ഇന്ത്യൻ സിനിമാ രംഗത്ത് സെൻസർ ബോർഡുമായ് ബന്ധപ്പെട്ട വാർത്തകളിൽ സ്ഥിരം കേട്ടുവരുന്ന വാക്കാണ് സെൻസർഷിപ്പ് രാജ്. കലാപരമായ സൃഷ്ടികളിൽ ഏതെങ്കിലും അതോറിറ്റി നടത്തുന്ന അമിതവും ഏകപക്ഷീയവുമായ നിയന്ത്രണങ്ങളെയാണ് സെൻസർഷിപ്പ് രാജ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നിയമപ്രകാരം, സിബിഎഫ്സിയുടെ പ്രധാന ചുമതല സിനിമകൾക്ക് പ്രദർശനാനുമതി നൽകുക എന്നതാണ്. അല്ലാതെ അവയെ സെൻസർ ചെയ്യുകയല്ല. ഒരു സിനിമയിലെ ഉള്ളടക്കം ഏത് പ്രേക്ഷകർക്ക് അനുയോജ്യമാണെന്ന് നിർണ്ണയിച്ച് സർട്ടിഫിക്കേഷൻ നൽകുകയാണ് ബോർഡ് ചെയ്യേണ്ടത്. എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നത്.
പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസെസി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ച ‘ഹോംബൗണ്ട്’ എന്ന ബോളിവുഡ് സിനിമയെ 2026 ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നാമനിർദ്ദേശം ചെയ്ത സംഭവം ഏറെ ചർച്ചയായിരുന്നു. സിനിമയിലെ നിരവധി ഭാഗങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിന്റെ ഭാഗമായി ആദ്യ പോസ്റ്ററുകളിൽ സ്കോർസെസിയുടെ പേര് ഒഴിവാക്കിയെങ്കിലും പിന്നീട് അത് തിരികെ ചേർക്കുകയുണ്ടായി.
സിനിമാ വ്യവസായത്തെ അലട്ടുന്ന ഈ വിവാദങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. പഞ്ചാബിലെ കലാപങ്ങളെക്കുറിച്ചുള്ള ‘പഞ്ചാബ് ’95’ എന്ന സിനിമ, 100 ലധികം കട്ടുകൾ എന്ന ആവശ്യം നിരസിച്ചതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി റിലീസായിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്ന സ്ഥാപനത്തിന്റെ വിവാദപരമായ തീരുമാനങ്ങൾ ഇന്ത്യൻ സിനിമ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് ആഗോള സിനിമ വ്യവസായത്തിന്റെ ഭാഗമാകാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ് സെൻസർ ബോർഡ് കത്രികയുമായി എത്തുന്നത്.
സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമം അനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ സിബിഎഫ്സി യോഗം ചേരണം. എന്നാൽ 12 അംഗങ്ങളുള്ള ബോർഡ് അവസാനമായി യോഗം ചേർന്നത് ആറ് വർഷം മുൻപാണ്. സിബിഎഫ്സിയുടെ വെബ്സൈറ്റിൽ ലഭ്യമായ അവസാന വാർഷിക റിപ്പോർട്ട് 2016-17 കാലഘട്ടത്തിലേതാണ്. എല്ലാ വർഷവും വാർഷിക റിപ്പോർട്ട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ അതും കൃത്യമായി നടക്കുന്നില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017 ഓഗസ്റ്റ് 1ന് പുനസംഘടിപ്പിച്ച ബോർഡിന്റെ കാലാവധി മൂന്ന് വർഷം വരെയാണ്. 2020 ൽ കാലാവധി അവസാനിച്ചിട്ടും പുതിയ പുനസംഘടന നടന്നിട്ടില്ല.
1983, 2024 വർഷങ്ങളിലെ നിയമങ്ങൾ അനുസരിച്ചാണ് സിബിഎഫ്സി പ്രവർത്തിക്കുന്നതെന്നും എല്ലാ വർഷവും വാർഷിക റിപ്പോർട്ടുകൾ മന്ത്രാലയത്തിന് സമർപ്പിക്കാറുണ്ടെന്നുമാണ് ബോർഡിൻ്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വക്താവ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മുതൽ ബോർഡ് യോഗങ്ങൾ ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സിബിഎഫ്സിയുടെ ഓൺലൈൻ സർട്ടിഫിക്കേഷൻ സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രമാണ് മറുപടി നൽകിയത്.
ബോർഡിന്റെ ചെയർമാനായി പ്രസൂൺ ജോഷി ചുമതലയേറ്റ ശേഷം ചുരുക്കം ചില അംഗങ്ങൾ മാത്രമാണ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രമുഖ സംവിധായകരായ വാമൻ കെന്ദ്രെ, ടി.എസ്. നാഗാഭരണ, രമേശ് പതംഗെ എന്നിവർ മാത്രമാണ് മിക്ക റിവൈസിംഗ് കമ്മിറ്റികളുടെയും തലപ്പത്ത് വരുന്നത്.
ഹോംബൗണ്ട് എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സാധാരണയായി മുംബൈയിലെ സിബിഎഫ്സി അംഗങ്ങളെയാണ് റിവൈസിംഗ് കമ്മിറ്റികളിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഹോംബൗണ്ടിന്റെ കാര്യത്തിൽ, ബെംഗളൂരുവിൽ നിന്നുള്ള നാഗാഭരണയെയാണ് വിളിച്ചുവരുത്തിയത്. ഹോംബൗണ്ടിൽ ജാതിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അതൃപ്തിയറിയിച്ച് സംവിധായകൻ നീരജ് ഘയ്വാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
2021ൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പീലേറ്റ് ട്രൈബ്യൂണൽ (FCAT) നിർത്തലാക്കിയതും ഒരു പ്രധാന പ്രശ്നമായി കണക്കാക്കുന്നു. ഇത് നിർമ്മാതാക്കൾക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള വഴികൾ ഇല്ലാതാക്കിയെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
‘പഞ്ചാബ് ’95’ എന്ന സിനിമയുടെ സംവിധായകൻ ഹണി ട്രെഹാനും സമാനമായ അനുഭവമാണ് നേരിട്ടത്. 130 ൽ അധികം കട്ടുകൾക്കാണ് സിബിഎഫ്സി ആദ്യം നിർദ്ദേശിച്ചത്. ഇതിൽ “ജുഡീഷ്യൽ കില്ലിംഗ്സ്”, “ഡൽഹിയിലെ കലാപങ്ങൾ” തുടങ്ങിയ വാക്കുകൾ ഒഴിവാക്കാനും “പഞ്ചാബ്” എന്ന വാക്ക് സിനിമയുടെ പേരിൽ നിന്ന് മാറ്റാനും ആവശ്യപ്പെട്ടു.
ഈ വിവാദങ്ങൾ സിബിഎഫ്സി അംഗങ്ങൾക്കിടയിലും അഭിപ്രായഭിന്നതകൾക്ക് കാരണമാകുന്നുണ്ട്. ചില അംഗങ്ങൾ പ്രസൂൺ ജോഷിയുടെ പ്രവർത്തനരീതികളെ വിമർശിക്കുകയാണ് ചെയ്തത്. 2017 ൽ പഹ്‌ലാജ് നിഹലാനിക്കുശേഷം ജോഷി വന്നപ്പോൾ നല്ല മാറ്റം പ്രതീക്ഷിച്ചെങ്കിലും അദ്ദേഹവും സെൻസർഷിപ്പ് കർശനമാക്കുകയായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Content Summary: ‘censorship raj’ in film industry, CBFC should correct itself before demand for cuts
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.