സംസ്ഥാന പദവിയും, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ടും ലഡാക്കിൽ നടന്ന യുവജവപ്രക്ഷോഭത്തിനെതിരെ പൊലീസും അർധസൈനികരും നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ലേയിൽ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കൾ പോലീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ലഡാക്കിന്റെ ആവശ്യങ്ങൾക്കായി 35 ദിവസമായി നിരാഹാര സമരം നടത്തി വന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തന്റെ സമരം അവസാനിപ്പിച്ചു. ലേ ജില്ലയിൽ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലോ അതിലധികമോ ആളുകൾ ഒരുമിച്ചു കൂടുന്നത് ലേ ഭരണകൂടം വിലക്കിയിരിക്കുകയാണ്.
ഒക്ടോബർ 6-ന് കേന്ദ്ര സർക്കാരും ലേ അപ്പെക്സ് ബോഡിയും തമ്മിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. സോനം വാങ്ചുക്കിനെ ചർച്ചകളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വൃത്തങ്ങൾ അറിയിച്ചുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അടുത്ത തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രം പാലിച്ചിട്ടില്ലെന്നും അതിൽ ജനങ്ങൾ നിരാശരാണെന്നും വാങ്ചുക് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു ഉന്നതതല സംഘം വ്യാഴാഴ്ച ലഡാക്കിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ്ചുക് കൂട്ടിച്ചേർത്തു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എക്സിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതായി സോനം വാങ്ചുക് ്റിയിച്ചത്.
സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും ആവശ്യപ്പെട്ട് വിദ്യാർത്ഥി-യുവജന സംഘടനകളാണ് ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തത്. വാങ്ചുക്കിനൊപ്പം നിരാഹാര സമരത്തിലായിരുന്ന വൃദ്ധരായ രണ്ട് പേർ തളർന്നു വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സമരം ആരംഭിച്ചത്.
ബുധനാഴ്ച നടന്ന അക്രമസംഭവങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വാങ്ചുക്, ആയിരക്കണക്കിന് പ്രതിഷേധക്കാർ സമാധാനപരമായി പ്രാർത്ഥനകളും പ്രസംഗങ്ങളും കേട്ടുകൊണ്ടിരിക്കുകയായിരുന്നപ്പോൾ ഒരു വലിയ സംഘം യുവാക്കൾ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയെന്നും പിന്നീട് അവർ അക്രമം അഴിച്ചുവിട്ട് ഓഫീസുകളും പോലീസ് വാഹനങ്ങളും ബിജെപി ഓഫീസും ആക്രമിച്ചതായി താൻ അറിഞ്ഞുവെന്നും പറഞ്ഞു.
സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതിനെ തുടർന്നാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് ലേയിലെ പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.
Content Summary: ladakh protest; 4 killed Wangchuk called off his hunger strike. agitation demanding statehood; Protesters set BJP office on fire
This post was last modified on September 25, 2025 10:40 am
Leave a Comment