ജീവിതം പറഞ്ഞ് നൈഫ്
മരണത്തിൽ നാമെല്ലാവരും ഇന്നലെ വരെ ഉണ്ടായിരുന്ന ആളുകളാണ്, എന്നെന്നേക്കുമായി ഭൂതകാലത്തിൽ കുടുങ്ങിപ്പോയവർ. ഈ കൂട്ടിനകത്തെ ക്ക് എന്നെ തള്ളിയിടാനിയിരുന്നു ആ കത്തി ആഗ്രഹിച്ചത്. Knife – Meditations After an Attempted Murder (”നൈഫ്”) തന്റെ കൃതിയുടെ ആദ്യ ഭാഗത്ത്, സൽമാൻ റുഷ്‌ദി ഇപ്രകാരം കുറിച്ചുവച്ചിരുന്നു. വലതു കണ്ണിലൂടെ അയാൾ അവസാനം കണ്ട കാഴ്ചയും അതായിരുന്നു. കണ്ണിലേക്ക് തുളച്ച് കയറുന്ന കത്തി. യഥാർത്ഥത്തിൽ ലോക പ്രശസ്തനായ ആ എഴുത്തുകാരൻ ഇരയായത് കത്തിക്കായിരുന്നില്ല, ലോകത്തെ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള മതഭ്രാന്തിനായിരുന്നു. Knife review
ബ്രിട്ടീഷ് നോവലിസ്റ്റും പ്രബന്ധകാരനുമായ സർ അഹമ്മദ് സൽമാൻ റുഷിദി, ഇന്ത്യ സ്വാതന്ത്രം നേടിയ വർഷത്തിലാണ് ജനിച്ചു വീണത്, യാദൃശ്ചികമോ, നിയോഗമോ അയാളുടെ ചാട്ടുളിപോലുള്ള വാക്കുകൾ ഓരോ തവണയും വന്നടിച്ചത് സ്വാതന്ത്രം ഹനിക്കുന്ന അധികാരത്തിനോടായിരുന്നു. ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ പ്രതിരോധത്തെ പലവിധത്തിൽ അദ്ദേഹം വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചു. ആ വഴിയിൽ നിന്ന് വേറിട്ട് നടക്കുന്നതായിരുന്നില്ല “ദ സാത്താനിക് വേഴ്‌സ്” എന്ന കൃതിയും. ഒരു സാഹിത്യ രചനക്കും, എഴുത്തുകാരനും ലോകത്തെ എത്രമാത്രം സ്വാധീനിക്കാനാവുമെന്ന് തെളിയിക്കുന്നതായിരുന്നു പുസ്തകമിറങ്ങിയതിന് ശേഷം റുഷ്‌ദി നേരിടേണ്ടി വന്ന ജീവിത വ്യഥകൾ.
1989 ഫെബ്രുവരി 14-ന് അന്നത്തെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള റുഹോള ഖൊമേനി എഴുത്തുകാരനെതിരെ ഫത്വ പുറപ്പെടുവിച്ചു. ‘ദ സാത്താനിക് വേഴ്‌സ്’ എന്ന നോവലിൽ ഇസ്ലാമിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു വധശിക്ഷ വിധിച്ചത്. തീവ്ര മതചിന്തകളും, അധികാരവും ഒരുമിച്ചു വാഴുന്നിടത്ത് അടിസ്ഥാന മനുഷ്യന്റെ സ്വാതന്ത്രത്തിനും ജീവനും എന്ത് വിലയാണുള്ളത്? അന്ന് മുതൽ പലപ്പോഴായി ഭീഷണി സന്ദേശങ്ങളും മരണ വാറന്റുകളും റുഷ്‌ദിയെ തേടിയെത്തി. റുഷ്ദിക്ക് വധശിക്ഷ വിധിച്ചതുകൊണ്ടൊന്നും അവർ അടങ്ങിയിരുന്നില്ല, അയാളുടെ വാക്കുകളുടെ മൂർച്ചയെ ഭയന്ന ഒരു കൂട്ടം അയാളെ പിന്തുടർന്നുകൊണ്ടിരുന്നു. റുഷ്‌ദിയെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷിതങ്ങൾ വാഗ്ദ്ധാനം ചെയ്യപ്പെട്ടു. അതിലൊന്നുമടങ്ങാത്ത മത ഭ്രാന്ത് നോർവീജിയൻ പ്രസാധകനായ വില്യം നൈഗാർഡിന്റെ കൊലപതക ശ്രമത്തിലേക്ക് വരെ നയിക്കപ്പെട്ടു. സാത്താനിക് വേഴ്‌സ് നോർവീജിയൻ പതിപ്പ് പ്രസിദ്ധീകരിച്ചതിനാണ് അയാൾക്ക് നേരെ മൂന്നുതവണ നിറയൊഴിക്കപ്പെട്ടതെന്ന് പരസ്യമായി ആളുകൾ വിശ്വസിച്ചുപോരുന്നു.
വിരോധാഭാസമെന്ന് പറയട്ടെ റുഷിദയുടെ ശരീരത്തിലേക്ക് കത്തി ആഴ്ന്നിറക്കിയ ഹാദി മതർ ഫത്വ പുറപ്പിടുവിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ജനിക്കുന്നത്. തലമുറ തലമുറയായി കൈ മാറാൻ പാകത്തിന് വീര്യമുള്ളതായിരുന്നോ റുഷ്‌ദിയോടുള്ള പക? അതോ പണത്തിന് വേണ്ടിയോ ? കൂച്ചുവിലങ് പോലെ തലച്ചോറിനെയും, ഹൃദ്യത്തിന്റെയും വരിഞ്ഞു മുറങ്ങുന്ന മതത്തിന്റെ വൈര്യം ആയിരുന്നോ അത് ? റുഷ്‌ദി എന്ന തങ്ങളുടെ ബന്ധ വൈരിയെ കുത്തിവീഴ്ത്തുമ്പോൾ ഹാദി മതറിന്റെ പ്രായം 24. സ്കൂൾ വിദ്യഭ്യാസം നേടാൻ മടിച്ചിരുന്ന ഹാദി മതർ ഡിസ്‌കൗണ്ട് സ്റ്റോറിൽ ബ്ലൂ കോളർ ജോലി ചെയ്തുവരികയായിരുന്നു, മറ്റാരോടും അടുപ്പമുണ്ടായിരുന്നില്ലെങ്കിലും അയാൾ മതവുമായി വളരെ അടുത്തായിരുന്നു. സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് ജയിലിൽ കഴിയുകയാണ്.
ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയുന്നതനുസരിച്ച് കുറ്റം ചുമത്തപ്പെട്ട ദിവസം മുതൽ തന്റെ മകനോട് ഒരു വാക്ക് പോലും സംസാരിക്കാൻ അമ്മ സിൽവാന ഫർദോസ് ശ്രമിച്ചിട്ടില്ല. സഹോദരങ്ങളോട് പോലും ഇടപഴകാതെ തന്റെ മുറിക്കുള്ളിൽ മാസങ്ങളോളം ചിലവഴിക്കുന്ന മകനെ മതപഠനത്തിനപ്പുറത്തേക്ക്, വിദ്യഭ്യാസത്തിലേക്കും കൊണ്ടുവരനായി ആ ‘അമ്മ പരിശ്രമിച്ചിരുന്നു. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ്, താൻ പതിവായി പോയിരുന്ന ജിമ്മിലെ അംഗത്വം അയാൾ റദ്ധാക്കിയിരുന്നു. ആരോടും ഇടപഴകാതെ തനിച്ചിരിക്കാൻ താല്പര്യപെട്ടിരുന്ന ആ യുവാവ് തനിക്ക് ഒരുതരത്തിലും മുൻപരിചയമില്ലാത്ത, വ്യക്തി വൈരാഗ്യങ്ങൾ ഇല്ലാത്ത ഒരാളെ അതിക്രൂരമായി കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങി. ജീവിതത്തിൽ അയാൾ നോക്കികണ്ട ഏക ലക്ഷ്യവും റുഷ്‌ദിയുടെ കൊലപാതകമായിരിക്കണം.
“ജോസഫ് ആൻ്റൺ” എന്ന പേരിലാണ് റുഷ്‌ദിയുടെ ആദ്യ മെമ്മോയർ 2012-ൽ പുറത്തിറങ്ങുന്നത്. 1989-ൽ തനിക്കെതിരെ പുറപ്പെടുവിച്ച ഫത്‌വയും തുടർന്നുണ്ടാകുന്ന വധഭീഷണിയും ഒളിവ് ജീവിതത്തിനുമിടക്ക് അദ്ദേഹം ഉപയോഗിച്ചിരുന്ന വ്യാജ പേരായിരുന്നു “ജോസഫ് ആൻ്റൺ”. റുഷ്ദിക്ക് രഹസ്യമായി ജീവിക്കേണ്ടി വന്ന കാലയളവിലെ ജീവിതകഥ പറയുന്ന സങ്കീർണ്ണമായ ഒരു പുസ്തകമായിരുന്നു അത്. എന്നാൽ ആക്രമണത്തിൽ നിന്ന് അതീജിവിച്ചതിന് ശേഷം പുറത്തിറങ്ങിയ “നൈഫ്” ഒരു പ്രണയകഥയാണ്. ആദ്യ ഓർമ്മകുറിപ്പിലെന്നതുപോലെ നൈഫിലും ആക്രമണത്തിന് ശേഷമുള്ള ജീവിതമാണ് വരച്ചിടുന്നത്.
209 പേജുകളിൽ, ചൗതൗക്വയിലെ നരകതുല്യമായ പ്രഭാതം, മുതൽ രണ്ട് ആശുപത്രി വാസങ്ങൾ, ഒരു വർഷത്തെ പുനരധിവാസം എന്നിവ റുഷ്ദി വിവരിക്കുന്നുണ്ട്. ഈ 13 മാസത്തിനിടെ റുഷ്ദിയുടെ കഴുത്ത്, കൈ, കണ്ണ്, കരൾ, ഉദരം എന്നിവയിൽ ശസ്ത്രക്രിയ നടത്തി. അദ്ദേഹം വലതുകണ്ണ് തുന്നിക്കെട്ടി, ഇടതുകൈയുടെ ഉപയോഗം വീണ്ടെടുക്കാൻ മാസങ്ങളോളം ഫിസിയോ തെറാപ്പി നൽകി, ക്യാൻസർ ഭീതിയെ അതിജീവിച്ച് വിക്ടറി സിറ്റി പ്രസിദ്ധീകരിച്ചു.
തൻ്റെ ഓർമ്മക്കുറിപ്പിൻ്റെ ഒരു അധ്യായത്തിൽ, സൽമാൻ റുഷ്ദി ആക്രമണകാരിയുമായി ജയിലിലെ സംഭാഷണങ്ങൾ സങ്കൽപ്പിക്കുന്നുണ്ട്. അവനെ ഒരു കഥാപാത്രമായി മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. “ഒഥല്ലോ”യിലെ ഇയാഗോ അല്ലെങ്കിൽ ആന്ദ്രെ ഗിഡെയുടെ കൃതിയിലെ ലാഫ്കാഡിയോ പോലെ. വ്യക്തിപരമോ,വ്യക്തമോ ആയ കാരണമില്ലാതെ പ്രവർത്തിക്കേണ്ടിവരുന്ന കഥാപാത്രങ്ങളുമായുള്ള താരതമ്യം ഡാർക്ക് ഹ്യൂമറിലേക്ക് കടക്കുന്നു.
പുസ്തകത്തിൽ, ഭീകരതയ്ക്കും അക്രമത്തിനും വിധേയമല്ലെന്ന് അവകാശപ്പെടുന്ന പ്രസ്താവന സത്യമായിരിക്കില്ല എന്ന് സൽമാൻ റുഷ്ദി സമ്മതിക്കുന്നു. ക്യാൻസറോ മറ്റേതെങ്കിലും രോഗമോ നേരിടുന്നതുപോലെ, അത്തരം വലിയ വെല്ലുവിളികളെ തരണം ചെയ്യാൻ മനുഷ്യർ സജ്ജരല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കൊലയാളിയുടെ കയ്യിൽ അകപ്പെട്ടുപോയ റുഷ്‌ദി കാഴ്ചയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. “ഒരു വലിയ വേവിച്ച മുട്ട”യുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട കണ്ണിനെക്കുറിച്ചുള്ള ആശങ്ക വായനക്കാരിലും നിറയുന്നു.
പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.”ദ എയ്ഞ്ചൽ ഓഫ് ഡെത്ത്”, “ദി എയ്ഞ്ചൽ ഓഫ് ലൈഫ്” എന്നിങ്ങനെ കഥ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിലും നാല് അധ്യായങ്ങളും. ഈ ഘടനാപരമായ സമീപനം ആഖ്യാനത്തിനുള്ളിൽ ഒരു സന്തുലിതാവസ്ഥയും സമമിതിയും സൃഷ്ടിക്കുന്നുണ്ട്. ഭാഗങ്ങളും അധ്യായങ്ങളും പരസ്പരം പ്രതിഫലിപ്പിക്കുന്ന യിൻ-യാങ് പോലെ ഈ ഘടന സമതുലിതമായ ഒരു അനുഭവം സൃഷ്ടിക്കുന്നു. ( “യിൻ-യാങ്” എന്ന ആശയം ചൈനീസ് തത്ത്വചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.പ്രകൃതിദത്ത ലോകത്ത് വിപരീത ശക്തികൾ എങ്ങനെ പരസ്പരബന്ധിതമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ ആശയം. സാഹിത്യത്തിൻ്റെയോ കഥപറച്ചിലിൻ്റെയോ സന്ദർഭത്തിൽ, വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നിട്ടും,ഉയർന്നുവരുന്ന ഒരു അന്തർലീനമായ ഐക്യമാണ് പറയുന്നത്.) റുഷ്ദിയുടെ എഴുത്തിലൂടെയുള്ള സ്വതന്ത്രമായ ആവിഷ്കാരത്തിന്റെ പോരാട്ടം ഒരിക്കലും നിലക്കില്ല. Knife review
Content summary; Knife by Salman Rushdie review