ജീവിതം ഒരു യാത്രയാണ്. മനുഷ്യജീവിതം മുഴുവന്‍ യാത്ര ചെയ്യുക എന്നുള്ളത് നിസ്സാര കാര്യമല്ല. അങ്ങനെ പൂര്‍ണമായ ജീവിത യാത്രകള്‍ നടത്തിയവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. നമ്മുടെ മലയാളികള്‍ക്കിടയിലും ജീവിതയാത്ര ഏതാണ്ട് പൂര്‍ത്തിയാക്കിയവര്‍ ഉണ്ട് താനും. ജീവിതയാത്ര എന്നു പറയുന്നത് എല്ലാവരും നടത്തുന്നതാണ്. അതിന്റെ ദൈര്‍ഘ്യമാണ് ജീവിതയാത്രയുടെ വിജയം. ഈ ലോകം കാണാന്‍ വന്നവരെല്ലാവരും തന്നെ ലോകം മുഴുവനായി കണ്ട് തീര്‍ന്നിട്ടുണ്ടാകില്ല എന്ന് നാടകാചാര്യനും എഴുത്തുകാരനുമായ ഓംചേരി തന്റെ ഉലകുടപെരുമാള്‍ എന്ന നാടകത്തില്‍ കഥാപാത്രത്തെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. ജീവിതയാത്ര നടത്തുവാന്‍ ഭൂമിയില്‍ എത്തിയ ആരും തന്നെ മടങ്ങി പോകാതിരുന്നിട്ടില്ല എന്നും അദ്ദേഹം കഥാപാത്രത്തെ കൊണ്ട് പറയിച്ചിട്ടുണ്ട്. അത് എത്രമാത്രം ശരിയാണെന്ന് നമുക്ക് ആലോചിക്കുമ്പോള്‍ മനസ്സിലാകും.life is a journey; that is human experience
നമ്മള്‍ യാത്ര ചെയ്യുന്നതിന് സമാന്തരമായി തന്നെയാണ് ജീവിതയാത്രയും മുന്നോട്ടുപോകുന്നത്. കയറ്റവും ഇറക്കവും എല്ലാ യാത്രകളിലും ഉണ്ടല്ലോ. ജീവിതയാത്രയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. വളവും തിരുവും ഉണ്ടാകും. യാത്രയില്‍ ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. ജീവിതയാത്രയിലും പലപ്പോഴും നമുക്ക് തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ജീവിത യാത്രയില്‍ ഒട്ടേറെ സൗഹൃദങ്ങള്‍ നമുക്ക് ലഭിക്കുന്നു. സൗഹൃദങ്ങള്‍ ജീവിത യാത്രയെ വിജയത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചില സൗഹൃദങ്ങള്‍ പരാജയം സംഭവിക്കാനും കാരണമാകുന്നുണ്ട് എന്നുള്ളത് പരാമര്‍ശിക്കാതെ പോകുന്നതും ശരിയല്ല. ജീവിത വിജയത്തിന് വേണ്ടിയാണ് നമ്മള്‍ പല സൗഹൃദങ്ങളും വളര്‍ത്തുന്നത്. ജീവിത യാത്രയില്‍ വിജയിക്കുന്നവര്‍ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ശരിയുടെ പാതയിലൂടെ ദീര്‍ഘമായി യാത്ര ചെയ്യുന്നു.
ഓരോ മനുഷ്യരിലും ജീവിത യാത്രയുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് പക്വത കൂടുകയാണ് ഉണ്ടാകുന്നത്. ജീവിതയാത്രയില്‍ അനുഭവങ്ങളാണ് ഓരോരുത്തരെയും പക്വതയുള്ള വ്യക്തികളാക്കി മാറ്റുന്നതെന്ന് മനസ്സിലാക്കാം. അനുഭവങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു എന്നും നമുക്ക് പറയാം. ജീവിത യാത്രയില്‍ ലഭിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഒരാളെ നായകനായി മാറുന്നതിന് പ്രാപ്തനാക്കുന്നു എന്നുള്ളത് ചെറിയ കാര്യമല്ല.
നൂറ് വയസിന് മുകളില്‍ ജീവിച്ച് ജീവിതയാത്ര വിജയിച്ച എത്രയോ പേര്‍ ലോകത്തുണ്ട്. 1900ത്തിന് ശേഷമാണ് നൂറ് വയസ്സിലധികം ജീവിക്കുന്നവരുടെ എണ്ണം രണ്ടിരട്ടി വര്‍ദ്ധിച്ചത്. കഴിഞ്ഞ് നൂറ്റാണ്ട് വരെ മനുഷ്യന്റെ ജീവിതദൈര്‍ഘ്യം 31 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് രണ്ട് മടങ്ങിലധികം വര്‍ദ്ധിച്ച് 73.2 വര്‍ഷമായി മാറിയത്. 2050-ല്‍ ഇത് 77.1 ആകുമെന്നാണ് കണക്ക്. 2015ല്‍ ആകെ 4.5 ലക്ഷം പേരാണ് 100 വയസ്സ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2050- ഓടെ ഇത് 37 ലക്ഷമാകുമെന്നാണ് നിഗമനം.
ജനനത്തിനും മരണത്തിനും ഇടയിലുള്ള ഏതാനും വര്‍ഷങ്ങളാണ് ജീവിത യാത്രയ്ക്കുള്ളത്. ഈ ജീവിതയാത്രയില്‍ പങ്കെടുക്കാന്‍ വരുന്നതും മടങ്ങുന്നതും എപ്പോഴും ഒറ്റയ്ക്കായിരിക്കും. ജനിക്കുമ്പോഴോ മരിക്കുമ്പോഴോ ആരും ഒപ്പം ഉണ്ടാകാറില്ലല്ലോ. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പുനര്‍ജനിച്ച ഒരാളെ കണ്ടിട്ടുണ്ടോ. അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ അയാളുമായി നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ. കാലങ്ങളായി ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു – എന്നാല്‍ ഇന്നുവരെ ഒരു മനുഷ്യന്‍ പോലും താന്‍ ഒരു പുനര്‍ജനിച്ച വ്യക്തിയാണെന്ന് വ്യക്തതയോടെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലഭ്യമായ ജീവിത യാത്ര വിജയപ്രദമാക്കേണ്ട കടമ ഓരോരുത്തര്‍ക്കും ഉണ്ട്.
ജീവിത യാത്രയുടെ കാലയളവില്‍ നമ്മള്‍ എത്രയോ കാല്‍നടയായി യാത്ര ചെയ്തിട്ടുണ്ട്. ഓടിയിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ജീവിത യാത്രയില്‍ പലരും നമ്മോടൊപ്പം യാത്ര ചെയ്തിട്ടുണ്ടാകും. യാത്രയില്‍ നമ്മള്‍ ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ടാകും. നമ്മള്‍ ജീവിത യാത്രയില്‍ പലരേയും അനുകരിക്കാന്‍ ശ്രമിക്കുക സ്വഭാവികമാണ്. അങ്ങനെ കണ്ടും കേട്ടും ജീവിതയാത്ര മുന്നോട്ടു പോകുമ്പോള്‍ അതില്‍ സന്തോഷവും സഹതാപവും സങ്കടവും ഇടകലര്‍ന്ന സമ്മിശ്രങ്ങളായ വികാരങ്ങള്‍ ഓരോ മനുഷ്യരിലും ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെ വ്യത്യസ്തങ്ങളായ രുചിഭേദങ്ങളിലൂടെ 100 വയസ്സ് പൂര്‍ത്തീകരിക്കുക എന്നുള്ളത് ജീവിത വിജയം തന്നെയാണ്.
ഋഷിമാര്‍ക്ക് മനസ്സ് എത്തുന്നിടത്ത് ശരീരവും എത്തിക്കാനുള്ള സിദ്ധി ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ശങ്കരാചാര്യര്‍ തന്നെ ഒരു ഉദാഹരണം. അമ്മ വിചാരിക്കുമ്പോള്‍ താന്‍ എത്തുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞിരുന്നു. ശങ്കരാചാര്യരുടെ അമ്മ വിചാരിച്ചപ്പോള്‍ അദ്ദേഹം എത്തുകയും ഉണ്ടായി എന്നാണ് പറയുന്നത്. അങ്ങനെ ഒന്നും മനുഷ്യന് സാധിക്കില്ല എന്നറിയാം. എന്നാല്‍ മനുഷ്യന്റെ മനസ്സിന് യാത്ര ചെയ്യുന്നതിന് അതിരുകളില്ല. ജീവിതകാലത്ത് എത്രയോ ഇടങ്ങളിലേക്ക് മനസ്സിനെ യാത്ര ചെയ്യിപ്പിക്കുവാന്‍ മനുഷ്യന് സാധിക്കുന്നു. ഹിമാലയത്തിലോ എവറസ്റ്റിലോ ബഹിരാകാശത്തോ എവിടെ വേണമെങ്കിലും മനസ്സിനെ എത്തിക്കുക എന്നുള്ളത് എല്ലാ മനുഷ്യര്‍ക്കും ലഭിച്ചിട്ടുള്ള ഒരു കഴിവായി തന്നെ നമുക്ക് കാണാം.
ശരീരം കൊണ്ട് എത്തിപ്പെടാന്‍ സാധിക്കാത്തിടത്തൊക്കെ നമ്മുടെ മനസ്സ് യാത്രചെയ്യുന്നത് ഒരു സങ്കല്പമായിരിക്കാം. പക്ഷെ അതും ഒരു യാത്ര തന്നെയാണ്. ഒരു വിവാഹത്തിലോ, ഉത്സവത്തിലോ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ചിലപ്പോള്‍ പറയുന്നത് നിങ്ങളും കേട്ടിരിക്കും. വന്നില്ലെന്നേ ഉള്ളൂ, പക്ഷെ മനസ്സ് അവിടെയായിരുന്നു എന്ന്. അങ്ങനെ പറയുന്നവര്‍ ചെല്ലാത്തിടത്തേക്ക് മനസ്സ് യാത്ര ചെയ്തു എന്നാണല്ലോ പറയുന്നത്.
കേദാര്‍നാഥിലും, ബദരീനാഥിലും, കാശിയിലും, ഹരിദ്വാറും മറ്റും യാത്രചെയ്യണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടാകും. പക്ഷെ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. എന്നാല്‍ അവിടെയൊക്കെ മനസ്സിനെക്കൊണ്ട് യാത്ര ചെയ്യിച്ച് ത്യപ്തരാകുന്നവര്‍ എത്രയോ ഉണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. പക്ഷെ അയ്യപ്പഭക്തരായ എത്രയോ സ്ത്രീകള്‍ മനസ്സിനെ ശബരിമലയിലേക്ക് യാത്ര ചെയ്യിക്കുന്നതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
വ്യക്തിപരമായി എനിക്ക് അറിവുള്ള ഒട്ടേറെ പേര്‍ നൂറ് വര്‍ഷം എന്ന മനുഷ്യന്റെ ജീവിത ആയുസ് മുഴുവന്‍ പൂര്‍ത്തീകരിച്ച് വിജയം കണ്ടിട്ടുണ്ട്. ഞാന്‍ ഏറെ ബഹുമാനിക്കുന്നവരാണ് ഇവരൊക്കെ തന്നെ. കോട്ടയ്ക്കല്‍ പി കെ വാര്യര്‍ വൈദ്യര്‍, ഓംചേരി എന്‍ എന്‍ പിള്ള, ജെമിനി ശങ്കരന്‍, വിഎസ് അച്യുതാനന്ദന്‍, ക്രിസ്‌തോസ്തം തിരുമേനി, കെ ആര്‍ ഗൗരിയമ്മ, വി ആര്‍ ക്യഷ്ണയ്യര്‍ അങ്ങനെ എത്രയെത്ര മലയാളികളാണ്. ഇവരോടൊപ്പം അല്‍പ്പസമയം ചിലവഴിക്കുക എന്നത് തന്നെ പുണ്യമാണ്.
നൂറുവര്‍ഷം ജീവിതയാത്ര പൂര്‍ത്തിയാക്കിയവര്‍ മാത്രമാണ് ജീവിത വിജയം നേടിയവര്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. ജീവിത യാത്രയുടെ പകുതി പോലും ആകുന്നതിനുമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ എത്രയോ പേര്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. ശ്രീ ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, കുമാരനാശാന്‍, ചങ്ങമ്പുഴ തുടങ്ങിയ എത്രയെത്ര പേര്‍. ഇവരെല്ലാം 50 വയസ്സ് തികയുന്നതിന് മുമ്പേതന്നെ ലോകത്തോട് വിട പറഞ്ഞെങ്കിലും അവരവരുടെ മേഖലയില്‍ വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മടങ്ങിയത്. അതുകൊണ്ട് ജീവിത വിജയം ലഭിക്കുവാനായി നൂറ് വയസ്സുവരെ ജീവിക്കണം എന്ന് തന്നെ ഇല്ല എന്നാണ് പറഞ്ഞു വരുന്നത്.life is a journey; that is human experience
Content Summary: life is a journey; that is human experience