ജീവിതത്തിലെ പോലെ മരണത്തിലും ദുരുഹത സൃഷ്ടിച്ചാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടത്. പുലിനേതാവിന്റെ അവസാന നിമിഷങ്ങളും എങ്ങനെ കൊല്ലപ്പെട്ടുവെന്നതും വര്‍ഷം പതിനഞ്ച് പിന്നിട്ടിട്ടും പുറത്ത് വരാത്ത രഹസ്യമായി ഇന്നും നിലനില്‍ക്കുന്നു.
തന്റെ സ്വപ്നമായ തമിഴ് ഈഴത്തിന് വേണ്ടി സിംഹള മേഖലയില്‍ ഒരു സ്‌ഫോടനം നടത്താനോ, എതെങ്കിലും നേതാവിനെ വധിക്കാന്‍ ചാവേറായ കരിമ്പുലിയെ യാത്രയയ്ക്കാനോ ജീവിച്ചിരുന്നെങ്കില്‍ ഈ ദിവസം മാത്രം, നവംബര്‍ 26 ന് പ്രഭാകരന്‍ ഒരിക്കലും തയ്യാറാവുമായിരുന്നില്ല. കാരണം പുലിനേതാവിന്റെ ജന്മദിനമാണ് നവംബര്‍ 26. ജീവനൊടെ ഉണ്ടെങ്കില്‍ ഈ നവംബര്‍ 26 ന് 70 വയസ്സായേനെ വേലുപ്പിള്ള പ്രഭാകരന്.
തമിഴ് ഈഴം വരുമെന്ന വിശ്വാസം പോലെ തന്നെ 26 എന്ന അക്കം തനിക്ക് നിര്‍ഭാഗ്യകരമാണെന്ന് അയാള്‍ കരുതി. എകെ 47 തോക്കിലുള്ള വിശ്വാസം പോലെ തന്നെ ചില അന്ധവിശ്വാസങ്ങളും അയാള്‍ക്കുണ്ടായിരുന്നു. അക്കങ്ങള്‍ ഒന്നിച്ച് കൂട്ടിയാല്‍ 8 വരുന്ന സഖ്യ തനിക്ക് നിര്‍ഭാഗ്യകരമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതിനാല്‍ നവംബര്‍ 26ന് ഒരു സൈനിക നീക്കവും നടത്തില്ല. പകരം കൊല്ലപ്പെട്ട എല്‍.ടി.ടി. പോരാളികളുടെ സ്മരണക്കായ് ഒരാഴ്ച ‘വീരന്മാരുടെ വാരമായി’ ആചരിക്കും.
വെല്‍വെറ്റിത്തുറയില്‍ നിന്നാരംഭിച്ച് നന്ദിക്കടല്‍ തടാകത്തില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 2009 മെയ് മാസത്തില്‍ കൊല്ലപ്പെടുമ്പോള്‍ മൂന്ന് പതിറ്റാണ്ട് ശ്രീലങ്കയിലെ ഒരു വലിയൊരു ഭാഗം അടക്കി ഭരിച്ച പുലിനേതാവിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വിസ്തൃതി മാത്രമുള്ള പ്രദേശം മാത്രമായിരുന്നു.
ആധുനിക കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെ പുതിയ മുഖങ്ങള്‍ സൃഷ്ടിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒളിപ്പോരാട്ട സംഘടനയായ എല്‍.ടി.ടി.ഇ അവരുടെ പരമോന്നത നേതാവിന്റെ അന്ത്യത്തോടെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചു മാറ്റപ്പെട്ടു.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ തുടങ്ങിയ 20 ഓളം രാഷ്ട്രീയ പ്രമുഖരെയാണ് എല്‍.ടി.ടി.ഇ നേതാവ് നിഷ്ഠൂരമായി വകവരുത്തിയത്. മുപ്പത് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ശ്രീലങ്കയുടെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വികസനം തകര്‍ന്നടിഞ്ഞു. പുലികളാകട്ടെ രാജ്യത്തിനുള്ളിലെ രാജ്യമായി തമിഴ് സ്വാധീന പ്രദേശങ്ങള്‍ ഭരിച്ചു. സ്വന്തം പോലീസ്, സ്വന്തം നിയമസംഹിത, സ്വന്തം കോടതി എന്നിവയിലൂടെ കിള്ളിനോച്ചി ആസ്ഥാനമായി അടക്കി ഭരിച്ചു. ലോക തമിഴമാരുടെ ദളപതിയായി അവരോധിക്കപ്പെട്ട വേലുപ്പിള്ള പ്രഭാകരന്‍ ലോകത്തിലെ തന്നെ ഒന്നാം നിര ഗറില്ലാ പോരാളിയായി ഉയര്‍ന്നു. എല്‍.ടി.ടി.ഇ മാത്രമാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രതിനിധി എന്ന് സ്ഥാപിക്കാനായി മറ്റ് തമിഴ് വിമോചന സംഘടനകളുടെ നേതാക്കളെ ഉന്‍മൂലനം ചെയ്തു, പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിഞ്ഞു.
ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 ല്‍ ചാവേറാക്രമണത്തില്‍ വധിച്ചതോടെയാണ് പ്രഭാകരന്റെ പതനത്തിന്റെ ആരംഭം. ഇന്ത്യയുടെ പിന്‍തുണ നഷ്ടപ്പെട്ടത് പ്രസ്ഥാനത്തിനേറ്റ കനത്ത അടിയായിരുന്നു. ‘ചരിത്രപരമായ വിഡ്ഢിത്തരം’ എന്ന് സംഘടനയുടെ സൈദ്ധാന്തികന്‍ ആന്റണ്‍ ബാലശിങ്കം പിന്നീട് അത് ലണ്ടനില്‍ വെച്ച് ഏറ്റു പറഞ്ഞു.
അന്റണ്‍ ബാലശിങ്കത്തിന്റെയും ഡെപ്യൂട്ടി ലീഡര്‍ മഹാതിയയുടെയും എതിര്‍പ്പ് വകവെയ്ക്കാതെ നടത്തിയതായിരുന്നു രാജീവ് വധം എന്ന് പ്രഭാകരനുമായി 2004 ല്‍ തെറ്റിപ്പിരിഞ്ഞ കേണല്‍ കരുണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്ത വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള പ്രഭാകരന്റെ തീരുമാനം മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തമായി. സിംഹള വംശീയവാദിയായ രാജപക്‌സേ അധികാരത്തില്‍ വരാന്‍ അവസരമൊരുക്കിയത് എല്‍.ടി.ടി.ഇയുടെ അവസാനം കുറിക്കാനുള്ള ആരംഭമൊരുക്കി. എല്‍.ടി.ടി.ഇ യുടെ ശക്തി ദര്‍ബല്യങ്ങള്‍ നന്നായി അറിയുന്ന ഒരു സ്രോതസായി മഹീന്ദ്ര രാജപക്‌സേക്ക് വേണ്ടി കേണല്‍ കരുണ പ്രവര്‍ത്തിച്ചതായിരുന്നു എല്‍.ടി.ടി.ഇക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി.
പ്രസിഡന്റ് രാജപക്‌സേ അധികാരമേറ്റയുടന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തന്റെ സഹോദരനായ, പഴയ ശീലങ്കന്‍ പട്ടാളമേധാവി ലഫ്റ്റനന്റ് കേണല്‍ ഗോതബായ രാജപക്‌സെയെ ശീലങ്കയിലേക്ക് വിളിച്ചു വരുത്തി പ്രതിരോധ സെക്രട്ടറിയാക്കി. ഗോതബയ രാജപക്‌സെ തന്റെ കൂടെ പുലികളുമായുള്ള ഒന്നാം ഈഴം യുദ്ധത്തില്‍ പങ്കെടുത്ത ശരത് ഫോന്‍സെകെയെ ആര്‍മി ചീഫാക്കി. ശരത് ഫോന്‍സെകെ മികച്ച യുദ്ധതന്ത്രജ്ഞനായിരുന്നു. അയാള്‍ സൈനിക മേധാവികളെ പുനസംഘടിപ്പിച്ചു സൈന്യത്തെ ഊര്‍ജസ്വലരാക്കി. 2008ല്‍ ശ്രീലങ്ക എല്‍. ടി. ടി. ഇ.യുമായുള്ള വെടി നിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങി. അവസാന യുദ്ധമാരംഭിക്കാന്‍ രാജപക്‌സെ മുന്നിട്ടിറങ്ങി.
2009 ജനുവരിയില്‍ നാല് ശ്രീലങ്കന്‍ പട്ടാള ഡിവിഷനുകള്‍ ചേര്‍ന്ന് കടുത്ത ആക്രമണത്തിലൂടെ എല്‍.ടി.ടി.ഇ ആസ്ഥാനമായ കിള്ളിനോച്ചി പിടിച്ചെടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കന്‍ പതാക നാട്ടി. സ്വന്തം ആസ്ഥാനം ഉപേക്ഷിച്ച് ഗത്യന്തരമില്ലാതെ പുലികള്‍ തിരിഞ്ഞോടിയത് പ്രഭാകരനെ ക്രുദ്ധനാക്കി പക്ഷേ, ശ്രീലങ്കന്‍ സൈന്യത്തെ നേരിടാന്‍ പഴയ പോലെ ശക്തമല്ലായിരുന്നു എന്‍.ടി.ടി.ഇ. കേണല്‍ കരുണ പ്രസ്ഥാനത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെ ബര്‍ട്ടിക്കലോവയില്‍ നിന്നുള്ള പുലികള്‍ ഇല്ലാതെയായത് അവരെ സൈനികമായി ദുര്‍ബലമാക്കി.
2009 ഏപ്രിലെ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അസന്നമായതിനാല്‍ അത് കഴിയും വരെ ആക്രമണം സാവധാനത്തിലാക്കാന്‍ ഇന്ത്യയും ശ്രീലങ്കയും രഹസ്യധാരണയിലെത്തിയതോടെ രാജപക്‌സേ ശക്തനായി. അതിനിടയില്‍ ശ്രീലങ്കന്‍ വ്യോമസേനയുടെ കനത്ത ആക്രമണത്തില്‍ മര്‍മ്മപ്രധാനമായ എലിഫന്റ് പാസ്സ് സൈന്യം പിടിച്ചെടുത്തു. കനത്ത ബോബ് വര്‍ഷത്തില്‍ പുലികളുടെ താവളങ്ങളും ബങ്കറുകളും വ്യോമസേന തകര്‍ത്തു. സൈന്യവും നാവികസേനയും ചേര്‍ന്ന് ചുണ്ടികുളത്തെ കടല്‍പുലി കേന്ദ്രം തകര്‍ത്തു തരിപ്പണമാക്കി. ഹെലികോപ്റ്ററുകളും ഗണ്‍ബോട്ടുകളും കനത്ത ഷെല്ലാക്രമണം നടത്തി ഒട്ടെറെ പുലികളെ വധിച്ചു. 23 വര്‍ഷത്തിന് ശേഷം ജാഫ്‌ന ശ്രീലങ്കന്‍ സൈന്യത്തിന്റെ കയ്യിലായി.
പിന്നീട് നടന്ന യുദ്ധം എലിയും പൂച്ചയും തമ്മിലുള്ള കളിയായിരുന്നു. പ്രഭാകരന്‍ തിരിഞ്ഞോടാന്‍ തുടങ്ങി. പുലിനേതാവിന്റെ രഹസ്യ ബങ്കറുകളെല്ലാം സൈന്യം പിടിച്ചെടുത്തു. പുലിമടയിലെത്തിയതിന്റെ തെളിവായി ലങ്കന്‍ സൈന്യം പ്രഭാകരന്റെ മക്കളുടെ ഫോട്ടോകള്‍ പുറത്തു വിട്ടു. മകനായ ചാള്‍സ് ആന്റണി, മകളായ ദ്വാരക എന്നിവരുടെ ഫോട്ടോകളും അവരുടെ വ്യക്തിപരമായ വസ്തുതകളും ആദ്യമായി സൈന്യത്തിന്റെ വെബ് സൈറ്റിലൂടെ പുറത്ത് വന്നു. കൂടാതെ ഏല്‍.ടി.ടി.ഇ ഉന്നതനേതാക്കളുടെ നീന്തല്‍ക്കുളമടക്കമുള്ള ആഡംബര വസതികളുടെ ഫോട്ടോകളും ലങ്കന്‍ പ്രതിരോധ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രതൃക്ഷപ്പെട്ടതോടെ പ്രസ്ഥാനത്തിനുള്ള തമിഴ് ജനതയുടെ പിന്‍തുണക്ക് ഇളക്കം തട്ടി. പട്ടിണിയും, യുദ്ധക്കെടുതികളും വര്‍ഷങ്ങളായി അനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴന്മാര്‍ പുലികളുടെ ഇരട്ടത്താപ്പില്‍ രോഷാകുലരായി അവര്‍ക്കെതിരെ തിരിഞ്ഞു.
തങ്ങളുടെ സംഘടനയുടെ ചെയ്തികള്‍ പരമരഹസ്യമായി സൂക്ഷിക്കാറുള്ളവരാണ് പുലികള്‍. ഒരിക്കലും പുറത്ത് വരാത്ത പ്രഭാകരന്റെ കുടുംബ ഫോട്ടോകള്‍ ശീലങ്കന്‍ സൈന്യത്തിന്റെ കൈവശം ലഭിച്ചത് ബങ്കറുകളില്‍ നിന്ന് പ്രഭാകരന്‍ ജീവനും കൊണ്ട് പാലയനം ചെയ്യുകയാണെന്ന സൂചനയിലേക്കെത്തി.
ഏപ്രില്‍ 5 ന് പുതുക്കുടിയിരിപ്പില്‍ അവസാന പോരാട്ടമാരംഭിച്ചു. സെപ്ഷല്‍ ടാസ്‌ക്ക് സേനയുടെ സഹായത്തോടെ മുന്ന് ശ്രീലങ്കന്‍ സൈനിക ഡിവിഷന്‍ നാലവശത്തു നിന്നും കനത്ത ആക്രമണം നടത്തി. ആയിരത്തോളം പുലികള്‍ ഇതില്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള പുലികള്‍ മുല്ലത്തീവിലെ ചെറിയ ഒരു ‘പ്രദേശത്ത് കുടുക്കപ്പെട്ടു. ഉന്നത പുലിനേതാക്കന്മാരെയൊക്കെ ഇതിനകം സൈന്യം വകവരുത്തിയിരുന്നു. പക്ഷേ, ‘പ്രഭാകരനോ കടല്‍പ്പുലിത്തലവന്‍ സുസേയോ, ഇന്റലിജന്‍സ് മേധാവി പോട്ടു അമ്മനോ കണ്ടെടുക്കപ്പെട്ട മൃതശരീരങ്ങളില്ലായിരുന്നു.
എല്‍. ടി. ടി. ഇ ശീലങ്കന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി ഡിഫന്‍സ് എഡിറ്റര്‍ നിധിന്‍ എ ഗോഖലെയെഴുതിയ Sri Lanka from War to Peace എന്ന പുസ്തകത്തില്‍ അവസാന യുദ്ധത്തെ കുറിച്ച് പറയുന്നതനുസരിച്ച് മെയ് 18 രാത്രി നന്ദിക്കടല്‍ തടാകത്തിന് തൊട്ടുള്ള കണ്ടല്‍ക്കാടുകളില്‍ സൈന്യം പ്രവേശിച്ചു. ഉടനെ എതിര്‍ ഭാഗത്തു നിന്ന് വെടിയുണ്ടകള്‍ പ്രവഹിച്ചു. തിരികെ സൈന്യം പ്രതിരോധിച്ചു കനത്ത ഷെല്‍ വര്‍ഷം നടത്തി. ഒരു മണിക്കൂര്‍ നീണ്ട വെടിവെയ്പ്പ് അവസാനിച്ചപ്പോള്‍ സെര്‍ജന്റ് വിജയസിംഗെ 50 മീറ്ററിനപ്പുറത്ത് 5 ശവശരീരങ്ങള്‍ കണ്ടു. അതിലൊന്ന് പ്രഭാകരന്റെ സുരക്ഷാഭടന്മാരില്‍ പ്രധാനിയായ വിനോദന്റെയായിരുന്നു. തങ്ങള്‍ ലക്ഷ്യത്തിലോടടുക്കുകയാണ് എന്ന് സൈന്യത്തിന് മനസിലായി.
കണ്ടല്‍ക്കാടുകള്‍ കടന്നു സൈന്യം മുന്നേറുമ്പോള്‍ വീണ്ടും ആക്രമണമുണ്ടായി. കടുത്ത വെടിവെപ്പ് ഒരു മണിക്കൂറോളം തുടര്‍ന്നു. അവസാനം മറുപക്ഷത്ത് നിന്ന് വെടിയൊച്ച നിലച്ചപ്പോള്‍ സൈനിക മേധാവികള്‍ കണ്ടല്‍ക്കാടുകളിലേക്ക് ധൈര്യപൂര്‍വ്വം നീങ്ങി. അവിടെ കിടന്ന 18 മൃതശരീരങ്ങളില്‍ അയാളുണ്ടായിരുന്നു. 30 വര്‍ഷം ശ്രീലങ്കയെ തീവ്രഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിനേതാവ് വേലുപ്പിള്ള പ്രഭാകരന്‍. അപ്പോള്‍ സമയം: 2009 മെയ് 19 രാവിലെ 8.30.
ഉടന്‍ തന്നെ സൈനികത്തലവന്‍ ആര്‍മി കമാന്റഡറെ വിവരമറിയിച്ചു. ശരത് ഫോന്‍സേക ഈ വാര്‍ത്ത ആദ്യം തന്നെ പുറത്ത് വിടാന്‍ തയ്യാറായില്ല. വാര്‍ത്ത ശരിയാണെന്നു ഉറപ്പിക്കാനായി പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്‌സെയുമായി ചര്‍ച്ച ചെയ്ത് അവര്‍ ഒരു തീരുമാനത്തിലെത്തി. കേണല്‍ കരുണയെ ശവശരീരം തിരിച്ചറിയാന്‍ നന്ദിക്കടലിലേക് വിടുക. വിനായക മൂര്‍ത്തി മുരളീധരന്‍ എന്ന പഴയ പുലിത്തലവന്‍ അവിടെയെത്തി തന്റെ പഴയ നേതാവിന്റെ മൃതശരീരം തിരിച്ചറിഞ്ഞു. പ്രഭാകരന്റെ പിസ്റ്റളും അയാള്‍ പരിശോധിച്ചു. അത് വേലുപ്പിള്ള പ്രഭാകരന്‍ തന്നെയെന്ന് ഉറപ്പിച്ചു. കൂടാതെ പ്രഭാകരന്റെ ദ്വിഭാഷിയായ ദയാ മാസ്റ്ററും ശവശരീരം കണ്ട് ഉറപ്പ് വരുത്തി. പ്രഭാകരനെ പരസ്യമായി നേരിട്ട് എതിര്‍ത്തിട്ടും ജീവനോടെ ശേഷിച്ച പ്രസ്ഥാനത്തിലെ അപൂര്‍വ്വം നേതാവായിരുന്നു കേണല്‍ കരുണ. പ്രഭാകരനേക്കാള്‍ ക്രൂരന്‍ എന്ന് എല്‍.ടി.ടി.ഇ വൃത്തങ്ങളില്‍ അറിയപ്പെടുന്ന കരുണ ഒരിക്കല്‍ , ഇന്ത്യ – ശ്രീലങ്ക കരാര്‍ നടപ്പായ കാലത്ത് 1987 ല്‍ പ്രഭാകരന്റെ പേഴ്‌സണല്‍ ബോര്‍ഡി ഗാര്‍ഡായിരുന്നു. പിന്നിടാണ് ബര്‍ട്ടിക്കലോവയുടെ സ്‌പെഷല്‍ കമാന്‍ഡറാകുന്നത്. 2009 മെയ് 19 ന് 9.30 ന് മഹീന്ദ രാജപക്‌സേ പാര്‍ലമെന്റില്‍ പ്രഭാകരന്റെ മരണ വാര്‍ത്ത പ്രഖ്യാപിക്കുമ്പോള്‍ ശ്രീലങ്കയില്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ജനങ്ങള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിജയം കൊണ്ടാടി.
പ്രഭാകരന്റെ മരണം സത്യമാണെങ്കിലും അത് സംബന്ധിച്ചു വാര്‍ത്തകള്‍ വന്നത് ആദ്യമെ പരസ്പര വിരുദ്ധമായിരുന്നു. ആബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെ സഞ്ചരിച്ച ആബുലന്‍സിന് നേരെ സൈന്യം ഷെല്‍ വര്‍ഷിച്ചെന്നും ആ വാഹനം കത്തിക്കരിഞ്ഞ് അതിലുള്ളവരെല്ലാം കരിക്കട്ടയായി എന്നായിരുന്നു സൈന്യം ആദ്യം പുറത്ത് വിട്ടത്. പ്രഭാകരന്റെ മൃതശരീരം ടിവിയില്‍ കാണിക്കാന്‍ തുടങ്ങിയതോടെ അത് തെറ്റാണെന്ന് തെളിഞ്ഞു. യുദ്ധമേഖലയില്‍ പത്രക്കാര്‍ക്ക് പ്രവേശനം പാടെ വിലക്കപ്പെട്ടിരുന്നതിനാല്‍ ആര്‍മി തരുന്ന വാര്‍ത്തകള്‍ മാത്രമാണ് ആശ്രയം.
അഭ്യൂഹങ്ങള്‍ ഉടനെ പരന്നു. പ്രഭാകരനേയും കുടംബത്തിനേയും സൈന്യം പിടികൂടി വധിച്ചു എന്നായിരുന്നു ഒരു കഥ. അതും തെറ്റായിരുന്നു.
പ്രഭാകരനെ ഒന്നിലധികം തവണ അഭിമുഖം ചെയ്ത പത്രപ്രവര്‍ത്തക അനിതാ പ്രതാപ് എഴുതി
‘ആമ്പുലന്‍സില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ മൃതശരീരം എങ്ങനെ നന്ദിക്കടലില്‍ എത്തും? പുറത്ത് വിട്ട ഫോട്ടോവും ചിത്രം വ്യാജമായി തോന്നി. തലയുടെ മുകള്‍ഭാഗം തകര്‍ന്ന നിലയില്‍ പക്ഷേ മുഖം വ്യക്തവും കണ്ണുകള്‍ തുറന്നതും ‘പ്രഭാകരന്റെ ഏറ്റവും സവിശേഷത അയാളുടെ കണ്ണുകളാണ്, കൃത്രിമമായി, ആ കണ്ണുകളിലേക്ക് ശ്രദ്ധിക്കാനായി പോസ് ചെയ്ത ഫോട്ടോ പോലെ തോന്നുന്നു പുറത്ത് വിട്ട പടം.’ ആയിരക്കണക്കിന് പുലികളെ സയനൈഡ് ധരിപ്പിച്ച പ്രഭാകരന്‍ എന്ത് കൊണ്ട് സയനൈഡ് ഉപയോഗിച്ചില്ല.? അനിത എഴുതി. പ്രഭാകരന്റെ മരണത്തില്‍ കള്ളക്കളി ഉറപ്പായിട്ടുമുണ്ടെന്ന് അവര്‍ എഴുതി.
ആദ്യം പട്ടാളം പുറത്ത് വിട്ട പടങ്ങളില്‍ പ്രഭാകരന്‍ മരിച്ച് ചെളിപുരണ്ട് ഒരു തുണി കഷ്ണം മാത്രം ധരിച്ച നിലയിലായിരുന്നു. പിന്നീട് അത് എല്‍.ടി.ടി.ഇ യൂണിഫോം ധരിച്ച് കിടക്കുന്ന ജഡമായി. വിശദീകരണമില്ലാത്ത സംഭവമാണിത്. പ്രഭാകരനേയും കുടുംബത്തിനേയും സൈന്യം പിടികൂടി വധിച്ച കഥക്ക് സാധുകരണം ലഭിക്കുന്ന പിന്‍താങ്ങുന്ന ഒരു വാര്‍ത്ത 5 മാസത്തിന് ശേഷം ഒക്ടോബര്‍ 24 ന് ശീലങ്ക ഗാര്‍ഡിയന്‍ പത്രത്തിന്റെ ഓണ്‍ ലൈനില്‍ വന്നു. Major Gen. Jagath Dias butchered Prabhakaran ( മേജര്‍ ജനറല്‍ ജഗത്ത് ഡയസ് പ്രഭാകരനെ കശാപ്പ് ചെയ്തു) എന്നായിരുന്നു വാര്‍ത്തയുടെ ശീര്‍ഷകം. ശ്രീലങ്കന്‍ മിലട്ടറി ഇന്റലിജന്‍സാണ് വാര്‍ത്താ സ്രോതസ് എന്ന് വെളിപ്പെടുത്തിയ ഈ വാര്‍ത്തയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ പ്രഭാകരനെ പിടികൂടി ക്രൂരമായി ചിത്രവധം ചെയ്യുകയാണുണ്ടായതെന്ന് പറയുന്നു.
പ്രഭാകരനെ ജീവനോടെ പിടി കൂടി ചൂടാക്കിയ ലോഹദണ്ഡ് അയാളുടെ മലദ്വാരത്തില്‍ അടിച്ച് കേറ്റുകയും വേദന കൊണ്ട് പുളഞ്ഞ അയാളുടെ തലയുടെ മുകള്‍ഭാഗം കോടാലി കൊണ്ട് ചെത്തുകയും ചെയ്ത് ക്രൂരമായി വധിക്കുകയാണുണ്ടായതെന്ന് ആ വാര്‍ത്ത പറയുന്നു. ജനീവ യുദ്ധകരാര്‍ അനുസരിച്ച് കീഴടങ്ങിയ ഒരു പോരാളിയെ ഇത് പോലെ പീഡിപ്പിച്ച് വധിക്കുന്നത് മാരകമായ യുദ്ധക്കുറ്റമാണ്.
എല്‍.ടി.ടി.ഇ. അനുകൂല വെബ് സൈറ്റുകള്‍ കുറ്റവാളിയുടെ പേര് സഹിതം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൂടുതല്‍ വിവാദമാകാതിരിക്കാനും കുറ്റവിചാരണ ഒഴിവാക്കാനും മേജര്‍ ജനറല്‍ ജഗത്ത് ഡയസിനെ ഡെപ്യൂട്ടി അംബാസഡറായി ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു എന്നും വാര്‍ത്തയില്‍ പറയുന്നു.
പ്രഭാകരന്റെ മൃതശരീരത്തെ അപമാനിച്ച ശ്രീലങ്കന്‍ സൈന്യത്തെ ലങ്കാ ഗാര്‍ഡിയന്റെ അസോസിയേറ്റ് എഡിറ്ററായ എറിക്ക് ബെയ്‌ലി ചോദ്യം ചെയ്തു. മൃതദേഹം കണ്ടെടുത്ത സമയത്ത് സൈനികര്‍ ചെയ്ത പ്രവൃത്തികളെ രൂക്ഷമായി തന്റെ ‘Decency in War,a Lost Art?’ എന്ന ലേഖനത്തിലൂടെ വിമര്‍ശിച്ചു. ‘ Stripping a body of any person,even, Prabhakaran,is a thug-like disecration,and soiling his body with dirt is the act of a gang, not a professional soldier or true patriot. എന്നാണ് എറിക്ക് ബെയ്‌ലി എഴുതിയത്
പ്രഭാകരന്റെ ഭാര്യയും മകളും യുദ്ധത്തിന്റെ അവസാന ഘട്ടങ്ങളില്‍ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. പ്രഭാകരന്റെ മൃതശരീരം സംസ്‌കരിക്കുകയും ചിതാഭസ്മം ഇന്ത്യന്‍ സമുദ്രത്തില്‍ ഒഴുക്കുകയും ചെയ്‌തെന്ന് സൈന്യം പിന്നിട് പത്രക്കുറിപ്പ് ഇറക്കി. അതിനിടയില്‍ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത കാണുന്ന ഒരു ചിത്രവും പ്രചരിച്ചു. പ്രഭാകരന്‍ ജീവനോടെയുണ്ട് എന്ന നെടുമാരന്‍ സിദ്ധാന്തത്തിന്റെ തുടക്കവും അതാണ്.
അവസാന നാളുകളില്‍ യുദ്ധമേഖലയില്‍ കുടുങ്ങിയ അനേകായിരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പുലികളുടെ രാഷ്ട്രീയ നേതാവ് ബാലസിംഗം നടേശന്‍ സാറ്റലൈറ്റ് ഫോണ്‍ വഴി പ്രശസ്ത അമേരിക്കന്‍ പത്ര പ്രവര്‍ത്തകയായ സണ്‍ഡേ ടൈംസിന്റെ മേരി കോള്‍വിന്‍നോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു(2012 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ സിറിയയില്‍ വെച്ച് ആക്രമണത്തില്‍ മേരി കോള്‍വിന്‍ കൊല്ലപ്പെട്ടു). ‘തങ്ങളെ രക്ഷിക്കാനായി മധ്യസ്ഥത വഹിക്കാന്‍ നടേശന്‍ അവശ്യപ്പെട്ടു. കൊളംബോയിലെ യു.എന്‍. പ്രതിനിധി വിജയ് നമ്പ്യാരോട് ഇടപെടണമെന്നായിരുന്നു നടേശന്‍ അഭ്യര്‍ത്ഥിച്ചത്. തങ്ങള്‍ ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങാന്‍ തയ്യാറാണ്. തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. 300 ഓളം പുലികളും അവരുടെ കുടുംബവും കുറെ തമിഴ് കുടംബങ്ങളും നടേശന്റെ കൂടെയുണ്ടായിരുന്നു. തങ്ങളെ വലയം ചെയ്ത അപകടത്തെക്കുറിച്ച് അങ്ങേയറ്റം ബോധവാനായിരുന്നു നടേശന്‍.
ഒടുവില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിലെ തമിഴ് എം.പിയായ രോഹന്‍ ചന്ദ്ര നെഹ്‌റു ഇടനിലക്കാരനായി രാജപക്‌സേയെ കണ്ടു. നടേശനും സംഘത്തിനും സംരക്ഷണം നല്‍കാമെന്ന് പ്രസിഡന്റ് വാക്ക് കൊടുത്തു. അതനുസരിച്ച് ഒരു വെളുത്ത കൊടി ഉയര്‍ത്തിക്കാട്ടി മുന്നോട്ട് വന്ന് കീഴടങ്ങിയാല്‍ മതിയെന്നും സൈന്യത്തില്‍ നിന്ന് യാതൊരു അപായവും ഉണ്ടാകില്ലെന്നും രാജപക്‌സേയുടെ സഹോദരനും ഉപദേശകനുമായ ബാസില്‍ രാജപക്‌സേ വാക്ക് നല്‍കി.
പക്ഷേ, അത് ദുരന്തത്തില്‍ അവസാനിച്ചു. വെള്ളക്കൊടിയുമായി കീഴടങ്ങാന്‍ നടന്നു വന്ന നടേശനെയും സംഘത്തെയും നേരിട്ടത് ശീലങ്കന്‍ സൈനികരുടെ മിഷ്യന്‍ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടകളായിരുന്നു. അതൊരു രക്തപ്പുഴയില്‍ അവസാനിച്ച കൂട്ടക്കുരുതിയായി. അവരെല്ലാവരും കൊല്ലപ്പെട്ടു. പിന്നീട് ഇതിനെ ചോദ്യം ചെയ്ത എം.പി രോഹന്‍ ചന്ദ്ര നെഹ്‌റുവിന് ഭീഷണി നേരിട്ട് രാജ്യം തന്നെ വിടേണ്ടി വന്നു.
പ്രഭാകരന്റെ ഇളയ മകന്‍ ബാലചന്ദ്രനെ സൈന്യം പിടികൂടി വധിച്ചു. മരിക്കുന്നതിന് മുന്‍പ് പട്ടാളക്യാമ്പില്‍ ഇരിക്കുന്ന ആ 12 വയസ്സുകാരന്റെ പടം പിന്നീട് പുറത്ത് വന്നു. ‘നിരായുധനും അഭയാര്‍ത്ഥിയുമായ ബാലചന്ദ്രനെ വെടിവെച്ച് കൊന്ന സംഭവം 2021ല്‍ ബ്രിട്ടിഷ് ചാനല്‍ 4 വിശദാംശങ്ങള്‍ പുറത്ത് വിട്ടത് വന്‍ വിവാദമായി. നിരായുധനായ ആ ബാലനെ തൊട്ടടുത്ത് നിന്ന് പോയന്റ് ബ്ലാങ്കില്‍ 5 തവണ വെടിവെച്ചുവെന്ന് ചാനല്‍ തെളിവ് സഹിതം സ്ഥാപിച്ചു.
അതോടെ വേലുപ്പിള്ള പ്രഭാകരന്റെ കുടുംബം ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടു. ബാലചന്ദ്രന്‍ ജീവിച്ചിരുന്നെങ്കില്‍ പ്രഭാകരന്റെ അവസാന മണിക്കുറുകളിലെ സംഭവ പരമ്പരകളെ കുറിച്ചുള്ള എന്തെങ്കിലും വിശദമായ വിവരം കിട്ടാനുള്ള സാധ്യതയുണ്ടായിരുന്നു. അത് സൈന്യം ഇല്ലാതാക്കി. പ്രഭാകരന്റെ മരണവും അതുയര്‍ത്തുന്ന ചോദ്യങ്ങളും ഇപ്പോഴും അയാളുടെ പ്രസ്ഥാനത്തെപ്പോലെ തന്നെ ചരിത്രത്തില്‍ ദുരൂഹത നിറഞ്ഞതാണ്. LTTE leader Velupillai Prabhakaran
Content Summary; LTTE leader Velupillai Prabhakaran