‍ ജബല്‍പൂരില്‍ ഹിന്ദുത്വ തീവ്രവാദികളുടെ ഒരു സംഘം കത്തോലിക്കാ പുരോഹിതരെയും സാധാരണക്കാരെയും ആക്രമിച്ചിരുന്നു. മാണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു സംഘം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലി ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു. ഇവരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതോടെ യാത്ര തടസ്സപ്പെട്ടു. പിന്നീട് വിട്ടയച്ചെങ്കിലും, മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടയുകയും റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഹിന്ദുത്വ ശക്തികള്‍ പുരോഹിതരെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.
Content Summary: BJP-Ruled States Hotbeds of Anti-Christian Violence, 378 Attacks Reported in Half Year
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.