UPDATES

ഒരുമിച്ചുറങ്ങി, ഉണർന്നപ്പോൾ അവരില്ല

കുവൈറ്റ് തീപിടുത്തത്തിൽ രക്ഷപ്പട്ട മലയാളി

                       

ഒരു പകൽ തനിക്കൊപ്പം ചെലവഴിച്ചവരെ ഇരുട്ടി വെളുക്കും മുൻപ് നഷ്ട്ടപെട്ടതിന്റെ വേദനയിലാണ് ശരത്. തനിക്ക് ചുറ്റുമുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും, ജീവൻ കൈ എത്തിപ്പിടിക്കാൻ സാധിച്ച നിമിഷത്തിനേക്കാളും ശരത്തിനെ വേട്ടയാടുന്നത് തനിക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ വിയോഗമാണ്. കുവൈറ്റിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഫ്ളാറ്റിന് പുറത്തേക്ക് ചാടി രക്ഷപെട്ട മലപ്പുറം സ്വദേശി ശരത് തന്റെ അനുഭവം അഴിമുഖവുമായി പങ്കുവയ്ക്കുന്നു. Kuwait fire escape

”ഞാൻ ആദ്യം മറ്റൊരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 2 മാസമായി എൻബിടിസി കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. എല്ലാ ദിവസത്തെയും പോലെ അന്നും ജോലിക്ക് ശേഷം തിരികെ മുറിയിലെത്തിയതായിരുന്നു. ഉറക്കത്തിനിടക്കാണ് കൂടെ താമസിക്കുന്ന പത്തനംതിട്ടക്കാരനായ അനിലേട്ടൻ തട്ടി വിളിക്കുന്നത്. ശബ്ദം കേട്ട് റൂമിലെ ഡോർ തുറന്നതും പുക ഉള്ളിലേക്ക് അടിച്ചു തുടങ്ങി.

തീ പിടിച്ചതും കാണാനുണ്ടായിരുന്നു. ഒപ്പം കുറച്ചു പേർ താഴേക്ക് പോകാനായി ശ്രമിച്ചിരുന്നു. പുകക്കൊപ്പം ഇരുട്ടുമൂടി കിടന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിഞ്ഞില്ല. ചുറ്റിനും നിന്നിരുന്ന ആരൊക്കെയോ കുഴഞ്ഞു വീണു തുടങ്ങിയിരുന്നു, ആ അളവിലാണ് പുക അടിച്ചിരുന്നത്. ചുറ്റിനുമുള്ള ഭാഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ കൂടി കേട്ടതോടെ രക്ഷപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ലെന്ന് തോന്നി തുടങ്ങി. പുക അസഹ്യമായതോടെ തിരികെ റൂമിലെത്തി ശരീരം പുതപ്പ് കൊണ്ട് മൂടി. ചുഴലിക്കാറ്റിന് സമാനമായാണ് പുക അടിച്ചുകൊണ്ടിരുന്നത്. ശ്വാസം മുട്ടിയതോടെയാണ് കർട്ടൻ കൊണ്ട് മറച്ചിരുന്ന റൂമിലെ ജനൽ തുറക്കുന്നത്.

കുറിച്ചെങ്കിലും ആശ്വാസം തോന്നി തുടങ്ങി, അനിലേട്ടൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്നവരെയും ഗ്യാപ്പിലേക്ക് വിളിച്ചു, ഒരുതരത്തിലും രക്ഷപ്പെടാൻ മാർഗമില്ലാതെ കുടുങ്ങിയെന്ന തോന്നൽ ശക്തമായതോടെയാണ് ജനലിലൂടെ പുറത്തേക്ക് ചാടിയത്. അഞ്ചാം നിലയിൽ നിന്ന് പോലും ആളുകൾ എടുത്തു ചാടുന്നത് കണ്ടിരുന്നു, ചാടിയതോടെ കാലിന് പരിക്കേറ്റെന്ന് തോന്നി, എഴുന്നേൽക്കാനായി തുനിയുമ്പോഴായിരുന്നു  പിന്നാലെ ചാടിയ ആൾ എന്റെ പുറത്തേക്ക് വീഴുന്നത്, ബോധം പോകുന്നതിന് മുൻപ് കണ്ട അവസാന കാഴ്ച ജീവനുവേണ്ടിയുള്ള നിലവിളകളും, ജനിലിന് പുറത്തേക്ക് നിന്നിരുന്ന കാലുകളുമായിരുന്നു.” എല്ലിന് ക്ഷതം സംഭവിച്ച ശരത് ആശുപത്രയിൽ ചികത്സയിലാണ്.

വീട് പണിയുടെ തിരക്കിൽ ആയിരുന്ന ശരത്തിന്റെ അമ്മ ശാരദ വിവരമറിയുന്നത് ശരത് നേരിട്ട് ഹോസ്പിറ്റലിൽ നിന്ന് വിളിക്കുമ്പോഴായിരുന്നു. വീഡിയോ കോൾ  ചെയ്ത് ശരത് തന്നെ അമ്മയെ തന്റെ ആരോഗ്യസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അവധിക്ക് നാട്ടിൽ നിന്ന് പോയ ശരത് പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളുവെന്ന് ശാരദ പറയുന്നു. രണ്ടാം നിലയിലാണ് ശരത് താമസിച്ചിരുന്നത്, അത് രക്ഷപ്പെടാൻ തുണയായി, മകൻ രക്ഷപ്പെട്ടതിൽ ആശ്വാസം തോന്നുന്നുണ്ട്.

അതേ സമയം ദുരന്തത്തിൽ നിന്ന് രക്ഷെപ്പെടാനാകത്തവരെ കുറിച്ചുള്ള കഠിനമായ വ്യഥയും അവരുടെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഉറ്റവർക്ക് വേണ്ടി നാടും വീടും വിട്ടുപോയവർക്ക് എന്തുകൊണ്ട് ഈ വിധി നൽകിയെന്നും ശാരദ ചോദിക്കുന്നു. അപകടത്തിൽ മരിച്ചവർക്കും, കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം; ഇതുപോലുള്ള ദുരന്തങ്ങൾ ഇനി അവർത്തിക്കപ്പെടരുതെന്നും ആ അമ്മ പറഞ്ഞുനിർത്തുന്നു.

മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ജൂൺ 12 നായിരുന്നു അഗ്നിബാധയുണ്ടാകുന്നത്. ദുരന്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ജൂൺ 14 ന് കൊച്ചി വിമാനത്താവളത്തിൽ പത്തരയോടെ എത്തിയിരുന്നു.

Content summary; Employee describing the horror of Kuwait building fire  Kuwait fire escape

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍