കേരള തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാകില്ലെന്ന് കുഫോസ് (KUFOS – കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) പ്രൊഫസറും ചെയർമാനുമായ ഡോ. വി.എൻ. സഞ്ജീവൻ.
എംഎസ് സി എൽസ 3 കപ്പലിൽനിന്നുള്ള ഇന്ധനച്ചോർച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയതായി കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയുടെ (സിഎംഎൽആർഇ) പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിഎംഎൽആർഇയുടെ റിപ്പോർട്ടിലെ വിവരങ്ങൾ അത്രത്തോളം ഗുരുതരമല്ലെന്ന് അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.
സിഎംഎൽആർഇയുടെ പഠനം നടക്കുന്നത് 2025 ജൂൺ 2 മുതൽ 2025 ജൂൺ 12 വരെയുള്ള കാലയളവിലാണ്. ആ സമയത്ത് കപ്പൽ മുങ്ങിയ ഭാഗത്ത് കുറച്ച് എണ്ണ പടർന്നിരുന്നു. എന്നാൽ അതിനുശേഷം എണ്ണയൊന്നുമില്ല. റിപ്പോർട്ടിൽ പറയുന്ന തരത്തിൽ ഗുരുതരമായ പ്രതിസന്ധിയുള്ളതായി കരുതുന്നില്ല. പ്രജനന കാലമായിരുന്നതിനാൽ, സിഎംഎൽആർഇ റിപ്പോർട്ടിൽ മീൻമുട്ടകൾ നശിച്ചെന്നും ചില സൂക്ഷ്മജീവികൾ അപ്രത്യക്ഷമായെന്നും പറയുന്നുണ്ട്.
എന്നാൽ ഇതിന്റെ പ്രധാന കാരണം ഇന്ധനച്ചോർച്ച ആകണമെന്നില്ല. കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളിൽ ചിലതിൽ പ്ലാസ്റ്റിക് പെല്ലറ്റുകളും ചിലതിൽ നീറ്റുകക്കയും (ലൈം) ഉണ്ടായിരുന്നു. നീറ്റുകക്ക വെള്ളത്തിൽ കലരുമ്പോൾ കടൽജലത്തിന്റെ അമ്ലത (പിഎച്ച്) വർധിക്കും. മീൻമുട്ടകൾ നശിച്ചത് ഈ അമ്ലതയിലുണ്ടായ വ്യതിയാനം കാരണമാകാം. മീൻമുട്ടകൾ നശിക്കാൻ മറ്റ് നിരവധി ഘടകങ്ങൾ കാരണമാകാം എന്നും അദ്ദേഹം പറഞ്ഞു.
എൽസ 3 കപ്പലിൽനിന്ന് 365 ടൺ ഡീസൽ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ ഈ ഡീസൽ ചോരുന്നുമില്ല. ഇത്രയും കുറഞ്ഞ അളവിലുള്ള ഇന്ധനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവില്ല. ഒരു ഓയിൽ ടാങ്കർ മുങ്ങിയാൽ മാത്രമേ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകൂ. കടൽജലത്തിന്റെ സാധാരണ pH നില 7.5 നും 8.4 നും ഇടയിലാണ്. അമ്ലത 8 പി.എച്ചിന് താഴെയാണ് നിലവിൽ രേഖപ്പെടുത്തിയത്. ഇത് വലിയൊരു പ്രശ്നമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
മത്സ്യസമ്പത്തിന് ഭീഷണിയോ?
നിലവിൽ വലിയ ആശങ്ക വേണ്ടെങ്കിലും, അടുത്ത വർഷം മത്സ്യലഭ്യതയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോ. സഞ്ജീവൻ അഭിപ്രായപ്പെടുന്നു. അടുത്ത വർഷം അയലയും മത്തിയും കുറയാൻ സാധ്യതയുണ്ട്. കാരണം, ഈ മത്സ്യങ്ങളുടെ മുട്ടകൾ വലിയ തോതിൽ നശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ മുട്ടകൾ നശിച്ചത് കപ്പൽ മുങ്ങിയതുകൊണ്ട് മാത്രമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംഎൽആർഇയുടെ റിപ്പോർട്ട് അമിതമായി ഊതിപ്പെരുപ്പിച്ചതാണെന്ന് ഡോ. സഞ്ജീവൻ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടിൽ പറയുന്നത്ര പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഓരോ ലോഹത്തിന്റെയും രാസവസ്തുക്കളുടെയും വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ വെള്ളത്തിന്റെ അമ്ലത മാത്രം പരിശോധിച്ചാൽ മതി. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണ് സിഎംഎൽആർഇ. ഫോർവ് സാഗർ സമ്പദ (FORV Sagar Sampada) എന്ന ഗവേഷണ കപ്പലാണ് ഈ പഠനത്തിനായി സിഎംഎൽആർഇ ഉപയോഗിച്ചത്.
content summary: KUFOS Professor Disputes CMLRE Report on Environmental Impact
Leave a Comment