1961 ഓഗസ്റ്റ് മാസത്തില്‍ പീറ്റര്‍ ലൈബിംഗ് എന്ന ഫോട്ടൊഗ്രാഫര്‍ എടുത്ത ചിത്രമാണിത്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശീതസമരകാലത്തിന്റെ ഓര്‍മ്മയില്‍ നിന്നൊരു നിമിഷം. പീറ്റര്‍ ലൈബിംഗ് അന്നീ ചിത്രത്തിനു അടിക്കുറിപ്പായി കൊടുത്തത് ‘സ്വാതന്ത്ര്യത്തിലേക്കൊരു ചാട്ടം’ എന്നായിരുന്നു. ഈ ചിത്രത്തില്‍ മുള്‍കമ്പിവേലിക്കു മുകളിലൂടെ ചാടുന്ന പട്ടാളക്കാരന്‍ കോന്റാഡ് ഷൂമാന്‍ എന്നയാളാണ്. ഐതിഹാസികമായ ആ ചാട്ടത്തിന്റെ നടുവില്‍ നിന്നൊരു നിമിഷമാണ് ലൈബിംഗിന്റെ കാമറക്കണ്ണ് ഒപ്പിയെടുത്തത്.
ലോകമെങ്ങും പേരുകേട്ട ഈ മുള്‍കമ്പിവേലി പിന്നീടതൊരു മതിലായി മാറി നിങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ വഴിയില്ല. ബെര്‍ലിന്‍ നഗരത്തിന്റെ നടുവിലൂടേയും പടിഞ്ഞാറുഭാഗത്തിനു ചുറ്റുമായി 155 കിലോമീറ്റര്‍ നീളത്തില്‍ കെട്ടിയുയര്‍ത്തിയ ഒന്ന്. ഇതു നിലവില്‍ വന്നതാകട്ടെ 1963 ഓഗസ്റ്റ് 13-നും. ആദ്യദിവസങ്ങളില്‍ കമ്പിവേലിയായിരുന്നെങ്കിലും, ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത വിഭജനഭിത്തിയായതു മാറി.
ഒരു വശത്തുള്ളവര്‍ അതിനെ മരണമതിലെന്നു വിളിച്ചു. ചിലര്‍ നാണക്കേടിന്റെ മതിലെന്നും. എന്നാല്‍ മറുവശത്തുള്ളവരാകട്ടെ, ഫാസിസ്റ്റ് പ്രതിരോധഭിത്തിയെന്നാണിതിനു പേരിട്ടത്. എത്രയോ കാലമായി ഒരുമിച്ചുകഴിഞ്ഞിരുന്ന ഒരു ജനതയെ ഈ മതില്‍ രണ്ടായി മുറിച്ചു. പലര്‍ക്കും അതു സഹിക്കാനാവുന്നതായിരുന്നില്ല. കുറുകെ കടക്കാന്‍ ശ്രമിച്ചവര്‍ നിരവധി. എത്രയോ പേര്‍ ആ ശ്രമത്തിനിടയില്‍ വെടിയേറ്റുവീണു.
അങ്ങനെയൊരവസരത്തില്‍ അതായത്, ആ നഗരവിഭജനത്തിന്റെ ആദ്യനാളുകളിലാണ് കോന്റാഡ് ഷൂമാന്‍ ഈ ചിത്രത്തില്‍ കാണുന്ന ഐതിഹാസിക ചാട്ടം നടത്തുന്നത്. ഒരാവേശത്തില്‍ പെട്ടെന്നെടുത്ത തീരുമാനത്തെ തുടര്‍ന്നായിരുന്നു, വേലിക്കു കാവല്‍ നിന്നിരുന്ന ഷൂമാന്റെ ആ കുറുകെ ചാട്ടം. ആ തീര്‍പ്പ് ഷൂമാന്റെ ജീവിതത്തെ പാടെ മാറ്റിമറിച്ചു. ഇന്നും ആഗോള ആശയസമരങ്ങളുടെ മൂര്‍ത്തപ്രതീകമായി ഈ ചിത്രത്തേയും ഷൂമാന്റെ ചാട്ടത്തേയും കാണുന്നവരുണ്ട്. അക്കാലത്തെ രണ്ടു ലോകശക്തികള്‍ തങ്ങളുടെ പ്രചരണയന്ത്രങ്ങളുടെ മുന്‍നിരച്ചിത്രമായി ഇതിനെ ഉപയോഗിച്ചു എന്നു പറഞ്ഞാലും തെറ്റില്ല.
സ്വാതന്ത്ര്യത്തിലേക്കുള്ള ചാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ചാട്ടത്തെത്തുടര്‍ന്ന് ഷൂമാന് എന്തു നേടാനായി എന്നാലോചിക്കേണ്ടതുണ്ട്. ആഗ്രഹിച്ചപോലെ സുഖവും സന്തോഷവുമായിരുന്നോ ഷൂമാനെ തേടിയെത്തിയത്? നമുക്കതു പരിശോധിക്കാം.
രണ്ടാം ലോകയുദ്ധത്തിനുശേഷം നാത്സിസത്തെ ഉന്മൂലനം ചെയ്യാന്‍ ലോകം ഉത്സാഹിച്ചപ്പോള്‍ അതിന്റെ ഉറവിടമായിരുന്ന ജര്‍മ്മനിയെ രണ്ടായി മുറിക്കുകയായിരുന്നു. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന സഖ്യകക്ഷികള്‍ കൈവശപ്പെടുത്തിയ ഭാഗം പശ്ചിമ ജര്‍മ്മനിയും, സോവ്യറ്റ് യൂണിയന്റെ കീഴിലുണ്ടായിരുന്ന ഭാഗം പൂര്‍വ്വജര്‍മ്മനിയുമായി. ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന ആ കിഴക്കന്‍ ജര്‍മ്മനി സ്വാഭാവികമായും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി. ബെര്‍ലിന്‍ നഗരം പൂര്‍ണ്ണമായും കിഴക്കന്‍ ഭാഗത്തായിരുന്നു. അതിനേയും ജര്‍മ്മനിയെ തോല്പിച്ച കമ്മ്യൂണിസ്റ്റ്-മുതലാളിത്ത രാജ്യങ്ങള്‍ രണ്ടായി പങ്കിട്ടെടുത്തു. ജര്‍മ്മനിയുടെ വിഭജനത്തിന്റെ ഒരു സൂക്ഷ്മമാതൃകയായിരുന്നു ബെര്‍ലിന്‍ നഗരത്തിന്റെ മുറിച്ചുമാറ്റല്‍.
വിഭജനത്തിനുശേഷം കിഴക്കുള്ളവരെ പടിഞ്ഞാറേക്കു വരാന്‍ പ്രലോഭിപ്പിച്ചുകൊണ്ടായിരുന്നു പാശ്ചാത്യരുടെ പ്രചാരവേല. കിഴക്കരെ സംബന്ധിച്ചിടത്തോളം അതനുവദനീയമായിരുന്നില്ല. എങ്കിലും തുറന്ന അതിര്‍ത്തിയുണ്ടായിരുന്ന ബെര്‍ലിന്‍ നഗരത്തില്‍ ധനാഢ്യരും ഏതാനും വിദ്യാസസന്നരും പിന്നെ, അവസരം നോക്കിയിരുന്നവരുമെല്ലാം പടിഞ്ഞാട്ടു പോകാന്‍ ആഗ്രഹിച്ചു. പലരും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അങ്ങനെ, നല്ലൊരു ശതമാനം യുവാക്കളും സമൂഹത്തില്‍ മുന്‍നിരയിലുണ്ടയിരുന്ന ചിലരും സ്ഥലം വിടാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് പൂര്‍വ്വജര്‍മ്മനി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയത്.
ഈ പലായനം തടഞ്ഞേ പറ്റൂ എന്ന ദൃഢനിശ്ചയം വല്ലാത്തൊരു വേര്‍പിരിയലിലേക്കു നയിച്ചു. 1961 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി രാത്രിയായിരുന്നു ഒരു ജനതയുടെ ഹൃദയം ഭേദിച്ചുകൊണ്ട് ആ നഗരവിഭജനം നിലവില്‍ വരുന്നത്. അതോടെ വലിയൊരു കൂട്ടം മനുഷ്യര്‍ അവരവരുടെ നാട്ടില്‍ തടവുകാരായി. ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ വേര്‍പിരിഞ്ഞു. ഒന്നു കാണാന്‍ പോലുമാവാത്തവിധം. ബെര്‍ലിന്‍ മതില്‍ കോണ്‍ക്രീറ്റില്‍ ഉയരുന്നതിനു മുമ്പ് നഗരത്തിലെ ബെര്‍നോവര്‍ സ്ട്രാസ്സ് എന്ന തെരുവിലൂടെ ചുരുള്‍ക്കമ്പികളും മുള്ളുകളും നിറഞ്ഞ വേലി ഒരൊറ്റ രാത്രി കൊണ്ട് ഉയര്‍ന്നുവന്നു. ആദ്യദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങളും പ്രകടനങ്ങളുമായിരുന്നു തെരുവില്‍ നിറയെ.
പത്തൊമ്പതു വയസ്സു മാത്രമുണ്ടായിരുന്ന കൊന്റാഡ് ഷൂമാന്‍ എന്ന യുവസൈനികനെ മുള്‍വേലിക്കു കാവല്‍ നില്ക്കാന്‍ ഓഗസ്റ്റ് 15-നാണ് നിയോഗിക്കുന്നത്. ജനങ്ങള്‍ അസ്വസ്ഥരും കോപിഷ്ഠരുമായി തടിച്ചുകൂടിക്കൊണ്ടിരിക്കുകയായിരുന്നു ആ സമയം. സ്വന്തം തടവറയ്ക്കാണ് താന്‍ കാവല്‍ നില്ക്കുന്നത് എന്ന തോന്നല്‍ ഒരു നിമിഷം കോന്റാഡ് ഷൂമാനുണ്ടായിക്കാണണം.
കോന്റാഡ് പിന്നീട് ഇങ്ങനെ എഴുതി. ‘കിഴക്കന്‍ ബെര്‍ലിനിലുള്ള സ്വന്തം മുത്തശ്ശിയെ കാണാന്‍ പോയ ഒരു കുഞ്ഞു പെണ്‍കുട്ടിയെ തിരിച്ചുപോകുന്നതില്‍ നിന്നു കാവല്ക്കാര്‍ തടയുന്നതു ഞാന്‍ കണ്ടു. അവളുടെ മാതാപിതാക്കള്‍ തൊട്ടടുത്തു മതിലിനപ്പുറത്തു നില്ക്കുമ്പോഴാണതെന്നു ഓര്‍ക്കണം. നിര്‍ദ്ദാക്ഷിണ്യം അവള്‍ തിരിച്ചയയ്ക്കപ്പെട്ടു’.
കിഴക്കന്‍ ജര്‍മ്മനിയുടെ ഭാഗമായിരുന്ന സാക്‌സനിയിലായിരുന്നു ഷൂമന്‍ ജനിച്ചുവളര്‍ന്നത്. അവിടെനിന്നു സൈനികനായി മുള്‍ക്കമ്പിവേലി കാക്കാനെത്തിയ ഷൂമാന് ഒടുവില്‍ അതിനു കുറുകെ ചാടാനായിരുന്നു നിയോഗം. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ അതു സംഭവിക്കുകയും ചെയ്തു. ചുറ്റുവട്ടത്തുണ്ടായിരുന്ന മറ്റു കാവല്ക്കാരൊന്നും തന്നെ അതു കണ്ടില്ല. അത്രയ്ക്കും തക്കം പാര്‍ത്താണ് ഷൂമന്‍ ചാടിയത്. അദ്ദേഹം അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു.
‘പലയാള്‍ക്കാരുമുണ്ടായിരുന്നു ആ പരിസരത്ത്. ഒരു കണക്കിനു അതു നന്നായി. കാരണം, എന്റെ കൂട്ടാളികള്‍ അതിനാല്‍ എന്നെ ശ്രദ്ധിച്ചതേയില്ല. നിറയെ തിരകള്‍ ഉണ്ടായിരുന്ന എന്റെ യന്ത്രത്തോക്ക് താഴെവെച്ച്, തിരകള്‍ ഒഴിഞ്ഞ മറ്റൊരെണ്ണം കൈയ്യിലേന്താന്‍ അതിനിടയിലെനിക്കു കഴിഞ്ഞു. അതു വളരെ പ്രധാനപ്പെട്ട തീരുമാനമായി. നിറഞ്ഞ യന്ത്രത്തോക്കുമായി ആ മുള്‍വേലി ചാടിക്കടക്കുക എളുപ്പമായിരുന്നില്ല. ചിലപ്പോള്‍ ആ ചാട്ടം മുഴുവനാക്കാന്‍ പറ്റിയെന്നും വരില്ല. മുള്‍വേലി കടക്കാനാവാതെ എങ്ങാനും അതിലുടക്കി വീണിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ആത്മഹത്യാപരമായേനേ. മാത്രവുമല്ല, മറുവശത്തേക്കു ചാടിവീണ നിമിഷത്തില്‍ ആ യന്ത്രത്തോക്ക് ഷൂമാന്റെ കൈയ്യില്‍നിന്നു താഴെ വീഴുകയും ചെയ്തു. നിറതോക്കായിരുന്നു അതെങ്കില്‍ സംശയം വേണ്ട, അതു വെടിയുതിര്‍ത്തേനേ. എന്തായാലും, തോക്കു മാറ്റാനുള്ള തീരുമാനം അത്രമേല്‍ മികച്ചതായി എന്നു സാരം.
ഫോട്ടൊഗ്രാഫര്‍ പീറ്റര്‍ ലൈബിംഗ് കൃത്യസമയത്ത് മറുവശത്തു നില്പുണ്ടായിരുന്നു. അത്ഭുതമെന്നു പറയട്ടെ, എന്തുകൊണ്ടോ ഈ കൊച്ചുചെറുപ്പക്കാരന്‍ ഇപ്പോള്‍ ഇങ്ങോട്ടു ചാടിയേക്കുമെന്നും അദ്ദേഹത്തിനു തോന്നി. അതിനാല്‍ കാമറ തയ്യാറായിരുന്നു. കൃത്യസമയത്ത് മുള്‍വേലിക്കു മുകളിലുള്ള ഷൂമാന്റെ നിശ്ചലചിത്രം അതില്‍ പതിയുകയും ചെയ്തു.
അന്നവിവിടെ മറ്റൊരു കൂട്ടര്‍കൂടി ആ ചാട്ടത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നു വേണം കരുതാന്‍. അതു പശ്ചിമജര്‍മനിയുടെ പോലീസുകാരായിരുന്നു. ഇപ്പുറത്തേക്കു ചാടിവീണ ഷൂമനെ അവര്‍ മിന്നല്‍ വേഗതയില്‍ പോലീസുവണ്ടിയിലേക്കു കയറ്റി. അകലേക്കതു കുതിച്ചുപായാന്‍ നിമിഷങ്ങള്‍ പോലുമെടുത്തില്ല.
ഷൂമാന്റെ വാക്കുകള്‍ തന്നെ നമുക്കു കടമെടുക്കാം. ‘എന്റെ ഞരമ്പുകള്‍ ആ സമയം വലിഞ്ഞുമുറുകിയാണ് നിന്നിരുന്നത്. ഞാനാകട്ടെ അസഹനീയമാം വിധം ഭയത്തിന്റെ മുനയിലും. ഞാന്‍ ഓടി. ചാടി. നേരെയെത്തിയത് കാറിലേക്കും. പിന്നെയൊന്നും എനിക്കോര്‍മ്മയില്ല. മൂന്ന് അല്ലെങ്കില്‍ നാലു നിമിഷങ്ങള്‍. എല്ലാം അതിനകം കഴിഞ്ഞു’.
ഷൂമാന്റെ സമീപമുണ്ടായിരുന്ന കാവല്‍ക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത്രയും നിമിഷങ്ങള്‍ വൈകി. അവര്‍ പക്ഷെ, പിന്നീടൊരു കാര്യം പറഞ്ഞു. ‘ഞങ്ങളെങ്ങാനും അവന്‍ ചാടുന്നതു കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും വെടിവെച്ചേനേ’. അതായത് ഷൂമാനെ കൊന്നുകളയാന്‍ ഒരിക്കലും അവര്‍ മടിക്കുകയില്ലായിരുന്നു എന്ന്. വെറുതെയല്ല, ഷൂമന്‍ ആ സമയം ഭീതിയുടെ പരകോടിയിലൂടെ കടന്നുപോയത്. ജീവന്മരണ നിര്‍ണ്ണയ നിമിഷം തന്നെയായിരുന്നു അത്.
എന്നാലും ആ ചാട്ടം നേരെ സ്വാതന്ത്ര്യത്തിലേക്കുള്ള ചാട്ടമൊന്നുമായിരുന്നില്ല. പശ്ചിമജര്‍മ്മനിയിലെത്തിയ ഷൂമാനെ പോലീസുകാര്‍ ശരിക്കും പീഢിപ്പിച്ചു. ഒരു ചാരന്റെ നാടകമായിരുന്നോ ഈ ചാട്ടം എന്നുറപ്പിക്കാനാവുകയില്ലല്ലോ. കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ നിറഞ്ഞ ദിനങ്ങള്‍. സത്യം പറയിക്കാനുള്ള സകലവിധ ശ്രമങ്ങളും. സംശയവും ഭയവും ഭീകരതയും ഇടകലര്‍ന്ന ആ ദിവസങ്ങളില്‍ ചാടണ്ടായിരുന്നു എന്നുവരെ തോന്നിക്കാണണം കോന്റാഡ് ഷൂമാന്. ഒടുവില്‍, പാശ്ചാത്യര്‍ ഈ ചാട്ടക്കഥ പ്രചരണങ്ങള്‍ക്കു ഉപയോഗിച്ചുതുടങ്ങി. കാവല്‍ക്കാരനാണല്ലോ കൂറു മാറിയിരിക്കുന്നത്.
എന്തായാലും ഷൂമന്‍ പിന്നീടൊരിക്കലും തന്റെ ജോലി തുടര്‍ന്നില്ല. പകരം ആസ്പത്രിയില്‍ ആതുരസേവനമാണ് തിരഞ്ഞെടുത്തത്. ഒരു നേഴ്‌സായി. പക്ഷെ, മറുവശത്തുള്ള ഷൂമാന്റെ ബന്ധുക്കളുടെ കാര്യം കഷ്ടമായിരുന്നു. നിത്യഭീതിയിലാണ് പിന്നീടുള്ള കാലം അവര്‍ കഴിഞ്ഞത്. കിഴക്കന്‍ ജര്‍മ്മന്‍ സര്‍ക്കാരിനവരെ സംശയത്തോടെയല്ലാതെ കാണാനാവില്ലായിരുന്നു. ജര്‍മ്മന്‍ ചാരപ്പോലീസ് ‘സ്റ്റാസി’ അവരെ വിടാതെ പിന്തുടരുകയും ചെയ്തു. ഫലമോ, ദുസ്സഹതയുടെ അതികഠിന വേലിയേറ്റങ്ങളും.
ദിവസങ്ങള്‍ ചെന്നതോടെ ഷൂമാന്‍ ബെര്‍ലിന്‍ മതിലിന്റെ ഒരു വശത്ത് നായകനും, മറുവശത്ത് ചതിയനുമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടു. രണ്ടും രാഷ്ട്രീയത്തിന്റെ ഇരുമുഖങ്ങള്‍ മാത്രം. ശീതസമരത്തിന്റെ ദുഷിച്ച ചിത്രങ്ങള്‍ എന്നും പറയാം.
പിന്നീട്, ഷൂമാന്‍ വിവാഹിതനായി. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ടായി. തുടര്‍ന്നാണ് നഴ്‌സ് ഉദ്യോഗം ഉപേക്ഷിച്ച് ബവേറിയയിലെ ഔഡി കാര്‍ നിര്‍മ്മാണശാലയില്‍ ജോലി തുടങ്ങിയത്. എങ്കിലും ആ മുന്‍കാല സൈനികന്റെ മനസ്സു നീറിക്കൊണ്ടേയിരുന്നു. പ്രിയപ്പെട്ടവരില്‍നിന്ന് ഒറ്റപ്പെട്ടതിന്റെ വേദന. കിഴക്കന്‍ ജര്‍മ്മനിയിലെ ബന്ധുക്കള്‍ക്ക് എല്ലാ രണ്ടാഴ്ചയിലും അദ്ദേഹം കത്തയയ്ക്കുമായിരുന്നുവത്രെ. വീട്ടിലേക്കു തിരിച്ചുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു അതിനുള്ള ഓരോ മറുപടികളും. ഒരു ഘട്ടത്തില്‍, ഷൂമാന് അങ്ങനെത്തന്നെ ചെയ്താലോ എന്നും തോന്നി. അതേതാണ്ടു തീരുമാനിക്കുകയും ചെയ്തു. പക്ഷെ, സംഗതി മണത്തറിഞ്ഞ പശ്ചിമ ജര്‍മ്മന്‍ പോലീസ് അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. സത്യത്തില്‍ അതൊരു രക്ഷപ്പെടലായി എന്നു പറയണം. കാരണം, ഷൂമാന് കിട്ടിക്കൊണ്ടിരുന്ന ഓരോ കത്തും ‘സ്റ്റാസി’യുടെ വകയായിരുന്നു എന്ന് പിന്നീടു മാത്രമാണ് തിരിച്ചറിഞ്ഞത്.
കോന്റാഡിന്റെ ഫോട്ടോ പലര്‍ക്കും ഒരു പ്രചോദനമായെങ്കിലും, അത്ര സുഖകരമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും, ആരെങ്കിലും തന്നെ കൊന്നുകളയുമോ എന്ന ഭയവും ആ ജീവിതത്തെ വിഹ്വലതകളിലേക്കാണ് നയിച്ചത്. മദ്യവും വിഷാദവും കോന്റാഡിന്റെ സ്ഥിരം കൂട്ടാളികളായി. ഒരിക്കലും കാര്യമായ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നതുമില്ല. സ്വാതന്ത്ര്യത്തിലേക്കുള്ള ചാട്ടം സത്യത്തില്‍ നിരാശയിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. ലോകം മുഴുവന്‍ കോന്റാഡ് ഷൂമാന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ, അതിലൂടെ പണമൊന്നും അദ്ദേഹത്തിലേക്കെത്തിയില്ല.
ഒടുവില്‍ 1989 നവംബര്‍ ഒമ്പതിനു ബെര്‍ലിന്‍ മതില്‍ വീണു. ജര്‍മ്മനികള്‍ വീണ്ടും ഒന്നായി. അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി. ‘സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ഞാന്‍ മുള്‍വേലി ചാടിക്കടന്നതെങ്കിലും, ബെര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍ മാത്രമാണ് എനിക്കു സത്യത്തില്‍ സ്വാത്രന്ത്യം അനുഭവിക്കാനായത്’. ഷൂമാന്‍ സാക്‌സനിയിലെ വീട്ടില്‍ തിരിച്ചെത്തി. 28 വര്‍ഷങ്ങള്‍ക്കു ശേഷം! പക്ഷെ, നല്ലൊരു സ്വീകരണമായിരുന്നില്ല അന്നവിടെ. ഷൂമാന്റെ ബന്ധുക്കള്‍ മുഴുവന്‍ അദ്ദേഹത്തെ ചതിയനായി കണ്ടു. പലരും സംസാരിച്ചില്ല. ചിലര്‍ കാണാന്‍പോലും കൂട്ടാക്കിയില്ല.
ഒടുവില്‍ ഷൂമന്‍ സങ്കടത്തോടെ ബവേറിയയിലേക്കു തിരിച്ചുപോന്നു. അപ്പോഴേക്കും ഷൂമാന് പലതും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വന്തക്കാരെപ്പോലും. നിശ്ശബ്ദനായി, ആരവങ്ങളില്ലാത്ത ഒരു ജീവിതം ജീവിച്ചുതീര്‍ക്കാനായിരുന്നു ആ പാവത്തിന്റെ വിധി. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായി ആ നിലനില്പ്. ഒരൊറ്റനിമിഷത്തിന്റെ ആവേശമാണതിനെ ഇങ്ങനെ മാറ്റിമറിച്ചത്. ചരിത്രസംഭവമായി മാറിയ ആ ചാട്ടത്തിന്റെ ലക്ഷ്യം ആ മൗനജീവിതത്തില്‍ നിന്നും പാടെ അകന്നുനിന്നു. ഏറെ ആഗ്രഹങ്ങളോടെ ചെയ്ത കാര്യമായിട്ടും നിരാശ മാത്രമാണ് അദ്ദേഹത്തിനതു സമ്മാനിച്ചത്. ബന്ധങ്ങളും കുടുംബവുമൊന്നും അദ്ദേഹത്തിനു പ്രത്യാശ പകര്‍ന്നില്ല. നിത്യഭീതി എന്നതിലും ആത്മനാശം മറ്റൊന്നില്ലല്ലോ. ഒടുവില്‍ കുടുംബത്തിലുണ്ടായ ഒരു ശണ്ഠയെത്തുടര്‍ന്ന് 1998 ജൂണ്‍ 20-ന് മേലേ ബവേറിയയിലെ കിപ്ഫന്‍ബെര്‍ഗ് തോട്ടത്തില്‍ വെച്ച് കോന്റാഡ് ഷൂമന്‍ എന്ന സമാധാനകാംക്ഷി താന്‍ തേടിയ മനശ്ശാന്തി ഒരിക്കലും നേടാനാവാതെ സ്വയം തൂങ്ങിമരിച്ചു. 56 വയസ്സായിരുന്നു അദ്ദേഹത്തിനപ്പോള്‍. ബെര്‍ലിന്‍ മതിലിന്റെ മറ്റൊരു ഇരയായി ആ ജീവിതം ഒടുങ്ങി. Leap into Freedom” is an iconic photograph and a historical moment,Conrad Schumann leaping over the Berlin Wall
Content Summary; Leap into Freedom” is an iconic photograph and a historical moment,Conrad Schumann leaping over the Berlin Wall
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.