June 26, 2026 |
Share on

ഗു​ജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ ലാബ് ടൂൾ ഉപയോ​ഗിച്ച് കുത്തിക്കൊന്നു; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ലാബ് ഉപകരണം ഉപയോഗിച്ചാണ് കുത്തിയത്

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ പട്ടാപ്പകൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ സ്കൂളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. സ്കൂളിൽ നിന്ന് ഏതാനും വാരെ അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വച്ചാണ് മൂർച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിയത്.

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് കരുതുന്നത്. കുത്തേറ്റ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. സഹപാഠികൾ ഉടൻ സർദാർ പട്ടേൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.

ശബ്ദം കേട്ട് ഞാൻ അകത്തേക്ക് ഓടി ചെന്നു. അപ്പോഴേക്കും ഫിസിക്സ് ലാബിൽ ഉപയോഗിക്കുന്ന ഒരു ഉപകരണം വച്ച് അവന്റെ വയറ്റിൽ കുത്തിക്കഴിഞ്ഞിരുന്നു. ചെറിയ വസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ഉപകരണമാണത്. കുത്തിയ ശേഷം ഉപകരണം വലിച്ചൂരിയെടുത്ത് അവൻ ഓടി രക്ഷപ്പെട്ടു. ഒരു സുരക്ഷാ ജീവനക്കാരൻ പോലും അനങ്ങിയില്ല, എല്ലാവരും നോക്കി നിൽക്കുകയായിരുന്നു. അതേ സ്കൂളിലെ മറ്റൊരു പത്താം ക്ലാസ് വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന് ഒരാഴ്ച മുൻപ് പ്രതിയും ഇരയുടെ ബന്ധുവും തമ്മിൽ സ്കൂളിൽ വെച്ച് ഒരു തർക്കമുണ്ടായിരുന്നു. ഈ കൊലപാതകം ആസൂത്രിതമായി നടത്തിയ പ്രതികാരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചോ ഏഴോ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. മകന്റെ മരണവാർത്തയറിഞ്ഞ ഇരയുടെ കുടുംബം സ്കൂൾ ക്യാമ്പസിലേക്ക് ഇരച്ചുകയറി. രോഷാകുലരായ അവർ സ്കൂളിലെ വസ്തുവകകൾ നശിപ്പിക്കുകയും ജീവനക്കാരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

രക്തം വാർന്ന് കിടന്ന പത്താം ക്ലാസുകാരനായ വിദ്യാർഥിയെ സഹപാഠികൾ എത്തിയാണ് റിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്നും ദൃക്‌സാക്ഷി പറയുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീ‍ഴ്ചയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
മരണവാർത്ത അറിഞ്ഞ് സ്കൂളിലെത്തിയ കുടുംബം ക്യാമ്പസിലേക്ക് ഇരച്ചുകയറി സാധനങ്ങൾ തല്ലിത്തകർത്തു. കുറ്റകൃത്യം തടയുന്നതിൽ വീഴ്ച വരുത്തിയെന്നും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സ്കൂൾ ജീവനക്കാർക്ക് നേരെയും പ്രതിഷേധമുയർത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

content summary: Class 10 boy fatally stabbed with lab tool by Class 8 student in Gujarat

Leave a Reply

Your email address will not be published. Required fields are marked *

×