ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടികവിഭാഗവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പദവി ഒഴിയുന്നതിന് തൊട്ടുമുമ്പ് നടത്തിയ ചരിത്രപരമായ ഒരു ഉത്തരവാണ് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ താമസകേന്ദ്രങ്ങളെ കോളനി എന്ന് വിളിക്കരുത് എന്നത്. ദളിതരെ ഹരിജനങ്ങൾ എന്ന് വിളിക്കരുത് എന്നത് പോലെ പോലെ. കാരണമായി ചൂണ്ടികാണിച്ചത് കോളനികളിൽ താമസിക്കുന്ന പട്ടികജതി പട്ടികവർഗക്കാർ, ദളിതർ നേരിട്ടുകൊണ്ടിരിക്കുന്ന അവമതിപ്പും, അപകർഷതാ ബോധവുമാണ്. പരിഹാരമായി കോളനി, സങ്കേതം, ഊര് എന്നിവയ്ക്ക് പകരം നഗർ,ഉന്നതി പ്രകൃതി എന്നീ പേരുകളും, പ്രായോഗികമായി താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.
എന്നാൽ പെരുമാറ്റം കൊണ്ട് പരിഹരിക്കാനാവുന്നതാണോ കോളനികളും, ഊരുകളിലും, സങ്കേതങ്ങളിലും താമസിക്കുന്ന ദളിതർ നേരിട്ടുകൊണ്ടിരിക്കുന്നത്. പേര് മോശമായത് കൊണ്ടല്ല. ഈ പേരുകളിൽ അറിയപ്പെടുന്ന ദളിതരുടെ ജീവിതം ഭൗതികവും, ധാർമ്മികവുമായി പുനർനിർമ്മിക്കുന്നതിൽ ഐക്യ കേരളം പരാജയപ്പെട്ടുവെന്നിടത്താണ് ഈ പേരുമാറ്റം.
അവമതിപ്പും അപകർഷതാബോധവും മാത്രമല്ല ദാരിദ്ര്യവും, ഭയവും, ആത്മവിശ്വാസമില്ലായ്മയും ദളിതരുടെ കൂടെപ്പിറപ്പാണ്. ദാരിദ്ര്യത്തെ മറികടന്നവർക്ക് പോലും മറ്റു വിപത്തുകളെ മറികടക്കാനാവുന്നില്ല. സാധാരണക്കാരായ ദളിതർക്കിടയിൽ മാത്രമല്ല സാമൂഹിക-രാഷ്ട്രീയ രംഗത്തും ഭരണ-ഔദ്യോദിക രംഗത്തുമുള്ള പ്രമുഖർക്കിടയിൽ പോലും ഇത്തരം വിപത്തുകൾ കാണാം. ദളിതർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ജാതി ഹിംസകളാണിത്. അയിത്തം ഇല്ലാതാക്കപ്പെട്ടത് ഇന്ത്യൻ ഭരണാധികാരികൾക്ക് അത് നാണക്കേടായി മാറിക്കഴിഞ്ഞപ്പോഴാണ്. വിദേശ ഭരണാധികാരികൾ കാണാതിരിക്കാനിയി ദളിതരുടെ താമസകേന്ദ്രങ്ങളായ നാഗരിക ചേരികൾ ഇന്ത്യൻ ഭരണാധികാരികൾ മറച്ചുവയ്ക്കുന്നത് നാം കണ്ടിട്ടുണ്ട്. ജാതി ഹിംസ ലോകം കാണാതിരിക്കാൻ വേണ്ടി. അവർക്ക് മുന്നിൽ തലകുനിക്കാതിരിക്കാൻ വേണ്ടി.
ദളിതരെ മാറ്റിപാർപ്പിക്കാനായി നിർമ്മിച്ച കോളനികൾ കേരളത്തിലെ ഭരണാധികാരികൾക്ക് നാണക്കേടായി തോന്നി തുടങ്ങിയിരിക്കുന്നുവെങ്കിൽ അത് നല്ലതാണ്. കാരണം അത് ജാതി കോളനികളാണ്. ഇക്കാര്യം മറച്ചുവയ്ക്കാനാവില്ല. ദളിതരുടെ താമസകേന്ദ്രങ്ങളുടെ പെരുമാറ്റം ചരിത്രപരമായൊരു കാര്യമാണെങ്കിലും അവർ നേരിടുന്ന അവമതിപ്പും, അപകർഷതാബോധവും ഇതിലൂടെ പരിഹരിക്കാനാവുമെന്ന് കരുതുന്നത് ചരിത്രപരമായ ഒരു വിഡ്ഢിത്തമാണ്.
content summary; KM Salim Kumar opinion on K Radhakrishnan order