June 26, 2026 |

സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ എന്താണിത്ര നിസംഗത?

മതത്തിലും രാഷ്ട്രീയത്തിലുമുള്ള താത്പര്യം സ്ത്രീ സുരക്ഷയുടെ കാര്യത്തിലില്ല

കൊല്‍ക്കത്ത ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന വാര്‍ത്ത നമ്മള്‍ അറിഞ്ഞത് വൈകിയാണ്. അറിഞ്ഞ ശേഷം നമ്മള്‍ അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് അതിലും ഏറെ വൈകിയാണ്.

എന്തു കൊണ്ടായിരിക്കും മനുഷ്യര്‍ക്ക് ഇത്തരം വാര്‍ത്തകളോട് നിസംഗത തോന്നി തുടങ്ങുന്നത്? സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാതെ അതിനോട് പൊരുത്തപ്പെടാന്‍ പഠിക്കുവാണോ നമ്മള്‍ എന്ന് തോന്നി പോകുന്നു. അത് വളരെ ഭയാനകവും ഒരിക്കലും അനുവദിച്ചു കൂടാത്തതുമായ അവസ്ഥയാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ കൂട്ടമായി ആക്രമിക്കപെട്ടപ്പോള്‍ നിശബ്ദനായ പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനം ആയിട്ട് കൂടി ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ സിസ്റ്റം നിന്നത് വേട്ടക്കാരനൊപ്പമാണ് എന്ന് പറയേണ്ടി വരും. കേസ് സിബിഐക്ക് വിടാന്‍ കോടതി ഇടപെടല്‍ ആവശ്യമായി വന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്നതാണ് സിബിഐയെ ഇപ്പോള്‍ കുഴപ്പിക്കുന്നത്.

കേരളത്തില്‍ നാലു വര്‍ഷമായി പൂഴ്ത്തി വയ്ക്കപ്പെട്ട സുപ്രധാനമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. സ്ത്രീപക്ഷ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന് എന്നവകാശപ്പെടുന്ന ഗവണ്‍മെന്റ് എന്തിനാണ് നാലു വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാതെ പിടിച്ചുവച്ചത് എന്നതും ഉത്തരം ആവശ്യമായ ചോദ്യം ആണ്.

ഇവിടെയെല്ലാം കാണുന്ന പൊതുവായ കാര്യം പ്രതി ആക്കപ്പെട്ടവര്‍ ആരാണെന്നു നോക്കി നിലപാടുകള്‍ എടുക്കുന്ന സിസ്റ്റത്തിനെ ആണ്. സ്ത്രീകള്‍ കൊല്ലപ്പെടുന്നതോ ആക്രമിക്കപെടുന്നതോ അല്ല ഇവര്‍ക്ക് മുന്നിലെ പ്രധാന പ്രശ്‌നം. പ്രതി സ്ഥാനത്തുള്ളവരുടെ രാഷ്ട്രീയം, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം ഇതൊക്കെ ആണ് പ്രധാന പ്രശ്‌നം.

നമ്മുടെ രാജ്യം 78 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിട്ട് ഏതാനും ദിവസങ്ങളെ പിന്നിടുന്നുള്ളൂ. ഇപ്പോഴും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നമുക്ക് ഉണ്ടായിട്ടുണ്ടോ? രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍, അവരുടെ സുരക്ഷ ഇത് വരെ ഉറപ്പാക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ടോ? തുടര്‍ച്ചയായി 36 മണിക്കൂര്‍ ആണ് ഈ മെഡിക്കല്‍ കോളേജില്‍ ‘അഭയ’ ക്ക് ജോലി ചെയ്യേണ്ടതായി വന്നത്. ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കാന്‍ സെമിനാര്‍ റൂമിലാണ് അവര്‍ കിടന്നത്. അവിടെ സിസിടിവി പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. മറ്റുള്ളവര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ആ മുറിയിലേക്ക് പ്രതിയായ സഞ്ജയ് റായ്ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു എന്നതും വലിയ സുരക്ഷ വീഴ്ചയാണ്. ശരീരം ആസകലം മുറിവുകള്‍ ഉണ്ടായിരുന്ന അഭയയുടെ ബോഡി കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കൊലപാതകം ആണെന്ന് ആര്‍ക്കും മനസ്സിലാകും എന്നിരിക്കെ പോലീസ് ആദ്യം പറഞ്ഞത് അതൊരു ആത്മഹത്യ ആണെന്നാണ്. കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആത്മഹത്യയാക്കി അന്വേഷണം അവസാനിപ്പിച്ചേനെ. നീതി കിട്ടും വരെ കുടുംബത്തിന് ഒപ്പം നില്‍ക്കാന്‍ ഡോക്‌ടേഴ്‌സ് ഫ്രറ്റേണിറ്റിയും ഉണ്ട്. അവര്‍ ശക്തമായ സമരത്തിലാണ്. ഏത് സിസ്റ്റം എതിരെ നിന്നാലും നീതി കിട്ടും വരെ അവര്‍ തെരുവിലിറങ്ങും.

ഈ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. പ്രതികരിച്ചവരെ നിശബ്ദമാക്കാന്‍ പൊലീസ് പലര്‍ക്കെതിരെയും കേസ് എടുത്തു. എന്നിട്ടും സോഷ്യല്‍ മീഡിയ ഇപ്പോഴും പ്രതികരിക്കുന്നു. മറ്റൊരു വശത്തു ഫേക്ക് ന്യൂസ് ഇറക്കി തെറ്റായ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നുണ്ട്, ‘അഭയ’യുടെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും പ്രചരിപ്പിക്കുന്നുണ്ട്. ഈ കേസും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ചിലരുടെ ചിന്ത.

2012 നിര്‍ഭയ കേസിനു ശേഷം ശക്തമായ നിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇപ്പോഴും എല്ലാ കേസുകളിലും മതിയായ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ക്ക് കഴിയുന്നില്ല എന്നത് പ്രതികളെ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന കാര്യമാണ്. ഇത് സിസ്റ്റത്തിന്റെ പരാജയമാണ് കാണിക്കുന്നത്. ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നതും ക്രിമിനല്‍സിനെ സൃഷ്ടിക്കാന്‍ അല്ലാതെ വേറെന്തിനാണ് ഉപകരിക്കുക? മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന താല്പര്യം എന്തു കൊണ്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നമ്മള്‍ കാണിക്കുന്നില്ല എന്നത് വേദനജനകമായ അവസ്ഥ ആണെന്നും പറയാതിരിക്കാന്‍ വയ്യ!  kolkata doctor rape and murder case, atrocities against women and societies reactions

Leave a Reply

Your email address will not be published. Required fields are marked *

×