June 13, 2026 |

സഞ്ജയനിലൂടെ സാമൂഹിക മാനങ്ങള്‍ കോറിയിട്ട എം. ഭാസ്‌ക്കരന്‍

ഹാസ്യ സാമ്രാട്ടായ സഞ്ജയന്റ കണ്ടെത്തലായിരുന്നു എം. ഭാസ്‌ക്കരന്‍ എന്ന കാര്‍ട്ടൂണിസ്റ്റ്

സഞ്ജയന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ‘സഞ്ജയന്‍’, ‘വിശ്വരൂപം’ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാര്‍ട്ടൂണുകള്‍ പുറത്തുവന്നത്. ‘സഞ്ജയന്‍’, ‘വിശ്വരൂപം’ എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു എം. ഭാസ്‌കരന്‍. അതുകൊണ്ട് തന്നെ മലബാര്‍ മേഖലയില്‍ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതില്‍ തുടക്കം കുറിച്ച ഒരാളാണ് എം. ഭാസ്‌കരന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. എം. ബി. എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത.് കാര്‍ട്ടൂണിസ്റ്റ് ഭാസ്‌ക്കരന്‍ എന്നും അറിയപ്പെട്ടു.

വൈദ്യരംഗത്ത് പരിശീലനം നേടിയിരുന്ന കണ്ണന്റെയും രേവതിയുടെയും മകനായി 1909 ഏപ്രില്‍ മാസം 22 -ാം തീയതിയാണ് എം ഭാസ്‌കരന്‍ ജനിക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ H WANDER PAUL ART INSTITUTE ല്‍ നിന്ന് തപാലില്‍ ചിത്രരചന പഠിച്ചു. അതുകൊണ്ടു തന്നെ എം ഭാസ്‌കരന്‍ വരച്ചിരുന്നത് ബ്രിട്ടീഷ് ശൈലിയിലാണ്. തെക്കന്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് ശൈലിയിലുള്ള വരകളാണ് എം ഭാസ്‌കരന്‍ വരച്ചിരുന്നത് എന്നതുകൊണ്ട് പഞ്ച് പോലെയുള്ള ബ്രിട്ടീഷ് ഹാസ്യ മാസികയായ പഞ്ചിന്റെ സ്വാധീനം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നുവേണം നമുക്ക് അനുമാനിക്കാന്‍.

ഹാസ്യ സാമ്രാട്ടായ സഞ്ജയന്റ കണ്ടെത്തലായിരുന്നു എം. ഭാസ്‌ക്കരന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ഭാസ്‌ക്കരന്‍. സഞ്ജയനില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനു മുന്‍പ് മാതൃഭൂമി ഓണം വിശേഷാല്‍ പ്രതിയില്‍ ഒരു ചിത്രം ഭാസ്‌ക്കരന്‍ വരച്ചത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ മൈ മാഗസിനിലും, മെറി മാഗസിനിലും എം ഭാസ്‌കരന്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.ബിയുടെ തുടക്കമാണെന്ന സംശയമുള്ളതിനാല്‍ മദ്രാസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരികയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്ന അവസരത്തിലാണ് സഞ്ജയന്‍ എം ഭാസ്‌കരനെ തേടിയെത്തുന്നത്. സഞ്ജയന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തന്റെ മാസികയുടെ ചിത്രകാരനായി ക്ഷണിക്കുകയായിരുന്നു.

സഞ്ജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പഞ്ച് മാസികയില്‍ വരുന്ന കാര്‍ട്ടൂണുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഭാസ്‌കരന്‍ വരച്ചത്. സാമൂഹ്യ കാര്‍ട്ടൂണുകളാണ് ഭാസ്‌കരന്‍ ഏറ്റവും കൂടുതല്‍ വരച്ചിരിക്കുന്നത് എന്ന് നമുക്ക് കാണാം. അക്കാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുക എന്നുള്ളത് ഏറ്റവും ചിലവേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ കാര്‍ട്ടൂണുകള്‍ അധികമൊന്നും അക്കാലത്ത് വന്നിരുന്നില്ല. ഒരു ലക്കത്തില്‍ രണ്ട് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതുതന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നാകും. മാതൃഭൂമി ദിനപത്രത്തിന്റെ പ്രശസ്തമായ ലോഗോ രൂപകല്‍പ്പന ചെയ്തത് ഭാസ്‌കരനാണ്.

ഭാസ്‌കരന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് പൂര്‍ണ്ണമാകണമെങ്കില്‍ സഞ്ജയന്റെ കാര്യം കൂടി പറയണം. ഇരുവരും ക്ഷയരോഗികള്‍ ആയിരുന്നു. ഭാസ്‌ക്കരന് കുഷ്ഠരോഗവും ഉണ്ടായിരുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പുനീരിറക്കിയായിരുന്നു ഇരുവരും മറ്റുള്ളവരെ ചിരിപ്പിച്ചത്. 1927 ല്‍ അമ്മാവനായ റിട്ടയേഡ് ഡെപ്യൂട്ടി കളക്ടര്‍ എം അനന്തന്‍ നായരുടെ ദ്വിതീയ പുത്രി കാര്‍ത്ത്യായനിയമ്മയെ സഞ്ജയന്‍ വിവാഹം ചെയ്തു. 1929 ല്‍ അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. 1930 ല്‍ ഭാര്യ മരിച്ചു. 1939 ല്‍ ഏക മകന്‍ ബാബുവും മരിച്ചു. ഭാസ്‌ക്കരന് അവസാനകാലത്ത് കുഷ്ഠരോഗം കാരണം വരയ്ക്കുവാന്‍ സാധിച്ചിരുന്നില്ല.

1936 ഏപ്രില്‍ മാസം ആരംഭിച്ച സഞ്ജയന്‍ മാസിക മൂന്നുവര്‍ഷവും, 1940 ല്‍ ആരംഭിച്ച വിശ്വരൂപം മാസിക ഒരു വര്‍ഷവും മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ഈ രണ്ട് മാസികകളിലും സഞ്ജയന്റെ ഒപ്പം ഭാസ്‌ക്കരനും ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ആറ് വയസിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നെങ്കിലും, സഞ്ജയനും ഭാസ്‌കരനും സഹോദരങ്ങളെ പോലെയായിരുന്നു. സഞ്ജയന്‍ 1943 സെപ്റ്റംബറില്‍ 40 -ാം വയസില്‍ അന്തരിച്ചപ്പോള്‍ ഭാസ്‌ക്കരന്‍ അതേവര്‍ഷം 34-ാം വയസില്‍ ഡിസംബര്‍ 22-ാം തീയതി അന്തരിക്കുകയായിരുന്നു. M Bhaskaran, who highlighted social dimensions through sanjayan 

Content Summary: M Bhaskaran, who highlighted social dimensions through sanjayan

Leave a Reply

Your email address will not be published. Required fields are marked *

×