”ഈ സംഭവങ്ങൾക്കും ഒരാളുടെ ജീവനും ശരിക്കും ആരാണ് ഉത്തരവാദി. ചുറ്റിനുമുള്ള മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ചിരുന്നെങ്കിൽ വെള്ളമൊഴുകുന്ന കനാലുകൾ അഴുക്കു ചാലായി മാറില്ലായിരുന്നു. ജീവനെടുക്കില്ലായിരുന്നു. ” നിരാശ കലർന്ന ശബ്‌ദത്തോടെയാണ് അമൽ അത് പറഞ്ഞ് തീർത്ത്. ഞായറും, തിങ്കളും അവധിയായതോടെയാണ് തൃശൂർ നിന്ന് അമൽ രാജ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടിലെത്തുന്നത്. എന്നാൽ അയാൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കിയ നൂറായിരം മനുഷ്യരെയും, ഏറ്റവുമൊടുവിൽ മൂന്ന് ദിവസത്തിനിപ്പുറം ചേതനയറ്റ കണ്ണുകളുമാണ്. amayizhanjan canal incident
ഒരാഴ്ചത്തെ ജോലി ഭാരത്തോടെയാണ് അമൽ രാജ് ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയത്. 12 വർഷത്തോളമായി ഫയർ ആൻഡ് റെസ്ക്യൂ സേനയിലെ ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ അമൽ രാജ്. സ്റ്റേഷൻ തിരുവനന്തപുരമാണെങ്കിലും നിലവിൽ ട്രെയിനിങ് നൽകുന്നതിന്റെ ഭാഗമായി തൃശൂരിലാണ് ഡ്യൂട്ടി. രണ്ട് ദിവസമാണ് അവധി. വീട്ടിലെത്തിയാൽ ആദ്യം അന്വേഷിക്കുന്നത് തിരുവനന്തപുരത്തെ സ്റ്റേഷനിലുള്ള സഹപ്രവർത്തകരെയാണ്.
അന്ന് ആമയിഴഞ്ചാൻ തോടിൽ കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അവർ. മാലിന്യത്തിനും വെള്ളത്തിനുമിടയിൽ എവിടയോ ഒരു ജീവൻ കുടുങ്ങി കിടക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തൽ എപ്പോഴത്തെയും പോലെ അവരെ കർമ്മനിരതരാക്കിയിരുന്നു. എന്നാൽ കുമിഞ്ഞു കൂടി കിടന്ന മാലിന്യങ്ങൾ രക്ഷാപ്രവർത്തകരെ വട്ടം ചുറ്റിച്ചു കൊണ്ടിരുന്നു. ശക്തമായ അടി ഒഴുക്ക് ദൗത്യത്തെ ദുഷ്‌കരമാക്കി കൊണ്ടിരുന്നു. ദുർബലമായി കൊണ്ടിരുന്ന പ്രതീക്ഷകളെ കരക്കടുപ്പിച്ചാണ് റോബോർട്ട് കൊണ്ട് മാലിന്യം മാറ്റി നോക്കിയത്, ആ ശ്രമവും പൂർണമായി ഫലം കാണാതായി.
ഭാരിച്ച ഹൃദയവുമായാണ് അന്ന് അമൽ തിരികെ വീട്ടിലേക്ക് മടങ്ങിയത്. പിറ്റേ ദിവസം പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും അവർ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. സഹപ്രവർത്തകരെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, കഴിഞ്ഞില്ല. അപ്പോഴേക്കും ചാനലുകൾ വിവരം ബ്രേക്കിംഗ് ന്യൂസ് ആയി ടെലികാസ്റ്റിംഗ് ആരംഭിച്ചിരുന്നു. ”ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. രണ്ടാം ദിവസവും തെരച്ചിൽ പുരോഗമിക്കുന്നു.”
‘കൂടെയുള്ളവർ മണിക്കൂറുകളായി വെയിലും, മഴയും, ഇരുട്ടും വകവയ്ക്കാതെ കഷ്ട്ടപെടുകയാ യിരുന്നു. അതാലോചിച്ചപ്പോഴുണ്ടായ സങ്കോചത്തിലാണ് അവരോടൊപ്പം സഹായിക്കാനായി ചെല്ലണമെന്ന് തോന്നിയത്. ” അമൽ അഴിമുഖത്തിനോട് പ്രതികരിക്കുന്നു. ജൂലൈ 13 രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ റെയിൽവേ കരാർ തൊഴിലാളിയെ കാണാതാകുന്നത്. അന്ന് തന്നെ മാലിന്യത്തിനിടയിൽ കുടുങ്ങി പോയ ജോയ്ക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനവും ആരംഭിച്ചിരുന്നു. തോട് വൃത്തിയാക്കാനിറങ്ങിയ 42 കാരൻ ജോയിയെ കണ്ടെത്തുമെന്ന് തന്നെയായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അടുത്തായാണ് 140 മീറ്റർ ദൂരമുള്ള ടണൽ ഉള്ളത്.
നാഷണൽ ഹൈവേയുടെ അടിയിലൂടെ മാലിന്യങ്ങൾ വഹിച്ചെത്തുന്ന തോട്, റോഡിനടിയിലൂടെ ടണൽ വഴി റെയിൽവെ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന് അടിയിലേക്ക് ഒഴുകും. കെ എസ് ആർ ടി സി ബസ് സ്റാൻഡിനും കോഫീ ഹൗസിനും എതിർ വശത്തായി മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്ന ടണൽ ആരംഭിക്കുന്ന ഭാഗത്താണ് സുരക്ഷാ സന്നാഹങ്ങൾ സ്വീകരിക്കാതെ ജോയ് വൃത്തിയാക്കാനിറങ്ങുന്നത്. പെട്ടെന്നുണ്ടായ മഴ ഈ ടണലിലേക്ക് ജോയെ വലിച്ചു കൊണ്ട് പോയി.
വെള്ളവും മാലിന്യവും ഒരു പോലെ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എത്ര മാത്രം ആഴമുണ്ടെന്ന കാര്യത്തിലടക്കം വ്യക്തതയുണ്ടായിരുന്നില്ല. ചെറുതായെങ്കിലും മാലിന്യം മാറ്റിയാൽ മാത്രമേ എന്തെങ്കിലും കാണാൻ കഴിയുമായിരുന്നുള്ളൂവെന്ന് അമൽ പറയുന്നു. എന്നാൽ മാലിന്യം നീക്കിയതോടെയാണ് അതിന്റെ ആഴം മനസിലാകുന്നത്. തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ലെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ എത്തിയവരിൽ മുങ്ങൽ വിദഗ്ദ്ധർ ഉണ്ടായിരുന്നില്ല. ഫയർ ഫോഴ്‌സ് സംഘങ്ങൾക്ക് കൈ കാര്യം ചെയ്യാനാവാത്ത ഇത്തരം സാഹചര്യങ്ങളിലാണ് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിൻറെ സ്‌കൂബ ടീമിനെ ബന്ധപ്പെടാറുള്ളത്.
ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ മുങ്ങി നോക്കിയെങ്കിലും ഒഴുക്ക് കണക്കുകൂട്ടിയതിലും അധികമായിരുന്നു. സാധാരണ ഗതിയിൽ നിന്ന് മാറി വലിയ പരിശ്രമത്തിലൂന്നിയാണ് ആദ്യ ഘട്ടം രക്ഷാ പ്രവർത്തനം നടത്തിയത്. ഒരു സംഘം നീതി കയറിയാൽ അടുത്ത സംഘം വെള്ളത്തിലിറങ്ങും,ഈ രീതിയിലാണ് ആദ്യം തെരച്ചിൽ നടത്തിയത്. ഉള്ളിലേക്ക് പോകുന്തോറും തോട് സാൻഡ്‌വിച്ച് ഘടനയിലായിരുന്നു. 1 മീറ്റർ കനത്തിലായിരുന്നു മുകൾ തട്ടിലെ മാലിന്യം അടിഞ്ഞ് കൂടിയിരുന്നത്.
അതിന് തൊട്ട് താഴെയായി മൂന്ന് നാല് അടിയോളമുള്ള വെള്ളം, അതിനും താഴെ മുട്ട് വരെ താഴ്ന്ന് പോകുന്ന ചെളിയും മാലിന്യവും അടിഞ്ഞു കൂടിയ മറ്റൊരു ലയർ. ഇതോടെ റെയിൽവേ ട്രാക്കിൻറെ മാൻഹോളുകൾ തുറന്ന് സാഹസികമായാണ് ഈ ലയറുകളിലൂടെ സ്കൂബ ഡൈവേർസ് താഴേക്ക് സഞ്ചരിച്ചത്. ട്രാക്കിൻറെ മാൻഹോളുകൾ തുറന്ന് സ്റ്റേഷന് അകത്ത് കൂടി കടന്നു പോകുന്ന തോട്ടിൽ 117 മീറ്ററോളം പരിശോധന നടത്തി. നിരവധി ട്രെയിനുകൾ പോകുന്ന സമയമായതിനാൽ റെയിൽവേയുടെ സഹകരണത്തോടെ ട്രെയിനുകൾ ട്രാക്കിൽ നിന്നും മാറ്റിയാണ് ദൗത്യം നടത്തിയത്. മുകളിലുള്ള മാലിന്യം സിലിണ്ടറിലിടക്കം ചുറ്റി പിടിച്ച് വലിയ രീതിയിൽ തെരച്ചിലിന് തടസ്സം സൃഷിട്ടിച്ചിരുന്നു. 2 ദിവസം കഴിഞ്ഞാൽ സാധാരണ ഗതിയിൽ വെള്ളത്തിനടിയിലെ തെരച്ചിൽ അവസാനിപ്പിക്കാറുണ്ട്. പിന്നീട് ഉപരിതലത്തിലാണ് പ്രധാനമായും തെരച്ചിൽ നടത്തുക.
3 -ാം ദിവസം തകരപ്പറമ്പ് ഭഗത്ത് നിന്നാണ് ജോയിയുടെ ശരീരം കണ്ടെടുത്തത്. പൈപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ അകലെയായാണ് ഈ സ്ഥലം. നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടിലായിരുന്നു ജോയിയുടെ സംസ്കാരം. ജൂൺ 15 ന് ജോയിയെ ഒരുനോക്ക് കാണാൻ എത്തിയവർക്ക് ചുറ്റും അയാളുടെ സഹോദരന്റെയും കുടുംബത്തിന്റെയും വിലാപം ചുറ്റി തിരഞ്ഞു. ” മറ്റാരും ചെയ്യാനില്ലാത്തതു കൊണ്ടാണ് ഞാനീ പണിക്കറിങ്ങുന്നതെന്ന് നീ എത്ര വട്ടം പറഞ്ഞിരിക്കുന്നു” ജോയിയുടെ സഹോദരന്റെ തീരാത്ത വ്യഥ, ആമയിഴഞ്ചാൻ തോടിന്റെ മടിതട്ടിപ്പോൾ മാലിന്യം മാത്രമല്ല പേറുന്നത്, അയാളുടെ കുടുംബത്തിന്റെ കണ്ണീരും, ജോയിയുടെ അവസാന ശ്വാസവും കൂടിയാണ്.
പൊതു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഒരു വലിയ പിഴവല്ലേ ജോയുടെ ജീവനെടുത്തതെന്ന് അമൽ ചോദിക്കുന്നു. ” ജോയിയെ രക്ഷിക്കാൻ കഴിയാതിരുന്നതിൽ പരസ്പരം പഴി ചാരും മുൻപ് സ്വന്തമായി ഒന്നാലോചിക്കേണ്ടതില്ലേ. നമ്മുടെ മാലിന്യം നമ്മളായി തന്നെയാണ് സംസ്കരിക്കേണ്ടത്. വഴി അരികുകളും, കനാലുകളും മാലിന്യം സംസ്കരിക്കാനുള്ള ഇടമല്ല. മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ചെങ്കിൽ കനാലുകൾ അഴുക്കു ചാലായി മാറുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു. ”അമൽ പറഞ്ഞു നിർത്തി.amayizhanjan canal incident
Content summary; fire and rescue office shares his memories of trying to rescue a sanitation worker who went missing in amayizhanjan canal.
This post was last modified on July 16, 2024 9:19 am
Leave a Comment