അൻസിബ അയച്ച മെസേജ് കുടുംബം തകരാൻ കാരണമായി, ഗൂഢാലോചനയ്ക്ക് പിന്നിൽ പിന്നിൽ നീന കുറുപ്പും സംഘവും; ലക്ഷ്മി പ്രിയ

അൻസിബ തന്റെ ഫോണിലേക്ക് അയച്ച ഒരു മെസേജ് ആണ് അവർക്ക് എതിരെ കേസ് കൊടുക്കാനുള്ള സാഹചര്യമുണ്ടാക്കിയതെന്നും ആ മെസേജ് തന്റെ കുടുംബം തകരാൻ കാരണമായി എന്നും ലക്ഷ്മി പ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടി അൻസിബയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി കൊടുത്തു എന്ന് ആരോപണം നേരിടുന്നയാൾ താനാണെന്ന് നടി ലക്ഷ്മി പ്രിയ. ഡിസംബർ മാസം അൻസിബ തന്റെ ഫോണിലേക്ക് അയച്ച ഒരു മെസേജ് ആണ് അവർക്ക് എതിരെ കേസ് കൊടുക്കാനുള്ള സാഹചര്യമുണ്ടാക്കിയതെന്നും ആ മെസേജ് തന്റെ കുടുംബം തകരാൻ കാരണമായി എന്നും ലക്ഷ്മി പ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആ മെസേജിനെക്കുറിച്ചുള്ള വിശദീകരണം ചോദിച്ച് താൻ പിന്നീട് ഫോൺ ചെയ്തപ്പോൾ തിരക്കിലാണ്, തിരിച്ചു വിളിക്കാം എന്നു മറുപടി തരികയും എന്നാൽ പിന്നീട് അൻസിബ തന്നെ തിരിച്ചു വിളിച്ചില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി താൻ ആവശ്യപ്പെട്ടു എന്നും പിന്നീട് തന്റെ ഭർത്താവ് ഈ മെസേജ് കാണാനിടവരികയും അദ്ദേഹം വളരെ പാനിക് ആവുകയും ചെയ്തു. പിന്നീടൊരിക്കലും അൻസിബ എന്റെ മെസേജുകൾക്കോ കോളുകൾക്കോ മറുപടി തന്നിട്ടില്ല. എന്റെ കുടുംബജീവിതം മോശമാകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹിൽപാലസ് വനിത സെല്ലിൽ ജനുവരി പകുതിയോടെ പരാതി കൊടുത്തത്.

ആ പരാതിയിൽ മതമോ സ്പോൺസർഷിപ്പോ ആയി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ല. അൻസിബയുടെ പേരിൽ എഫ്ഐആർ ഇടണമെന്നുപോലും ആവശ്യപ്പെട്ടിട്ടില്ല. തെറ്റിദ്ധരിച്ചത് അൻസിബയാണ്. ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പിനെ എതിർത്ത അംഗം അൻസിബ മാത്രമാണെന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. അൻസിബ മാത്രം എതിർത്താലല്ലേ അതൊരു ആരോപണമായി വരൂ. ഇക്കാര്യങ്ങളൊന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയേയോ മറ്റൊരു മനുഷ്യനെയോ അറിയിച്ചിട്ടില്ല. ഞാൻ കൊടുത്ത പരാതിയിൽ പോലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചപ്പോൾഅൻസിബയാണ് ഇതിന് മതതീവ്രവാദം ആരോപിച്ചും ജിഹാദിയെന്ന് ആരോ പരാമർശിച്ചെന്നും അതിന്റെ ഭാഗമായാണ് ഞാൻ കേസുകൊടുത്തത് എന്നും പറഞ്ഞ് എക്സിക്യൂട്ടീവ് ഗ്രൂപ്പിലേക്ക് ജനുവരി 24-ന് വലിയൊരു മെസേജയച്ചത്. ഈ വിഷയത്തിൽ മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇടപെടണമെന്ന് അൻസിബ പറഞ്ഞു. ഇതെന്റെ കുടുംബ വിഷയമാണ്. അതിന് കാരണക്കാരി അൻസിബയാണ്. ഞാനും അവരും തമ്മിലുള്ള പ്രശ്നമാണിത്. ഇത് ഇപ്പോൾ പറയുമ്പോൾപ്പോലും പറയേണ്ടിവന്നല്ലോ എന്നോർത്ത് എനിക്ക് ലജ്ജയുണ്ട്. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പോലും അറിയണ്ട, എന്റെ വീട്ടിൽ വന്ന് ഒന്ന് പരിഹരിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്. അതല്ലാതെ മറ്റൊരു കാര്യവും ഉണ്ടായിട്ടില്ല.

ടിനി ടോം എന്ന വ്യക്തിയെ എല്ലാവർക്കും അറിയുന്നതാണ്. അദ്ദേഹം അങ്ങനെയൊരു പരാമർശം നടത്തുകയോ മോശം രീതിയിൽ ഇടപെടുകയോ ചെയ്യുന്ന വ്യക്തിയല്ല. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് ടിനി ടോം. അങ്ങനെയൊരാൾക്കെതിരെയുള്ള പരാതികളുടെയെല്ലാം ഉറവിടം എന്നുപറയുന്നത് നീന കുറുപ്പാണ്. അൻസിബ ഹസനെ ജിഹാദി എന്നുവിളിച്ചത് അവരല്ല കേട്ടത്. അൻസിബയോട് നീന കുറുപ്പാണ് ഇക്കാര്യം പറഞ്ഞത്. സെക്രട്ടറി നീന കുറുപ്പും കുറച്ചുപേരുമാണ് ഞങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് കാരണമെന്ന് പറയുന്നതിൽ വിഷമമുണ്ട്. മലയാളത്തിലെ ഒരു നടനേയും അൻസിബയേയും ചേർത്ത് നീന കുറുപ്പ് അവിഹിതകഥകൾ പറഞ്ഞിട്ടുണ്ടെന്ന് ഒരു എക്സിക്യൂട്ടീവംഗം തന്ന പരാതിയിലുണ്ട്. അതിനെക്കുറിച്ച് അൻസിബ എന്താണ് ഒരിടത്തും പറയാത്തത്?

പ്രസിഡന്റ് അറിയാതെ പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ട്. ഇവർ ചെയ്യുന്ന മോശം കാര്യങ്ങൾ എതിർക്കുന്ന ആളുകളെ ടാർഗറ്റ് ചെയ്ത് ഒതുക്കുക എന്നതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞശേഷം എനിക്ക് ഒരുമാസത്തെ വിലക്കാണവിടെ. നീന കുറുപ്പിനെ സന്തോഷിപ്പിക്കാൻ കുക്കു പരമേശ്വരനാണത് ചെയ്തത്. ഔദ്യോഗിക വക്താക്കളല്ലാത്തുകൊണ്ട് മാധ്യമങ്ങൾക്കുമുന്നിൽ ഇതൊന്നും സംസാരിച്ചുകൂടാ. പക്ഷേ നമ്മളെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ മിണ്ടാതിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രമാണ് ഇപ്പോൾ തുറന്നുപറയുന്നത്. വാർത്താസമ്മേളനത്തിൽ ലക്ഷ്മി പ്രിയ പറഞ്ഞു.

This post was last modified on May 25, 2026 11:55 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment