മഹാരാജ നിതിലന്‍ സ്വാമിനാഥന്റെ സിനിമയാണ്
നിതിലന്‍ സ്വാമിനാഥന്റെ സിനിമ ആരംഭിക്കുന്നത് അന്ത്യാക്ഷരിയിലാണ്. ഒന്നിലേക്ക് മറ്റൊന്ന് കോര്‍ത്തിണക്കുന്ന കളിയാണത്. സമീപകാല സിനിമകളിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി മഹാരാജ മാറുന്നത് അത് കോര്‍ത്തിണക്കിയ നിതിലന്റെ വൈഭവത്തിലൂടെയാണ്. പ്രേക്ഷകന്റെ കൈയിലേക്ക് ഒരു പസില്‍ തരുകയാണ് സംവിധായകന്‍. നിങ്ങളത് പരിഹരിച്ചു എന്നു കരുതുന്നിടത്ത് സിനിമ അവസാനിക്കും.
ഒരു സിനിമയ്ക്ക് വേണ്ട ഏറ്റവും പ്രധാന ഇന്‍വെസ്റ്റ്‌മെന്റ് പണമല്ല, തിരക്കഥയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നുണ്ട് മഹാരാജ. ആ മുതല്‍മുടക്ക് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇതുകൊണ്ടാണ് മറ്റെല്ലാവരെയും അപ്രസക്തമാക്കി മഹാരാജ നിതിലന്‍ സ്വാമിനാഥന്റെ സിനിമയാകുന്നത്. സാധാരണ പറയാറുണ്ട്, ആദ്യത്തെതല്ല, രണ്ടാമത്തെ സിനിമ കൊണ്ടുവേണം ഒരു സംവിധായകനെ അളക്കാനെന്ന്. കുരങ്ങ് ബൊമ്മ തന്നതിനേക്കാള്‍ ഷോക്ക് മഹാരാജ തരുമ്പോള്‍ സംവിധായകനായും എഴുത്തുകാരനായും നിതിലിന്‍ തന്റെ ക്ലാസ് തെളിയിച്ചിരിക്കുന്നു.
എന്താണ് ഈ സിനിമയെന്ന് എഴുതുക ബുദ്ധിമുട്ടാണ്. രസച്ചരട് മുറിയരുതല്ലോ. കഥ മുമ്പ് കേള്‍ക്കാത്തതൊന്നുമല്ല. ആവര്‍ത്തിച്ചിട്ടുള്ള പ്രമേയം തന്നെ. ജ്യോതിയും അവളുടെ അച്ഛന്‍ മഹാരാജയും മാത്രമുള്ളൊരു വീട്. അല്ല, അവരെക്കൂടാതെ മൂന്നാമതൊരാള്‍ കൂടിയുണ്ട് ആ വീട്ടില്‍; ‘ലക്ഷ്മി’. ജ്യോതി സ്‌പോര്‍ട്‌സ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്, ലക്ഷ്മിയെ കാണാതാവുന്നു. അച്ഛനും മകള്‍ക്കും ലക്ഷ്മിയോടുള്ളത് വൈകാരികമായ ബന്ധമാണ്. തനിക്ക് നഷ്ടപ്പെട്ടതെന്തോ, അതിന് പരിഹാരം കാണാന്‍ മഹാരാജ പള്ളിക്കരണൈ പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നു. ഒരു ഇരുമ്പ് കുപ്പത്തൊട്ടി മോഷണം പോയതിനു പിന്നിലെ അന്വേഷണാണ് പിന്നീടുള്ള സിനിമ. എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകന്‍ ചിന്തിക്കുന്നത്, ഒരു പസില്‍ കളിക്ക് സമാനമായ പ്രയത്‌നമാണ്.
വിജയ് സേതുപതിക്കു വേണ്ടിയും നിതിലനോട് നന്ദി പറയണം. മോശം സിനിമകള്‍ക്കു വേണ്ടി പ്രയത്‌നിച്ചു കൊണ്ടിരുന്ന സേതുപതിയെ, നിങ്ങള്‍ എന്താണെന്നും പ്രേക്ഷകന് നിങ്ങളിലുള്ള പ്രതീക്ഷയെന്താണെന്നും മനസിലാക്കി കൊടുക്കാന്‍ തയ്യാറായതിന്. സലൂണ്‍ കട നടത്തുന്നവനാണ് മഹാരാജ. അയാളുടെ തൊഴിലും പേരും ഒരു രാഷ്ട്രീയം പറയുന്നുണ്ട്. പലയിടങ്ങളിലും ആ പേരിന്റെ പേരില്‍ അയാള്‍ പരിഹസിക്കപ്പെടുന്നുണ്ട്. ഒരാളുടെ പേരില്‍ അയാളുടെ ജാതി പ്രകടമായിരിക്കണം എന്ന സമൂഹത്തിന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത സിനിമയില്‍ കാണിക്കുന്നുണ്ട്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയം എന്ന നിലയില്‍ സിനിമയുടെ ടൈറ്റില്‍ ചര്‍ച്ച ചെയ്യപ്പെടാവുന്നതാണ്. സേതുപതിയുടെതായ ഒരു സ്റ്റൈല്‍ ഓഫ് ആക്ടിംഗ് ഉണ്ട്. മഹാരാജയുടെ രണ്ട് ഘട്ടങ്ങളിലും കണ്‍ട്രോള്‍ഡ് ആക്ടിംഗിലൂടെ സേതുപതി ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൊണ്ട് കൈയടിപ്പിക്കുന്നു. പ്രത്യേകിച്ച് പൊലീസ് സ്റ്റേഷന്‍ സീനുകളില്‍. നടുവില കൊഞ്ചം പാക്കാത കാണോം ഓര്‍മിപ്പിച്ചുവെങ്കില്‍ പോലും ഇതുപോലുള്ള സിനിമകളാണ് പ്രേക്ഷകന്‍ മക്കള്‍ സെല്‍വനില്‍ നിന്ന് ആഗ്രഹിക്കുന്നത്.
അനുരാഗ് കശ്യപിന് ഇതുവരെ കിട്ടിയിതില്‍ വച്ച് ഏറ്റവും നല്ല റോള്‍. പ്രത്യേകിച്ച് ക്ലൈമാക്‌സ്. ആ സിനിമയും പ്രേക്ഷകനും തമ്മിലുള്ള ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കുന്നതും ക്ലൈമാക്‌സാണ്. അനുരാഗിന്റെ കാര്യത്തില്‍ നിതിലന്‍ ഒന്നുകൂടി ആലോചിച്ചിരുന്നുവെങ്കില്‍ സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്‌തേനെ. അനുരാഗ് കശ്യപിന് തമിഴില്‍ സ്വന്തമായി ഡബ്ബ് ചെയ്യാനാകില്ല. അതുപോലൊരു ക്യാരക്ടറിന്റെ ഡയലോഗുകള്‍ എത്രമാത്രം പ്രധാനമാണെന്നത് നിതിലന്‍ ചിന്തിക്കാതെ പോയോ എന്നോര്‍ത്താണ് അത്ഭുതം.
നിതിലനും ലോകേഷുമൊക്കെ തങ്ങളുടെ സിനിമകളിലെ മര്‍മപ്രധാനമായി വരുന്ന കഥാപാത്രങ്ങളെ, നടന്മാരായി അധികം എസ്റ്റാബ്ലിഷ്ഡ് അല്ലാത്തവരെ ഏല്‍പ്പിച്ച് പ്രേക്ഷകനെ ഞെട്ടിക്കുന്നവരാണ്. കൈതിയില്‍ ജോര്‍ജ് മരിയന്‍, കുരങ്ങ് ബൊമ്മയില്‍ ഇളങ്കോ കുമാരവേല്‍ എന്നിവരെ പോലെ. മഹാരാജയില്‍ അങ്ങനെയൊരു അവസരം കിട്ടിയിരിക്കുന്നത് സിങ്കംപുലിക്കാണ്. അജിത്തിനെയൊക്കെ വച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ്. കോമഡി റോളുകളില്‍ വന്ന് കുറെയേറെ വെറുപ്പിച്ചിട്ടുമുണ്ട്. മഹാരാജയിലെ കഥാപാത്രം മുന്‍പ് ചെയ്ത പാപങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ പരിഹാരമാണ്. അനുരാഗ് മിസ് കാസ്റ്റിംഗ് ആയിരുന്നില്ലേ എന്നു തോന്നുന്നതും സിങ്കം പുലിയെ പോലുള്ളവരുടെ പ്രകടനം കാണുമ്പോഴാണ്.
നല്ലൊരു തിരക്കഥ, ശക്തമായൊരു അടിത്തറയാണ്. പണിയറിയാവുന്ന സംവിധായകന്‍ ആ അടിത്തറയില്‍ ഓരോ അഭിനേതാക്കളെയും ഓരോ തൂണുകളാക്കും. അങ്ങനെ നോക്കുമ്പോള്‍ മഹാരാജയില്‍ വേഷം ചെയ്തവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു(അനുരാഗിന്റെ കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കിലും, അദ്ദേഹം എടുത്തിരിക്കുന്ന എഫര്‍ട്ടിനെ അംഗീകരിക്കുന്നു). പ്രത്യേകം പറയേണ്ടത് ജ്യോതിയെ അവതരിപ്പിച്ച സചന നമിദാസിനെയാണ്. ആ കുട്ടിയുടെ പക്വതയുള്ള അഭിനയം സിനിമയെ സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ക്ലൈമാക്‌സില്‍.
ഒരു സിനിമ സംവിധായകന്‍/ രചയിതാവിന്റെ പേരില്‍ അറിയപ്പെടുന്നത് ആ കലയ്ക്ക് തന്നെയാണ് ഗുണം. ബഡ്ജറ്റോ, കളക്ഷനോ അല്ല സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിസ്ഥാനമാകേണ്ടത്. മഹാരാജയില്‍ വിമര്‍ശനവിധേയമായ ഘടകങ്ങള്‍ ഇല്ലെന്നല്ല. വയലന്‍സ് കാണിക്കുകയെന്നത് ആചാരമാണെന്ന് നിതിലനും ധരിച്ചുവച്ചിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞതുപോലെ ഇതൊരു ഇതംപ്രഥമമായ കഥാനുഭവം ഒന്നുമല്ല. കണ്ട കഥ തന്നെ നിതിലന്‍ പറഞ്ഞ രീതിയാണ് മഹാരാജയെ അനുഭവേദ്യമാക്കുന്നത്. ഇങ്ങനെയൊരു തിരക്കഥയൊരുക്കാന്‍ അയാള്‍ കാണിച്ചിരിക്കുന്ന സമര്‍പ്പമാണ് മഹാരാജയെ കുറിച്ച് എഴുതാനും, കാണാത്തവരോട് കാണാനും അഭ്യര്‍ത്ഥിക്കാനുള്ള കാരണം. ഒരിക്കല്‍ കൂടി പറയുന്നു, മഹാരാജ നിതിലന്‍ സ്വാമിനാഥന്റെ സിനിമയാണ്. maharaja tamil movie written and directed by nithilan swaminathan review
Content Summary; maharaja tamil movie written and directed by nithilan swaminathan review