ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ വൈരാഗ്യത്തിലൂടെ ബംഗ്ലാദേശിന്റെ വിധി നിര്‍ണയിച്ച കരുത്തുറ്റ വനിതാ നേതാവായിരുന്നു അവര്‍.
ഖാലിദ സിയ അധ്യക്ഷയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ പ്രധാന സൈനിക ഭരണാധികാരികളില്‍ ഒരാളായിരുന്ന സിയാവുര്‍ റഹ്‌മാന്റെ വിധവയായ ഖാലിദ സിയ, മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഖാലിദ സിയയും ഷേഖ് ഹസീനയും മാറിമാറിയാണ് രാജ്യം ഭരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടമായി രാജ്യം വിടേണ്ടി വന്ന ഹസീനയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്നു അവര്‍.
ജീവിതത്തിന്റെ അവസാന പത്തു വര്‍ഷങ്ങളില്‍ ഖാലിദ സിയ വലിയ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായിരുന്നു. ഷേഖ് ഹസീനയുടെ ഭരണകാലത്ത് അഴിമതി ആരോപണങ്ങള്‍ ചുമത്തി അവരെ ജയിലിലടയ്ക്കുകയും പിന്നീട് വീട്ടുതടങ്കലിലാക്കുകയും ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് പുറമെ സന്ധിവാതം, പ്രമേഹം, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവയാല്‍ അവര്‍ ബുദ്ധിമുട്ടിയിരുന്നു. 2021-ല്‍ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടിയെങ്കിലും ഹസീന സര്‍ക്കാര്‍ അത് നിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം ഷേഖ് ഹസീന അധികാരഭ്രഷ്ടയാക്കപ്പെട്ടതോടെയാണ് ഖാലിദ സിയ വീട്ടുതടങ്കലില്‍ നിന്ന് മോചിതയായത്. പല കേസുകളും റദ്ദാക്കപ്പെട്ടെങ്കിലും അസുഖബാധിതയായി അവര്‍ കിടപ്പിലായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവരെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ആശുപത്രി കിടക്കയില്‍ വെച്ചാണ് ഹസീനയുടെ വീഴ്ചയെ ‘ഏകാധിപത്യത്തിന്റെ അന്ത്യം’ എന്ന് അവര്‍ വിശേഷിപ്പിച്ചത്.
1945-1946 കാലത്ത് അവിഭജിത ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയില്‍(ഇപ്പോഴത്തെ ദിനാജ്പൂര്‍ ജില്ല)ആണ് ഖാലിദ സിയ ജനിച്ചത്. 1960-കളില്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചു. 1981-ല്‍ ഭര്‍ത്താവ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാലിദ സിയ രാഷ്ട്രീയത്തില്‍ സജീവമായത്.
1991-ല്‍ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. പിന്നീട് 1996-ലും 2001-ലും അധികാരത്തിലെത്തി.
ബംഗ്ലാദേശ് സ്ഥാപക നേതാവ് ശൈഖ് മുജീബുര്‍ റഹ്‌മാന്റെ കൊലപാതകത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വ്യക്തിപരമായ വൈരാഗ്യവുമാണ് ഖാലിദ സിയയും ഷേഖ് ഹസീനയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. 2018-ല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ അവര്‍ പിന്നീട് ആരോഗ്യകാരണങ്ങളാല്‍ വീട്ടുതടങ്കലിലേക്ക് മാറ്റപ്പെടുകയായിരുന്നു.
യുകെയില്‍ കഴിയുന്ന മകന്‍ താരിഖ് സിയയാണ് നിലവില്‍ ബിഎന്‍പിയെ നയിക്കുന്നത്. മറ്റൊരു മകന്‍ അറഫാത്ത് റഹ്‌മാന്‍ 2015-ല്‍ അന്തരിച്ചു.
Content Summary; Khaleda Zia, Bangladesh’s First Female Prime Minister, Dies. She served two full terms and one shortened term as prime minister
This post was last modified on December 30, 2025 9:19 am
Leave a Comment