April 20, 2025 |
Share on

മാഞ്ഞും മറഞ്ഞുംപോയ ചരിത്രത്തെ ദൃശ്യപ്പെടുത്തിയയാള്‍

കേരളത്തിലെ തീവ്രഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ചിന്താമണ്ഡലം തുടങ്ങുന്നത്

സമകാലിക കേരളത്തിലെ സമുന്നതനായ ധൈഷണിക വ്യക്തിത്വമായിരുന്നു കെ.കെ കൊച്ച്. ചരിത്രകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, സംഘാടകന്‍, സാംസ്‌ക്കാരികവിമര്‍ശകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ തീവ്രഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ചിന്താമണ്ഡലം തുടങ്ങുന്നതെങ്കിലും വളരെ വൈകാതെ തന്നെ അതില്‍നിന്ന് വേറിട്ട അന്വേഷണത്തിലേക്ക് അദ്ദേഹത്തിന്റെ ആലോചനകള്‍ നീങ്ങിയിരുന്നു.KK Kochu; a person who made a mark on history

പ്രധാനമായും ഇന്ത്യയിലെ സവിശേഷമായ സാമൂഹിക വ്യവസ്ഥയായ ജാതിയെക്കുറിച്ചുള്ള അക്കാലത്തെ ഇടതുപക്ഷത്തിന്റെ നിശബ്ദതയും ജാതിയോട് പുലര്‍ത്തിയിട്ടുള്ള നിഷേധാത്മക സമീപനവുമൊക്കയാണ് മറ്റൊരു വഴിയിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് പില്‍ക്കാലത്ത് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്.

kk kochu

അങ്ങനെയാണ് 1980 കളുടെ തുടക്കത്തില്‍ ജനാധിപത്യ മതേതര വേദി, 1970 കളുടെ മധ്യത്തില്‍ ല്‍ seedian ( Socially Economically Educationally Indian Ancient Nattieves) എന്ന് പറയുന്ന പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെടുന്നത്. കെ.കെ.എസ്. ദാസ്, കെ.കെ. മന്‍മഥന്‍, ഇ.എം.കോശി, വി.പദ്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സീഡിയന്‍ പ്രവര്‍ത്തിച്ചത്. കെ.കെ. കൊച്ച് ഈ പ്രസ്ഥാനത്തിലെത്തുന്നതിന് മുമ്പ് വയനാട്ടിലെ ജനകീയ സാംസ്‌കാരിക വേദിയും അതോടൊപ്പം തന്നെ തീവ്രഇടതുപക്ഷത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായും നേരിട്ട് ഇടപെടുന്നുണ്ട്. ഉദാഹരണത്തിന്, 70 കളുടെ ഒടുവില്‍ യെനാന്‍ എന്ന പ്രസിദ്ധീകരണം അന്നത്തെ ചെറുപ്പക്കാരായ വി.സി.ശ്രീജന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പുറത്തിറങ്ങിയപ്പോള്‍ അതിലെ നിര്‍ണായമായ പങ്ക് കൊച്ചിനുണ്ടായിരുന്നു. യെനാനാവട്ടെ വളരെ കുറച്ച് ലക്കങ്ങള്‍ മാത്രമായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതിലൂടെ വ്യക്തമാവുന്ന കാര്യം, കമ്മ്യൂണിസ്റ്റ് ചൈനയെക്കുറിച്ചും ചൈനയില്‍ ഉണ്ടാകുന്ന സാംസ്‌കാരിക വിപ്ലവത്തെ കുറിച്ചുമെല്ലാം നിന്നുണ്ടായ ധാരണയില്‍ നിന്നുമായിരുന്നു കെകെ കൊച്ചിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തുടങ്ങിയതെന്നാണ്.

പിന്നീട് 1980 കളുടെ പകുതിയോടുകൂടി അദ്ദേഹത്തിന്റെ വൈജ്ഞാനികമേഖല ഇന്നത്തെ ടെര്‍മിനോളജി വച്ച് പറയുകയാണെങ്കില്‍ ദളിത് വിജ്ഞാനമേഖലയുമായൊക്കെ നേരിട്ട് എന്‍ഗേജ് ചെയ്യുന്ന തരത്തിലേക്ക് മാറുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് 1989 ലാണ് അദ്ദേഹത്തിന്റെ ആദ്യ ലേഖനസമാഹാരം ‘കലാപവും സംസ്‌കാരവും’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്. നവംബര്‍ ബുക്സാണ് അത് പുറത്തിറക്കിയത്. അതിന്റെ ആദ്യഭാഗങ്ങളില്‍ ആറ്റൂര്‍ രവിവര്‍മ, കെജി ശങ്കരപിള്ള,അയ്യപ്പ പണിക്കര്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ കുറിച്ചുള്ള പഠനങ്ങളായിരുന്നുവെങ്കില്‍ ഇതിന്റെ രണ്ടാം ഭാഗത്തേക്ക് വരുമ്പോള്‍ അധസ്ഥിത ജനത അതിജീവിക്കേണ്ട വെല്ലുവിളികള്‍ തുടങ്ങി കേരളത്തിലെ അടിസ്ഥാന സമൂഹത്തിന്റെ വിമോചനത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ പങ്കുവയ്ക്കുന്ന ലേഖനങ്ങളാണ്. ഇതിന്റെ അവസാനഭാഗത്ത് മറാത്തിയിലെ ദളിത് സാഹിത്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച്, അര്‍ജുന്‍ ഡാങ്ക്ളെയെ പോലുള്ള ആളുകളുടെ രചനകളെ വച്ചുകൊണ്ടു തന്നെ പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്.

kk kochu book

‘കലാപവും സംസ്‌കാരവും’ എന്ന പുസ്തകം തന്നെ കെ കെ കൊച്ചിന്റെ ചിന്താപരമായ വിഭജനത്തെ തുറന്നുകാണിക്കുന്നതാണ്. പിന്നീട് 1993 ലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ‘അംബേദ്കര്‍: ജീവിതവും ദൗത്യവും’ പുറത്തിറങ്ങി. ഗെയില്‍ ഓംവെഡ്, നരേന്ദ്ര ജാദവ് തുടങ്ങി ദേശീയ പ്രശസ്തരായ ആളുകളും അതോടൊപ്പം കേരളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകമാണത്. ചുരുക്കത്തില്‍ 1990 കളോടു കൂടി അദ്ദേഹത്തിന്റെ വൈജ്ഞാനികമേഖലയുടെ ദിശ കൃത്യമായി കേരളത്തിലെ അടിസ്ഥാന സമൂഹത്തിന്റെ പക്ഷംചേരുന്നു എന്ന് നമുക്ക് കാണാന്‍ പറ്റും.

യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ രചനകളും പുസ്തകങ്ങളുമൊക്കെ പിന്നീട് കേരളത്തിലെ പാര്‍ശ്വവത്കൃത, ആദിവാസി, ദലിത് സമൂഹങ്ങളുടെയൊക്കെ വിമോചനവുമായി ബന്ധപ്പെട്ടും അവരുടെ പ്രത്യയശാസ്ത്ര, സൈദ്ധാന്തിക രൂപീകരണവുമായിട്ടൊക്കെയാണ് മുന്നോട്ട് പോയിട്ടുള്ളത്. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘വായനയുടെ ദളിത്പാഠം’, ‘കേരളചരിത്രവും സമൂഹരൂപീകരണവും’, ‘ബുദ്ധനിലേക്കുള്ള ദൂരം’, ‘ഇടതുപക്ഷമില്ലാത്ത കാലം’, ‘ദലിത് നേര്‍ക്കാഴ്ചകള്‍’, ഒടുവിലിറങ്ങിയ ‘ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും’ തുടങ്ങിയ പുസ്തകം വരെ അദ്ദേഹത്തിന്റെ വൈജ്ഞാനിക- ആശയത്തെ ലോകത്തെ വികസിപ്പിച്ചിട്ടുള്ളവയാണ്.

ഒരു പ്രൊഫഷണല്‍ ചരിത്രകാരന്‍ അല്ലായിരുന്നിട്ടും അദ്ദേഹത്തിന്റെ ‘കേരളചരിത്രവും സമൂഹരൂപീകരണവും’ എന്ന പുസ്തകം വളരെ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയും പല അക്കാദമിക് സിലബസുകളില്‍ ഇടംപിടിക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കേരള ചരിത്രത്തെ പഠിക്കുവാന്‍ സവിശേഷമായ ഒരു രീതിശാസ്ത്രം അദ്ദേഹം ഈ പുസ്തകത്തില്‍ വികസിപ്പിക്കുന്നുണ്ട്. അതോടൊപ്പംതന്നെ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയമെന്ന നോവലിനെ കുറിച്ച് ഞാന്‍ എംഎയ്ക്ക് പഠിക്കുമ്പോള്‍ വിമര്‍ശനസാഹിത്യം എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ ലേഖനം ഉണ്ടായിരുന്നു. കേരളം മറന്ന സാമൂഹികപരിഷ്‌കരണം വിമര്‍ശന പഠനം പില്‍ക്കാലത്ത് മലയാള സാഹിത്യ വിമര്‍ശനമണ്ഡലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

kk kochu

1892 ല്‍ പോത്തോരി കുഞ്ഞമ്പു എഴുതിയ ‘സരസ്വതീ വിജയം’ ഇന്ദുലേഖ എന്ന നോവലിന്റെ വലിയ പ്രഭാവലയത്തിന്റെ നിഴലിലായി പോയ നോവലാണ്. പക്ഷേ അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം തിരിച്ചറിഞ്ഞ് അതിനെ വീണ്ടും വായനയ്ക്ക് വിധേയമാക്കിയതില്‍ കെ.കെ കൊച്ചിന് നിര്‍ണായകമായ പങ്കുണ്ട്. ചരിത്രം, സാഹിത്യ- സാംസ്‌ക്കാരികവിമര്‍ശനം, ദര്‍ശനം, തുടങ്ങി പതിനഞ്ചിലേറെ പുസ്തകങ്ങളിലൂടെ വികസിക്കുന്ന ചിന്താലോകം കേരളീയപൊതുമണ്ഡലത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേവലം, എഴുത്തുകാരന്‍ മാത്രമായി ജീവിക്കാതെ കേരളത്തിലെ നവ സാമൂഹിക സമരങ്ങളിലും സമുദായ പ്രവര്‍ത്തനങ്ങളിലും നിരവധി പ്രസ്ഥാനങ്ങളുടെ സംഘാടനത്തിലും കെ.കെ. കൊച്ച് നിര്‍ണായകമായി ഇടപെട്ടിട്ടുണ്ട്. ദലിത് – ആദിവാസി മേഖലയിലെ വൈജ്ഞാനികമായ അന്വേഷണങ്ങള്‍ക്ക് പൊതു സ്വീകാര്യതയും മാന്യതയും നല്‍കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് നിഷേധിക്കാനാവില്ല. ദലിതന്‍ എന്ന ആത്മകഥയില്‍ ആപത്കരമായി ജീവിച്ചയാളെന്നാണ് സാമൂഹിക ചിന്തകനായ കെ.കെ. ബാബുരാജ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ആ വിശേഷണം അര്‍ത്ഥവത്താണ്. സാഹിത്യവിമര്‍ശനം, ചരിത്രാന്വേഷണം സാംസ്‌കാരിക വിമര്‍ശനം തുടങ്ങി വ്യത്യസ്തമേഖലകളില്‍ അഞ്ച് പതിറ്റാണ്ടിലധികം സജീവമായി നിലകൊണ്ട ധൈഷണിക വ്യക്തിത്വമാണ് കെ കെ കൊച്ച്. മാഞ്ഞും മറഞ്ഞും കിടന്ന ജനതയേയും ചരിത്രത്തെയും ദൃശ്യതപ്പെടുത്തുന്നതിലായിരുന്നു ആ ജീവിതത്തിന്റെ ശ്രദ്ധ മുഴുവനും.KK Kochu; a person who made a mark on history

Content Summary: KK Kochu; a person who made a mark on history

ഡോ. സന്തോഷ് ഒ.കെ.

ഡോ. സന്തോഷ് ഒ.കെ.

അസിസ്റ്റന്റ് പ്രൊഫസർ മലയാളവിഭാഗം, മദ്രാസ് സർവകലാശാല.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×