June 04, 2026 |
Share on

ആരായിരുന്നു ബ്രിട്ടോ തേടിനടന്ന ചന്ദ്രൻ?

ആദ്യ നോവലിൽ ‘അഗ്രഗാമി’ സ്വന്തം ജീവിതം തന്നെ വരച്ചുകാട്ടുമ്പോൾ തന്റെ പഴയ സുഹൃത്തിനെ തേടുകയാണ് ചന്ദ്രന്റെ മാളികയിലൂടെ

രാഷ്ട്രീയ പ്രതിയോഗികൾ പാതിവഴിയിൽ കൂത്തിവീഴ്ത്തിയപ്പോവും തികഞ്ഞ പോരാട്ടവീര്യത്തോടെ ജീവിതത്തോട് പൊരുതിയ സൈമൺ ബ്രിട്ടോ വിടപറയുമ്പോൾ ബാക്കിയാവുന്നത് കുറേ ഒാർമ്മകളും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമാണ്. തൃശൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസില് എഴുത്തിനായി താമസിക്കുമ്പോളായിരുന്നു അദ്ദേഹത്തെ അസുഖബാധിതനായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ബ്രിട്ടോയുടെ ആദ്യ നോവലിൽ ‘അഗ്രഗാമി’ സ്വന്തം ജീവിതം തന്നെ വരച്ചുകാട്ടുമ്പോൾ തന്റെ പഴയ സുഹൃത്തിനെ തേടുകയാണ് ചന്ദ്രന്റെ മാളികയിലൂടെ അദ്ദേഹം.

വർഷങ്ങൾ തേടിയിട്ടും ഒരിക്കൽ തനിക്ക് അഭയം തന്ന ചന്ദ്രനെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ കാലഘട്ടത്തിൽ ഒരു വ്യക്തിയുടെ ആകുലതകളാണ് ചന്ദ്രന്റെ മാളിക എന്ന് ബ്രിട്ടോ തന്നെ പറയുന്നുണ്ട്.

താൻ‌ തേടിയ ചന്ദ്രനെ കുറിച്ച് ബ്രിട്ടോ നോവലിന്റെ ആമുഖത്തിൽ കുറിച്ചത്:

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ നാട്ടിലെ സംഘർഷത്തിൽ നിൽക്കാൻ കഴിയാതെ, ആരോടും പറയാതെ നാടുവിട്ടു. എവിടെ പോവണം എന്നറിയില്ല. കയ്യിൽ 18 രൂപമാത്രം പെട്ടെന്ന് ഇരുപത് വയസ്സുള്ള ഒരു ചന്ദ്രനെ ഒാര്‍മ്മ വന്നു. പറയത്തക്ക ഒരു വിലാസവും ഇല്ലാതെ തന്നെ ഞാൻ ചന്ദ്രനെ തേടിപ്പിടിച്ച് ചന്ദ്രന്റെ മാളിക വീട്ടിൽ താമസിച്ചു. ജീവിതത്തിലെ സുന്ദരമായ അനുഭവം. ആ മാളികയിൽ കിടന്ന് നോവലുകൾ അടക്കം വായിച്ചു. ചുരുക്കം ദിവസം പിന്നെ എന്റെ ഒളിച്ച് പുറപ്പാട് തുടർന്നു.

1983 ഒക്ടോബർ 14 ന് നട്ടെല്ലിനും ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും മാരകമായി കുത്തേറ്റു തളർന്നു. പത്തുവർഷം വീടിന് പുറത്തിറങ്ങാതെ കിടന്നു. ചന്ദ്രനെ കണ്ടില്ല. അതിനുശേഷം ഞാൻ പുറത്തിറങ്ങി. ചന്ദ്രനെ കണ്ടില്ല. പലയിടത്തും സഞ്ചരിച്ചും ഒരിക്കൽ തൃശൂരിൽ ഒരിടത്ത് പ്രസംഗിച്ച് സ്റ്റേജില്‍ നിന്നും താഴെയിറങ്ങുമ്പോൾ മിന്നായം പോലെ ചന്ദ്രനെ കണ്ടു കൈകൊടുത്തു. പിന്നെ ചന്ദ്രനെകണ്ടിട്ടേയില്ല. 2006-2011 വർഷം ഞാൻ കേരള നിയമസഭയിൽ അംഗമായി. ഒരിക്കല്‍ ഞാൻ ചന്ദ്രനെ തെരക്കിപ്പോയി. വീടുപോലും കണ്ടുപിടിക്കാൻ കഴി‍ഞ്ഞില്ല. പലരോടും തെരക്കി ആർക്കും അറിയില്ല.

നിയമസഭാ അംഗത്വം കഴിഞ്ഞു. വീണ്ടും അന്വേഷിച്ചു. പഴയ അടയാളമായ സ്കൂൾ ഞാൻ കണ്ടുപിടിച്ചു. ചന്ദ്രനെ കണ്ടെത്തിയില്ല. മനസിന്റെ ആ ആകുലതയിൽ കിടന്നാണ് ഈ നോവൽ എഴുതുന്നത്. തൃശൂരെ ആയുർധാരയിൽ ചികിത്സയ്ക്ക് കിടക്കുമ്പോള്‍ ഒരു കൂട്ടിരിപ്പ് കാരനെ കിട്ടി. മൾബറി ബാബു. മനസിന്റെ ഒരു പ്രത്യേക അവസ്ഥയിൽ ആശുപത്രിയിൽ കിടന്ന് മുടങ്ങാതെ നോവൽ പറഞ്ഞ് കൊടുത്ത് എഴുതിച്ചു. ബാബുവിന്റെ ആ സമയത്തെ സാന്നിദ്ധ്യമാണ് ഈ നോവൽ എഴുതാൻ ഹേതു.

https://www.azhimukham.com/trending-nk-vasudevan-remembering-simon-britto/

https://www.azhimukham.com/newsupdate-cpim-leader-simon-britto-dies/

Leave a Reply

Your email address will not be published. Required fields are marked *

×