July 07, 2026 |
Share on

‘അധമയായ സ്ത്രീയേ…’: വംശീയാധിക്ഷേപത്തിന് എംബാപ്പെയുടെ ‘കൗണ്ടര്‍ അറ്റാക്ക്’

പരാഗ്വേ സെനറ്റര്‍ ആണ് ഫ്രാന്‍സ് ക്യാപ്റ്റനെ വ്യക്തിപരമായും വംശീയമായും വളരെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത്‌

വംശീയ അധിക്ഷേപം നടത്തിയ പരാഗ്വേ സെനറ്റര്‍ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ. അവരെ ‘അധമയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ച എംബാപ്പെ, വഹിക്കുന്ന പദവിക്ക് ഒട്ടും യോഗ്യയല്ല അവരെന്നും തുറന്നടിച്ചു. ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടന്ന ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. മത്സരത്തില്‍ എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് പരാഗ്വേ സെനറ്ററായ സെലസ്റ്റെ അമറില്ല എംബാപ്പെയ്‌ക്കെതിരെ കടുത്ത വംശീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു സെലസ്റ്റെ അമറില്ലയുടെ വംശീയ അധിക്ഷേപം. എംബാപ്പെയെ ‘ഫ്രഞ്ചുകാരനായി നടിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ഒരു കോളനിവല്‍ക്കരിക്കപ്പെട്ട കാമറൂണ്‍കാരന്‍’ എന്നും, ‘എഴുതാന്‍ പോലും പഠിച്ചിട്ടില്ലാത്ത ഒരു മൃഗം’ എന്നുമായിരുന്നു അമറില്ല അധിക്ഷേപിച്ചത്. മത്സരത്തിന് ശേഷം പരാഗ്വേ താരങ്ങള്‍ എംബാപ്പെയുടെ മുഖത്തടിക്കേണ്ടതായിരുന്നുവെന്നും അവര്‍ രോഷം കൊണ്ടു.

കളിക്കളത്തിലെ എതിരാളികള്‍ക്കെന്ന പോലെ, ഈ അധിക്ഷേപങ്ങള്‍ക്ക് തക്കതായ മറുപടിയാണ് എംബാപ്പെ അമറില്ലയ്ക്ക് കൊടുത്തത്. തനിക്കെതിരെയുള്ള പ്രതിരോധം എന്നതിനപ്പുറം പരാഗ്വേ ടീമിലെ കളിക്കാരെക്കൂടി പിന്തുണച്ചുകൊണ്ടായിരുന്നു ഫ്രഞ്ച് നായകന്റെ പ്രസ്താവന. ‘മാഡം സെലസ്റ്റെ അമറില്ല, നിങ്ങള്‍ തികച്ചും അധമയായ ഒരു സ്ത്രീയാണ്, നിങ്ങളുടെ പദവിക്ക് ഒട്ടും അര്‍ഹയല്ല. ഈ ടൂര്‍ണമെന്റിലുടനീളം അഭിമാനത്തോടും ആവേശത്തോടും കൂടി വിയര്‍പ്പൊഴുക്കി കളിച്ച പരാഗ്വേ എന്ന രാജ്യത്തെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ക്കാവില്ല,’ എംബാപ്പെ കുറിച്ചു.

നിങ്ങളുടെ ഇത്തരം വിവേചനരഹിതമായ പെരുമാറ്റവും ലജ്ജയില്ലാത്ത വംശീയതയും കാരണം, ഈ ലോകകപ്പില്‍ പരാഗ്വേ താരങ്ങള്‍ നടത്തിയ ചരിത്രപരമായ മുന്നേറ്റവും കഠിനാധ്വാനവും ലോകം ഇതിനകം തന്നെ മറന്നുകഴിഞ്ഞുവെന്നും എംബാപ്പെ ചൂണ്ടിക്കാട്ടി. തന്റെ രാജ്യത്തിന് ഏറ്റവും മോശം പ്രതിച്ഛായ മാത്രം സമ്മാനിക്കുന്ന ഒരു അപ്രാപ്തയായ സ്ത്രീക്ക് മാത്രമാണ് ഇതിലൂടെ ശ്രദ്ധ കിട്ടിയതെന്നും, ലോകമെമ്പാടും വംശീയതയും വെറുപ്പും പ്രചരിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് താന്‍ ഒരിക്കലും സ്വാതന്ത്ര്യം നല്‍കില്ലെന്നും എംബാപ്പെ ശക്തമായി പ്രഖ്യാപിച്ചു.

വിഷയം കടുത്തതോടെ സെനറ്റര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നിയമനടപടികളിലേക്ക് നീങ്ങാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്എഫ്എഫ്) തീരുമാനിച്ചു. അമറില്ലയുടെ പരാമര്‍ശങ്ങള്‍ തികച്ചും വെറുപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് എഫ്.എഫ്.എഫ് വ്യക്തമാക്കി. ‘ഈ പരാമര്‍ശങ്ങള്‍ ക്രിമിനല്‍ കുറ്റവും ശിക്ഷാര്‍ഹവുമാണ്. ഇവിടെയെന്നല്ല എവിടെയാണെങ്കിലും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നിയമപരമായ നടപടികള്‍ക്കായി എഫ്.എഫ്.എഫ് ഈ വിഷയം പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് കൈമാറുകയാണ്,’ ഫെഡറേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇത്തരം പരാമര്‍ശങ്ങള്‍ അത് നടത്തുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും നാണക്കേടാണെന്ന് വ്യക്തമാക്കിയ ഫെഡറേഷന്‍, ഫ്രഞ്ച് ദേശീയ ടീമിലെ കളിക്കാര്‍ ഫ്രാന്‍സിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും അവരെ അധിക്ഷേപിക്കുന്നത് തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

Content Summary; France captain Kylian Mbappé hits back at Paraguayan senator Celeste Amarilla, calling her a ‘despicable woman’ after she launched a racist attack following France’s 1-0 World Cup win

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×