വർഷങ്ങളോളം 13 സംസ്ഥാനങ്ങളിലെ പൊലീസ് ഡിപ്പാർട്ട്മെന്റിനെ സമ്മർദ്ദത്തിലാക്കിയ തട്ടിപ്പുവീരൻ അജയ്. കെ അഥവാ കുരപ്പതി അജയ് ഒടുവിൽ ബിധാന്നഗർ പൊലീസിന്റെ വലയിലായി. ബംഗാൾ പൊലീസിലെ ബിധാനഗർ പൊലീസ് കേരളത്തിൽ വെച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് കുറ്റവാളിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അജയിയെ പൊലീസ് പിടികൂടിയത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഹോട്ടലുകളിൽ താമസിച്ച് ആളുകളെ പരിചയപ്പെടുകയും അവരുടെ വിശ്വാസം നേടിയെടുത്ത് ഭവനങ്ങളിലെത്തി മോഷണം നടത്തുകയും സൈബർ തട്ടിപ്പുകളിലൂടെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നതാണ് അജയുടെ രീതി. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വർഷങ്ങളായി പൊലീസിനെ കബളിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ നിയമസംരക്ഷണ ഏജൻസികൾക്ക് തലവേദനയായ വ്യക്തി, എന്നാണ് ഇന്ത്യയിലെ പൊലീസ് ഡിപ്പാർട്ട്മെൻ്റ് അജയിയെ വിശേഷിപ്പിച്ചിരുന്നത്. 25 വയസ് മാത്രം പ്രായമുള്ള അജയ്. കെ ബെംഗളൂരു സ്വദേശിയായാണ്. കുടുംബത്തിൽ നിന്നും അകന്ന് ജീവിക്കുന്ന ഒരു വ്യക്തിയാണിയാൾ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. പല വർഷങ്ങളായി പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ആഡംബരജീവിതം നയിച്ചിരുന്ന അജയ് സൈബർ തട്ടിപ്പുകളിലൂടെ സമ്പാദിച്ച പണത്തിലാണ് ജീവിച്ചിരുന്നത്. രാജ്യത്തുടനീളം 13 മുതൽ 14 വരെ എഫ്.ഐ.ആറുകൾ അജയിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എതിക്കൽ ഹാക്കിങ്ങിൽ പരിശീലനം നേടിയിരുന്ന അജയ്, വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും നിർമിച്ചായിരുന്നു തട്ടിപ്പ് നടത്തിയുരുന്നത്.
മെട്രോ നഗരങ്ങളിലെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും താമസിച്ച് പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്ന അജയ്, പിന്നീട് അവരുടെ മൊബൈൽ, ലാപ്‌ടോപ്പ്, പേഴ്സ് തുടങ്ങിയവ മോഷ്ടിച്ച് കടന്നുകളയുന്നു. തുടർന്ന് മറ്റുള്ളവരുടെ ഫോണുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നു. ഇതാണ് കുറ്റവാളിയുടെ കുറ്റകൃത്യത്തിൻ്റെ രീതി.
ചിലപ്പോഴൊക്കെെ പ്രതി മോഷ്ടിച്ച ഉപകരണങ്ങൾ ഉപയോഗം തീർന്ന ശേഷം കൊറിയർ വഴി തിരിച്ചയയ്ക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കും. ഓരോ മോഷണത്തിനും ശേഷം സിം കാർഡുകളും ആധാർ കാർഡുകളും ഉപേക്ഷിക്കുന്നു. ഒരേ സമയം നിരവധി ഫോണുകൾ അജയ് ഉപയോഗിക്കാറുണ്ട്. വ്യാജ പേരിൽ പല സിം കാർഡുകളും എടുക്കും. മറ്റുള്ളവരുടെ ഫോണുകൾ മോഷ്ടിച്ച് ഒറ്റിപി വഴി ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത് പതിവായിരുന്നു. വ്യാജ തിരിച്ചറിയലുകൾ ഉപയോഗിച്ച് വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും നടത്താറുണ്ടായിരുന്നു, അതിനാൽ പ്രതിയെ പിടികൂടാൻ വളരെ ബുദ്ധിമുട്ടായിരുന്നു, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“മാസ്റ്റർ ഓഫ് സെൽഫ്-റീഇൻവെൻഷൻ എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. അജയിയെ പിടികൂടാനായി പല സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു.
ജൂലൈ 29-ന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ബിധാന്നഗർ പൊലീസ് നിലവിൽ അജയിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിനയ് കുമാർ എന്ന വ്യക്തിയുടെ ഫോൺ, പേഴ്സ്, ലാപ്‌ടോപ്പ് എന്നിവ ഗസ്റ്റ്ഹൗസിൽ നിന്ന് മോഷ്ടിച്ച ശേഷം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ വിലവരുന്ന സ്വർണം വാങ്ങുകയും ഡെബിറ്റ് കാർഡിലൂടെ പണം പിൻവലിച്ച് പുതിയ ഫോൺ വാങ്ങുകയും ചെയ്തു. മൊത്തത്തിൽ 50 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി അജയ് സ്വന്തമാക്കിയത്.
Content Summary: luxurious life through cyber fraud, Kurapati Ajay who searched 13 states arrested in Kerala
This post was last modified on October 28, 2025 2:56 pm
Leave a Comment