‘മാറ്റേണ്ടത് ബാക്ക് ബെഞ്ചുകള്‍ മാത്രമല്ല, ‘സിപി’മാരായ അധ്യാപകരെ കൂടിയാണ്; സര്‍ക്കാരിന്റെ ആശയത്തിന് സ്താനാര്‍ത്തി ശ്രീക്കുട്ടനും കാരണമായതില്‍ സന്തോഷം’

തുല്യതയാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്ന ആശയം

നവീനമായ മാറ്റങ്ങളാണ് നിലവിൽ കേരളത്തിലെ വിദ്യാഭ്യാസ രം​ഗത്ത് നടക്കുന്നത്. സൂംബ ഡാൻസും സമയമാറ്റവും അവധിക്കാലത്തെക്കുറിച്ചുള്ള ചർച്ചകളും പ്രശംസയേറ്റുവാങ്ങുന്ന അവസരത്തിലാണ് പിൻബെഞ്ചുകളെന്ന സങ്കൽപ്പം സ്കൂളുകളിൽ നിന്ന് ഒഴിവാക്കാൻ ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. ഈ ആശയം ഉടലെടുക്കുന്നതിൽ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന സിനിമ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഒരു സ്കൂളിൽ സിനിമയിലേത് പോലത്തെ മാതൃക പിന്തുടർന്നതും ചർച്ചയായിരുന്നു.

സിനിമയിൽ അവതരിപ്പിച്ച ഇരിപ്പിട മാതൃക തന്നെ പിന്തുടരണമെന്ന അഭിപ്രായമില്ലെന്നും തുല്യതയാണ് സിനിമ മുന്നോട്ട് വെക്കുന്ന ആശയമെന്നും ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥ് അഴിമുഖത്തോട് പ്രതികരിച്ചു.

‘ബാക്ക് ബെഞ്ചുകൾ ഒഴിവാക്കുക എന്നത് ഞങ്ങളായിട്ട് ഉണ്ടാക്കിയ ഒരു ആശയമല്ല. മുൻപ് ഡിപിഇപിടി സിസ്റ്റം ഉണ്ടായിരുന്ന സമയത്ത് ഞാൻ ഇത്തരത്തിൽ അർദ്ധവൃത്താകൃതിയിൽ ഇരുന്ന് പഠിച്ചിട്ടുള്ളതാണ്. ഈ സിസ്റ്റത്തിനെ പുനരവതരിപ്പിക്കുക മാത്രമാണ് സിനിമയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. നിലനിൽക്കുന്ന സംവിധാനത്തിന് ഒരു പ്രശ്നമുണ്ടെന്ന് മനസിലാക്കി അതിന് ഒരു മാറ്റം വരണമെന്ന് ആ​ഗ്രഹിച്ചാണ് വിഷയം സിനിമയിൽ ഉൾപ്പെടുത്തിയത്. ഇത് പുതിയ മാറ്റത്തിലേക്ക് വഴിവെക്കുന്നത് നല്ലൊരു പ്രവണതയായാണ് കാണുന്നത്.

ഈയൊരു ആകൃതി മാത്രമാണ് ശരി എന്നല്ല ഞങ്ങൾ പറയുന്നത്. അതേസമയം, നിലനിൽക്കുന്ന സംവിധാനത്തിന്റെ പ്രശ്നം മനസിലാക്കി അതിന് ഒരു ബദൽ കണ്ടുപിടിക്കാൻ ഞങ്ങളുടെ സിനിമ കാരണമായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ എനിക്ക് അഭിമാനവും തോന്നുന്നു.

ഞാനും സ്താനാർത്തി ശ്രീക്കുട്ടന്റെ തിരക്കഥാകൃത്തുമായ ആനന്ദ് മന്‍മഥനും ഇരുന്ന് പഠിച്ച രീതിയായത് കൊണ്ട് തന്നെ ഞങ്ങൾക്കിത് വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു. പിന്നീട് ഞങ്ങൾ സ്ക്രിപ്റ്റിന് വേണ്ടി റിസർച്ച് ചെയ്യുന്ന സമയത്ത് വളരെ കുറച്ച് സ്കൂളുകളിൽ അർദ്ധവൃത്താകൃതിയിൽ കുട്ടികളെയിരുത്തി പഠിപ്പിക്കുന്ന രീതി പിന്തുടരുന്നതായി അറിഞ്ഞിരുന്നു.

സിനിമയുടെ പശ്ചാത്തലത്തിൽ നിന്ന് നോക്കുകയാണെങ്കിൽ ഒരു ഏഴാം ക്ലാസുകാരന്റെ മനസിലുദിച്ച ആശയമാണിത്. അവൻ പഠിക്കുന്ന ക്ലാസിൽ ഈ രീതി കൊണ്ടുവരണമെന്ന് അവൻ ആ​ഗ്രഹിക്കുകയാണ്. വിദ​ഗ്ധമായ ഒരു കണ്ടുപിടിത്തമെന്ന നിലയിലൊന്നുമല്ല സിനിമയിൽ അതിനെ അവതരിപ്പിച്ചിരിക്കുന്നതും. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വളരെ നിഷ്കളങ്കമായ ഒരു വിചാരമാണ്. സമൂഹത്തിൽ ഇത്രയും വലിയ രീതിയിൽ ഈ ആശയം സ്വാധീനമുണ്ടാക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.

കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിൽ നേരത്തെ തന്നെ ഈയൊരു ആശയം വന്നിരുന്നു. ഇന്ത്യയൊട്ടാകെ പല സംസ്ഥാനങ്ങളിലും ഇത് ചർച്ചയായിരുന്നു. ഹൈദരാബാദ്, ഒഡീസ, ത്രിപുര, തുടങ്ങിയ ഇടങ്ങളിൽ ആശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. കശ്മീരിലെ ഒരു സ്കൂളിൽ നടപ്പിലാക്കിയെന്നും കേൾക്കുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ച് ഔദ്യോ​ഗിക വിവരങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല.

പല രസകരമായ കമൻ്റുകളും ഇതിനോടൊപ്പം വന്നത് ഞാൻ ഓർക്കുന്നു. ബാക്ക് ബെ‍ഞ്ച് ഒരു കംഫർട്ട് സോൺ ആക്കിയ എന്നെപ്പോലുള്ളവർക്ക് ചെറിയ വിഷമമുണ്ടാക്കി എന്നൊരു കുട്ടി കമന്റ് ചെയ്തിരുന്നു. പോസിറ്റീവ് ആയിട്ടാണ് അത്തരം പ്രതികരണങ്ങളെ ഉൾക്കൊണ്ടിട്ടുള്ളത്. ഭാവിയിൽ എല്ലാ കുട്ടികൾക്കും ​ഗുണം ചെയ്യുന്ന തരത്തിൽ നല്ലൊരു മാതൃക ക്ലാസ്മുറികളിൽ വരണമെന്ന് തന്നെയാണ് ഞാൻ ആ​ഗ്രഹിച്ചിട്ടുള്ളത്. ഇപ്പോഴും ഞാൻ ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്, ഞങ്ങൾ അവതരിപ്പിച്ച അർദ്ധവൃത്താകൃതിയാണ് ശരിയെന്ന് പറയുന്നില്ല. വേറെയും മാതൃകകൾ സ്വീകരിക്കാവുന്നതാണ്. കുട്ടികളുടെ കൂടി ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതിൽ ബദൽ മാർ​ഗം കൊണ്ടുവരണമെന്നാണ് ആ​​ഗ്രഹിക്കുന്നത്. തുല്യതയാണ് സ്താനാർത്തി ശ്രീക്കുട്ടൻ മുന്നോട്ട് വെക്കുന്ന ആശയം, അല്ലാതെ ആകൃതിയല്ല. തുല്യത വരട്ടെ, അതാണ് വേണ്ടതും.

സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ പോലും എല്ലാവരും ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഈയൊരു ആശയം വേണോ, വർക്കാകുമോ എന്നൊന്നും ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. ബെഞ്ചിങ്ങ് സിസ്റ്റം മാത്രമല്ല, സ്താനാർത്തി ശ്രീക്കുട്ടൻ മുന്നോട്ട് വെക്കുന്ന ആശയം. കുട്ടികളെ വേർതിരിച്ച് കാണുന്ന, ജാതീയത മനസിൽ കൊണ്ടുനടക്കുന്ന, കുട്ടികൾക്കിടയിൽ പക്ഷപാതം കാണിക്കുന്ന അധ്യാപരെക്കൂടി വെളിപ്പെടുത്താനുള്ള ഒരു ശ്രമം ഞങ്ങൾ നടത്തിയിട്ടുണ്ട്. മാറേണ്ടത് ബെഞ്ചിങ് സിസ്റ്റം മാത്രമല്ല, സിപിയെ പോലുള്ള അധ്യാപകർ കൂടിയാണ്’, വിനേഷ് വിശ്വനാഥ് അഴിമുഖത്തോട് പ്രതികരിച്ചു.

ബാക്ക് ബെഞ്ചേഴ്‌സിനെ ഒഴിവാക്കിയ തമിഴ്‌നാട് മാതൃക കേരളത്തിലും നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്നും എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അതിൻ്റെ ഭാഗമായാണ് പിൻബഞ്ചുകൾ ഒഴിവാക്കാനുള്ള തീരുമാനമെന്നും മന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Content Summary: Kerala schools’ backbenchers concept makes Sthanarthi Sreekuttan team happy, says Vinesh Viswanathan

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment