കഴിഞ്ഞ ദിവസം നടന്ന രണ്ട് സംഭവങ്ങള്‍ മലയാള സാഹിത്യ ലോകത്തെയാകെ പിടിച്ചു കുലുക്കി. ചില സാഹിത്യകാരന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും നല്ല വാശിയില്‍ പിടിച്ചു കുലുക്കിയതാണ് എന്നതാണ് വാസ്തവം. ഒന്ന്, അഖില്‍ പി ധര്‍മജന്‍ എന്ന യുവ എഴുത്തുകാരന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. രണ്ട്, എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അഖിലിന്റെ നോവല്‍ വിറ്റഴിഞ്ഞത് തന്നെ അസൂയയോടെ നോക്കിയിരുന്നവര്‍ സട കുടഞ്ഞെഴുന്നേറ്റു. ഈ നോവലിന് പുരസ്‌കാരം ലഭിച്ചത് കൊണ്ട് മലയാള സാഹിത്യം നിലവാരത്തകര്‍ച്ച കൊണ്ട് നശിക്കുമെന്ന് വിലപിച്ചു. ഇങ്ങനെയെങ്കില്‍ മുത്തുച്ചിപ്പിക്ക് അവാര്‍ഡ് കിട്ടുമല്ലോ എന്ന് ഇന്ദുമേനോന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള പുസ്തകങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചാല്‍ അത് സാഹിത്യരംഗത്ത് നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കല്പറ്റ നാരായണന്‍ മാഷും പറഞ്ഞതോടെ ചാനലുകള്‍ അതാഘോഷമാക്കി. മുന്‍പ് നിമ്നാ വിജയും സമാനമായ ഹേറ്റ് ക്യാമ്പയിന് ഇരയായിരുന്നു. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്നും, അക്കാദമിയോട് ആദരവാണെന്നും എം സ്വരാജ് പ്രതികരിച്ചു. സ്വരാജിനെതിരെയും ഒരു വിഭാഗം ഹേറ്റ് ക്യാമ്പയിന്‍ ആരംഭിച്ചു.
എന്താണിതിന് കാരണം? ചിലരുടെയെങ്കിലും പ്രതികരണതിന് കാരണം, എന്റെ പുസ്തകം വിറ്റഴിക്കപ്പെടുന്നില്ല, അഖിലിന്റെയും നിമ്‌നയുടെയും പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നു എന്നതാണ്.
അതിന് മരുന്നില്ല. പിന്നെ, ഹെഗിമണി എന്നൊരു സംഗതിയുണ്ട്, അധീശത്വം എന്ന് പറയാം. കുറച്ചു പേര്‍ കൈയ്യടക്കി വച്ചിരുന്ന മേഖലയിലേക്ക് പുതിയ ചെറുപ്പക്കാര്‍ വരുന്നു. പുതു തലമുറയ്ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥകള്‍ പറയുന്നു, സ്വാഭാവികമായും നോവല്‍ വിറ്റഴിക്കപ്പെടുന്നു. അഖില്‍ പി ധര്‍മ്മജന്റെ റാം c/o ആനന്ദി യും നിമ്നാ വിജയ്‌യുടെ ഏറ്റവും പ്രിയപ്പെട്ട എന്നോടുമെല്ലാം ഇങ്ങനെ പുതു തലമുറ നെഞ്ചോട് ചേര്‍ത്ത പുസ്തകങ്ങളാണ്. അവരുടെ അഭിരുചികള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ ആരാണീ ‘സാഹിത്യ പ്രമുഖരെ’ ചുമതലപ്പെടുത്തിയത്. കുറച്ചു നാള്‍ മുന്‍പ് വരെ ഇവരില്‍ പലരുടെയും കരച്ചില്‍, വായന മരിക്കുന്നു എന്നതായിരുന്നു. ഇപ്പോള്‍ കുട്ടികളില്‍ ചലനം സൃഷ്ടിക്കുന്ന എഴുത്തുകള്‍ ഉണ്ടായപ്പോള്‍, കുട്ടികള്‍ നിലവാരമില്ലാത്തവ വായിക്കുന്നേ എന്നായി കരച്ചില്‍.
പിന്നെ സ്വരാജിനെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്നു എന്നതും പലരെയും അസ്വസ്ഥരാക്കുന്നു. കേരളം അത്രയധികം ഉറ്റു നോക്കിയ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. പരസ്പരം ചെളി വാരിയെറിയാതെ പ്രചാരണം നടത്തിയ ഇടത് വലതു മുന്നണികളുടെ സ്ഥാനാര്‍ഥികളായ എം സ്വരാജും ആര്യാടന്‍ ഷൗക്കത്തും അക്കാര്യത്തില്‍ വ്യത്യസ്ത മാതൃകകളായി. എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം കേരള സാഹിത്യ അക്കാദമി അവര്‍ഡിന് അര്‍ഹമായി. തിരഞ്ഞെടുപ്പ് കാലമായതു കൊണ്ടു തന്നെ അത് വലിയ വാര്‍ത്തയുമായി. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്ന് സ്വരാജും പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പറയുന്ന വേളയില്‍ തന്നെ ചില ന്യൂസ് ആങ്കര്‍മാര്‍ സ്വരാജിനെ പൂമരം എന്നൊക്കെപ്പറഞ്ഞു അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു. ശരിയാണ് അങ്കര്‍മാര്‍ വലിയ വലിയ ആഗോള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ, നിസ്സാരമെന്നു അവര്‍ കരുതുന്ന പൂക്കളെക്കുറിച്ച് പറയാനും എഴുതാനും ചിലര്‍ വേണമല്ലോ. പുരസ്‌കാര വാര്‍ത്തയും കൂടി എത്തിയതോടെ അത് എല്ലാ സീമകളെയും ലംഘിച്ചു. വലത് സൈബര്‍ വെട്ടുക്കിളികള്‍ ഹേറ്റ് ക്യാമ്പയിനുമായി രംഗത്തിറങ്ങി. സത്യത്തില്‍ ഇവരാരെങ്കിലും ഈ പുസ്തകം വായിച്ചിട്ടുണ്ടോ?
സംശയമാണ്. വായിക്കുന്ന വലതര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പീഷീസാണ്, പോരാത്തതിന് വായിക്കുന്നവരെ പരഹസിക്കുകയും ചെയ്യുന്നുണ്ട്.
പണ്ട്, പണ്ടെന്നു വെച്ചാല്‍ 1960 കളില്‍ പൂക്കളേയും ചെടികളേയും പക്ഷികളെയും പോലെയുള്ള ‘നിസ്സാര’ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു നടന്നിരുന്ന ഒരു സ്ത്രീ സൈലന്റ് സ്പ്രിംഗ് എന്ന തന്റെ പുസ്തകത്തിലൂടെ ഒരു ചോദ്യം ചോദിച്ചു. ‘why the birds don’t sing ?’ എന്നതായിരുന്നു ചോദ്യം. നമ്മുടെ ന്യൂസ് ആങ്കര്‍മാരുടെ ഭാഷയില്‍ നിസ്സാര ചോദ്യം. പക്ഷെ ലോകത്തെ ചിന്തിക്കുന്ന മനുഷ്യര്‍ ആ ചോദ്യത്തെ കാര്യമായെടുത്തു, വര്‍ധിച്ചു വരുന്ന കീടനാശിനകളുടെ ഉപയോഗത്തിലേക്കാണ് റേച്ചല്‍ കാഴ്സണ്‍ വിരല്‍ ചൂണ്ടിയത്. വിഖ്യാത കവി ജോണ്‍ കീറ്റ്‌സിന്റെ ‘La Belle Dame sans Merci’ എന്ന കവിതയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സൈലന്റ് സ്പ്രിംഗ് എന്ന പേര്. വിവേചന രഹിതമായ കീടനാശിനി ഉപയോഗം വിനാശത്തിലേക്കു നയിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശിയ പുസ്തകം ഒരുപാട് പരിസ്ഥിതി മുന്നേറ്റങ്ങള്‍ക്കും കാരണമായി. ഇന്ന് നമ്മുടെ നാടിന്റെ വടക്കേയറ്റത്ത്, എന്നോ പെയ്തിറങ്ങിയ എന്‍ഡോസല്‍ഫാന്‍ മഴയില്‍ വിഷലിപ്തമായ മണ്ണില്‍, ഇന്നും വൈകല്യങ്ങളോടെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഉള്ള നാട്ടില്‍, പ്രകൃതിയെക്കുറിച്ചും പൂക്കളെക്കുറിച്ചും പറയുന്ന പുസ്തകം പരിഹസിക്കപ്പെടേണ്ട ഒന്നല്ല എന്ന ബോധത്തിലേക്കു എന്നാണ് ന്യൂസ് റൂമിലെ കോട്ടിട്ട വിഡ്ഢികള്‍ ഉണരുക?
സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തില്‍, ലേഖകന്‍ മുള്ളുകളില്ലാത്ത റോസകളുണ്ടായ കഥ, അതായത് ഫ്രാന്‍സിസ്സിലെ അസ്സീസിയുടെ കഥ, ചെറുപ്പത്തില്‍ അമ്മ പറഞ്ഞു തന്നതിനെക്കുറിച്ച് ഓര്‍മിക്കുന്നു. അവരായിരിക്കണം അയാളുടെ ഉള്ളില്‍ ആദ്യമായി അലിവിന്റെ, സ്‌നേഹത്തിന്റെ വിത്തിട്ടത്. അപ്പോള്‍ ആ അമ്മയെ സ്‌നേഹത്തോടെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? പിന്നീട് ഓരോരോ പൂക്കളെക്കുറിച്ച് പറഞ്ഞു, അവയുടെ ചരിത്രവും, ചില പൂവുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് എങ്ങനെയെന്നുമൊക്കെപ്പറഞ്ഞു ചരിത്രവും പ്രകൃതിയും വിപ്ലവവുമൊക്കെ ഇടകലരുന്ന വേറിട്ട ആഖ്യാന ശൈലിയുമായി നമ്മെ പിടിച്ചിരുത്തുന്ന ഒന്നായി പുസ്തകം മാറുന്നു. പൂക്കളെ കൗതുകത്തോടെ കണ്ടിരുന്ന ഒരു കുട്ടിയായി, അന്വേഷണത്വരയുള്ള ഒരു യുവാവായി ഒക്കെ നമുക്ക് സ്വരാജിനെ ഇതില്‍ കാണാനാകും. തീര്‍ച്ചയായും വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട ഒന്ന്. മരങ്ങളുടെയും മനുഷ്യരുടെയും പ്രഥമ ദൗത്യം തണലാവുക എന്നതാണ് എന്ന് അവസാന അധ്യായത്തില്‍ പറഞ്ഞാണ് പുസ്തകമവസാനിക്കുന്നത്. ഫ്‌ലാറ്റില്‍ വളരുന്ന, മണ്ണ് പോലും കണ്ടിട്ടില്ലാത്ത, മണ്ണില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഒരു കൂട്ടം കുഞ്ഞുങ്ങളിവിടെയുണ്ട്. അവര്‍ക്ക് പുസ്തകങ്ങളിലൂടെയെങ്കിലും തൊട്ടാവാടിയും, മേന്തോന്നിയും, വാടാമല്ലിയുമൊക്കെ പരിചയപ്പെടുത്തേണ്ടതുണ്ട്. ആ ദൗത്യമാണ് സ്വരാജ് ചെയ്യുന്നത്. അല്ലയോ കോട്ടിട്ട ചാനല്‍ ജഡ്ജിമാരെ, നിങ്ങള്‍ക്കോ അതിന് കഴിയുന്നില്ല. ചെയ്യുന്നവരെ ഉപദ്രവിക്കാതെയെങ്കിലും ഇരിക്കുക.
പണ്ട് പുതു തലമുറ എഴുത്തുകാരെ മുളയിലേ നുള്ളുന്നതില്‍ വിദഗ്ധനായ ഒരാളുണ്ടായിരുന്നു, സാഹിത്യവാരഫലം എഴുതിയിരുന്ന എം കൃഷ്ണന്‍ നായര്‍. പശ്ചാത്യ വിധേയത്വം ആയിരുന്നു പ്രധാന സവിശേഷത. നമുക്ക് അറിവില്ലാത്ത പല വിദേശ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടാന്‍ ആ പംക്തി സഹായിച്ചിരുന്നുവെന്നത് വാസ്തവമാണ്. ബഷീറിനെ വരെ താറടിച്ചു കാണിച്ചു പുലി വാല് പിടിച്ചയാളായിരുന്നു. ഇപ്പോള്‍ ഈ കൊട്ടേഷന്‍ ഒരു പറ്റം എഴുത്തുകാരും അവരുടെ അന്തം ഫാന്‍സും ഏറ്റെടുത്തിരിക്കുന്നു. സാഹിത്യം എന്നത് ചിലര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും, അത് തങ്ങള്‍ എഴുതും, നിങ്ങള്‍ വായിച്ചാല്‍ മതി എന്ന ബോധ്യം നില നില്‍ക്കുന്നയിടത്തേക്ക് ഒരു മോഷ്ടാവ് അയാളുടെ എഴുത്തുകളുമായി വന്നൊരു കസേര വലിച്ചിട്ടിരിക്കുകയും മേല്‍പ്പറഞ്ഞ സാഹിത്യ പ്രമാണികള്‍ അയാളെക്കുറിച്ച് പ്രബന്ധം എഴുതേണ്ടി വരികയും ചെയ്ത ചരിത്രം ലോകസാഹിത്യത്തിലുണ്ട്. ആളുടെ പേര് ഷെനെ, പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍.
നിങ്ങള്‍ ഫ്‌ളൈറ്റില്‍ ചെന്നൈയില്‍ പോയാല്‍ കിട്ടുന്ന അനുഭവമായിരിക്കില്ല, ഒരു സാധാരണ ട്രെയിയിനില്‍ പോയാല്‍ കിട്ടുക. ഇവിടുത്തെ ജനസാമാന്യത്തിന്റെ അനുഭവം എന്നുള്ളത് സെക്കന്റ് ക്ലാസ് ട്രെയിന്‍ യാത്രയാണ്. ഫ്‌ളൈറ്റില്‍ പോയാല്‍ നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ കൂടുതല്‍ കിട്ടുമായിരിക്കും, പക്ഷെ നിങ്ങള്‍ക്കൊരിക്കലും, ”ലോകത്തിലെ ഏതു ഭാഷയും എഴുതാന്‍ കഴിയുന്ന മാന്ത്രിക പേന’ എന്ന് പറഞ്ഞു വില്‍ക്കാന്‍ വരുന്ന ചേട്ടനെയോ, യേശുദാസ് തോറ്റു പോകുന്ന ഫീലോട് കൂടി ശോകഗാനം പാടുന്ന ഒരച്ഛനേയോ കാണാനാവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ അനുഭവം വളരെ പരിമിതമായിപ്പോകുന്നു. പ്രമാണിമാര്‍ വിമാനത്തിലെ സൗകര്യങ്ങളെക്കുറിച്ച് ട്രാവലോഗ് എഴുതുമ്പോള്‍, ആ സെക്കന്റ് ക്ലാസ് യാത്രക്കാരന്‍ ഇവിടെ ആളുകള്‍ വന്നു റെയില്‍ വേ ലൈനില്‍ വെളിക്കിരിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോളും ഈ രാജ്യത്തുണ്ടെന്നു പറയുന്നു. സ്വാഭാവികമായും വിമാനത്തില്‍ കയറി വന്നയാള്‍ക്ക് അപരിചിതമായൊരു കാര്യമാണത്. ഇതിന് ലൈഫ് എന്ന് പറയും. എഴുത്തില്‍ ലൈഫ് ഉള്ളപ്പോള്‍ ആളുകള്‍ വായിക്കും, ചിലപ്പോളത് ബെസ്റ്റ് സെല്ലറുമാകും.
ആരാണ് എഴുതേണ്ടത്, ആരെക്കുറിച്ചാണ് എഴുതേണ്ടത്, എന്തെഴുതിയാലാണ് സാഹിത്യമാവുക എന്നതൊക്കെയാണ് ഈ വിവാദം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ചോദ്യം. ഒരു കാലത്ത് മുന്തിയ കുലത്തില്‍ പിറന്ന, ഗുണവാനും, പ്രതാപിയുമൊക്കെയായ, രാജാവിന്റെ ജീവിതമൊക്കെയാണ് സാഹിത്യത്തില്‍ ചിത്രീകരിക്കപ്പെടേണ്ടത് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. പിന്നീട് ഒരുപാട് കാലത്തിന് ശേഷം ഒരു ബഷീര്‍ വരികയും തെരുവിലെ മനുഷ്യരെ, ലൈംഗിക തൊഴിലാളിയെ, ജോലി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനെ ഒരു മുച്ചീട്ടുകളിക്കാരനെയൊക്കെ സാഹിത്യലോകത്തിന്റെ ഉമ്മറത്ത് കൊണ്ട് വന്നിരുത്തുകയും ചെയ്തു. അപ്പോളും സാഹിത്യമാടമ്പികള്‍ പൊട്ടിത്തെറിച്ചു. ശബ്ദങ്ങള്‍ സാഹിത്യമാണെങ്കില്‍ ഭരണിപ്പാട്ട് ഭഗവദ് ഗീതയാണെന്നു പറയേണ്ടി വരുമെന്ന് ‘സാഹിത്യനായകര്‍’ ആക്രോശിച്ചു. പിന്നെയും കാലം മുന്നോട്ട് പോയപ്പോള്‍ രവി എന്ന തോന്നിയവാസിയെ കൈ പിടിച്ചുകൊണ്ടു വന്ന ഒ വി വിജയനെ അന്നത്തെ സാമ്പ്രദായിക സാഹിത്യകാരില്‍ പലരും അംഗീകരിച്ചില്ല എന്ന് മാത്രമല്ല ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു എന്ന് ആരോപണവും ഉയര്‍ത്തി. പതിറ്റാണ്ടുകള്‍ കഴിഞ്ഞു, ഇന്നും ബഷീറിനെയും ഒ വി വിജയനെയും ആളുകള്‍ വായിക്കുന്നു.
എന്ത് കൊണ്ടാണ് ഓണക്കാലത്തു ഭാവന കൂടുകയും കൂടുതല്‍ കഥകള്‍ ഉണ്ടാവുകയും ചെയ്യുന്നതെന്ന് എം എന്‍ വിജയന്‍ മാഷ് ചോദിക്കുന്നുണ്ട്. വേറെ പ്രത്യേകിച്ച് കാരണമൊന്നുമില്ല, ഓണപ്പതിപ്പ് ഇറങ്ങും, പ്രതിഫലം കിട്ടും അത്രേയുള്ളൂ കാര്യമെന്നാണ് മാഷ് പറയുന്നത്. എഴുത്തുകാര്‍ പലരും സ്വയം തങ്ങളെന്തോ മുഴുത്ത തേങ്ങയാണെന്നു കരുതുന്നുണ്ട്. മറ്റ് പല തൊഴിലുകളും എടുക്കുന്നവരെപ്പോലെ, സമൂഹത്തിന് ആവശ്യമായ ഒരു ഉത്പ്പന്നം ഉണ്ടാക്കാന്‍ വേണ്ടി പണിയെടുക്കുന്ന ഒരാളാണ് തങ്ങള്‍ എന്ന് തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ സാഹിത്യനായകര്‍ക്ക് ഉള്ളൂ. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സിന് ബുക്കര്‍ പ്രൈസ് കിട്ടിയപ്പോള്‍ അതിപ്പോ ഇംഗ്ലീഷില്‍ എഴുതിയത് കൊണ്ട് ബുക്കര്‍ കിട്ടി ഞാനൊക്കെ ഇംഗ്ലീഷില്‍ എഴുതിയാല്‍ ബുക്കര്‍ എന്റെ വീട്ടിലിരുന്നേനെ എന്ന് പറഞ്ഞ സാഹിത്യ നായകര്‍ ഉള്ള നാടാണിത്.
എലീറ്റ് സാഹിത്യനായകര്‍ പലപ്പോളും മറന്നു പോകുന്ന ഒരു കാര്യം, വായനക്കാരുള്ളത് കൊണ്ടാണ് തങ്ങളൊക്കെ വലിയ എഴുത്തുകാരായിത്തീര്‍ന്നത് എന്നുള്ളതാണ്. പുതിയ തലമുറയുടെ ജീവിതം പറയുന്ന, അവരുടെ ഭാഷ സംസാരിക്കുന്ന, അവര്‍ക്ക് റിലേറ്റ് ചെയ്യാനാകുന്ന ഒരു നോവലോ കഥയോ വരുമ്പോള്‍ അവര്‍ സ്വാഭാവികമായും അതിനെ ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും. ജന്‍ സീ യെന്നും ജന്‍ ആല്‍ഫ യെന്നും പറയുന്ന കുട്ടികളുടെ ജീവിതം പുതുതലമുറ എഴുത്തുകാര്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതൊക്കെ വായിച്ചാല്‍ ഗതകാല പ്രതാപികളായ സാഹിത്യനായകര്‍ക്ക് ഇവിടെ, പുതു തലമുറയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍, അപ്‌ഡേറ്റ് ആകാന്‍ സാധിക്കും. അങ്ങെനെയൊക്കെ ചെയ്തിരുന്ന എഴുത്തുകാര്‍ ഇവിടെയുണ്ടായിരുന്നു. എം ടി വാസുദേവന്‍ നായര്‍ എന്ന മഹാനായ എഴുത്തുകാരനും പത്രാധിപരും ഇത്തരത്തില്‍ പുതുതലമുറയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചയാളായിരുന്നു.
എറണാകുളത്ത് പ്രസ് ക്ലബ് റോഡ് എന്നൊരു സ്ഥലമുണ്ട്, സെന്റ് തെരെസാസ് കോളേജിനോട് ചേര്‍ന്ന് കിടക്കുന്ന, കുറച്ചധികം പുസ്തകക്കടകള്‍ ഒക്കെയുള്ള തെരുവ്. സാധാരണയായി പുസ്തക കടകളിലേക്കൊന്നും വരാതിരുന്ന കുട്ടികള്‍ ആദ്യം ഒന്നുരണ്ടു പുസ്തകങ്ങള്‍ ചോദിച്ചു വന്ന കഥ സി ഐ സി സി ബുക്ക് ഹൗസിലെ ജയചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞിരുന്നു. അഖില്‍ പി ധര്‍മജന്റെ റാം c/o ആനന്ദിയും, നിമ്നാ വിജയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോടും ആയിരുന്നു ആ പുസ്തകങ്ങള്‍. അതൊരു മാറ്റത്തിന്റെ തുടക്കാമായിരുന്നു, കുട്ടികള്‍ ബുക്ക് ഹൌസിലെ സ്ഥിരം സന്ദര്‍ശകരായി. പിന്നീട് ആ പുസ്തകങ്ങള്‍ വരുന്നതും വിറ്റുപോകുന്നതും അതിവേഗത്തിലായിരുന്നു. അത് വരെ ഇയര്‍ ഫോണ്‍ വച്ചു മൊബൈലും പിടിച്ചു നടന്നിരുന്ന കുട്ടികളുടെ കൈയ്യില്‍ പുസ്തകമെത്തി. സാക്ഷ്യപ്പെടുത്തുന്നത് പതിറ്റാണ്ടുകളായി പ്രസാധക രംഗത്തുള്ള മനുഷ്യനാകുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല.
ചരിത്രം ഉണ്ടാക്കുന്നത് ചരിത്രാധ്യാപകരല്ല എന്നത് പോലെ സാഹിത്യമെന്നത് സൃഷ്ടിക്കുന്നത് ചില സാഹിത്യ പ്രമുഖരല്ല. ഈ ‘പ്രമുഖര്‍’ കാണാത്ത ഒരു വിഷ്വല്‍ സ്റ്റോറി ടെല്ലിങ്ങിന്റെ ഒരു തലം അഖില്‍ പി ധര്‍മജന്‍ മലയാളത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. അരികുവല്‍ക്കരിക്കപ്പെടുന്നവരെക്കൂടി നോവലിലേക്ക് കൊണ്ടു വരുന്ന അഖിലും, കുടുംബം പലപ്പോളും ഒരു ചൂഷണസംവിധാനമായി മാറുന്നുവെന്നു അതിഥിയിലൂടെ പറയുന്ന നിമ്‌നയും, ചിനാറിന്റെ അഗ്‌നിജ്വാലകള്‍ ശോഭ പകരുന്ന കശ്മീര്‍ വെല്ലുവിളികളെ അതിജീവിക്കും എന്ന പ്രത്യാശ പ്രകടിപ്പിക്കുന്ന സ്വരാജും യാഥാസ്ഥിതികത്വത്തിനു നല്ല പ്രഹരമേല്‍പ്പിക്കുന്നുണ്ട്. പുറമേ പറയുന്നില്ലെങ്കിലും ഈ കാര്യങ്ങളൊക്കെ ഇവര്‍ക്കെതിരെയുള്ള ഹേറ്റ് ക്യാമ്പയിന് കാരണമായിത്തീരുന്നുണ്ട്. ജന്‍ സീ യേയും ജന്‍ ആല്‍ഫയെയും പുസ്തക വായനക്കാരാക്കിയ എഴുത്തുകാര്‍ എന്ന രീതിയിലാണ് നാളെ അഖിലിനെയും, നിമ്നയേയും മലയാള സാഹിത്യ ചരിത്രം അടയാളപ്പെടുത്തുക, പൂക്കളുടെ പുസ്തകത്തെ പഠിക്കേണ്ട പുസ്തകമായിട്ടും. സാഹിത്യ പ്രമാണിമാരാല്‍ കഴിയാത്ത കാര്യങ്ങളാണിവ. അത് കൊണ്ട് തന്നെ, തങ്ങളാല്‍ കഴിയാത്തത് ചെയ്യുന്നവരെ അംഗീകരിക്കാന്‍ മനസ്സ് കാണിച്ചില്ലെങ്കിലും അവര്‍ക്കെതിരെ വെറുപ്പ് വിതറാതിരിക്കുകയെങ്കിലും ചെയ്യുക. M Swaraj, Akhil P Dharmajan, Nimna Vijay; Controversies in the Malayalam Literary World
Content Summary; M Swaraj, Akhil P Dharmajan, Nimna Vijay; Controversies in the Malayalam Literary World
Leave a Comment