ഔപചാരിക വിദ്യാഭ്യാസം നേടി ആദിവാസി വിഭാഗത്തിലെ സ്ത്രീയെ കൊലപ്പെടുത്തി കുടുംബം. ബംഗാളിലെ ജംഗിൾമഹൽ ജില്ലയായ പുരുളിയയിലെ ചാപുർ ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം പരിശീലിക്കുന്നു എന്നാരോപിച്ചാണ് കുടുംബാംഗങ്ങൾ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കുടുംബത്തിൽ വിദ്യാഭ്യാസം ലഭിച്ച ഏക വ്യക്തിയായിരുന്നു യുവതിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മകളുടെ മുന്നിലിട്ട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പദാബി ടുഡുവെന്നാണ് സ്ത്രീയുടെ പേര്.
പദാബിയുടെ ഭർത്താവ് സുഭാഷ് ഒരു കർഷകത്തൊഴിലാളിയാണ്. തന്റെ സഹോദരങ്ങൾ, സഹോദരന്റെ ഭാര്യമാർ, മരുമകൻ എന്നിവർ ചേർന്നാണ് പദാബിയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സുഭാഷ് പാരാ പോലീസ് സ്റ്റേഷനിൽ എട്ട് പേർക്കെതിരെ രേഖാമൂലം പരാതി നൽകി.
പാരാ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചാപുരി കൊൽക്കത്തയിൽ നിന്ന് ഏകദേശം 265 കിലോമീറ്ററും പുരുളിയ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്ററും അകലെയാണ്. ഇവിടെ 85 ഓളം സന്താൾ ആദിവാസി കുടുംബങ്ങളും കുറച്ച് മുസ്ലീം കുടുംബങ്ങളും താമസിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി കുടുംബാംഗങ്ങൾ പദാബിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
പദാബി മാത്രമായിരുന്നു കുടുംബത്തിൽ വിദ്യാഭ്യാസം നേടിയ ഏക അംഗം. വിവാഹത്തിന് മുൻപ് പത്താം ക്ലാസ് (മാധ്യമിക്) പൂർത്തിയാക്കിയ ആളാണ് പദാബി. ടുഡു കുടുംബത്തിലെ മറ്റുള്ളവർക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സ്വന്തം മക്കൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകണമെന്ന് പദാബി നിർബന്ധിച്ചിരുന്നു അവരുടെ 13 വയസ്സുള്ള മകൾ എട്ടാം ക്ലാസ്സിലും, അഞ്ച് വയസ്സുള്ള മകൻ ഒന്നാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
അന്ധവിശ്വാസത്തിന്റെ സ്വാധീനത്തിലാണ് കൊലപാതകം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒളിവിലുള്ള പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പൊതുജന അവബോധം വളർത്തുന്നതിനായി മേഖലയിൽ ഭരണകൂടം അന്ധവിശ്വാസ വിരുദ്ധ പ്രചാരണങ്ങൾ നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവിടെ മുമ്പ് ഒരിക്കലും അന്ധവിശ്വാസ വിരുദ്ധ പ്രചാരണങ്ങൾ ഭരണകൂടം നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം പുരുളിയ ജില്ലയിൽ പാരാ ബ്ലോക്കിലെ നോഡിഹ ഗ്രാമപഞ്ചായത്തിലെ ബഗൽമാരി ഗ്രാമത്തിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് മന്ത്രവാദം ആരോപിച്ച് ഒരു വയോധികയായ പട്ടികജാതി സ്ത്രീയെ തല്ലിക്കൊന്നിരുന്നു. ആ സംഭവം നടന്ന് ഒരു വർഷം തികയും മുൻപ് വീണ്ടും ഇത്തരം സംഭവം ഉണ്ടായത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതയാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഈ വർഷം ജൂലൈയിൽ, ബീർഭും ജില്ലയിലെ മസ്ര ഗ്രാമപഞ്ചായത്തിലെ രാംപൂർഹാട്ട്-ഝാർഖണ്ഡ് അതിർത്തി പ്രദേശത്ത്, മാനസിക വെല്ലുവിളി നേരിടുന്ന ഒരു പട്ടികജാതി സ്ത്രീയെ മന്ത്രവാദിനിയായി മുദ്രകുത്തി വസ്ത്രം അഴിച്ച് നഗ്നയാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം, ബീർഭും ജില്ലയിലെ കോളേശ്വർ ഗ്രാമപഞ്ചായത്തിലെ ഹരീഷ ഗ്രാമത്തിൽ മന്ത്രവാദം ആരോപിച്ച് രണ്ട് ആദിവാസി സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ ഗ്രാമത്തിലെ ഒരു കുളത്തിൽ തള്ളുകയും ചെയ്തിരുന്നു. അഞ്ചു ദിവസത്തിന് ശേഷമാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പുരുളിയ ഝാർഖണ്ഡുമായി അതിർത്തി പങ്കിടുന്നുണ്ട്. അവിടെയും അടുത്തിടെ മന്ത്രവാദം ആരോപിച്ച് നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.
പദാബിക്കെതിരെയുള്ള മന്ത്രവാദ ആരോപണങ്ങൾ അഞ്ചു വർഷം മുമ്പാണ് തുടങ്ങിയത്. അവരുടെ ഭർതൃസഹോദരന്മാരിൽ ഒരാളായ ബിനോദ് ടുഡു ഒരു ന്യൂറോളജിക്കൽ തകരാറുമൂലം മരണപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. കുടുംബം പദാബിയെ കുറ്റപ്പെടുത്താൻ തുടങ്ങി, എന്നാൽ ബിനോദിന്റെ ഭാര്യ ഈ ആരോപണങ്ങളിൽ വിശ്വസിച്ചിരുന്നില്ല.
ആക്രമിക്കുന്നവരോട് താൻ മന്ത്രവാദിനി അല്ലെന്നും ഇത്തരം വിശ്വാസങ്ങൾ തെറ്റാണെന്നും പദാബി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തെ തുടർന്ന് ഒക്ടോബർ 23 വൈകുന്നേരം പശ്ചിമബംഗ ബിഗ്യാൻ മഞ്ച് പുരുളിയ ജില്ലാ സെക്രട്ടറി ഡോ. നയോൺ മുഖർജിയും മറ്റ് നേതാക്കളും ചാപുരി ഗ്രാമം സന്ദർശിച്ചു. അവർ ദുരിതത്തിലായ കുടുംബവുമായി സംസാരിക്കുകയും നിയമസഹായം ഉറപ്പ് നൽകുകയും ചെയ്തു. അന്ധവിശ്വാസത്തിനെതിരെ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബിഗ്യാൻ മഞ്ച് പദ്ധതിയിടുന്നതായും അറിയിച്ചു.
അന്ധവിശ്വാസത്തിനെതിരെ സർക്കാർ ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നില്ല. അതേസമയം, ആർഎസ്എസ് പോലുള്ള സംഘടനകൾ രാജ്യമെമ്പാടും മതഭ്രാന്തും അന്ധവിശ്വാസങ്ങളും പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. തൽഫലമായി, ആദിവാസി സമൂഹത്തിലെ ഒരു വിഭാഗം ഇത്തരം ഹീനമായ ആചാരങ്ങളിൽ വീണ്ടും ഏർപ്പെടാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആദിവാസി അധികാർ മഞ്ച് അഖിലേന്ത്യാ, പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി ഡോ. പുലിൻ ബിഹാരി ബാസ്‌കെ പറഞ്ഞു.
ആദിവാസികൾക്കിടയിലെ സാക്ഷരതാ നിലവാരം ഇപ്പോഴും കുറവാണെന്നും സാമൂഹിക പ്രസ്ഥാനങ്ങൾ നിശ്ചലമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദാബിയുടെ കുടുംബാംഗങ്ങളും പ്രതികളും ഉൾപ്പെടെ ചാപുരിയിലെ മിക്ക ആളുകളും സ്ഥിരവരുമാനമില്ലാത്ത കർഷകത്തൊഴിലാളികളാണ്. ഗ്രാമം മുഴുവൻ നിരക്ഷരതയും പോഷകാഹാരക്കുറവും അനുഭവിക്കുന്നു. ഈ സാഹചര്യങ്ങൾ നിരാശയും യുക്തിരഹിതമായ അക്രമവും വളർത്തുന്നു. ഈ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, ചാപുരി സന്ദർശന വേളയിൽ ബാസ്‌കെ പറഞ്ഞു.
content summary: Purulia tribal family kills only educated woman in the household over witchcraft allegations
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.