താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്ന അവസരത്തിൽ വാക്കുതർക്കങ്ങളിലേക്കും പഴിചാരലുകളിലേക്കുമാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന് ആരോപിച്ചുള്ള കേസും പിന്നാലെയുണ്ടായ സംഭവങ്ങളും സിനിമ സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാർവ്വതി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനങ്ങളാണ് പൊന്നമ്മ ബാബു ഉന്നയിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബാബുരാജിനെതിരെ ഉയർത്തുന്നതെന്നും നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ലായെന്നുമാണ് ബാബുരാജിന് പിന്തുണ അറിയിച്ച് കൊണ്ട് പൊന്നമ്മ ബാബു പറഞ്ഞത്.
പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പൊന്നമ്മ ബാബുവിന്റെ പ്രസ്താവനയെ അംഗീകരിക്കാനാകില്ലെന്നും തെറ്റ് കണ്ടാൽ ഇനിയും പ്രതികരിക്കുമെന്നും മാല പാർവ്വതി അഴിമുഖത്തോട് പറഞ്ഞു.
‘മെമ്മറി കാർഡിനെക്കുറിച്ചുള്ള വിഷയം ആദ്യമായി കേൾക്കുന്നത് 30 ന് ഉഷ ഹസീന പ്രസ് മീറ്റിങ്ങ് വിളിക്കുമ്പോഴാണ്. അതിന് ശേഷം ഓഗസ്റ്റ് ഒന്നിന് പൊന്നമ്മ ബാബു പ്രസ് മീറ്റിങ്ങ് വിളിക്കുകയായിരുന്നു. ബാബുരാജിനെ പിന്തുണച്ചുകൊണ്ട് വാസ്തവ വിരുദ്ധമായ പ്രസ്താവന വന്നിരുന്നു. മാധ്യമങ്ങളെ അവരുടെ വീട്ടിൽ വിളിച്ചാണ് പൊന്നമ്മ ബാബു പ്രസ് മീറ്റിങ്ങ് നടത്തിയത്. ഇടവേള ബാബു പോയപ്പോൾ രണ്ട് കോടി രൂപയാണ് നീക്കിയിരിപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്നും ബാക്കി ഏഴരക്കോടി രൂപ ഉണ്ടാക്കിയിരിക്കുന്നത് ബാബു രാജാണെന്നുമാണ് അവർ അതിൽ പറയുന്നത്.
ഒന്നാമത്തെ കാര്യം അഡ്ഹോക്ക് കമ്മിറ്റിക്ക് അങ്ങനെ പണമുണ്ടാക്കാനുള്ള അധികാരമില്ല. ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള കണക്ക് പ്രകാരം അഞ്ചരക്കോടി രൂപയാണ് ഇടവേള ബാബു പോകുന്ന സമയത്ത് അമ്മയിൽ ഉണ്ടായിരുന്നത്. മഴവിൽ മനോരമയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൊടുത്തതിൽ നിന്നുള്ള ബാക്കി തുകയും കൂടി അവിടെ ലഭിക്കുന്നുണ്ട്. അങ്ങനെയാണ് അവിടെ പണം വരുന്നത്. ഇവർ ഉണ്ടാക്കിയെന്ന് പറയുന്ന പണം കുടുംബസംഗമത്തിൽ നിന്നും 35 ലക്ഷത്തോളം കിട്ടിയതാണ്. ബാബുരാജ് ഉണ്ടായിരുന്ന സമയത്ത് ഒരു കോടി രൂപയാണ് അമ്മയിൽ വന്നിരുന്നതെങ്കിൽ 65 മുതൽ 70 ലക്ഷം രൂപ വരെ ചിലവുമുണ്ടായതാണ് കഴിഞ്ഞ വർഷത്തെ കണക്കുകളിൽ സൂചിപ്പിച്ചിരുന്നത്. ഒരു റീ ഓഡിറ്റിങ്ങ് സംഘടനയ്ക്കുള്ളിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ബാക്കി പണം ബാബുരാജും സംഘവും ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് അവർ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതെന്തിനാണ്? അതുകൊണ്ടാണ് പൊന്നമ്മ ബാബു ബാബുരാജിനെൊപ്പം നിൽക്കുന്നയാളാണെന്ന് സ്വാഭാവികമായും തോന്നിയത്.
ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി ഞാൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ബാബു രാജിനെ പ്രത്യക്ഷത്തിലെവിടെയും കണ്ടിട്ടില്ല, ഗൂഢാലോചന അങ്ങനെയാണല്ലോ.
അവരുടെ ഒപ്പമല്ലാത്ത നാസർ ലത്തീഫിനെതിരെ ആരോപണം വരുന്നു, അവരുടെ ഗ്രൂപ്പിലില്ലാത്ത കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് ആരോപണം വരുന്നു. ഇതിന് മുൻപ് ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു ആരോപണം ശ്വേത മേനോനെതിരെ വരുന്നു. സരിത നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് ശേഷം ബാബു രാജിന് മാറിനിൽക്കേണ്ടി വന്നപ്പോൾ, മാധ്യമങ്ങളിലൂടെ ഉപദേശിച്ച ആരെയും ഞാൻ ജീവിതത്തിൽ മറക്കില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചിരുന്നു.
ബാബു രാജിന് വേണ്ടി നിരന്തരം സംസാരിക്കുന്ന യൂട്യൂബർ അദ്ദേഹം പറഞ്ഞിട്ട് പോകുന്നത് എല്ലാവരും കേൾക്കൂവെന്ന് ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞത്. എല്ലാ വശങ്ങളും നമ്മൾ പരിശോധിക്കണം. അല്ലാതെ മാധ്യമങ്ങളുടെ മുന്നിൽ വന്ന് അവർ എന്ത് വിളിച്ചുപറഞ്ഞാലും അത് വെള്ളം തൊടാതെ വിഴുങ്ങാനിരിക്കുന്നവരല്ല ജനങ്ങൾ.
ആരോപണവിധേയയായ ശ്വേതാ മേനോൻ മാറി നിൽക്കണമെന്നാണ് ബാബു രാജിന് പിന്തുണയറിയിച്ച മറ്റൊരു സിനിമ ലേഖകൻ പറഞ്ഞിരിക്കുന്നത്. ആർക്ക് വേണ്ടിയാണ് അത് പറഞ്ഞത്. ഇതെല്ലാം നമ്മൾ കണക്ട് ചെയ്ത് ചിന്തിക്കേണ്ടതല്ലേ?
ഇത് എനിക്ക് മാത്രം ഉത്തരം ലഭിക്കേണ്ട കാര്യമൊന്നുമല്ല. എന്തിനാണ് മാല പാർവ്വതി ഇതിൽ തലയിടുന്നതെന്നാണ് അവർ ചോദിക്കുന്നത്. നുണകൾ പറയുമ്പോൾ എന്തിന് ഞങ്ങൾ മിണ്ടാതിരിക്കണം? ഒരു വിഷയത്തിന് മറ്റൊരു വശം കൂടിയുണ്ടെങ്കിൽ അത് പറയാനുള്ള അവകാശം എനിക്കുണ്ട്. അമ്മയിലെ അംഗമെന്ന നിലയിലല്ലാതെ വ്യക്തിയെന്ന നിലയിൽ പ്രതികരിക്കാൻ എനിക്ക് അവകാശമുണ്ട്. 2006ൽ കേരളത്തിൽ ഷാഡോ പൊലീസിങ്ങ് വരാൻ കാരണം ഞാനാണ്. സ്ത്രീ വിഷയത്തിൽ എനിക്ക് സംസാരിക്കാനുള്ള ഇടം സൗമ്യയുടെ മരണം തൊട്ട് മാധ്യമങ്ങൾ എനിക്ക് നൽകിയിട്ടുണ്ട്.
പണമാണ് എന്റെ ലക്ഷ്യമെങ്കിൽ ഷൈൻ ടോം വിഷയത്തിൽ ഞാൻ ബാലൻസ്ഡായി ഒരു തീരുമാനമെടുക്കില്ലായിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഞാൻ നിലപാടറിയിച്ചതും അതുകൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയയിൽ എത്ര വിമർശനങ്ങളെനിക്കെതിരെ ഉണ്ടായാലും ശരിയെന്ന് തോന്നുന്ന കാര്യം മാത്രമാണ് ഞാൻ പറയുന്നത്. മാധ്യമങ്ങളുടെ എഴുത്തിൽ വിശ്വസിച്ചല്ല ഞാൻ വിഷയങ്ങളിൽ സംസാരിക്കുന്നത്.
കാര്യങ്ങൾക്ക് വ്യകതത വരാൻ പൊന്നമ്മ ബാബുവും മാല പാർവ്വതിയും ഇതുവരെ ചെയ്ത കാര്യങ്ങൾ മാത്രം പരിശോധിച്ചാൽ മതി. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ കേട്ടാൽ തീർച്ചയായും ഇനിയും പ്രതികരിക്കും, അതിൽ ഞാൻ ആരെയും ഭയക്കുന്നില്ല’, മാല പാർവ്വതി അഴിമുഖത്തോട് പറഞ്ഞു.
ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു ശേഷമാണ് ആരോപണങ്ങൾ ഉയർന്നതെന്നും ആരോപണങ്ങൾക്ക് പിന്നാലെ ഗൂഡതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാലപാർവതി പറഞ്ഞിരുന്നു.
Content Summary: Mala Parvathi criticises Ponnamma Babu for supporting Baburaj
This post was last modified on August 8, 2025 5:09 pm
Leave a Comment