അമല്‍ ഖലീല്‍: കര്‍മഭൂമിയില്‍ അമരത്വം

പ്രണയത്തെ കുറിച്ച് പാടിയ അനശ്വര കവി ഖലീല്‍ ജിബ്രാന്റെ നാട്ടുകാരിയാണ് അമല്‍ ഖലീല്‍

Amal Khalil- lebanese journalist

വെടി നിര്‍ത്തല്‍ കേവലം പ്രഹസനമായി മാറുന്നതിനിടെ ഇസ്രയേലിന്റെ കൊടുംക്രൂരതയ്ക്ക് മറ്റൊരു ഇര കൂടി. ‘അല്‍ അഖ്ബാര്‍’ അറബിക് ദിനപത്രത്തിന്റെ സമര്‍ത്ഥയായ റിപ്പോര്‍ട്ടര്‍ അമല്‍ ഖലീല്‍ (42) ഇന്നലെ തെക്കന്‍ ലെബനോണിലെ ബിന്‍ത് ജബല്‍ ജില്ലയില്‍ ടൈരി എന്ന ഗ്രാമത്തില്‍ ഫോട്ടോഗ്രാഫര്‍ സൈനബ് ഫറാജിനൊപ്പം നില്‍ക്കേ ഇസ്രയേലി സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനബ് പരിക്കുകളോടെ ആശുപത്രിയിലാണ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമണം അഴിച്ചു വിട്ട ശേഷം 292 പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ബോംബിഗില്‍ നിലം പൊത്തിയ വീടുകളുടെ പടമെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് അമലിനെയും സൈനബിനെയും ഇസ്രയേലി പട്ടാളക്കാര്‍ വെടി വെച്ചത്. റെഡ് ക്രോസ് വാഹനങ്ങളെ പട്ടാളം കടത്തിവിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അല്‍ അഖ്ബാര്‍ പത്രത്തിന്റെ ഉടമകളും അന്താരാഷ്ട്ര മാധ്യമ സംഘടനയും ആരോപിച്ചു. രക്തം വാര്‍ന്നാണ് അമല്‍ കണ്ണടച്ചത്. അമലിന്റെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പോലും താന്‍ സേഫ് ആണെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഹിസ്ബുള്ള എന്ന പ്രസ്ഥാനത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്രമിക്കുന്നതിന് തടയിടണമെന്ന ആവശ്യം ഇസ്രയേല്‍ ഒരു കാലത്തും വിലയ്‌ക്കെടുത്തിട്ടില്ല. അമല്‍ ഖലീല്‍, ഈ ആക്രമണ പരമ്പരയിലെ ഒടുവിലത്തെ ഉദാഹരണം.

ക്ഷുഭിതയൗവനത്തില്‍ തന്നെ വാര്‍ത്തകളുടെ അമര ഭൂമികയില്‍ അപൂര്‍വ രക്തസാക്ഷിത്വം വരിച്ച മാധ്യമ പ്രവര്‍ത്തകരുടെ ജഡകുടീരങ്ങളില്‍ നിന്നാണ് പൊരുതുന്ന പലസ്തീനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാര്‍ത്ഥകമാവുന്നത്. ഇസ്രയേലി നൃശംസത ലോകത്തിനു മുമ്പില്‍ തത്സമയം കാണിക്കുന്നതിനിടെ ഗാസയുടെ ആകാശം തുളച്ചെത്തിയ റോക്കറ്റ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടാരത്തിനകത്ത് 28 കാരനായ അനസ് അല്‍ ഷെരീഫിന്റെയും അല്‍ ജസീറ ടെലിവിഷനിലെ നാല് സഹപ്രവര്‍ത്തകരുടെയും പ്രാണനുകള്‍ പൊലിഞ്ഞത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. കുരുതിയുടെ ഭീകര ദൃശ്യങ്ങള്‍ കവര്‍ന്ന അവരുടെ ക്യാമറകള്‍ ചാമ്പലായി. തൊട്ടടുത്ത ഷിഫ ആശുപത്രി കോമ്പൗണ്ടില്‍ ഗാസയുടെ മക്കളുടെ ദീന രോദനങ്ങളുണര്‍ന്നു. അനസ് അല്‍ ഷെരീഫ് അയച്ച അവസാന സന്ദേശം : ഇതെന്റെ അവസാന മെസ്സേജ്. ഈ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍.. എന്നെ ഇല്ലാതാക്കുന്നതിലും എന്നെ പൂര്‍ണമായി നിശ്ശബ്ദനാക്കുന്നതിലും ഇസ്രായേല്‍ വിജയിച്ചുവെന്ന് പറയാം. നിങ്ങള്‍ക്ക് മേല്‍ അല്ലാഹുവിന്റെ ശാന്തി ഉണ്ടാകട്ടെ… ഇളയ മകള്‍ ശാമിന്‍, മകന്‍ ബയാന്‍ എന്നിവര്‍ക്കും അനസ് അവസാന സന്ദേശം അയച്ചു: അഭിമാനിക്കുക, പിറന്ന മണ്ണിന്റെ അഭിമാനം കാക്കുന്നവരോടോപ്പം നില്‍ക്കുക. നിങ്ങള്‍ മുതിര്‍ന്നാല്‍ പലസ്തീന്റെ ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുക… ജബലിയ അഭയാര്‍ഥി ക്യാമ്പിലാണ് അനസ് ജനിച്ചത്. പലായനം ചെയ്യുന്നവരുടെ വേദന അനുഭവിച്ച് വളര്‍ന്ന ജീവിതം. ബാപ്പ മരിച്ചതും ഇസ്രയേലി ആക്രമണത്തില്‍. അല്‍ജസീറയുടെ ഏറ്റവും പ്രശസ്തനായ യുദ്ധ ലേഖകനായി അനസ് മാറിയപ്പോള്‍ ഇസ്രയേലി സേനാധിപതികള്‍ക്കും ഭരണകൂടത്തിനും അദ്ദേഹം കണ്ണിലെ കരടായി. പല തവണ അവരുടെ ടാര്‍ജറ്റ് ആയിരുന്നു അനസ്. ഗാസ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ അവര്‍ ലക്ഷ്യം കണ്ടു. ഹമാസ് സെല്ലിനെ അനസ് അല്‍ശരീഫ് നയിച്ചതായാണ് കൊലയ്ക്ക് കാരണമായി ഇസ്രയേലി സൈന്യം പറഞ്ഞത്. ഇസ്രയേലി സിവിലിയന്മാര്‍ക്കും സേനക്കും നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് അനസ് അല്‍ശരീഫ് ഉത്തരവാദിയായിരുന്നുവെന്നും ഇസ്രയേലി സൈന്യം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഗാസ നഗരത്തിലെ അല്‍ശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവര്‍ത്തകരുടെ തമ്പിനു നേരെ ഇസ്രയേലി വിമാനം നടത്തിയ വ്യോമാക്രമണത്തില്‍ അനസ് ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അനസ് അല്‍ശരീഫിനു പുറമെ അല്‍ജസീ റയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം ദാഹിര്‍, മുഅ്മിന്‍ അലൈവ, മുഹമ്മദ് നൗഫല്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഗാസാ മുനമ്പ് ഒരു മരണമുനമ്പാണെന്ന് അല്‍ ജസീറാ അഭിമുഖത്തില്‍ പറഞ്ഞ മാധ്യമപ്രവര്‍ത്തകനായിരുന്നു ഇന്നലെ ഇസ്രയേലി ഭടന്റെ ബുള്ളറ്റ് ഏറ്റുവാങ്ങി ജീവഹാനി സംഭവിച്ച ജഫറാവി.

പ്രണയത്തെ കുറിച്ച് പാടിയ അനശ്വര കവി ഖലീല്‍ ജിബ്രാന്റെ നാട്ടുകാരിയാണ് അമല്‍ ഖലീല്‍. സിദാന്‍ ഗ്രാമത്തില്‍ നിന്നുള്ള അവര്‍ തീര്‍ച്ചയായും പേനയും ക്യാമറയും പ്രണയം പോലെ, സമരം പോലെ, മരണം പോലെ കരുതിയ പടനായികയുമായിരുന്നിരിക്കാം.

ഹൃദയരക്തത്തില്‍ മുക്കിയെടുത്ത തന്റെ പൊന്‍നാരായം കൊണ്ട് പലസ്തീന്റെ പടനായകനായ കവി മഹ് മൂദ് ദര്‍വിഷ് എഴുതി: സ്വന്തം മണ്ണില്‍ ശ്വസിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായ പലസ്തീനികളുടെ കുഴിമാടത്തിനു മുന്നില്‍ അല്ലാഹു ഓരോ ചെടി നട്ടുവളര്‍ത്തും. പച്ചത്തഴപ്പുകളുമായി മുള പൊട്ടുന്ന ആ ചെടികളുടെ സാഫല്യത്തിലൂടെ, വരാനിരിക്കുന്ന തലമുറ സ്വന്തം രക്തം തിരിച്ചറിയും. പൂവുകളായി, പഴങ്ങളായി, രക്തസാക്ഷികള്‍ ഈ മണ്ണില്‍ പുനര്‍ജ്ജനിക്കും. അന്നേരം ഗോലാന്‍കുന്നുകളുടെ ചെരിവില്‍ തിളങ്ങുന്ന മാനത്തിന്റെ മറുസീമയില്‍ നിന്ന് മരണദൂതുമായി പക്ഷിക്കൂട്ടം ചിറകടിച്ചെത്തും. അതെ, മരണം പലസ്തീനികള്‍ക്ക് സ്വര്‍ഗപ്രാപ്തിയാണ്.

Content Summary:Lebanese journalist Amal Khalil she killed by Israel strike. The brave soul who laid down her life in the line of duty

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on April 23, 2026 4:09 pm

മുസാഫിര്‍: സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment