June 04, 2026 |

കൊച്ചിയെന്ന ലഹരി ഹബ്ബ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളത്ത്

സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ലഹരിവലയില്‍

വർദ്ധിച്ചു വരുന്ന ലഹരി ഉപയോ​ഗമാണ് നിലവിൽ കേരളത്തെ പിടിമുറുക്കിയിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളിലൊന്ന്. വിദ്യാർ‍ത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോ​ഗം വ്യാപകമായി നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വിഷയത്തിന്റെ ​ഗൗരവം കൂട്ടുന്നു. കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൈമാറുന്നതിനായി സ്കൂൾ വിദ്യാർത്ഥികളെ ലഹരിവാഹകരാക്കുന്നവർ, കുട്ടികളെ ബോധപൂർവ്വം ലക്ഷ്യമിടുന്നതായാണ് പല കേസുകളിലും വ്യക്തമാകുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഒരു മാസത്തിനിടെ എറണാകുളത്ത് രജിസ്റ്റർ ചെയ്ത ലഹരി കേസുകൾ ഞെട്ടിക്കുന്നതാണെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു. ആദ്യം സൗജന്യമായി ലഭിക്കുന്ന ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലഹരിവാഹകരായി മാറാൻ ലഹരി മാഫിയകൾ നിർബന്ധിക്കുകയാണെന്നും സൗഹൃദ വലയത്തിലൂടെ ഇത് വ്യാപിക്കുകയാണ് ചെയ്യുന്നതെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു.

‘പല സ്ഥലങ്ങളിൽ നിന്നുള്ളവരാണ് എറണാകുളത്ത് താമസിക്കാനായി എത്തുന്നത്. വിദ്യാർത്ഥികളിലധികവും ഹ്രസ്വകാല കോഴ്സുകൾ പഠിക്കാനായി ഇവിടേക്ക് എത്തുന്നവരാണ്. നാലോ അഞ്ചോ മണിക്കൂറുകൾ നീളുന്ന ക്ലാസുകൾ കഴിഞ്ഞാൽ പിന്നീട് കുട്ടികൾ പാർട്ട് ടൈം ജോലിക്ക് പോവുകയാണ് പതിവ്. ജോലിയിടങ്ങളിൽ വെച്ചുണ്ടാകുന്ന പരിചയങ്ങളും മറ്റും ലഹരി ഉപയോ​ഗിക്കുന്ന സംഘങ്ങളിലേക്ക് ഇവർ എത്തിപ്പെടാനുള്ള സാധ്യതയേറെയാണ്. പല ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ ലഹരി ഉപയോ​ഗിക്കുന്നുവെന്ന് ഹോസ്റ്റലുകാരുടെ അസോസിയേഷൻ ഞങ്ങൾക്ക് പരാതി നൽകിയിരുന്നു.

ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിൽ കുട്ടികൾ ലഹരി ഉപയോ​ഗിക്കുന്നതായും തെളിഞ്ഞിരുന്നു. ഇതിൽ പല വിദ്യാർത്ഥികളും ബാം​ഗ്ലൂരിലിൽ പോയാണ് ലഹരി വസ്തുക്കൾ ശേഖരിക്കുന്നത്. അത് കേരളത്തിലെത്തിച്ച് കൂടുതലൽ തുകയ്ക്ക് വിൽക്കുകയും ചെയ്യുന്നു. 23 വയസിന് താഴെയുള്ളവരാണ് അടുത്തിടെ ലഹരി വസ്തുക്കളുമായി പിടികൂടിയവരിലധികവും. ക്ലീൻ സ്ലേറ്റ് എന്ന ഓപ്പറേഷന്റെ ഭാ​ഗമായാണ് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ.

അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്നയിടമാണ് എറണാകുളം പെരുമ്പാവൂർ. നിലവിൽ എറണാകുളത്തേക്ക് ലഹരിയെത്തിക്കുന്നവരിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. വലിയൊരു സംഘം തന്നെ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് അടുത്തിടെ പിടികൂടിയ പ്രതികളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ബം​ഗാൾ, ബീഹാർ, ഒറീസ സ്വദേശികളാണ് കാരിയർ ആയിട്ട് പ്രവർത്തിക്കുന്നവരിൽ അധികവും. ആദ്യം ലോക്കൽ ട്രെയിനുകളിലാണ് ലഹരി വസ്തുക്കളുമായി എത്തിയിരുന്നത്. പിന്നീട് ട്രെയിനുകളിൽ ഇവിടേക്ക് എത്തുകയും വിമാനത്തിൽ തിരിച്ച് പോവുകയും ചെയ്യുന്നു.

ബ്രൗൺ ഷു​ഗറും കഞ്ചാവുമാണ് അന്യസംസ്ഥാന തൊഴിലാളികൾ വഴി കൂടുതലും കേരളത്തിലേക്കെത്തുന്നത്. ​ഗോവ, ബാം​ഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് രാസലഹരിയെത്തുന്നത്. ഇപ്പോൾ ലഹരി ഉപയോ​ഗിക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടിവരികയാണ്. പ്രതിബദ്ധതയുടെ പേരിലാണ് പെൺകുട്ടികൾ പലപ്പോഴും ലഹരി വാഹകരായി പോകേണ്ടി വരുന്നത്. ലഹരി കേസുകളിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്.

ഡാര്‍ക്ക് വെബ് വഴി കേരളത്തിലേക്ക് ലഹരി എത്തുന്നതാണ് നിലവിൽ അഭിമൂഖീകരിക്കുന്ന പ്രധാന പ്രശ്നം. കാരണം ഇത് നേരിട്ടാണ് ഉപയോക്താവിന്റെ കൈകളിലെത്തുന്നത്. കൃത്യമായ തൂക്കത്തിൽ അവർക്ക് വസ്തുക്കൾ ലഭ്യമാകുന്നു. അതുകൊണ്ടു തന്നെ വീടിനുള്ളിൽ നടക്കുന്ന ലഹരി ഉപയോ​ഗം നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്’, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

ഒരു മാസത്തിനിടയിൽ എറണാകുളത്ത് എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകൾ;

അബ്കാരി കേസുകൾ – 136
നാർക്കോട്ടിക് ഡ്ര​ഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) കേസുകൾ – 139
സി​ഗററ്റ്സ് ആന്റ് അതർ ടൊബാക്കോ പ്രോഡക്ട്സ് ( COTPA) കേസുകൾ – 691

പിടിച്ചെടുത്തവ

അറാക്ക് – 16.4 ലിറ്റർ
ഇന്ത്യൻ നിർമിത വിദേശ മദ്യം(IMFL) – 424.585 ലിറ്റർ
ബീയർ – 40.950 ലിറ്റർ
വാഷ് – 200 ലിറ്റർ
ഇതര സംസ്ഥാന മദ്യം – 3.360 ലിറ്റർ
കഞ്ചാവ് – 45.085 കിലോ​ഗ്രാം
കഞ്ചാവ് ചെടി – 4Nos
കഞ്ചാവ് ബീഡി – 2 Nos
ഹെറോയിൻ – 66.102 ​ഗ്രാം
ചരസ് – 16 ഗ്രാം
എംഡിഎംഎ – 84.822 ​ഗ്രാം
പിടിച്ചെടുത്ത വാഹനങ്ങൾ – 15
പുകയില ഉത്പന്നങ്ങൾ – 81.7 കിലോ​ഗ്രാം

എല്ലാ തരത്തിലുള്ള ലഹരി വസ്തുക്കളും കേരളത്തിൽ വലിയ രീതിയിൽ എത്തുന്നുണ്ടെന്ന് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പ്രതികരിച്ചു.

2600 ഓളം കേസുകളാണ് കഴിഞ്ഞ വർഷം എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 44 കൊമേഴ്ഷ്യൽ കോണ്ടിറ്റി, 118 ഇന്റർമീഡിയേറ്റ് കോണ്ടിറ്റി, ബാക്കിയുള്ളവ ചെറിയ അളവിലുള്ള കേസുകളുമാണ്. ഈ വർഷം മൂന്ന് മാസത്തിനിടയിൽ 1000 കേസുകളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യോദ്ധാവ് ആപ്ലിക്കേഷൻ പല കേസുകളും കണ്ടെത്താൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും ലഹരി എത്തുന്നുണ്ടെന്ന വിവരങ്ങൾ പലരിലൂടെയും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. മറ്റുള്ളവരുമായി അധികം ഇടപഴകാത്ത കുട്ടികളാണ് ഇവരുടെ കെണിയിൽ വീണ് പോകുന്നവരിൽ കൂടുതലും. സമൂഹത്തിനെ ഇല്ലാതാക്കുന്ന വിപത്താണ് ലഹരി. ഉറപ്പായും ലഹരിയെ പൂർണമായും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം, നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

കേരളത്തിൽ സ്‌കൂൾ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ തീവ്രത കാണിക്കുന്നതാണ് സമീപകാലത്ത് രജിസ്റ്റർ ചെയ്ത ഈ കേസുകൾ. ലഹരിമരുന്നുകളുടെ വലിയ മാർക്കറ്റായി കേരളം മാറുകയാണ് എന്ന വസ്തുതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Summary: Kochi, the drug hub; Ernakulam Leads in Drug Cases, drug addicts includes School students

Leave a Reply

Your email address will not be published. Required fields are marked *

×