UPDATES

മഹാത്മാവ്; യോജിപ്പും വിയോജിപ്പും

ഇന്ത്യന്‍ സാഹിത്യത്തെ എറ്റവും അധികം സ്വാധീനിച്ച വ്യക്തി ഗാന്ധിജി തന്നെ. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഗാന്ധി സാഹിത്യം ഒരു ശാഖ തന്നെയായിട്ടുണ്ട്. എന്നാല്‍ അതേ പോലെ തന്നെ ഗാന്ധിയുമായി വിയോജിച്ചവരുമുണ്ട്

Avatar

അമർനാഥ്‌

                       

‘ഇതുപോലൊരു മാംസവും രക്തവുമുള്ള ഒരാള്‍ ഈ ഭൂമിയില്‍ നടന്നിട്ടുണ്ടെന്ന് വരും തലമുറകള്‍ വിശ്വസിക്കുന്നത് വിരളമായിരിക്കും,’

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.

അയാള്‍ കൈത്തോക്കെടുത്ത് രണ്ട് കൈത്തലങ്ങള്‍ക്കും ഇടയിലാക്കി. രാജ്യത്തിന് പ്രയോജനകരമായ വല്ല സേവനവും ഗാന്ധി ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കായ് അദ്ദേഹത്തെ വന്ദിക്കാന്‍ അയാള്‍ തീരുമാനിച്ചു. നാഥുറാം ഇടനാഴിയിലേക്ക് കടന്നു. കൈത്തോക്ക് കൈത്തലങ്ങള്‍ക്കിടയില്‍ മറച്ചു പിടിച്ചിരുന്നു. അരയോളം കുനിഞ്ഞ് അയാള്‍ പറഞ്ഞു. ‘ നമസ്‌തേ ഗാന്ധിജി’. വലതു കൈയില്‍ ബെററ്റെ കൈത്തോക്ക് തെളിഞ്ഞു കാണാനായി. നാഥുറാം മൂന്നു തവണ കാഞ്ചി വലിച്ചു. മൂന്നു വെടിപൊട്ടലുകള്‍ ആ പ്രാര്‍ത്ഥനാ മൈതാനത്തെ ശാന്തതയെ ശിഥിലമാക്കി.

-സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

ക്രിക്കറ്റ് ദൈവം ടെന്‍ഡുല്‍ക്കര്‍ എന്ന പേര് പ്രശസ്തമാകുന്നതിന് നാലു തലമുറയ്ക്ക് മുന്‍പ് ആ പേരില്‍ അറിയപ്പെട്ടിരുന്ന പ്രശസ്തനായിരുന്നു രണ്ട് ക്ലാസിക്ക് ജീവചരിത്രങ്ങളുടെ രചയിതാവുമായ മഹാരാഷ്ട്രക്കാരനായ ദീനാനാഥ് ഗോപാല്‍ ടെന്‍ഡുല്‍ക്കര്‍.

ഗാന്ധിജിയുടെ ഏറ്റവും മികച്ച ജീവചരിത്രങ്ങളിലൊന്നെഴുതിയ ഡി.ജി ടെന്‍ഡുല്‍ക്കറിനോട് ഒരിക്കല്‍ ചോദിച്ചു; ‘ഇത്തരം കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത ബാപ്പു എങ്ങനെ സമ്മതിച്ചു. സജീവമായി സഹകരിച്ചു?’

ടെന്‍ഡുല്‍ക്കറുടെ മറുപടി: ഞാനൊരു ഗാന്ധിയനല്ല, എന്ന് ബാപ്പുവിനറിയാമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് എന്നെ വിശ്വാസമായിരുന്നു.’

സത്യസന്ധമായ ഒരു ചോദ്യവും സത്യസന്ധമായ ഒരു ഉത്തരവുമായിരുന്നു അത്.

DG Tendulkar book

ഗാന്ധിജിയുടെ ശതാഭിഷേകത്തില്‍ ആരംഭിച്ച് പിന്നീട് പൂര്‍ത്തിയാക്കിയ ഇംഗ്ലീഷിലുള്ള 8 വോള്യമുള്ള മഹാത്മ: മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതം എന്ന കൃതി ഒരു ഇന്ത്യക്കാരനെഴുതിയ ഗാന്ധിയെ കുറിച്ചുള്ള എക്കാലത്തേയും മികച്ച ജീവചരിത്രമാണ്. 1951 ല്‍ പുറത്ത് വന്ന ഈ കൃതിക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണ് ആമുഖമെഴുതിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്ററായ എം. ചലപതിറാവുവാണ് ഈ ബൃഹദ് ഗ്രന്ഥപരമ്പര എഡിറ്റ് ചെയ്തത്. 1967 ല്‍ അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെ ഒരു മനോഹരമായ ജീവചരിത്രവും കൂടി ഡി. ജി. ടെന്‍ഡുല്‍ക്കര്‍ എഴുതി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏക മലയാളി അധ്യക്ഷനായിരുന്നു സര്‍. സി. ശങ്കരന്‍ നായര്‍. 1897 ലെ അമരാവതി സമ്മേളനത്തില്‍ വെച്ച് ആ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 40 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. മദ്രാസ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജി, വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം എന്നിങ്ങനെ വിവിധ പദവികളിലിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന അസാമാന്യ വ്യക്തിയായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം എറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി.നിയമാനുസൃതമായ മാര്‍ഗങ്ങളും പരിമിതമായ പ്രക്ഷോഭങ്ങളും എന്നതിന് പകരം അക്രമരാഹിത്യ സത്യാഗ്രഹം എന്ന് മാറ്റം വരുത്തി. നിസ്സഹകരണ സമരം ആരംഭിച്ചതോടെ കോണ്‍ഗ്രസ്സിനേയും ഗവര്‍ണ്‍മെന്റിനേയും കൂട്ടിയോജിപ്പിക്കാന്‍ ശങ്കരന്‍ നായര്‍ ബോംബേയില്‍ അനുരഞ്ജന യോഗം വിളിച്ചു കൂട്ടി. എന്നാല്‍ ഗാന്ധിയുടെ വീട്ടുവീഴ്ചയില്ലാത്ത നിലപാട് അനുരഞ്ജന ശ്രമങ്ങള്‍ വിഫലമാക്കി. ക്ഷുഭിതനായ ശങ്കരന്‍ നായര്‍ യോഗം പിരിച്ചുവിട്ടു. പിന്നീട് ഗാന്ധിയന്‍ രീതികളെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് ‘ഗാന്ധിയന്‍ അരാജകത്വം’ എന്ന പേരില്‍ ഒരു ലേഖനം ശങ്കരന്‍ നായര്‍ പ്രസിദ്ധീകരിച്ചു. മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത് സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി വിമര്‍ശിച്ച ഈ ലേഖനമാണ് പിന്നീട് ‘ ഇന്ത്യയില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ Gandhi and Anarchy എന്ന ഗ്രന്ഥമായി പ്രസിദ്ധീകരിച്ചത് . രാഷ്ട്രീയ വിമര്‍ശനത്തിന് ഏറ്റവും നല്ല മാതൃകയാണ് നൂറ്റി രണ്ട് വര്‍ഷം മുന്‍പ് പുറത്ത് വന്ന ഈ പുസ്തകം.

c sankaran nair

1948 വരെയുള്ള ഗാന്ധിജിയുടെ പ്രസംഗങ്ങളും രചനകളും നൂറ് വോള്യങ്ങളായി സമാഹരിച്ച് ഇന്ത്യ ഗവണ്‍മെന്റിന്റെ പബ്ലിക്കേഷന്‍ ഡിവിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒരു ഇംഗ്ലീഷ് അധ്യാപകനും ഇന്ത്യന്‍ എക്‌സ്പ്രസില്‍ അസോസിയേറ്റ് എഡിറ്ററുമായിരുന്ന പ്രൊഫ. കെ.സ്വാമിനാഥനാണ് ഇതിന്റെ പിന്നില്‍ അഹോരാത്രം പ്രയത്‌നിച്ച വ്യക്തി. നാല് വോള്യം ഇറങ്ങിക്കഴിഞ്ഞാണ് അദ്ദേഹം ഇതിന്റെ ജനറല്‍ എഡിറ്ററായത്. പിന്നീട് 23 വര്‍ഷം കൊണ്ട് 92 വോള്യങ്ങള്‍ അദ്ദേഹം പുറത്തിറക്കി. അദ്ദേഹത്തിനത് ജോലിയായിരുന്നില്ല. ഒരു തപസ്സായിരുന്നു.

പത്രപ്രവര്‍ത്തകനായ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിജിയെ കുറിച്ച് വിഖ്യാതനായ എഡിറ്റര്‍ പോത്തന്‍ ജോസഫ് എഴുതിയിട്ടുണ്ട്. ഗാന്ധിജിയുടെ ‘യംഗ് ഇന്ത്യയില്‍’ സ്ഥിരമായി ആദ്യ കാലത്ത് പോത്തന്‍ ജോസഫ് ലേഖനങ്ങള്‍ എഴുതിയിരുന്നു.

അക്കാലത്ത് ഇരുവരും വളരെ അടുത്ത സൗഹാര്‍ദമായിരുന്നു. പോത്തന്‍ ജോസഫിന്റെ സഹോദരന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ഗാന്ധിജിയുടെ പത്രം യംഗ് ഇന്ത്യയുടെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്ത വേളയില്‍ കുടുംബമൊത്ത് വാര്‍ദ്ധയിലെ ഗാന്ധിയുടെ ആശ്രമത്തിലായിരുന്നു താമസം. വൈക്കം സത്യാഗ്രഹ സമരത്തിലെ ആദ്യത്തെ സമരനായകനായിരുന്ന ജോര്‍ജ് ജോസഫ് പിന്നീട് സത്യാഗ്രഹത്തിലെ ഗാന്ധിയുടെ നില ഗാന്ധിജിയുടെ നിലപാടിനോട് വിയോജിച്ച് വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

വാര്‍ദ്ധയില്‍ അക്കാലത്ത് ഗാന്ധിജിയുടെ പ്രഭാതസവാരി പലപ്പോഴും പോത്തന്‍ ജോസഫിനോടൊപ്പമായിരുന്നു.

ഒരിക്കല്‍ പോത്തന്‍ ജോസഫ് യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ആര്‍. എല്‍ സ്റ്റീവില്‍സണ്‍ന്റെ കൃതി ‘ ഡോക്ടര്‍ ജെക്കിലിന്റെയും മി. ഹൈഡിന്റെയും ‘ഉപമകള്‍ പ്രയോഗിച്ചിരുന്നത് അസ്ഥാനത്താണെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി. താനത് വായിച്ചിട്ടില്ലെന്ന് പോത്തന്‍ ജോസഫ് തുറന്നു പറഞ്ഞു. അതിന്റെ ഒരു സാരാംശം മാത്രമെ എനിക്കറിയൂ.’ പോത്തന്‍ ജോസഫ് വെളിപ്പെടുത്തി.

ഗാന്ധിജി പറഞ്ഞു ‘ഞാന്‍ വലിയ വായനക്കാരനല്ല. പക്ഷേ, ആ പുസ്തകം ഞാന്‍ പൂര്‍ണ്ണമായും വായിച്ചിട്ടുണ്ട്. ആ കഥയും നിങ്ങള്‍ ഉപയോഗിച്ച സന്ദര്‍ഭവും തമ്മില്‍ ഒരു സാമ്യവുമില്ല. പരിശോധിക്കാതെ ഒന്നും ഉദ്ധരിക്കരുത്’.

ഇന്ത്യയിലെ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയായ പോത്തന്‍ ജോസഫിന് ഇതൊരു പാഠമായിരുന്നു. ഗാന്ധിജി പഠിപ്പിച്ച പത്രപ്രവര്‍ത്തനത്തിലെ പാഠം.

pothen joseph
പോത്തന്‍ ജോസഫ്

പോത്തന്‍ ജോസഫ് എഴുതിയ എറ്റവും മികച്ച മുഖപ്രസംഗവും ഗാന്ധിജി രക്തസാക്ഷിയായപ്പോഴായിരുന്നു.

ബോംബയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററായിരിക്കെ. 1948 ജനുവരി 30. ശപിക്കപ്പെട്ട ആ ദിവസം, ദുഖവാര്‍ത്ത പത്രമോഫീസിലെത്തി. ‘മഹാത്മാഗാന്ധി വധിക്കപ്പെട്ടു’. അവിടെയുളളവരെല്ലാം ചലനമറ്റ് നില്‍ക്കുകയാണ്., അപ്പോഴാണ് പോത്തന്‍ ജോസഫ് പത്രമോഫീസില്‍ എത്തുന്നത്.

അന്ന് അവിടെ ന്യൂസ് എഡിറ്ററായ എച്ച്.വൈ. ശാരദ പ്രസാദ് (പിന്നീട് ഇന്ദിരാ ഗാന്ധിയുടെ പ്രസ് സെക്രട്ടറി,) ആ ദിവസം ഓര്‍മ്മിച്ചു.  ‘ചീഫ് ഉടന്‍ തന്നെ ഓഫീസിലെ നിയന്ത്രണം ഏറ്റെടുത്തു. എല്ലാവര്‍ക്കും ജോലികള്‍ വീതിച്ചു നല്‍കി. എന്നിട്ട് ഏജന്‍സി റിപ്പോര്‍ട്ടുകളുമായി അദ്ദേഹം തന്റെ ക്യാബിനിലേക്ക് പോയി. പോകുമ്പോള്‍ പറഞ്ഞു ,’അര മണിക്കൂര്‍ നേരത്തേക്ക് എന്നെ ആരും ശല്യപ്പെടുത്തരുത്.’ മുപ്പത് മിനിറ്റുകള്‍ക്ക് ശേഷം കടലാസുമായി അദ്ദേഹം പുറത്ത് വന്നു. ഗാന്ധിജിയെ കുറിച്ച് 3 കോളത്തില്‍ മുഖാപ്രസംഗം.’ Saint and Sage’. ടൈപ്പ് പോലും ചെയ്യാതെ അത് പ്രസ്സിലേക്ക് നേരെ പോയി. ആ ക്ലാസിക് എഡിറ്റോറിയല്‍ ഇങ്ങനെ തുടങ്ങുന്നു.

‘ഈശ്വരനുമായുള്ള സല്ലാപത്തിലേക്കുള്ള മാര്‍ഗമധ്യേ ഹിംസയുടെ കരം മഹാത്മാഗാന്ധിക്കെതിരെ ഉയര്‍ത്തപ്പെട്ടു. അഹിംസയുടെ അപ്പോസ്തലന്‍ അനന്തതയായുമുള്ള അന്തിമ സല്ലാപത്തില്‍ പ്രവേശിച്ചു. അനാഥമായ ഒരു രാഷ്ട്രത്തെ ദുഖത്തിലാഴ്ത്തി അദ്ദേഹം വിരമിച്ചിരിക്കുന്നു.’ മഹാത്മാ ഗാന്ധിയെ കുറിച്ച് ഒരിന്ത്യന്‍ പത്രത്തില്‍ വന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ മുഖപ്രസംഗമാണിത്.

മഹാത്മാഗാന്ധിയെ ആദ്യമായി അഭിമുഖം ചെയ്ത മലയാളി വനിതയാണ് കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ. കേരളത്തിലെ പ്രശസ്തനായ സ്വാതന്ത്ര സമര സേനാനിയായിരുന്ന സി. കുട്ടന്‍ നായരുടെ പത്‌നിയായിരുന്നു കല്ലാണിക്കുട്ടിയമ്മ (മിസിസ് കുട്ടന്‍ നായര്‍). കടലു കടന്ന് യാത്ര ചെയ്യുന്നത് ആചാര വിരുദ്ധമായി കണക്കാക്കിയിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍,1930 കളില്‍, യൂറോപ്പിലെ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച വനിതയാണ് കല്യാണിക്കുട്ടിയമ്മ. അന്നത്തെ യാത്രാനുഭവങ്ങള്‍ പിന്നീട് പുസ്തകമായി. ‘ഞാന്‍ കണ്ട യൂറോപ്പ്’ എന്ന ആ ഗ്രന്ഥം മലയാളത്തില്‍ ഒരു വനിത എഴുതിയ ആദ്യത്തെ ലക്ഷണമൊത്ത യാത്രാവിവരണമാണ്.

1990 ല്‍ ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ എന്ന ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അവര്‍ക്ക് ലഭിച്ചു. കല്യാണിക്കുട്ടിയമ്മ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളത്തിലെ സ്ത്രീപക്ഷ പോരാട്ടത്തിലെ നായികയായിരുന്നു. അദ്ധ്യാപിക,വിദ്യാഭ്യാസ പ്രവര്‍ത്തക, സ്ത്രീ സ്വാതന്ത്ര്യവാദി എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന അവര്‍ ഗാന്ധിജിയോട് അഭിമുഖത്തില്‍ ചോദിച്ചത് പലതും വിവാദ വിഷയങ്ങളായിരുന്നു.

kochattil kalyani kuttiyamma
കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ

1934 ഡിസംബറില്‍ കറാച്ചിയിലെ അഖിലേന്ത്യാ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത കല്യാണിക്കുട്ടിയമ്മ സന്താന നിയന്ത്രണത്തിനായി ശക്തമായി യോഗത്തില്‍ വാദിച്ചു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും ദാരിദ്ര്യവും കണക്കിലെടുത്ത് ഇത് നടപ്പിലാക്കണമെന്നായിരുന്നു അവരുടെ വാദം. ഡല്‍ഹിയില്‍ ഈ വിഷയങ്ങളില്‍ അഭിപ്രായം തേടാനായി മഹാത്മാ ഗാന്ധിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അഭിമുഖത്തില്‍ വളച്ച് കെട്ടലൊന്നുമില്ലാതെ അവര്‍ ഗാന്ധിയോട് ചോദിച്ചു.

ചോദ്യം; ”ബാപ്പുജി, സന്താന നിയന്ത്രണത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?”

ഉത്തരം; ഞാന്‍ സന്താന നിയന്ത്രണത്തിനെതിരാണ്. ആത്മനിയന്ത്രണത്തിലാണ് വിശ്വസിക്കുന്നത്.

ചോദ്യം : സാധാരണ മനുഷ്യന് ആത്മനിയന്ത്രണം സാധ്യമാണോ?

ഉത്തരം : ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിയുടെ ‘രോഗികളായ’ വിദ്യാസമ്പന്നരായ ആളുകള്‍ക്കുള്ളതാണ്. ഞാന്‍ അവരെ ‘രോഗികള്‍’ എന്ന് വിളിക്കുന്നു, കാരണം അവര്‍ കഴിക്കുന്ന ഭക്ഷണവും പാനീയവും അവര്‍ നയിക്കുന്ന അത്യധികം കൃത്രിമ ജീവിതവും അവരെ ഇച്ഛാശക്തിയില്ലാത്തവരും അവരുടെ വികാരങ്ങള്‍ക്ക് അടിമകളുമാക്കിയിരിക്കുകയാണ്.

ചോദ്യം: സ്ത്രീ പുരുഷ സമത്വത്തെ ക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?

ഉത്തരം: നിങ്ങളീ പറയുന്നതിന്റെ സാരമെന്താണ്? ഞാന്‍ ഒരു ബാരിസ്റ്റാറാണെങ്കില്‍ എന്റെ ഭാര്യയും ബാരിസ്റ്ററാകണമെന്നാണോ നിങ്ങള്‍ പറയുന്നത്?

ഇന്നും പ്രസക്തമായ വാദങ്ങളായ ഈ അഭിമുഖം വടക്കേ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലും തെക്കേ ഇന്ത്യയില്‍ ഹിന്ദുവിലും കേരളത്തില്‍ മലയാള മനോരമയിലും പ്രധാന്യത്തോടെ അക്കാലത്ത് അച്ചടിച്ചു വന്നു.

90 വര്‍ഷം മുന്‍പ് ഗാന്ധിയോട് സന്താന നിയന്ത്രണത്തെക്കുറിച്ചൊക്കെ ചോദിക്കാന്‍ ധൈര്യം കാണിച്ച വനിതയായിരുന്നു കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ.പുരുഷ മേധാവിത്വത്തിനെതിരായ ഒരു അദൃശ്യമായ ഒരു പോരാട്ടം എന്നും കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ ജീവിതത്തിലുണ്ടായിരുന്നു.

ഇന്ത്യന്‍ സാഹിത്യത്തെ എറ്റവും അധികം സ്വാധീനിച്ച വ്യക്തി ഗാന്ധിജി തന്നെ. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഗാന്ധി സാഹിത്യം ഒരു ശാഖ തന്നെയായിട്ടുണ്ട്. എന്നാല്‍ അതേ പോലെ തന്നെ ഗാന്ധിയുമായി വിയോജിച്ചവരുമുണ്ട്.

മലയാളത്തില്‍ പ്രസിദ്ധീകരിച്ച, ഗാന്ധി മുഖ്യ കഥാപാത്രമായി വരുന്ന ആദ്യ നോവല്‍ 1989 ല്‍ പുഴങ്കര ബാലനാരായണന്റെ ‘അര്‍ദ്ധനഗ്നര്‍’ ആണ്. ഒന്‍പതു വര്‍ഷത്തിന് ശേഷം 1998 ല്‍ ഇ.വാസു എഴുതിയ
‘വന്ദേ മാതരം’ ഗാന്ധിജിയും മകനായ ഹരിലാലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ നോവലാണ്.

puzhankara balanarayanan

ഗാന്ധിജിയുടെ മൂത്ത മകനാണ് ഹരിലാല്‍. മുടിയനായ പുത്രനായി ഗാന്ധിജിയുടെ ദൈവിക പരിവേഷത്തെ കറുത്ത ചായം പുരട്ടിയ വില്ലന്‍ വേഷക്കാരനായാണ് ഹരിലാലിനെ ലോകം വിലയിരുത്തിയത്. ബാരിസ്റ്റര്‍ എം. കെ. ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോള്‍ ഹരിലാലും കൂടെയുണ്ടായിരുന്നു. ഗാന്ധിജി സൗത്ത് ആഫ്രിക്കയിലാരംഭിച്ച ടോള്‍സ്റ്റോയ് ഫാമില്‍ ജോലി ചെയ്ത മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. എന്‍ജിനിയറാകണമെന്നായിരുന്നു ഹരിലാലിന്റെ ആഗ്രഹം. സാമ്പത്തിക നില അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ആ പഠനം ഗാന്ധി നിഷേധിച്ചു. ദുഃഖിതനായ ഹരിലാല്‍ ഫാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വന്നു.

ആരും സഹായത്തിനില്ല. പട്ടിണിയും പരിവട്ടവുമായി നട്ടം തിരിഞ്ഞു. ആഫ്രിക്കയില്‍ പിതാവിന്റെ കൂടെയുള്ള അനിയന്‍ മണിലാലിനെ എഴുത്തിലൂടെ തന്റെ ഗതികേട് അറിയിച്ചു. മണിലാല്‍ ഗാന്ധിജിയറിയാതെ കുറച്ച് പണം അയച്ചു കൊടുത്തു. പണം സ്വീകരിച്ച രസീതി കിട്ടിയത് ഗാന്ധിജിയുടെ കയ്യില്‍. ഫാം ഫണ്ടില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് രണ്ടാമത്തെ പുത്രനായ മണിലാലിനെ ഫാമില്‍ നിന്ന് പുറത്താക്കി. ഹരിലാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കാതെ എത്തുമെത്താതെ അലഞ്ഞു.

ബാരിസ്റ്റര്‍ എം.കെ. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. ഏറെ താമസിയാതെ ഇന്ത്യക്കാരുടെ ബാപ്പുജിയായ്, ഗാന്ധിജിയായി. ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം , നിസ്സഹകരണം, ക്വിറ്റ് ഇന്ത്യ, പിന്നീട് മഹാത്മാഗാന്ധിയായി ഉയര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവായി അറിയപ്പെട്ടു തുടങ്ങി.

രാഷ്ട്രപിതാവിന്റെ മകന്‍ എവിടേയും എത്തിയില്ല. അമ്മ കസ്തൂര്‍ബാ ഗാന്ധി സഹായിച്ചു. വിവാഹം കഴിപ്പിച്ചു. രണ്ട് കുട്ടികള്‍, കുടുംബസ്ഥനായി. പക്ഷേ, ജീവിതം താളം തെറ്റി. മദ്യപാനിയായി. പിതാവിനോടുള്ള രോഷം പിന്നെ മതം മാറ്റത്തിലവസാനിച്ചു. ഭാര്യയുമൊത്ത് ഇസ്ലാം മതം സ്വീകരിച്ചു. അബ്ദുള്ളാ ഗാന്ധിയെന്നറിയപ്പെട്ടു.

‘രണ്ട് മഹാമതങ്ങളെ അവന്‍ ഒന്നിച്ച് കളങ്കപ്പെടുത്തി’, ഇതറിഞ്ഞ ഗാന്ധിജി പ്രതികരിച്ചു.

അബ്ദുള്ള ഗാന്ധി പിന്നിട് ഇസ്ലാം മതം ഉപേക്ഷിച്ച് വീണ്ടും ഹരിലാല്‍ എന്ന ഹിന്ദുവായി. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോള്‍ ഡല്‍ഹിയില്‍ എത്തിയെങ്കിലും ചിതയൊരുക്കിയ രാജ് ഘട്ടിനടുത്തു പോലും എത്താനായില്ല. ലോഡ്ജ് മുറിയില്‍ മദ്യലഹരിയില്‍ ബോധശൂന്യനായി ഹരിലാല്‍ കിടന്നപ്പോള്‍, ‘ ഇളയ പുത്രന്‍ ദേവദാസ് ഗാന്ധി ചിതക്ക് തീ കൊളുത്തി. ഒരിക്കല്‍ മദ്യപിച്ച ബഹളമുണ്ടാക്കിയ കുറ്റത്തിന് ഹരിലാല്‍ അറസ്റിലായി കേസില്‍ കോടതിയില്‍ എത്തി. അച്ഛനാരെന്ന് പ്രതി കോടതിയില്‍ പറഞ്ഞില്ല. പക്ഷേ, കോടതി രാഷ്ട്രപിതാവിന്റെ മകനെ തിരിച്ചറിഞ്ഞു. ശിക്ഷ വിധിച്ചു. ഒരു രൂപ. ഗാന്ധി മരിച്ച് ആറു മാസത്തിന് ശേഷം ബോംബയില്‍ ജനറലാശുപത്രിയില്‍ ആരോരുമറിയാതെ ഹരിലാല്‍ ഗാന്ധി മരിച്ചു.

ഗാന്ധി കുടുംബത്തിലൊരു മലയാളി അംഗമുണ്ടായിരുന്നു. ഹരിലാലിന്റെ മകന്‍ ഡോക്ടര്‍ കാന്തിലാല്‍ വിവാഹം ചെയ്തത് സരസ്വതിയെന്ന മലയാളി യുവതിയേയാണ്. പ്രസിദ്ധ ഗാന്ധിയനായ നെയ്യാറ്റിന്‍കരക്കാരന്‍ ഡോ. ജി രാമചന്ദ്രന്റെ അനന്തരവള്‍ സരസ്വതി. അവസാന കാലത്ത് സരസ്വതി ഗാന്ധി താമസിച്ചിരുന്നത് തിരുവനന്തപുരത്തായിരുന്നു. 2012ല്‍ അവര്‍ അന്തരിച്ചു.

ദുരന്തകഥപാത്രമായ ഹരിലാലിനെ മുഖ്യ കഥാപാത്രമാക്കി ചന്ദുലാല്‍ ഭാഗുഭായ് ദലാല്‍ എഴുതിയ ഹരിലാല്‍ ഗാന്ധിയുടെ ജീവചരിത്രമായ ഹരിലാല്‍ ഗാന്ധി:എ ലൈഫ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി 2007 ല്‍ ‘ ഗാന്ധി മൈ ഫാദര്‍’ എന്നൊരു ഹിന്ദി ചിത്രം പുറത്തു വന്നു. ബോളിവുഡിലെ പ്രശസ്ത നടനായ അനില്‍ കപൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹരിലാലായി അക്ഷയ് ഖന്നയും ഗാന്ധിജിയായി ദര്‍ശന്‍ ജാരിവാലയും അഭിനയിച്ചു.

gandhi my father

‘ഇതുവരെ പുറത്തുവന്നിട്ടുള്ളതില്‍ വച്ച് സത്യങ്ങള്‍ വെളിപ്പെടുത്തുന്നതും ധീരവുമായ സിനിമകളിലൊന്ന് എന്നാണ് പ്രശസ്തനായ സിനിമാ നിരൂപകന്‍ ഫിലിപ്പ് ഫ്രെഞ്ച് ദി ഗാര്‍ഡിയനില്‍ എഴുതിയത്. 2007 ലെ ദേശീയ ചലചിത്ര പുരസ്‌ക്കാരത്തില്‍ ഈ ചലചിത്രത്തിന് പ്രത്യേക ജൂറി അവാര്‍ഡും, ഫിറോസ് അബ്ബാസ് ഖാന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു.

1982 ലെ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി ‘ സിനിമ ലോകമെമ്പാടും അംഗീകാരം നേടി. ഗാന്ധിയായി അഭിനയിച്ച ബെന്‍ കിംഗ്സ്ലി അളവറ്റ പ്രശംസ നേടി. പടം മികച്ച നടനും മികച്ച സംവിധായകനുമടക്കം 8 ഓസ്‌കാര്‍ നേടി. വസ്ത്രാലങ്കാരം നിര്‍വഹിച്ച ഭാനു അത്തയ്യ ഒസ്‌കാര്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി.

പശ്ചാത്തലമായി 2000 ല്‍ ഇന്ത്യാവിഭജനവും ഗാന്ധിവധവും പ്രമേയമാക്കി കമലാഹാസന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേ റാം’ കമല്‍ ഹാസന്‍, ഷാരൂഖ് ഖാന്‍, അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയ വന്‍ താരനിര പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും നിരൂപകരുടെ പ്രശംസ നേടി. ആ വര്‍ഷത്തെ ഓസ്‌കാറിന് നോമിനേഷന്‍ നേടുകയുണ്ടായി.

തന്റെ സജീവരാഷ്ട്രിയ പ്രവര്‍ത്തനകാലത്ത് ഗാന്ധിജിയെ പരസ്യമായി വിമര്‍ശിച്ച സാഹിത്യകാരനാണ് പി. കേശവദേവ്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് സാഹിത്യകാരനായപ്പോഴും ഗാന്ധിജിയോടുള്ള വിയോജിപ്പ് തുടര്‍ന്നു. 1968 ല്‍ ജനയുഗം വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ദേവിന്റെ ‘അധികാരം’ എന്ന നോവലിലെ ഒരു കഥാപാത്രമാണ് ശിവരാമ പിള്ള. ചേലക്കരയില്‍ ‘ഗാന്ധി ആശ്രമം’ എന്ന ബോര്‍ഡ് തൂക്കിയ ഒരു ചെറിയ വീട്ടിലാണ് ഉറച്ച ഗാന്ധിയനായ ശിവരാമ പിള്ള താമസിക്കുന്നത്. ഗാന്ധിജിയെ അനുകരിച്ച് പകുതി വെന്ത തവിട് കളയാത്ത ചോറും പാതി വെന്ത പച്ചക്കറിയും കഴിച്ച് ചര്‍ക്ക നൂറ്റ് രഘു പതി രാഘവ രാജാറാം പാടി കഴിയുന്ന യഥാര്‍ത്ഥ ഗാന്ധീയനാണ് ഇദ്ദേഹം.

വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഇയാളുടെ ഒരു കാല്‍ പോലീസ് മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയതിനാല്‍ ഞൊണ്ടിയാണ് നടക്കുക. ഈ ശിവരാമ പിള്ളയെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ‘ഞൊണ്ടി ഗാന്ധി’.തന്റെ കഥാപാത്രത്തിന് അങ്ങനെയൊരു പേര് നല്‍കി തന്റെ ഗാന്ധി വിരോധം തന്റെ നോവലില്‍ പ്രകടമാക്കി ദേവ്.

നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ ‘സുപ്രീം കോര്‍ട്ട്’ എന്ന നാടകത്തില്‍ ഒരു രംഗത്തില്‍ ഗാന്ധി ഘാതകനായ ഗോഡ്‌സേ കോടതി ജൂറിയായ ഗാന്ധിജിയെ വിസ്തരിക്കുന്നു.

‘താങ്കള്‍ ഇന്ത്യയെ രക്ഷിച്ചുവെന്ന് അഭിമാനിക്കുന്നു ഇല്ലേ,മി ഗാന്ധി ?

‘ ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തു എന്നാണ് എന്റെ വിശ്വാസം’ – ഗാന്ധി പറയുന്നു.

‘ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം മകനായ ഹീരാലാലിനെപ്പോലും രക്ഷിക്കാനായില്ലയെന്നു ഗോഡ്‌സേ പറയുകയാണ്. ജീവിതത്തില്‍ സ്വന്തം മകനെ രക്ഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെ ഒരു നാടിനെ രക്ഷിച്ചുവെന്ന് പറയുന്നു?

അത് കേട്ട ഗാന്ധിയുടെ തല താഴുകയാണ്.

നാടകാചാര്യന്‍ എന്‍. എന്‍.പിള്ള സ്വാതന്ത്ര സമര സേനാനിയും സിംഗപ്പൂരില്‍ പഴയ ഐ.എന്‍.എ ഭടനുമാണ്. തന്റെ നേതാവായ സുഭാഷ് ചന്ദ്രബോസിന്റെ എതിരാളിയായിരുന്ന ഗാന്ധിയെ ഐ.എന്‍.എ. കാരനായ അദ്ദേഹത്തിന് അംഗീകരിക്കാനാവില്ല. അതാണ് നാടകത്തിലൂടെ വ്യക്തമാക്കിയതെന്നൊരു കാഴ്ച്ചപ്പാടുണ്ട്.

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ പി.കെ. ബാലകൃഷ്ണന്‍ ഗാന്ധി സാഹിത്യം മുഴുവന്‍ വായിച്ച ആളായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

‘എത്ര വായിച്ചിട്ടും അങ്ങേരെ ഒരശംത്തിലും അനുകൂലിക്കാന്‍ കഴിയുന്നില്ല’

ഗാന്ധിയോട് യോജിച്ചാലും വിയോജിച്ചാലും വായിച്ചിരിക്കേണ്ട രണ്ട് മലയാള പുസ്തകങ്ങളാണ് മലയന്‍കീഴ് ഗോപാലകൃഷ്ണനെഴുതിയ ‘ഹേ റാം’, എസ്. ഗോപാലകൃഷ്ണനെഴുതിയ ‘ഗാന്ധി : ഒരു അര്‍ത്ഥ -നഗ്‌ന വായന’.രണ്ട് പേരും പത്രപ്രവര്‍ത്തകരാണ്. ആദ്യത്തേത് ഗാന്ധിയുമായി ബന്ധപ്പെട്ട ചരിത്രവും രണ്ടാമത്തേത് ഗാന്ധി ചിന്തകളുടെ പ്രസക്തി നമ്മെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരവുമാണ്.

ഗാന്ധിയുടെ ജന്മദിനത്തില്‍ ഏറ്റവു അധികം അച്ചടിച്ച ഒരു കാരിക്കേച്ചറേയുള്ളൂ. ഗാന്ധിയുടെ ഏറ്റവും പ്രസിദ്ധമായ, കാര്‍ട്ടൂണിസ്റ്റ് രംഗ വരച്ച രേഖാ ചിത്രം. തന്നോളം നീളമുള്ള ഒരു വടിയുമായി തിരിഞ്ഞ് നടക്കുന്ന ഒറ്റയാന്‍ ചിത്രം.

ranga's gandhi cartoon

ലോക പ്രശസ്തമായ ആ വരയിലൂടെ ഗാന്ധിജിയോടൊപ്പം ചരിത്രത്തിലേക്ക് നടന്നു നീങ്ങി രംഗനാഥനെന്ന കര്‍ണാടകക്കാരന്‍ കാര്‍ട്ടൂണിസ്റ്റും അദ്ദേഹത്തിന്റെ ഗാന്ധി വരയും.

എല്ലാ ഗാന്ധിജയന്തിക്കും ഇപ്പോഴും പത്രങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും പ്രതൃക്ഷപ്പെടുന്ന ഗാന്ധിയുടെ അനശ്വരമായ ഒന്നായി മാറി രംഗയുടെ ഈ കാരിക്കേച്ചര്‍.

1978 ല്‍ പുറത്ത് വന്ന മനോഹര്‍ മല്‍ഗോക്കറുടെ ‘The ,Men Who Killed Gandhi . ഗാന്ധിവധത്തിന്റെ എല്ലാ ദുരൂഹതകളേയും പരിശോധിക്കുന്ന, വസ്തുതകള്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥമാണ്. ഗാന്ധിവധത്തെക്കുറിച്ച് അന്വേഷിച്ച , എകാംഗ കമ്മിഷന്‍ ജസ്റ്റീസ് കെ. എല്‍. കപൂറിന്റെ റിപ്പോര്‍ട്ടിലെ ചില വൈരുദ്ധ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ പുസ്തകം അപൂര്‍വ്വമായ രേഖകളും, ഫോട്ടോകളും ഉള്‍പ്പെടുത്തി ഗാന്ധിവധത്തെ പൂര്‍ണമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

gandhi assassination

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട നാളില്‍ ഓള്‍ ഇന്ത്യാ റേഡിയോവിലൂടെ  പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു ചെയ്ത വിഖ്യാത പ്രസംഗം ‘ആ വെളിച്ചം പൊലിഞ്ഞു പോയ്’ പറഞ്ഞ് കൊടുത്ത് എഴുതിച്ചത് ഡല്‍ഹിയിലെ യോര്‍ക്ക് റോഡിലെ ഒരു കെട്ടിടത്തിന്റെ ഊണു മുറിയില്‍ വെച്ചാണ്. നെഹ്‌റു അങ്ങോട്ടുമിങ്ങോട്ടു അസ്വസ്ഥനായി നടന്നുകൊണ്ട് ആ പ്രസംഗം എഴുതാന്‍ പറഞ്ഞ കൊടുത്തു.

അത് എഴുതിയെടുത്ത് ഒരു മലയാളിയാണ്. നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറി, വടക്കാഞ്ചേരിക്കാരന്‍ എന്‍.കെ.ശേഷന്‍!  Mahatma Gandhi, agree and disagree, october 2 Gandhi jayanthi

Content Summary; Mahatma Gandhi, agree and disagree, october 2 Gandhi jayanthi

Share on

മറ്റുവാര്‍ത്തകള്‍