June 18, 2025 |
Share on

പൊന്നാണ് മന്ത്രി… ലക്ഷ്മിയുടെ കഴുത്തില്‍ ഇനി മിന്നും മന്ത്രിയുടെ സ്‌നേഹ സമ്മാനം

‘ഇത് മോള്‍ക്കുള്ള മാലയാണ്. മാല നഷ്ടപ്പെട്ട വിവരം അച്ഛനോട് പറയേണ്ടെന്ന്’ മന്ത്രി

ലക്ഷ്മിയുടെ കഴുത്തില്‍ കിടക്കുന്ന മാലയ്ക്ക് ഇനി മുതലൊരു കഥ പറയാനുണ്ട്. സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും തിളക്കമുള്ള ആ മാലയ്ക്കിപ്പോള്‍ പൊന്നിനേക്കാളും വിലയുമുണ്ട്.

ലക്ഷ്മി എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ വിമല്‍ കുമാര്‍ അഞ്ച് ഗ്രാമുള്ള സ്വര്‍ണ മാല തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയില്‍ നിന്നും വാങ്ങി നല്‍കിയത്. ചെറിയ ലോക്കറ്റുള്ള നേര്‍ത്ത ഒരു കുഞ്ഞ് സ്വര്‍ണ മാല. കുറച്ച് നാള്‍ അത് ധരിച്ച് നടന്നെങ്കിലും പെട്ടെന്ന് ഒരാവശ്യം വന്നപ്പോള്‍ പണയത്തില്‍ വെക്കേണ്ടി വന്നു. പിന്നീട് മാല തിരിച്ചെടുത്തെങ്കിലും ലക്ഷ്മിയുടെ കഴുത്തിന് അത് വളരെ ചെറുതായിരുന്നു. അതിനാല്‍ അതേ മോഡല്‍ വരുന്ന മറ്റൊരു മാല അച്ഛന്‍ മാറ്റി വാങ്ങി നല്‍കി. പിന്നീട് ആ മാല ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നു, മെയ് 14 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്നത് വരെ.

കേരള സര്‍ക്കാരിന്റെ കിക്ക് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ റാലിയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലക്ഷ്മി വി ആര്‍ സെന്‍ട്രല്‍ സ്‌റ്റേറിഡയത്തിലെത്തിത്. അവിടെ വച്ച് ലക്ഷ്മിയുടെ കഴുത്തില്‍ കിടന്ന മാല നഷ്ടപ്പെട്ടു. അച്ഛനോട് എന്ത് പറയും എന്ന് ആലോചിച്ച് കരഞ്ഞുകൊണ്ടിരുന്ന ലക്ഷ്മിയുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഒരാളെത്തി. കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. നഷ്ടപ്പെട്ട മാല ഓര്‍ത്ത് വിഷമിച്ചിരുന്ന ലക്ഷ്മിയെ ആശ്വസിപ്പിച്ച മന്ത്രി അവള്‍ക്ക് സ്വന്തം കയ്യില്‍ നിന്നും കാശ് മുടക്കി നഷ്ടപ്പെട്ട മാലയുടെ അതേ മോഡലിലുള്ള സ്വര്‍ണ മാല വാങ്ങി നല്‍കി.

മന്ത്രി സമ്മാനിച്ച മാലയുമായി ലക്ഷ്മി

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ലക്ഷ്മി അതേക്കുറിച്ച് പറയുന്നത്. ഒരു മന്ത്രി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ്  അഴിമുഖത്തോട് സംസാരിക്കവെ ലക്ഷ്മി അത്ഭുതവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞത്.

‘ശരിക്കും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കിക്ക് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ റാലിയില്‍ പങ്കെടുക്കാനാണ് ഞാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത്.

മാലയിട്ട് പോകേണ്ട എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ രാവിലെ സ്റ്റേഡിയത്തിലേക്ക് പോകാന്‍ ഇറങ്ങുന്നതിന് മുന്‍പ് മാലയിട്ടുകൊണ്ടു പോകാന്‍ അച്ഛന്‍ നിര്‍ബന്ധം പിടിച്ചു. എനിക്കിന്ന് മാല വേണ്ട എന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയതാണ്. മാലയിടാതെ പോകേണ്ടെന്നായി അച്ഛന്‍. അവസാനം അച്ഛനുമായി വഴക്കിട്ടാണ് ഞാന്‍ മാല എടുത്തിട്ടത്. കസിന്‍ ചേട്ടനൊപ്പം ബൈക്കിലാണ് റാലി കഴിഞ്ഞ് ഞാന്‍ തിരിച്ചുപോയത്. പോകുന്ന വഴിയാണ് കഴുത്തില്‍ മാലയില്ലെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഞങ്ങള്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുപോയി. പോകുന്ന വഴിക്ക് ഞാന്‍ അച്ഛനെ വിളിച്ച് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു. സ്റ്റേഡിയത്തിലെത്തി സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യാമെന്ന് പറഞ്ഞു. മാലയില്ലാതെ വീട്ടിലേക്ക് എങ്ങനെ പോകുമെന്ന് ഓര്‍ത്ത് എനിക്ക് നല്ല വിഷമമായിരുന്നു. ഞാന്‍ തന്നെയാണ് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത്.

എന്തു ചെയ്യണമെന്നറിയാതെ സ്റ്റേഡിയത്തിനുള്ളിലെ ഒരു കസേരയില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് എന്റെ അടുത്തേക്ക് കായിക മന്ത്രി അബ്ദുറഹ്‌മാന്‍ സാര്‍ വരുന്നത്. വിവരം തിരക്കിയ അദ്ദേഹം അടുത്തിരുന്ന് എന്നെ ആശ്വസിപ്പിച്ചു. മാല കിട്ടിയില്ലെങ്കില്‍ അച്ഛന്‍ വഴക്ക് പറയുമെന്ന പേടിയായിരുന്നു എനിക്ക്, അതു പറഞ്ഞാണ് മന്ത്രിക്കു മുന്നിലിരുന്നും ഞാന്‍ കരഞ്ഞത്.

സ്വന്തം മകളെയെന്നപോലെയാണ് അദ്ദേഹം അടുത്തിരുന്ന് എന്നെ ആശ്വസിപ്പിച്ചത്. സ്റ്റേഡിയം വൃത്തിയാക്കാന്‍ എത്തുന്നവരോട് പറയാമെന്നും, ഉറപ്പായും മാല കിട്ടുമെന്നും മന്ത്രി എന്നെ ആശ്വസിപ്പിച്ചു. മാലയുടെ ചിത്രമുണ്ടോയെന്നും എവിടെ നിന്നാണ് മാല വാങ്ങിയതെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഫോണിലുണ്ടായിരുന്ന ഒരു ചിത്രം ഞാന്‍ അയച്ചുകൊടുക്കുകയും ചെയ്തു. വിഷമിക്കേണ്ട, മാല കിട്ടും എന്ന് പറഞ്ഞ് അദ്ദേഹം എന്നെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി പകുതി ദൂരം കഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് മന്ത്രി വിളിച്ചു. തിരിച്ചു വരാനും മന്ത്രിയുടെ സെക്രട്ടറിയുടെ ഒപ്പം ഒരിടം വരെ പോകാനും ആവശ്യപ്പെട്ടു. മാല കണ്ടെത്താനുള്ള മാര്‍ഗമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. സെക്രട്ടറി ഞങ്ങളെ കൊണ്ടുപോയത് പോത്തന്‍കോടുള്ള ഭീമ ജ്വല്ലറിയിലേക്കാണ്. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അവിടെയെത്തിയപ്പോള്‍ എന്റെ നഷ്ടപ്പെട്ടുപോയ മാലയുടെ അതേ മോഡലിലുള്ള മാല എനിക്ക് വേണ്ടി മന്ത്രി വാങ്ങി നല്‍കിയിരിക്കുന്നു. മാല വാങ്ങിയ ശേഷം മന്ത്രി വീണ്ടും എന്നെ വിളിച്ചു. ‘ഇത് മോള്‍ക്കുള്ള മാലയാണ്. മാല നഷ്ടപ്പെട്ട വിവരം അച്ഛനോട് പറയേണ്ട’, എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് വിശ്വസിക്കാനായില്ല, ഒരു മന്ത്രി എനിക്ക് മാല വാങ്ങി നല്‍കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ഞാന്‍ സംശയിച്ചു. രാത്രി എട്ട് മണിക്ക് അടയ്‌ക്കേണ്ട ജ്വല്ലറി ഞങ്ങള്‍ എത്തി മാല വാങ്ങിയ ശേഷമാണ് അടച്ചത്. ഞാന്‍ ഉടന്‍ തന്നെ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. അച്ഛനും ആദ്യം വിശ്വസിച്ചില്ല. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സംഭവമാണിത്’, ലക്ഷ്മി അഴിമുഖത്തോട് പറഞ്ഞു.

മകള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കാന്‍ സമയമെടുത്തുവെന്നാണ് ലക്ഷ്മിയുടെ അച്ഛന്‍ വിമല്‍ കുമാര്‍ അഴിമുഖത്തോട് പറഞ്ഞത്. മന്ത്രിയുടെ സ്‌നേഹത്തിന് മുന്നിലാണ് ഞങ്ങള്‍ നന്ദി പറയുന്നതെന്നും അച്ഛന്‍ വിമല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അവള്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണ്. റാലി കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്ത കുറച്ച് കുട്ടികളെയും കൊണ്ട് ഞാന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ലക്ഷ്മി എന്റെ സഹോദരന്റെ മകനോടൊപ്പം ബൈക്കില്‍ വരാമെന്ന് പറഞ്ഞു. വട്ടപ്പാറ എത്തുമ്പോഴാണ് ചേട്ടന്റെ മകന്‍ വിളിച്ച് ലക്ഷ്മിയുടെ സ്വര്‍ണ മാല കളഞ്ഞു പോയകാര്യം പറയുന്നത്. അവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാല അന്വേഷിക്കാനായി തിരിച്ചു പോവുകയാണെന്നും അറിയിച്ചിരുന്നു.

മാല നഷ്ടപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് ടെന്‍ഷനായി. അവളെ ഞാന്‍ ചിലപ്പോള്‍ വഴക്ക് പറയുമായിരുന്നു. പിന്നീട് ആലോചിച്ചു, ഇനി സാരമില്ല ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. വൈകുന്നേരം ആയപ്പോള്‍ ലക്ഷമിയെന്നെ വീണ്ടും വിളിച്ചു. കളഞ്ഞുപോയ മാലക്ക് പകരം മന്ത്രി അബ്ദുള്‍ റഹ്‌മാന്‍ സാര്‍ അവള്‍ക്ക് അതുപോലുള്ള പുതിയൊരു മാല വാങ്ങി നല്‍കിയെന്ന് പറഞ്ഞു. മകള്‍ പറയുന്ന കാര്യം കേട്ട് വിശ്വസിക്കാനായില്ല. മാല ലഭിച്ചതിലല്ല, മന്ത്രി അത് വാങ്ങി നല്‍കിയതിലാണ് ഞങ്ങള്‍ക്ക് സന്തോഷം തോന്നിയത്. സത്യത്തെ അംഗീകരിക്കാന്‍ തന്നെ കുറച്ച് സമയം വേണ്ടി വന്നു എന്ന് വേണം പറയാന്‍. ഒരു മന്ത്രി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ വിചാരിച്ചിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രോമാഞ്ചം തോന്നി. വേറൊരാളും ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ സംബന്ധിച്ചടുത്തോളം വലിയൊരു കാര്യമാണിത്, വിമല്‍ കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

കോളേജിലെത്തി കൂട്ടുകാരോടെല്ലാം സന്തോഷം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ലക്ഷ്മി. തന്റെ കഴുത്തില്‍ കിടക്കുന്നത് മന്ത്രി മാമന്‍ നല്‍കിയ സ്‌നേഹസമ്മാനമാണെന്ന് എല്ലാവരോടും അഭിമാനത്തോടെ പറയണം, അതാണിപ്പോള്‍ ലക്ഷ്മിയുടെ സന്തോഷം.Kerala Minister V. AbduRahiman gifts a similar gold chain to a student who lost hers

Content Summary: Kerala Minister V. AbduRahiman gifts a similar gold chain to a student who lost hers

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×