June 03, 2026 |
Share on

ഗോശ്രീ പാലത്തിൽ അഴിയാക്കുരുക്ക്: ജനങ്ങളുടെ ദുരിതവും, പാലം പണിയും എന്ന് തീരും?

ഗോശ്രീ രണ്ടാം പാലത്തിൻറെ സമാന്തര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് കാലമേറെയായി

വൈപ്പിൻ, മുളവുകാട് മേഖലകളെ എറണാകുളത്തേക്ക് ബന്ധിപ്പിക്കുന്ന ഗോശ്രീ പാലത്തിലെ അഴിയാക്കുരുക്കിൽ നാളേറെയായി നട്ടം തിരിയുകയാണ് ജനങ്ങൾ. ഗതാഗത കുരുക്കിന് ആശ്വാസമാകുമെന്ന് കരുതുന്ന ഗോശ്രീ രണ്ടാം പാലത്തിൻറെ സമാന്തര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് കാലമേറെയായി. ഇഴഞ്ഞു നീങ്ങുന്ന നിർമാണ പ്രവർത്തനങ്ങളാകട്ടെ എങ്ങുമെങ്ങും എത്താത്ത സ്ഥിതിയാണ്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ മണിക്കൂറുകൾ മുന്നേ തന്നെ വാഹനമെടുത്ത് ഇറങ്ങണമെന്നതാണ് നിലവിലെ ഇവിടുത്തെ അവസ്ഥ. ഏറിയും കുറഞ്ഞും കാണുന്ന മാറ്റമില്ലാത്ത സ്ഥിരം കാഴ്ചയായി ഗതാഗതകുരുക്കും പാലം പണിയും ജനങ്ങൾക്ക് മാറിക്കഴിഞ്ഞു. വിഷയത്തിൽ അഴിമുഖത്തോട് പ്രതികരിക്കുകയാണ് വാർഡ് കൗൺസിലർ ആൻറണി കുരീത്തറ.

‘പകൽ സമയങ്ങളിൽ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്. ആളുകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. എറണാകുളത്തുള്ള ബ്ലോക്ക് കണ്ട് റോ റോ വഴി പോകാൻ നോക്കിയാലോ, അതിലും വലിയ ബ്ലോക്ക് ആണ് അവിടെ. ഫോർട്ടുകൊച്ചി, ചെറായി, വൈപ്പിൻ, എൻഎച്ച് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒരുമിച്ച് പാലത്തിലെത്തുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകൾ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന അവസ്ഥ. ഇത് ജീവൻ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ്. പാലത്തിന്റെ പണിയാകട്ടെ വളരെ മന്ദഗതിയിലാണ്. പണി വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ഗതാഗത കുരുക്കിന് പരിഹാരമാകൂ. അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

വിഷയത്തെക്കുറിച്ച് മുൻ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. രണ്ടു മാസത്തിനുള്ളിൽ പണി തീർക്കുമെന്നാണ് പറഞ്ഞിരുന്നത്. ഈ വാഹനങ്ങളിൽക്കിടയിൽ കൂടിയാണ് കണ്ടെയ്‌നർ ലോഡുകളും പോകുന്നത്. ഡി പി വേൾഡ് കണ്ടയിനർ ടെർമിനലിൽ നിന്നുള്ള ചരക്കുകൾ ആണ് ഇതിൽ പോകുന്നത്, നേരത്തെ സമയക്രമം പാലിച്ചിരുന്ന കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇപ്പോൾ തോന്നിയപോലെ വരുന്നതും പ്രശ്നം വഷളാക്കുന്നു. അവർക്കൊക്കെ സമയം നൽകിയേ മതിയാകൂ. ജോലിക്ക് പോകുന്നവർക്കും, ആശുപത്രിയിലേക്ക് പോകുന്നവർക്കും, സ്‌കൂൾ കുട്ടികൾക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു, വൈകുന്നേരങ്ങളിലും ഇതേ അവസ്ഥയാണ്. മഴക്കാലത്ത് സ്ഥിതി കൂടുതൽ മോശമാകുമെന്നും കൗൺസിലർ പറഞ്ഞു.

‘ഒരു സമാന്തര പാലം രണ്ടാം ഭാഗത്തിന് ഉണ്ടായിരുന്നു. ആ പാലം അടച്ചിട്ടിരിക്കുകയാണ്. പാലത്തിന്റെ പണി അനന്തമായി നീളുകയാണ്. ജനങ്ങൾക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കേണ്ടത് സർക്കാരാണ്. 10 15 കൊല്ലത്തേക്ക് ഒരുമിച്ച് നമ്മൾ നൽകുന്ന നികുതി പണത്തിന്, യാത്ര ചെയ്യാനുള്ള സൗകര്യവും സർക്കാർ ഉറപ്പാക്കേണ്ടതല്ലേ’ വൈപ്പിൻ സ്വദേശിയായ ഫ്രാൻസിസ് ചോദിക്കുന്നു. എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് ഫ്രാൻസിസിനും പറയാനുള്ളത്.

“രാവിലെ തുടങ്ങുന്ന ബ്ലോക്ക് വൈകുന്നേരമാകുമ്പോൾ കൂടുതൽ രൂക്ഷമാകും. ഇതിനിടയിൽ ഒരു വണ്ടി ബ്രേക്ക് ഡൗൺ ആയാൽ പിന്നെ പറയുകയും വേണ്ട! ബോൾഗാട്ടി-എറണാകുളം റൂട്ടിൽ വലിയൊരു പ്രശ്നമാണിത്. ഹൈവേയിൽ നിന്നും വൈപ്പിൻ ഭാഗത്തുനിന്നും വരുന്ന വണ്ടികളെല്ലാം ചേരുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. പാലം അടയ്ക്കുന്നതിനു മുൻപ് തന്നെ ഒന്നാം പാലത്തിൽ വലിയ ബ്ലോക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇരട്ടിയായിരിക്കുകയാണ്. പാലത്തിൽ കുടുങ്ങിയാൽ ബർമുഡ ട്രയാങ്കിളിൽ പെട്ട പോലെയാണ്, മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യ പെട്ട് കിടക്കുക തന്നെ.”

ലുലു കൺവെൻഷൻ സെൻ്ററിൽ പരിപാടികൾ നടക്കുമ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. രണ്ടുമൂന്ന് വർഷം മുൻപ് ഡോക്ടർമാരുടെ ഒരു പരിപാടി ഇവിടെ സംഘടിപ്പിച്ചപ്പോൾ ഒരാഴ്ചയോളമാണ് ഈ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചത്’ ഫ്രാൻസിസ് ഓർത്തെടുത്തു.

എറണാകുളം ബോൾഗാട്ടി പാലത്തിന് സമാന്തരപാലം അത്യാവശ്യമാണ്. ഏതു ഭാഗത്തുനിന്നുള്ള വാഹനമായാലും ഏറ്റവും കൂടുതൽ ഗതാഗതക്കുണ്ടാകുന്നത് ഒന്നാം പാലത്തിലാണ്. പുക്കാടുനിന്നും മുളവുകാട് കണ്ടെയ്‌നര്‍ റോഡിലേക്ക് പാലം നിര്‍മിക്കണമന്ന് ആവശ്യവും ഏറെ നാളായുള്ളതാണെന്ന് ഫ്രാൻസിസ് പറയുന്നു. വൈപ്പിന്‍ സംസ്ഥാന പാതയില്‍ നിലവില്‍ അനുഭവിക്കുന്ന യാത്രക്ലേശം പരിഹരിക്കാന്‍ ഏറ്റവുംനല്ല പരിഹാരമാണ് പുക്കാട് നിന്ന്​ കണ്ടെയ്‌നര്‍ റോഡിലേക്ക് പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ പണി പൂർത്തിയാക്കിയാൽ ഗോശ്രീ പാലത്തിലേക്ക് വരാതെ തന്നെ ആളുകൾക്ക് യാത്ര ചെയ്യാനാകും. ഗോശ്രീ ഐലൻഡ് ഡവലപ്പ്മെൻറ് അതോറിറ്റിയുടെ ഉടമസ്ഥതയിലാണ് പാലം. പ്രതിഷേധങ്ങളും പ്രകടനകളുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പാലം കടക്കാനുള്ള ജനങ്ങളുടെ ദുരിതം പാലം പണിപോലെ എന്ന് തീരും എന്നറിയാത്ത അവസ്ഥയിലാണ്.

content summary: The congestion has been caused by the closure of the parallel bridge of Goshree Second Bridge for maintenance and repair work

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×