കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകവിവാദം: ‘തന്ത്രിമാര്‍ വിട്ടുനിന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും’ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍

പൂജകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടിലാണ് തന്ത്രിമാര്‍

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചെങ്കിലും തന്ത്രിമാരുടെ കത്ത് ചര്‍ച്ചയാകുന്നു. മലയാളമാസം ഒന്നാം തീയതിയാണ് വിശേഷ പൂജയ്ക്കായി തന്ത്രിമാര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എത്തുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ പൂജകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടിലാണ് തന്ത്രിമാര്‍. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് കത്ത് കൊടുത്തതായാണ് വിവരം. അനുരാഗ് കഴക ജോലിയില്‍ പ്രവേശിച്ചതിനെ പിന്നാലെയാണ് കത്ത് നല്‍കിയത്.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പൂജകളില്‍ നിന്നും തന്ത്രിമാര്‍ വിട്ടുനിന്നാല്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ സികെ ഗോപി അഴിമുഖത്തോട് പ്രതികരിച്ചു. ‘ദേവസ്വം ബോര്‍ഡ് കമ്മിറ്റി ചേര്‍ന്ന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതോടൊപ്പം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും’ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അനുരാഗിന് മുമ്പ് ബി​എ ബാലു കഴക്കക്കാരനായി നിയമിക്കപ്പെട്ട സമയത്ത് തന്ത്രിമാരുടെ പൂജയ്ക്ക് മൂന്ന് മണിക്കൂര്‍ മുമ്പായിരുന്നു ദേവസ്വം ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയത്. അതുകൊണ്ട് തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനും ക്ഷേത്രം ഭാരവാഹികള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കന്നി മാസം ഒന്നാം തീയതിയായ ചൊവ്വാഴ്ച പൂജകളില്‍ നിന്ന് തന്ത്രിമാര്‍ വിട്ടുനില്‍ക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

അതേസമയം, അനുരാഗിന്റെ നിയമനത്തില്‍ ക്ഷേത്രം ഭരണസമിതിയെ അഭിനന്ദിച്ച് കൊണ്ട് മന്ത്രി ആര്‍ ബിന്ദുവും സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയുള്ള നിയമനത്തില്‍ കോടതി നടത്തിയ ഇടപെടല്‍ ഭരണഘടനയുടെ ഊര്‍ജ്ജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ളതാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ക്ഷേത്ര ഭരണസമിതി നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യത്തെ പ്രവര്‍ത്തികമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.

”വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ജോലി ഇല്ലാതിരുന്ന കാലത്ത് വലിയ പ്രയാസങ്ങളൊക്കെ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞു” അനുരാഗ് അഴിമുഖത്തോട് പ്രതികരിച്ചു.

”മുന്നോട്ട് വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ആരോടും വിദ്വേഷമോ വിരോധമോ ഇല്ലെന്നും എന്തെങ്കിലും തരത്തില്‍ പ്രയാസമുണ്ടായാല്‍ നിയമപരമായി തന്നെ നേരിടുമെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 11 നാണ് ഈഴവ സമുദായത്തില്‍പ്പെട്ട കെഎസ് അനുരാഗ് കഴകക്കാരനായി നിയമിതനാകാനുള്ള അഡ്വസ് മെമ്മോ ലഭിച്ചത്. എന്നാല്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാകും വരെ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടായിരുന്നു അനുരാഗ് കഴകക്കാരനായി ജോലിയില്‍ പ്രവേശിച്ചത്.

അനുരാഗിന്റെ നിയമനം ചോദ്യംചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. Koodalmanikyam Temple duties; the Devaswom Board will find alternatives

Content Summary: Koodalmanikyam Temple duties; the Devaswom Board will find alternatives

This post was last modified on September 16, 2025 4:43 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment