June 03, 2026 |
Share on

ബാഡ്സിലെ രം​ഗത്തിൽ ഉപയോ​ഗിച്ചത് നിരോധിത ലഹരി ഉത്പന്നം; രൺബീ‍ർ കപൂറിനെതിരെ പരാതി

ഇലക്ട്രിക് സിഗരറ്റ് നിരോധന നിയമമാണ് 2019 ലംഘിച്ചത്

നിരോധിത ലഹരി ഉത്പന്നം ഉപയോഗിച്ചു,  നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ദി ബാഡ്സിലെ ഓഫ് ബോളിവുഡിനെതിരെ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയ്ക്ക് പരാതി നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.

ഇലക്ട്രിക് സിഗരറ്റ് നിരോധന നിയമം 2019 ലംഘിച്ചതിന് നടൻ രൺബീർ കപൂർ, വെബ് സീരീസിൻ്റെ നിർമ്മാതാക്കൾ, ഒടിടി പ്ലാറ്റ്‌ഫോം എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

‘ദി ബാഡ്സ് ഓഫ് ബോളിവുഡിലെ ഒരു രംഗത്തിൽ, നടൻ രൺബീർ കപൂർ നിരോധിക്കപ്പെട്ട ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ രം​ഗത്തിൽ ഒരു മുന്നറിയിപ്പോ ഡിസ്‌ക്ലെയിമറോ നൽകിയിട്ടില്ല. ഇത്തരം രംഗങ്ങൾ യുവാക്കളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഈ ഉള്ളടക്കം നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു. വെബ് സീരീസിൻ്റെ അവസാന എപ്പിസോഡിൽ ഒരു അതിഥി വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സ് ഷോ ദി ബാഡ്സ് ഓഫ് ബോളിവുഡ്. ആസ്മാന്‍ എന്ന നവാഗതനായ ബോളിവുഡ് നടന്റെ കഥയാണ് ദി ബാഡ്‌സ് ഓഫ് ബോളിവുഡ് പറയുന്നത്. സ്റ്റാര്‍ ആകാനുള്ള ആസ്മാന്റെ യാത്രയിലൂടെ ബോളിവുഡ് എന്ന മാസ്മരികവും ക്രൂരവുമായ ലോകത്തെ കുറിച്ചും തമാശ രൂപേണ സീരീസ് പറഞ്ഞുവെക്കുന്നുണ്ട്.

ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് സീരീസിന്റെ നിര്‍മാണം. രണ്‍വീര്‍ സിംഗ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദിഷ പടാനി, ബാദ്ഷ, കരണ്‍ ജോഹര്‍, എസ്.എസ്. രാജമൗലി തുടങ്ങിയ താരങ്ങള്‍ സീരീസില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ലക്ഷ്യ ലാല്‍വാനി, രാഘവ് ജുയല്‍ എന്നിവരാണ് ഷോയുടെ പ്രധാന താരങ്ങള്‍. ബോബി ഡിയോള്‍, മനീഷ് ചൗധരി, സഹേര്‍ ബംബ, മനോജ് പഹ്വ, ഗൗതമി കപൂര്‍, മോന സിംഗ്, രജത് ബേദി എന്നിവരും സീരീസിലുണ്ട്.

അച്ഛനില്‍ നിന്നും സഹോദരി സുഹാന ഖാനില്‍ നിന്നും വ്യത്യസ്തമായി അഭിനയത്തിന് പകരം സംവിധാനമാണ് ആര്യന്‍ തിരഞ്ഞെടുത്തത്. ഏകദേശം ഒരു വര്‍ഷത്തിലേറെയായി ആര്യന്‍ ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രവര്‍ത്തനത്തിലായിരുന്നു.

content summary: The National Human Rights Commission (NHRC) has filed a complaint against actor Ranbir Kapoor for appearing in an e-cigarette scene in The Bads of Bollywood

Leave a Reply

Your email address will not be published. Required fields are marked *

×