June 06, 2026 |

വാർദ്ധക്യത്തെ അകറ്റാൻ തുളസിയോ? ഡോക്ടർ പറയുന്നതെന്ത്!

തുളസിയുടെ ഗുണങ്ങള്‍ എന്തെല്ലാം

പുരാതന കാലം മുതൽ ഇന്ത്യയിൽ ഒട്ടാകെ പലതരത്തിൽ ഉപയോഗിച്ച് വരുന്ന സസ്യമാണ് തുളസി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ തുളസിയുടെ ഔഷധ ഗുണങ്ങളുടെ പട്ടിക നീളും. തുളസി ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാ രീതികൾ പല വിധത്തിലുള്ളതാണെങ്കിലും ഏറ്റവും ഫലപ്രദമായ രീതിയിൽ ഇതിന്റെ ഗുണഗണങ്ങൾ ശരീരത്തിലെത്തുന്ന മാർഗം തുളസി വെള്ളം കുടിക്കുന്നതാണെന്നു വിദഗ്ദർ പറയുന്നു. കുറച്ച് തുളസി ഇലകൾ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ചേർത്ത് 10-15 മിനിറ്റ് വെക്കുക. ശേഷം, കുറഞ്ഞ ചൂടിൽ കുറച്ച് മിനിറ്റുകൾ ഇലകൾ തിളപ്പിക്കാം, കൂടുതൽ നേരം തിളപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ചില ഗുണങ്ങൾ നഷ്ടപ്പെടാനിടയുണ്ട്, എന്നാണ് കൺസൾട്ടൻ്റ് ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് വിദഗ്ധയുമായ കനിക്ക മൽഹോത്ര പറയുന്നത്. kerala tulsi

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ തുളസി വെള്ളം പല ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്. കൂടാതെ അണുബാധകളെ ചെറുക്കാനും ശരീരത്തെ പരിപോഷിപ്പിക്കാനും മനസ്സിനെ ശാന്തമാക്കാനും ദീർഘായുസ്സ് നൽകാനുമുള്ള കഴിവുണ്ടെന്നാണ് കനിക്ക പറയുന്നത്. അതോടൊപ്പം, തുളസിയുടെ അഡാപ്റ്റോജെനിക് ഗുണങ്ങൾ ശരീരത്തെ സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ സഹായിക്കും, ഇത് വഴി ശാന്തത കൈവരിക്കാനും സാധിക്കും.

തുളസി ദഹനം മെച്ചപ്പെടുത്താനും വയറിൽ ഉണ്ടാകുന്ന അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. കൂടാതെ, കുടവയർ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പരമ്പരാഗതമായി, ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ തുളസി ഉപയോഗിച്ചുവരുന്നുണ്ട്. തുളസിയിൽ കഫം പുറന്തള്ളാൻ സഹായിക്കുന്ന എക്സ്പെക്ടറൻ്റ് ഗുണങ്ങളുണ്ട്. തുളസിയുടെ ആൻറി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കുകയും രോഗങ്ങൾക്കും വാർദ്ധക്യത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കാനും സഹായിക്കുന്നു. പക്ഷെ, വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാനും തുളസി വെള്ളം കുടിക്കുന്നത് സഹായകരമാകുമോ എന്നതിനെ കുറിച്ചും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ, ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും തുളസി വെള്ളം കുടിക്കുന്നതിന്റെ സുരക്ഷയെക്കുറിച്ച് മതിയായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. ഗർഭിണികൾ തുളസിവെള്ളം കുടിച്ചാൽ ഗർഭാശയ സങ്കോചങ്ങൾ ഉണ്ടാകാൻ കാരണമാവുകയും കൂടുതൽ സങ്കീർണതകളിലേക്ക് വഴിവയ്ക്കുകയും ചെയ്യും. അതിനാൽ തന്നെ സുരക്ഷ ഉറപ്പാക്കാൻ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും തുളസി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.

content summary ; benefits of drinking tulsi water

Tags:

Leave a Reply

Your email address will not be published. Required fields are marked *

×