‘അന്നേരമേ പറഞ്ഞില്ലേ സാറേ എന്റെ പപ്പായ്ക്ക് വയ്യെന്ന്, എന്നിട്ടും ഇടിച്ചില്ലേ, ഇപ്പോള്‍ എന്റെ പപ്പാ പോയി…’ സ്വന്തം പിതാവിന്റെ മരണത്തില്‍ മനംനൊന്തുള്ള ഒരു പെണ്‍കുട്ടിയുടെ വിലാപമാണിത്. അവളുടെ കണ്ണീരില്‍ നനഞ്ഞ ചോദ്യങ്ങള്‍ പൊലീസിനോടാണ്; മറുപടി പറയേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പും.
ഭരണം മാറിയാലും പൊലീസ് മാറില്ല എന്നത് വെറുമൊരു ആക്ഷേപമല്ല, യാഥാര്‍ത്ഥ്യമാണ്. ക്രമസമാധാന പാലകര്‍ തന്നെ നിയമം കൈയിലെടുക്കുകയും മൂന്നാംമുറ പ്രയോഗിച്ച് സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് കേരളത്തില്‍ അവസാനമുണ്ടാകുന്നില്ല. കൊല്ലം കുണ്ടറയില്‍ ഒരു കുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് (42) എന്ന യുവാവ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തെ ദാരുണ സംഭവം.
നാട്ടിലെ ഒരു കുട്ടിയെ കാണാതായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ പൊലീസ് സിയാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. കേസുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പ്രാഥമിക തെളിവുകളൊന്നുമില്ലാതെയായിരുന്നു ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് സി.പി.ഒ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സിയാദിനെ ശാരീരികമായി ഉപദ്രവിച്ചതായി കുടുംബം ആരോപിക്കുന്നു.
കസ്റ്റഡിയില്‍ വെച്ച് വാരിയെല്ലിനടക്കം ഏറ്റ ക്രൂരമായ മര്‍ദ്ദനത്തില്‍ സിയാദിന്റെ ശാരീരികസ്ഥിതി വഷളാവുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സിയാദിന്റെ മകള്‍ കുണ്ടറ സ്റ്റേഷനിലെ സി.പി.ഒയെ ഫോണില്‍ വിളിച്ച് പൊട്ടിക്കരയുന്ന ശബ്ദരേഖ പുറത്തുവരുന്നതും സംഭവം വലിയ ജനശ്രദ്ധ നേടുന്നതും.
കാണാതായ കുട്ടി രാവിലെ തിരികെ എത്തിയതോടെ കേസില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമായി സിയാദിനെ വിട്ടയച്ചെങ്കിലും, കസ്റ്റഡിയിലിരിക്കെ ഏറ്റ മര്‍ദ്ദനമേല്‍പ്പിച്ച ആഘാതമാണ് ഇയാളെ മരണത്തിലേക്ക് നയിച്ചത്. കേവലം ഒരു സംശയത്തിന്റെ മാത്രം പേരില്‍ ഒരാളെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നടപടി കേവലം ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയല്ല; മറിച്ച്, പൊലീസില്‍ ഇന്നും കൊളോണിയല്‍ കാലഘട്ടത്തിലെ അടിച്ചമര്‍ത്തല്‍ മാനസികാവസ്ഥ നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ്.
തുടര്‍ക്കഥയാകുന്ന പൊലീസ് അതിക്രമങ്ങള്‍
കേരള പൊലീസിനെതിരെ ഉയരുന്ന പരാതികള്‍ പരിശോധിച്ചാല്‍ ഇത്തരം അതിക്രമങ്ങള്‍ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിലും ശാസ്ത്രീയ അന്വേഷണ രീതികളിലും ഏറെ മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴും, അന്വേഷണങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നേരെ ഇപ്പോഴും ‘തേഡ് ഡിഗ്രി’ തന്നെയാണ് പ്രയോഗിക്കപ്പെടുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 നല്കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ പതനവും പരമോന്നത കോടതിയുടെ ഉത്തരവുകളുടെ പരസ്യമായ ലംഘനവുമാണ് ഇവിടെ സംഭവിക്കുന്നത്.
ഇത്തരം ക്രൂരതകളിലെ ഏറ്റവും വലിയ വിരോധാഭാസം സംഭവങ്ങള്‍ക്ക് ശേഷമുള്ള അന്വേഷണ രീതികളാണ്. ഇത്തരം അതിക്രമങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ പൊതുജനരോഷം തണുപ്പിക്കാന്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യും. എന്നാല്‍ മാസങ്ങള്‍ക്കകം ഇവര്‍ നിശബ്ദമായി സര്‍വീസില്‍ തിരിച്ചെത്തുന്നു. പൊലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ അന്വേഷിക്കാന്‍ പൊലീസിനെ തന്നെ ചുമതലപ്പെടുത്തുമ്പോള്‍, സ്റ്റേഷന് ഡയറികള്‍ തിരുത്താനും സി.സി.ടി.വി ദൃശ്യങ്ങള്‍ മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനും എളുപ്പത്തില്‍ സാധിക്കുന്നു.
പൊലീസിന്റെ വീഴ്ച്ച
ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും നടപടിക്രമങ്ങളും ഈ കേസില്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടു. സുപ്രീം കോടതിയുടെ ചരിത്രപരമായ ഡി.കെ. ബസു കേസ് വിധിന്യായ പ്രകാരം ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ ജനറല്‍ ഡയറിയില്‍ (ജിഡി) വിവരങ്ങള്‍ രേഖപ്പെടുത്തുകയും, അറസ്റ്റ് മെമ്മോ തയ്യാറാക്കുകയും, ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ അനൗദ്യോഗികമായി തടഞ്ഞുവെച്ച് വിട്ടയച്ചത് നിയമവിരുദ്ധമായ തടഞ്ഞുവെക്കലിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിനുപുറമെ, പരിക്കേറ്റ സിയാദിന് ആവശ്യമായ വൈദ്യസഹായം നല്‍കാതെ വിട്ടയച്ചതും ഗുരുതരമായ ഔദ്യോഗിക വീഴ്ചയാണ്.
ചുമത്തപ്പെടാവുന്ന കുറ്റങ്ങളും ശിക്ഷകളും
കുടുംബത്തിന്റെ ആരോപണങ്ങളും പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും തെളിയിക്കപ്പെട്ടാല്‍, ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം താഴെ പറയുന്ന വകുപ്പുകള്‍ ചുമത്താം:
നിയമപരമായ തുടര്‍നടപടികള്‍
സിയാദിന്റെ മരണം മര്‍ദ്ദനം മൂലമാണെന്ന് വ്യക്തമായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകം (ബിഎന്‍സ് സെക്ഷന്‍ 103(1)) അല്ലെങ്കില്‍ കൊലപാതകമല്ലാത്ത സദൃശമായ നരഹത്യ (ബിഎന്‍സ് സെക്ഷന്‍ 105) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. കൊലപാതക കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാം.
കുറ്റസമ്മതത്തിനോ വിവരങ്ങള്‍ ശേഖരിക്കാനോ ആയി ക്രൂരമായി പരിക്കേല്‍പ്പിച്ചതിന് ബിഎന്‍എസ് സെക്ഷന്‍ 118, 120(1) എന്നിവ പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്താം. വ്യക്തിയെ നോട്ടീസ് നല്കതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും തടഞ്ഞുവെച്ചതിന് ബിഎന്‍സ് സെക്ഷന്‍ 127 പ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍, ജി.ഡി എന്‍ട്രികള്‍ എന്നിവയില്‍ തിരിമറി നടത്തിയാല്‍ ബിഎന്‍എസ് സെക്ഷന്‍ 238 പ്രകാരം അധിക കുറ്റവും നിലനില്ക്കും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 176(1എ) പ്രകാരം കസ്റ്റഡി മരണങ്ങളില്‍ നിര്‍ബന്ധമായും ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും പോസ്റ്റ്മോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കുകയും വേണം.
പൊലീസുകാര്‍ കുറ്റാരോപിതരായ ഈ കേസ് ക്രൈംബ്രാഞ്ചിനോ സ്വതന്ത്ര ഏജന്‍സിക്കോ വിടുകയാണ് വേണ്ടത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും കുറ്റം തെളിഞ്ഞാല്‍ പിരിച്ചുവിടാനും നിയമമുണ്ട്. കൂടാതെ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയോ പരാതി പരിഹാര അതോറിറ്റിയുടെയോ ഇടപെടല്‍ വഴി ഇരയുടെ കുടുംബത്തിന് വലിയ തുക നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്.
ജനരോഷം ഉയരുമ്പോള്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നത് ഭരണാധികാരികളുടെ സ്ഥിരം പല്ലവിയാണ്. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാനാണ് ആഭ്യന്തര വകുപ്പ് ഇപ്പോഴും തയ്യാറാകുന്നതെങ്കില്‍ സാധാരണക്കാര്‍ ഇനിയും ഭയക്കേണ്ടതുണ്ട്. മറിച്ച് ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിലാണ് സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയെങ്കില്, ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സ്ഥിരമായി പിരിച്ചുവിടാനും നഷ്ടപരിഹാരം കുറ്റക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും തക്കവണ്ണം നടപടികള്‍ കടുപ്പിക്കേണ്ടതുണ്ട്.
Content Summary; A 42-year-old man, Siyad, died in Kollam following alleged custodial torture by Kundara police. Kerala Police
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.