കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കും. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ് നടക്കുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നവംബര്‍ 22 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്.
സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. ആകെ 23,576 വാര്‍ഡുകളാണ് ഉള്ളത്. മട്ടന്നൂരില്‍ പിന്നീടാകും തിരഞ്ഞെടുപ്പ് നടക്കുക. ക്രമസമാധാന പാലനത്തിനായി 70,000 പോലീസുകാരെ നിയമിക്കും.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നതോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. കോണ്‍ഗ്രസ് 63 സ്ഥാനാര്‍ത്ഥികളെയും ബിജെപി 67 സ്ഥാനാര്‍ത്ഥികളെയുമാണ് ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 87 നഗരസഭകളില്‍ 44 എണ്ണം ഇടതുപക്ഷവും 41 എണ്ണം യുഡിഎഫും രണ്ടെണ്ണം ബിജെപിയുമാണ് ഭരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ലും ഇടത് ഭരണമാണ്. മൂന്നിടത്ത് മാത്രമാണ് യുഡിഎഫ്. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ് ഉള്ളത്. 152 ബ്ലോക്കുകളില്‍ 113 ഉം ഇടതുമുന്നണി ഭരിക്കുമ്പോള്‍ 38 ഇടങ്ങളിലാണ് യുഡിഎഫ് ഭരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 571 സ്ഥലങ്ങളിലും ഇടത് ഭരണം നടക്കുമ്പോള്‍ 351 പഞ്ചായത്തുകളില്‍ യുഡിഎഫും 12 പഞ്ചായത്തുകള്‍ എന്‍ഡിഎയും ഭരിക്കുന്നു. ഏഴിടങ്ങളില്‍ മറ്റുള്ളവരും ഭരണം നടത്തുന്നു.
അന്തിമ വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ 25നാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകും. നിലവിലെ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണ് ഉള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 2,841 പ്രവാസി വോട്ടര്‍മാരുമാണ് ഉള്ളത്. കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് 35,74,802. കുറവ് വയനാട്ടിലും. 6,40,183 വോട്ടര്‍മാരാണ് വയനാട്ടിലുള്ളത്.
Content Summary: Local body elections in Kerala will be on December 9 and 11
This post was last modified on November 10, 2025 4:21 pm
Leave a Comment