July 14, 2026 |
Share on

പ്രതികാരം സിനിമാ സ്‌റ്റൈലില്‍; ഭോപ്പാലില്‍ പത്താം ക്ലാസുകാരന് കുത്തേറ്റത് 27 തവണ

ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഒരു സ്‌നൂക്കര്‍ ക്ലബ്ബില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠികളുടെ അതിക്രൂരമായ ആക്രമണം. വെറും 30 സെക്കന്‍ഡിനുള്ളില്‍ 27 തവണയാണ് പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു ആക്രമണം. ഫെബ്രുവരി 15-ന് രാത്രി ഗണേഷ് ചൗക്കിലെ ഒരു സ്‌നൂക്കര്‍ ക്ലബ്ബിലായിരുന്നു സംഭവം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, രണ്ട് കൗമാരക്കാര്‍ സിനിമാ ശൈലിയില്‍ ക്ലബ്ബിലേക്ക് അതിക്രമിച്ചു കയറുകയും യാതൊരു പ്രകോപനവുമില്ലാതെ ഇരയെ ആക്രമിക്കുകയുമായിരുന്നു. കത്തിയും കഠാരയും ഉപയോഗിച്ച് മിന്നല്‍ വേഗത്തിലായിരുന്നു ആക്രമണം.

ശരീരമാസകലം കുത്തിക്കീറിയ ശേഷം ഇവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയുടെ ഒരു കൈത്തണ്ടയില്‍ പത്തിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. മറ്റൊരു കൈയ്യിലെ രണ്ട് വിരലുകള്‍ അറ്റുപോയി. തോളിനും പുറത്തിനും ഗുരുതരമായ പരിക്കേറ്റു.

ഇത്രയധികം കുത്തേറ്റിട്ടും കുട്ടി എങ്ങനെയോ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഗൗതം നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. അക്രമികളും പരുക്കേറ്റ കുട്ടിയും ഒരേ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പൂള്‍ കളിക്കുന്നതിനിടെ തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായിരുന്നു. അന്ന് ഇരയായ കുട്ടി, പ്രതികളെ മര്‍ദ്ദിച്ചതായും ഇതിന് പ്രതികാരം ചെയ്യാനാണ് ആസൂത്രിതമായി ക്ലബ്ബിലെത്തി ആക്രമണം നടത്തിയതെന്നും പോലീസ് പറയുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികളായ കുട്ടികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളെ പിടികൂടിയെങ്കിലും നോട്ടീസ് നല്‍കി വിട്ടയച്ച പോലീസിന്റെ നടപടിക്കെതിരെയും കടുത്ത അമര്‍ഷമാണ് ഉയരുന്നത്.

”മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പ്രതികളായ കുട്ടികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കഴിയൂ. നിലവില്‍ ആക്രമണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” – മണിപ്പാല്‍ സബ് ഇന്‍സ്‌പെക്ടര്‍ സിംഗ് ഭഡോറിയ വ്യക്തമാക്കി.

Content Summary: Shocking cruelty in Bhopal: class 10 student stabbed 27 times by peers

Leave a Reply

Your email address will not be published. Required fields are marked *

×