സീസൺ അവസാനത്തോടെ പാരീസ് സെൻ്റ് ജെർമെയ്ൻ വിടുമെന്ന് കിലിയൻ എംബാപെ. താരം പിഎസ്ജി വിടുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി നടന്നുകൊണ്ടിരുന്ന ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ടാണ് എംബാപെയുടെ സ്ഥിരീകരണം. kylian mbappe leaving psg
‘പാരീസ് സെൻ്റ് ജെർമെയ്‌നിലെ എൻ്റെ അവസാന വർഷമാണിതെന്ന് എല്ലാവരെയും ഞാൻ അറിയിക്കുകയാണ്. പിഎസ്ജിയുമായുള്ള എന്റെ കരാർ ഇനിയും നീട്ടാൻ ആഗ്രഹിക്കുന്നില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ പാരീസ് സെന്റ് ജെർമെയ്നുമൊത്തുള്ള എന്റെ സാഹസിക യാത്രയ്ക്ക് അവസാനമാവുകയാണ്. പാർക് ഡെസ് പ്രിൻസസിലേത് എൻ്റെ അവസാന മത്സരമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വളരെ ബുദ്ധിമുട്ടേറിയതാണ്, പക്ഷെ ഇത് അനിവാര്യമാണ്. ഏഴ് വർഷത്തിന് ശേഷം ഒരു പുതിയ യാത്രക്ക് ഒരുങ്ങുകയാണ്.’ എന്നാണ് ക്ലബ്ബിൻ്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് എംബാപെ വീഡിയോയിൽ പറഞ്ഞത്.
പിഎസ്ജിയിലെ തൻ്റെ മാനേജർമാർക്കും, സഹതാരങ്ങൾക്കും ഒപ്പം ബാക്ക്റൂം സ്റ്റാഫിനും എംബാപെ വീഡിയോയിൽ നന്ദി രേഖപ്പെടുത്തുന്നുണ്ട്.
വീഡിയോയിൽ ആരാധകരെ അദ്ദേഹം പ്രത്യേകം ഓർക്കാനും എംബാപെ മറന്നിട്ടില്ല. ‘നിങ്ങൾ എല്ലാവരും എനിക്ക് തന്ന സ്നേഹം അത്രമേൽ വലുതായിരുന്നു’ എന്നാണ് എംബാപെ തന്റെ ആരാധകരോട് പറഞ്ഞത്.
പിഎസ്ജിക്കായി 306 മത്സരങ്ങളിൽ നിന്ന് 255 ഗോളുകളും 108 അസിസ്റ്റുകളും എംബാപെക്ക് നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിൽ, 26 ഗോളുകളുമായി അദ്ദേഹം ലീഗ് സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു. 2023 ജൂണിൽ തന്നെ , കിലിയൻ എംബാപെ പിഎസ്ജിയുമായുള്ള കരാർ നീട്ടുന്നില്ലെന്ന് അറിയിച്ചിരുന്നു.
സൗദിയുടെ അൽ ഹിലാൽ എസ്എഫ്സിയിൽ നിന്നുള്ള റെക്കോർഡ് തുകയായ 259 മില്യൺ പൗണ്ടിന്റെ ( 27,10,02,25,399.10 ഇന്ത്യൻ രൂപ ) വമ്പൻ അവസരം അദ്ദേഹം നിരസിച്ചിരുന്നു. എംബാപെയുടെ കൂറുമാറ്റം റയൽ മാഡ്രിലേക്കാണ് എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് തോറ്റതോടെ ലീഗ് ഫൈനലിൽ സ്പാനിഷ് വമ്പന്മാരെ നേരിടാനുള്ള അവസരം പിഎസ്ജിക്ക് നഷ്ടമാവുകയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ആദ്യമായി പാരീസിന് നൽകാൻ കഴിഞ്ഞില്ലെന്ന നിരാശയോടെയാണ് എംബാപെ ക്ലബിനോട് വിടപറയുന്നത്. 2020 ലെ ലീഗ് ഫൈനൽ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് പോരാടി കിരീടത്തിന് തൊട്ടരികിൽ എത്തിയെങ്കിലും അന്ന് ഭാഗ്യം തുണച്ചില്ല.
content summary : kylian mbappe leaving psg