July 09, 2025 |

തൊഴിൽ മാത്രം ഉറപ്പ്; കൂലി ചോദിച്ചാൽ കേന്ദ്രം കൈമലർത്തും

ഡിസംബർ മാസത്തിന് ശേഷം വേതനം ലഭിച്ചിട്ടില്ല

‘തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ദിവസം രാവിലെ അഞ്ച് മണിക്ക് മുന്നേ എഴുന്നേൽക്കും. വീട്ടിലെ ജോലിയെല്ലാം തീർത്തിട്ട് ഏകദേശം 8 മണിയാകുമ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. കുട്ടികളെയൊന്നും സ്കൂളിലേക്ക് അയക്കാൻ കാത്തുനിൽക്കാറില്ല. ഒൻപത് മണിക്കുള്ളിൽ ജോലി ചെയ്യുന്ന സ്ഥലത്തെത്തി ഫോണിൽ ഹാജർ രേഖപ്പെടുത്തണം. എംഎംഎസ്(മൊബൈൽ മോണിറ്ററിങ്ങ് സിസ്റ്റം) എന്നാണ് അതിന് ഞങ്ങൾ പറയുന്നത്. ചിലപ്പോൾ വീട്ടിൽ നിന്നും കുറച്ച് അകലെയായിരിക്കും ഫീൽഡ് വർക്കുകളുണ്ടാകുക. ഒൻപത് മണിക്ക് ആരംഭിച്ച് 5
മണിക്കാണ് ജോലി കഴിയുന്നത്. ഓരോ ദിവസവും ഓരോ ജോലികളാവും ചെയ്യാനുണ്ടാകുക. മണ്ണ്, ജല സംരക്ഷണ പദ്ധതികളാണ് അധികവും ഉള്ളത്. തട്ട് തിരിക്കൽ, കുളം നിർമ്മാണം, മണ്ണ് കയ്യാല, തൊഴുത്ത് വൃത്തിയാക്കൽ, വാഴക്ക് കുഴിയെടുക്കൽ എന്നിങ്ങനെയാണ് ജോലിയുടെ സ്വഭാവം. 30 വയസു മുതൽ 60 വയസ് കഴിഞ്ഞവർ വരെ ഞങ്ങളുടെയൊപ്പം തൊഴിലുറപ്പ് ജോലിക്ക് വരുന്നുണ്ട്. പലപ്പോഴും ആയാസമുള്ള ജോലികൾ ചെയ്യേണ്ടതായുണ്ട്. അൽപം ആരോ​ഗ്യമുള്ളവർക്കേ അത് ചെയ്യാനാകൂ. എങ്കിൽപോലും ഞങ്ങൾ എല്ലാവരും അത് ചെയ്യുന്നു. കാരണം ഇത് ഞങ്ങളുടെ ഒരോയൊരു ജീവിതമാർ​ഗമാണ്. എന്നാൽ അതും വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രണ്ട് മാസമായി ഞങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ല.’..

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അം​ഗമായ തിരുവനന്തപുരം, പാലോട് സ്വദേശി റജീന അഴിമുഖത്തോട് പങ്കുവെച്ച അനുഭവമാണിത്. സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നോണം 2006ൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്). ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരളത്തിലെ ആശ വർക്കർമാർ ഒരു മാസത്തിലേറെയായി സമരം ചെയ്യുകയാണ്. ആ അവസരത്തിലാണ് മറ്റൊരു കേന്ദ്ര സർക്കാർ പദ്ധതിയിലെ തൊഴിലാളികളായ വനിതകൾക്ക് രണ്ട് മാസമായി വേതനം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

346 രൂപയാണ് ഒരു തൊഴിലുറപ്പ് തൊഴിലാളിയുടെ പ്രതിദിന വേതനം. ജോലിയുടെ സ്വഭാവനമനുസരിച്ച് ചില ഏറ്റക്കുറച്ചിലുകൾ ഇതിൽ ഉണ്ടാകാറുണ്ടെന്ന് എംജിഎൻആർഇജിഎസിന്റെ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർമാർ അഭിപ്രായപ്പെടുന്നു.

‘ആദ്യം തൊഴിലുകളുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കും. തൊഴിലിന് അപേക്ഷിക്കുന്നത് പ്രകാരം അപേക്ഷകരുടെ അടുത്തുള്ള പ്രദേശങ്ങളിലേക്ക് മസ്റ്റർ റോൾ ചെയ്ത് നൽകുന്നു. ഒരാഴ്ചത്തേക്കാണ് മസ്റ്റർ റോൾ അടിച്ച് നൽകുന്നത്. ആഴ്ചയിൽ ആറ് ദിവസമാണ് ജോലിക്ക് പോകേണ്ടി വരിക. ഏഴ് ദിവസം കഴിയുമ്പോൾ മസ്റ്റർ റോൾ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് കൊണ്ട് വന്ന് നൽകണം. ആദ്യം തന്നെ തൊഴിലാളികൾക്ക് ഒരു ഏകദേശ കണക്ക് ഞങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട്. ഇവരുടെ ഇടയിൽ തന്നെ മാറ്റ് എന്ന് വിളിക്കുന്നവരുണ്ട്. എസ്എസ്എൽസി പാസായ, ഇത്ര തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചവരെയാണ് മാറ്റ് ആയി തിരഞ്ഞെടുക്കുക. അവരാണ് എസ്റ്റിമേറ്റ് ചെയ്ത അളവുകൾ പ്രകാരം ജോലി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്. അവർ നൽകുന്ന കണക്ക് അനുസരിച്ച് പഞ്ചായത്തിൽ നിന്നും പരിശോധന നടത്തി അവർ ജോലി ചെയ്തുവെന്ന് ഉറപ്പായി കഴിഞ്ഞാൽ വേതനം ലഭിക്കാൻ അവർ അർഹരാണ്. എസ്റ്റിമേറ്റഡ് അളവിൽ കുറവാണെങ്കിൽ 346 എന്ന നിശ്ചിത തുകയിൽ കുറവുണ്ടാകും. എന്നാൽകൂടി ചെയ്ത ജോലിക്ക് അവർക്ക് കൂലി നൽകേണ്ടതാണ്.’

‘അഞ്ച് ദിവസത്തിനകം ഓവർസിയർമാർ ബില്ല് തയ്യാറാക്കണം. അതനുസരിച്ച് പഞ്ചായത്തിലെ അക്കൗണ്ടന്റുമാർ വേതനം എന്റർ ചെയ്യുന്നു. ശേഷമാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് എല്ലാം ശരിയാണെന്ന് മനസിലായാൽ ഫണ്ട് ലഭ്യമാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം എത്തുകയാണ് ചെയ്യുന്നത്. തൊഴിലാളികൾക്ക് ജോലി കൃത്യമായി ലഭിക്കുന്നുണ്ട്. അവർ അത് കൃത്യമായി ചെയ്യുന്നുമുണ്ട്. വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിലും അതിലൂടെ വരുമാനവും ഉറപ്പാക്കാനാണല്ലോ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചത്. നിലവിലെ അവസ്ഥ നോക്കുകയാണെങ്കിൽ 60 ദിവസത്തെ കൂലി ലഭിച്ചു കാണും, ബാക്കി 40 ദിവസത്തെയാണ് അവർക്ക് കിട്ടാതെയിരിക്കുന്നത്. കാസർ​ഗോഡ് ജില്ലയിലെ ബദിയഡ്ക പഞ്ചായത്തിലുള്ള 3443 പേർ ഈ വർഷം ജോലി ചെയ്തുവെന്ന്’ അക്രഡിറ്റഡ് എഞ്ചിനീയർ അഴിമുഖത്തോട് പ്രതികരിച്ചു.

തൊഴിൽദിനങ്ങൾ കൂടുന്നതിനനുസരിച്ച് കേന്ദ്രസർക്കാർ തുക അനുവദിച്ചുതരാറാണ് പതിവ്. എന്നാൽ, കൂടുതൽതുക ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചുകിട്ടിയില്ല. തുടർന്നാണ് ഇത്രയും തൊഴിൽദിനങ്ങൾക്കുള്ള വേതനം മുടങ്ങിയത്. വേതനം മുടങ്ങിയതോടെ ജീവിതം ബുദ്ധിമുട്ടിയായതായി മറ്റൊരു തൊളിലാളി അഴിമുഖത്തോട് പറഞ്ഞു.

‘ഡിസംബർ മാസത്തിന് ശേഷം ഞങ്ങൾക്ക് വേതനം ലഭിച്ചിട്ടില്ല. പത്ത് വർഷമായി ഞാൻ തൊഴിലുറപ്പിന് പോവുകയാണ്. ചെയ്ത ജോലിക്ക് രണ്ട് മാസമായി കൂലി ലഭിക്കാതിരുന്നിട്ട് പോലും ഇപ്പോഴും ഞാൻ ജോലിക്ക് പോകുന്നുണ്ട്. ഇതുവരെ മുടങ്ങീട്ടില്ല. ഈ ജോലിയെ മാത്രം ആശ്രയിച്ചാണ് ഞങ്ങൾ കഴിഞ്ഞുപോകുന്നത്. അങ്ങനെ വരുമ്പോൾ കൃത്യമായി വേതനം ലഭിക്കാതിരുന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എടുത്ത് പറയേണ്ടതുണ്ടോ? വലിയ ബുദ്ധിമുട്ടാണ്. ജീവിത ചെലവിനുള്ള പണം, കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഇതിനൊക്കെ ആശ്രയിച്ചിരുന്ന പണമാണ് ഇപ്പോൾ ലഭിക്കാതിരിക്കുന്നത്. എന്റെയും കുട്ടികളുടെയും ചിലവ് നടന്നുപോയ്ക്കോണ്ടിരുന്നത് തൊഴിലുറപ്പിൽ നിന്ന് ലഭിക്കുന്ന വേതനം കൊണ്ടായിരുന്നു. എല്ലാ കാലത്തും ഭർത്താവിനെ ബുദ്ധിമുട്ടിച്ച് ജീവിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല’, കാസർ​ഗോഡ് ചേരിപ്പാട് സ്വദേശി രേഷ്മ അഴിമുഖത്തോട് പറഞ്ഞു.

ഗ്രാമീണ മേഖലയിൽ കഴിയുന്ന സാധാരണക്കാർക്ക് സാമ്പത്തിക സഹായത്തിനായി തുടങ്ങിയ പദ്ധതിയാണ് ഇന്ന് അവരെ ബുദ്ധമുട്ടിലാക്കിയിരിക്കുന്നത്. സമൂഹ സേവനം ചെയ്തിട്ടും സ്ഥിരനിയമനം ലഭിക്കാതെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനായി സമരത്തിലേക്ക് ഇറങ്ങിയ ആശമാരുടെ അവസ്ഥ ഒരു ഉദാഹരണം മാത്രമാണ്. ചെയ്ത ജോലിക്ക് കൂലി ചോദിക്കുമ്പോൾ കൈമലർത്തുന്ന പ്രവണത കേന്ദ്രം തുടർന്നാൽ വേതനം ഉറപ്പില്ലാത്ത ഈ തൊഴിലാളികളും സമരത്തിലേക്ക് ഇറങ്ങുന്ന കാലം വിദൂരമല്ല.

Content summary: Mahatma Gandhi National Rural Employment Guarantee Scheme delays in payment
kerala MGNREGA 

Leave a Reply

Your email address will not be published. Required fields are marked *

×