2023 ജൂലൈ 14ാം തിയ്യതി, സര്‍ക്കാര്‍ തനിക്ക് അനുവദിച്ച വീട് സ്വീകരിക്കാനായി ഭവന വിതരണ പരിപാടിയില്‍ എത്തിയതാണ് 19കാരനായ സി രാജേഷ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള പ്രമുഖരടങ്ങുന്ന ആ വേദിയില്‍ മൈക്കിലൂടെ ഒരു അനൗണ്‍സ്‌മെന്റ് എത്തി. പുതിയ വീടുള്ള ആ പ്രദേശത്തിന് ഒരു പേര് നിര്‍ദേശിക്കാം. ഞൊടിയിടയില്‍ ആള്‍കൂട്ടം ശബ്ദമുഖരിതമായി. കോളനിയെ കോളനി എന്നല്ലാതെ എന്ത് വിളിക്കാന്‍. ചോദ്യങ്ങള്‍ പതിയെ ഉയര്‍ന്നു വന്നു. പക്ഷെ രാജേഷിന് മറ്റൊന്നും ആലോചിക്കാന്‍ ഇല്ലായിരുന്നു. ആ യുവാവ് ഉറക്കെ വിളിച്ച് പറഞ്ഞു-ഭൂമിക. ആ പേര് കേള്‍ക്കേ സ്വിച്ചിട്ട പോലെ ആള്‍കൂട്ടം നിശബ്ദമായി. കോളനി എന്ന് ഇത്രകാലം അറിയപ്പെട്ടിരുന്ന തങ്ങളുടെ പ്രദേശത്തിന് ലഭിച്ച ആ പേര് അവരെ നിശബ്ദമാക്കി. ഒരു നിമിഷത്തെ നിശബ്ദത മാത്രമായിരുന്നു അത്. ശേഷം ശ്രേയസ്, സമൃദ്ധി , പ്രതീക്ഷ എന്നീ പേരുകള്‍ കൂടി അവരില്‍ നിന്ന് ഉയര്‍ന്നു വന്നു. വയനാട്ടിലെ കോളിയാടി ആദിവാസി കോളനിക്കാര്‍ക്കുള്ള വീടുകളുടെ വിതരണമായിരുന്നു അന്ന് അവിടെ നടന്നത്.
വയനാട്ടിലെ അടിയ, പണിയ, ഉള്ളട ആദിവാസി കുടുംബങ്ങള്‍ക്ക് 82.4 ലക്ഷം രൂപ ചെലവില്‍ ഒമ്പത് വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന്റെ ഉദ്ഘാടന ചടങ്ങ്. അതിലൊരു വീട് രാജേഷിന്റെതാണ്. 88 പേരാണ് കോളനിയില്‍ നിന്ന് പരിപാടിയില്‍ എത്തിയത്. അതില്‍ 65 പേരും ഭൂമിക എന്ന പേരിനെ തുണച്ചതോടെ ആ കോളനിയുടെ പേര് ഭൂമിക എന്ന് മാറ്റപ്പെട്ടു. കൃത്യമായ റോഡും, പൈപ്പ് ജലവിതരണം, വൈദ്യുതി കണക്ഷനുകള്‍ എന്നിവ ഒരുക്കിയ വീടുകളാണ് അവര്‍ക്ക് ലഭിച്ചത്.
കോളനി എന്ന ടാഗ് ഉപേക്ഷിക്കുന്നത് രാഷ്ട്രത്തെയും അതിന്റെ ജനങ്ങളെയും അടിമകളാക്കിയ കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനമാണെന്ന് അന്ന് ആ പരിപാടിയിലും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആ ടാഗ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുക അപമാനമാണ്, അത് ഇല്ലാതാവേണ്ടതാണ്. അതിനാലാണ് ഒരു ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ പേര് തിരഞ്ഞെടുത്തതെന്നും ഭൂമിക എന്ന നാമത്തെ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. കോളനി എന്ന പദം പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലും അവിടെ താമസിക്കുന്ന ആളുകളെ തരംതാഴ്ത്താന്‍ ഉപയോഗിക്കുന്നുണ്ട്. പേരിടല്‍ നടപടി സര്‍ക്കാര്‍ ഔദ്യോഗികമായി ആരംഭിച്ചാല്‍ ചെറുത്തുനില്‍പ്പും തെറ്റായ വ്യാഖ്യാനങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഭൂമിക എന്ന പേരിട്ടത് പോലെ ജനം നിര്‍ദേശിക്കുന്ന പേരുകള്‍ വരുമ്പോള്‍, ഭൂരിപക്ഷ വോട്ടിംഗിലൂടെ ജനാധിപത്യപരമായി അത് നടപ്പിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറികടന്നത് നിയമ തടസ്സം
കൃത്യം ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച ആ പേര് മാറ്റല്‍ സര്‍ക്കാര്‍ രേഖകളില്‍ കൂടി തിരുത്തി കൊണ്ടാണ് ഇന്നലെ മന്ത്രി രാധാകൃഷ്ണന്‍ തന്റെ പദവി ഒഴിഞ്ഞത്. കോളിയാടി കോളനിയിലെ പേര് മാറ്റലിനൊപ്പം ഉയര്‍ന്ന വന്ന ആശങ്കയായിരുന്നു, സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ കൂട്ടമായി വസിക്കുന്ന ഇടങ്ങളെ റവന്യൂ രേഖകളില്‍ കോളനി എന്ന് പരാമര്‍ശിക്കുന്നു എന്നത്. ഈ പരാമര്‍ശം പേരുമാറ്റുന്നതിന് നിയമപരമായ തടസ്സങ്ങള്‍ക്ക് ഇടയാക്കുമെന്ന് റവന്യു അധികൃതരും ചൂണ്ടികാട്ടിയിരുന്നു. അതിനുള്ള പരിഹാരമായിരുന്നു രാധാകൃഷ്ണന്റെ അവസാനത്തെ ഉത്തരവിലൂടെ ഉണ്ടായത്. സംസ്ഥാനത്ത് പട്ടികജാതിക്കാരുടെ 26,198 പാര്‍പ്പിടങ്ങളും പട്ടികവര്‍ഗക്കാരുടെ 6,578 സെറ്റില്‍മെന്റുകളുമുണ്ട്. അവിടെ എല്ലാം കോളനി എന്ന പദം ഉപയോഗിക്കുന്ന രീതി മാറണം. എല്ലാ മനുഷ്യരും ഒരുപോലെയാണ്.കേരളത്തില്‍ പാവപ്പെട്ടവരുടെ ജീവിതം ഏറെ മെച്ചപ്പെട്ടു. പൊതു സമൂഹത്തിന്റെ വളര്‍ച്ചക്കൊപ്പം എത്തുകയാണ് പ്രധാനമെന്നുമാണ് ചരിത്രപരമായ തിരുത്തല്‍ വരുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചത്.
കോളനി എന്ന വാക്കിന്റെ ഉത്ഭവവും അര്‍ത്ഥ തലങ്ങളും
കോളനി എന്ന വാക്കിന്റെ ഉത്ഭവം കൊളോണിയ എന്ന ലാത്തീന്‍ പദത്തില്‍ നിന്നാണ്. കൃഷി സ്ഥലമെന്ന അര്‍ത്ഥത്തിലായിരുന്നു ആദ്യകാലത്ത് അതിന്റെ പ്രയോഗം. കൊളോണിയ രൂപാന്തരം പ്രാപിച്ച് കോളനി ആയപ്പോള്‍ അര്‍ത്ഥത്തിലും മാറ്റമുണ്ടായി. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് വസിക്കുന്ന ഇടം എന്ന തലത്തില്‍ കോളനി എന്ന പദം ഉപയോഗിക്കപ്പെട്ടു. ഈ അര്‍ത്ഥത്തില്‍ കോളനി ലോകവ്യാപകമായി അറിയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തത് പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ 20ാം നൂറ്റാണ്ട് വരെയുള്ള കാലത്താണ്. അക്കാലത്ത് യുറോപ്യന്‍ ശക്തികള്‍ തങ്ങള്‍ കീഴടക്കി അടിമകളാക്കിയ വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍ താമസിച്ചിരുന്ന ഇടങ്ങളെയാണ് കോളിനി എന്ന് വിശേഷിപ്പിച്ചിരുന്നത്. പണമാണ് ഏകധനമെന്ന സിദ്ധാന്തമാണ് ഈ കോളനി വിളികളില്‍ പരോക്ഷമായി ഒളിഞ്ഞുകിടക്കുന്ന ആശയം.
അതായത് ചരിത്രത്തില്‍, കോളനി എന്ന പദം പ്രാഥമികമായി വിദേശരാജ്യങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ സ്ഥാപിക്കുന്ന വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ സാമ്രാജ്യങ്ങളാണ് ഇത്തരത്തില്‍ ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വിപുലീകരിക്കാനായി കോളനികള്‍ സ്ഥാപിച്ചത്. ഈ കോളനികളില്‍ സാമ്രാജ്യത്വ രാജ്യങ്ങളുടെ അധികാരികളാണ് അഴിഞ്ഞാടിയിരുന്നത്. അവര്‍ കോളനി രാജ്യങ്ങളിലെ വിഭവങ്ങള്‍ കൊള്ളയടിച്ചു. അവരെ ചൂഷണം ചെയ്യാനും രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനും തയ്യാറായി. അങ്ങനെ, കൊളോണിയലിസത്തിന്റെ പദാവലിയില്‍ ആഴത്തില്‍ വേരൂകളുള്ള പദമാണ് കോളനി. എന്നാല്‍ സമകാലിക ഉപയോഗത്തില്‍, കോളനി എന്ന പദത്തിന്റെ പരിണാമം അതിന്റെ ചരിത്രപരമായ അര്‍ത്ഥങ്ങള്‍ക്കപ്പുറത്താണ്. ശക്തമായ രാജ്യങ്ങള്‍ കോളനികള്‍ സ്ഥാപിക്കുന്നത് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും, ഇന്ന് ഈ പദം ഒരു കൂട്ടം ആളുകളുടെ വാസസ്ഥലം അല്ലെങ്കില്‍ കുടിയേറിയ ഒരു കൂട്ടം ആളുകളെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലേക്ക് വന്നാല്‍ കോളനി എന്ന വാക്കിന് ബ്രിട്ടീഷ് ഭരണകാലവുമായി ബന്ധപ്പെട്ട അര്‍ത്ഥ തലങ്ങളാണുള്ളത്. അന്ന് നടപ്പാക്കിയ അടിമത്ത ഭരണത്തിന്റെ പ്രതീകമാണ് കോളനികള്‍. പുതുകാലത്ത് കോളനിയും കോളനി വാസികളും കള്ളും കഞ്ചാവും കുടിച്ച് നടക്കുന്ന അക്രമികളുടെ കൂട്ടമാണെന്ന പൊതു ബോധവും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ഇക്കാലത്ത് പട്ടിക വര്‍ഗക്കാരായ യുവാക്കള്‍ കോളനിയില്‍ നിന്ന് വരുന്നവരാണെന്ന് പറയാന്‍ മടിക്കുന്നത് ഇത്തരം മുന്‍വിധികളുടെ പേരിലാണ്. ആ മുന്‍ വിധികളെ തടയാന്‍ ഒരു പരിധി വരെയെങ്കിലും കോളനി എന്ന ടാഗ് ഉപേക്ഷിക്കുന്നതിലൂടെ സാധിക്കുമെന്ന് കരുതാം.
English summary: Kerala minister signs off by ending ‘colony-ial legacy’
Leave a Comment