June 18, 2026 |
Share on

അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു; ടിനി ടോമിനെതിരെ ‘അമ്മ’യിൽ പരാതിയുമായി നടി നീന കുറുപ്പും രം​ഗത്ത്

അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്ത് തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി.

അൻസിബ ഹസ്സനുപിന്നാലെ നടൻ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പരാതിയുമായി നീന കുറുപ്പും രം​ഗത്ത് എത്തിയിരിക്കുന്നത്. അമ്മ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നൽകിയിട്ടുണ്ട്. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്ത് തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കുടുംബസംഗമം നടന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അൻസിബ ഹസ്സൻ സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു. തനിക്കെതിരെ ടിനി ടോം ഉന്നയിച്ച പരാമർശങ്ങൾ നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്ന് അൻസിബ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അൻസിബയെ കേൾക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ടിനി ടോമിന്റെ ഡ്രൈവറെയും മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളറുടെ മകനെയും മറ്റും താൻ മതംമാറ്റാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ടിനി ടോം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നും അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും സംഘടനയ്ക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു.

അതേസമയം അൻസിബയുടെ പരാതി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതൊന്നും ടിനിടോമിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നുമാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ശ്വേതാ മേനോൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം അൻസിബ ഒരു പരാതി അയച്ചിട്ടുണ്ട് എന്നും അതിൽ ടിനി ടോമിന്റെയും ലക്ഷ്മി പ്രിയയുടെയും മറ്റു ചിലരുടെയും ഒക്കെ പേരുകൾ ഉണ്ടെന്നും ശ്വേത മേനോൻ പറഞ്ഞിരുന്നു. ഒരു സ്ത്രീ നൽകിയ, നിയമപരമായി പൊലീസിന് കൈമാറേണ്ട ഇത്രയും ഗൗരവമേറിയ പരാതി ലഭിച്ചിട്ടും ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×