ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസയില്‍ ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം. പതിനായിരകണക്കിന് ആളുകളാണ് ഞായറാഴ്ച ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ നെതന്യാഹു പ്രക്ഷോഭത്തിന് നേരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇത്തരം പ്രക്ഷോഭങ്ങൾ ഹമാസിന്റെ നിലപാട് കൂടുതൽ കടുപ്പിക്കുമെന്നും ബന്ദികളുടെ മോചനം മന്ദഗതിയിലാക്കുമെന്നാണ് നെതന്യാഹുവിന്റെ വാദം. ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണ് പ്രതിഷേധം. തെരുവുകളിലുടനീളം വിസിലുകളും ഹോണുകളും ഡ്രമ്മുകളും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നു. ജെറുസലേമിനും ടെൽ അവീവിനും ഇടയിലുള്ള തെരുവുകളും ഹൈവേകളും തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചു. ബന്ദികളുടെ കുടുംബം ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് നേരത്തെ തന്നെ വിവിധ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ നിന്ന് ബലമായി പത്തു ലക്ഷത്തോളം ആളുകളെ ക്യാംപുകളിലേക്ക് മാറ്റാണ് ഇസ്രയേലിന്റെ തീരുമാനം. എന്നാൽ തങ്ങളുടെ സൈന്യം എപ്പോൾ ഗാസ സിറ്റിയിൽ പ്രവേശിക്കുമെന്ന് ഇസ്രയേൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇസ്രയേൽ ആക്രമണത്തിൽ 61,000ലധികം പലസ്തീനികളാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. 38ഓളം പ്രതിഷേധക്കാരെയാണ് ഇസ്രയേല്‍ പൊലീസ് തടവിലാക്കിയത്. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് വലിച്ച് കൊണ്ടുപോയി. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാൻ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് സംഭവിച്ച ഭീകരത ആവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്. ഗാസയില്‍ നിലവില്‍ 50 ബന്ദികളാണുള്ളത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ വിശ്വാസം.
അതേസമയം, ഗാസയിലുള്ളവരെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാനുള്ള ഇസ്രായേലിൻറെ പദ്ധതിയെ എതിർത്ത് ഹമാസ് രംഗത്തെത്തി. വംശഹത്യയുടെ പുതിയ രൂപമാണ് ഇസ്രായേൽ ഇതിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി .തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനുള്ള ഇസ്രായേലിൻറെ തന്ത്രമാണിതെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
content summary: Tens of thousands of protesters gathered in Tel Aviv, calling for an end to the war in Gaza